Tuesday, October 4, 2011

കെഎസ്യു-ക്യാമ്പസ് ഫ്രണ്ട്, യുഡിഎസ്എഫ് - യൂത്ത്ലീഗ്, ആര്‍എസ്എസ് ആക്രമണം

മാര്‍ത്തോമ കോളേജില്‍ കെഎസ്യു-ക്യാമ്പസ് ഫ്രണ്ട് ആക്രമണം

എടക്കര: ചുങ്കത്തറ മാര്‍ത്തോമ കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകനെ കെഎസ്യു-ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ആക്രമിച്ചു. എസ്എഫ്ഐ എടക്കര ഏരിയാ വൈസ് പ്രസിഡന്റ് അര്‍ഷാദി (21)നെയാണ് ആക്രമിച്ചത്. പരിക്കേറ്റ അര്‍ഷാദിനെ ചുങ്കത്തറ മാര്‍ത്തോമ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം നടന്ന കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ചുങ്കത്തറ മാര്‍ത്തോമ കോളേജില്‍ എസ്എഫ്ഐ വിജയിച്ചിരുന്നു. ഇതില്‍ കലിപൂണ്ടാണ് കെഎസ്യു-ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടത്. ഇരുമ്പുദണ്ഡ്, കത്തി എന്നിവയുമായി ബൈക്കിലെത്തിയ സംഘമാണ് മര്‍ദിച്ചത്. അര്‍ഷാദിന്റെ തലയ്ക്കും ചുണ്ടിനും നാല് തുന്നുണ്ട്. തിങ്കളാഴ്ച രാവിലെ മുതല്‍ കോളേജില്‍ സംഘര്‍ഷാവസ്ഥയുണ്ടായിരുന്നു. ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരായ ലുഖ്മാന്‍ , സലാം, അസീസ്, കെഎസ്യു പ്രവര്‍ത്തകരായ അനീഷ് കരുളായി, ഫാസില്‍ , അജയ് അലക്സ്, ഷാജഹാന്‍ പായിമ്പാടം, ഷെഫീഖ് എന്നിവര്‍ സംഘംചേര്‍ന്നാണ് ആക്രമണം നടത്തിയതെന്ന് അര്‍ഷാദ് പൊലീസിന് മൊഴിനല്‍കി. പ്രതികളില്‍ രണ്ടുപേരെ പൊലീസ് പിടികൂടിയെങ്കിലും പിന്നീട് വിട്ടയച്ചു. അര്‍ഷാദിനെ സിപിഐ എം എടക്കര ഏരിയാ സെക്രട്ടറി ടി പി ജോര്‍ജിന്റെ നേതൃത്വത്തില്‍ നേതാക്കള്‍ സന്ദര്‍ശിച്ചു. എസ്എഫ്ഐ പ്രവര്‍ത്തകനെ ആക്രമിച്ച പ്രതികളെ ഉടന്‍ പിടികൂടണമെന്ന് എസ്എഫ്ഐ എടക്കര ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.

സര്‍വകലാശാല എന്‍ജിനിയറിങ് കോളേജില്‍ യുഡിഎസ്എഫ് - യൂത്ത്ലീഗ് അഴിഞ്ഞാട്ടം

തേഞ്ഞിപ്പലം: കലിക്കറ്റ് സര്‍വകലാശാല എന്‍ജിനിയറിങ് കോളേജിലെ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാന്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തിനിടെ തിങ്കളാഴ്ച കോളേജില്‍ യൂത്ത്ലീഗ് - യുഡിഎസ്എഫ് പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം. ആയുധങ്ങളുമായി സംഘടിച്ചെത്തിയ യൂത്ത്ലീഗ് - എംഎസ്എഫ് പ്രവര്‍ത്തകര്‍ ക്യാമ്പസില്‍ അക്രമം അഴിച്ചുവിട്ടു. മുന്‍കൂട്ടി തീരുമാനിച്ചപ്രകാരം സര്‍വകക്ഷിയോഗം ബഹിഷ്കരിച്ച എംഎസ്എഫ്, കെഎസ്യു നേതൃത്വം യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ക്ക് ക്യാമ്പസില്‍ അഴിഞ്ഞാടാന്‍ അവസരമൊരുക്കി. ആയുധങ്ങളുമായി ക്യാമ്പസിനകത്ത് പ്രവേശിച്ച യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ സി വി വൈശാഖ്, സി അര്‍ജുന്‍ എന്നീ എസ്എഫ്ഐ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി മര്‍ദിച്ചു. പരിക്കേറ്റ ഇവര്‍ക്ക് ചെട്ടിപ്പടിയിലെ നെടുവ ഹെല്‍ത്ത്സെന്ററില്‍ ചികിത്സ നല്‍കി. ക്യാമ്പസിലെ യൂണിയന്‍ ഓഫീസും പൂന്തോട്ടവും അക്രമികള്‍ നശിപ്പിച്ചു. കോളേജ് കെട്ടിടവും പുരുഷ ഹോസ്റ്റലും വളഞ്ഞാണ് യൂത്ത്ലീഗ്, യുഡിഎസ്എഫ് സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. തിരൂരങ്ങാടി സിഐ എ ഉമേഷ്, തേഞ്ഞിപ്പലം എസ്ഐ ഹിദായത്തുള്ള മാമ്പ്ര, കൊണ്ടോട്ടി എസ്ഐ ഹനീഫ എന്നിവര്‍ സ്ഥലത്തുണ്ടായിരുന്നെങ്കിലും അക്രമം തടയാന്‍ ശ്രമിച്ചില്ല.

കഴിഞ്ഞ രണ്ടുദിവസം മുമ്പുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് തിങ്കളാഴ്ച കോളേജില്‍ അക്രമമുണ്ടായത്. സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കുന്നതിന് പകല്‍ 12.30ന് പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥി സംഘടനകളുമായി ചര്‍ച്ച നടത്തി. എന്നാല്‍ ഇതിനുശേഷം ചേളാരിയില്‍വച്ച് കോളേജ് വിദ്യാര്‍ഥിയും യൂണിവേഴ്സിറ്റി യൂണിയന്‍ ജില്ലാ പ്രതിനിധിയുമായ ഹബീബ് റഹ്മാന്‍ , എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് അംഗം പി വി അബ്ദുള്‍ വാഹിദ് എന്നിവരെ യൂത്ത്ലീഗ് സംഘം ബൈക്ക് തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തി. കോളേജിലെ പുരുഷഹോസ്റ്റലില്‍ ആയുധശേഖരമുണ്ടെന്ന വ്യാജപരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സാന്നിധ്യത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

4 എസ്എഫ്ഐക്കാര്‍ക്ക് പരിക്ക് സെന്റ് തോമസിലും എസ്എന്‍ കോളേജിലും കെഎസ്യു അക്രമം

തൃശൂര്‍ : സെന്റ് തോമസ് കോളേജിലും നാട്ടിക എസ്എന്‍ കോളേജിലും കെഎസ്യുക്കാരും യൂത്ത്കോണ്‍ഗ്രസുകാരും ഭീകരമായ ആക്രമണമഴിച്ചുവിട്ടു. നാല് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആശുപത്രിയിലായി. ഒരാളുടെ നില ഗുരുതരമാണ്. പൊലീസ് നോക്കിനില്‍ക്കെയായിരുന്നു സെന്റ് തോമസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജെലിന്‍ ജോണിന്റെ നേതൃത്വത്തില്‍ മുപ്പതോളം പേരടങ്ങിയ സംഘം ആക്രമണം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ എസ്എഫ്ഐ പ്രവര്‍ത്തകനും രണ്ടാംവര്‍ഷ രസതന്ത്ര ബിരുദവിദ്യാര്‍ഥിയുമായ ഇമ്മാനുവലിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്എന്‍ കോളേജ് രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിയും എസ്എഫ്ഐ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയുമായ ശ്രീദേവിനെ തൃശൂര്‍ വെസ്റ്റ്ഫോര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീദേവിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. സെന്റ് തോമസില്‍ എസ്എഫ്ഐ യൂണിറ്റ് വൈസ് പ്രസിഡന്റും അവസാനവര്‍ഷ ബിരുദവിദ്യാര്‍ഥിയുമായ സുമനെയും ചികിത്സക്കു വിധേയനാക്കി. സംഭവത്തില്‍ സുമന്‍ പ്രിന്‍സിപ്പലിന് പരാതി നല്‍കി.

പ്രകോപനമില്ലാതെയാണ് ആക്രമണമുണ്ടായത്. കോളേജില്‍ വിദ്യാര്‍ഥികളുമായി സംസാരിച്ചുനിന്ന സുമന്‍ , ജിതിന്‍ എന്നിവരെ ജാക്സണ്‍ , ജോമോന്‍ , മനു എന്നീ കെഎസ്യുക്കാരുടെ നേതൃത്വത്തില്‍ ആക്രമിക്കുകയായിരുന്നു. ഉച്ചക്ക് ഹോസ്റ്റലില്‍ പോയ ഇമ്മാനുവലിനെ സഹപാഠികളുടെ മുന്നിലിട്ടാണ് ആക്രമിച്ചത്. താഴെവീണ ഇമ്മാനുവലിനെ നിലത്തിട്ട് ചവിട്ടി. പട്ടികകൊണ്ട് അടിക്കുകയും ചെയ്തു. ശരീരമാസകലം മുറിവും ചതവുമേറ്റ നിലയിലാണ് ഇമ്മാനുവല്‍ . മര്‍ദനം കണ്ട് പെണ്‍കുട്ടികള്‍ നിലവിളിച്ചോടി. സ്ഥലത്തെത്തിയ പൊലീസ് അക്രമികളെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതിനു പകരം ക്യാമ്പസിലുള്ള വിദ്യാര്‍ഥികളെ വിരട്ടിയോടിക്കുകയായിരുന്നു. നാട്ടിക എസ്എന്‍ കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകരായ ഒന്നാംവര്‍ഷ ബോട്ടണി വിദ്യാര്‍ഥി സുജിത്ത്, രണ്ടാംവര്‍ഷ ഗണിതശാസ്ത്ര വിദ്യാര്‍ഥി പ്രണവ് എന്നിവരെ അന്തിക്കാട് ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പകല്‍ ഒന്നരയോടെ കോളേജിനു പുറത്തുള്ള ചായക്കടയില്‍ ഭക്ഷണം കഴിക്കാനായി പോയ ശ്രീദേവിനെ ശ്രീജിന്‍ , സുദേവ്, അഭിന്‍ദത്ത്, മുഹമ്മദ് സാദിക്, അഖില്‍ , വിഷ്ണു എന്നീ കെ എസ്യുക്കാരാണ് മര്‍ദിച്ചത്. ഇടിയേറ്റ ശ്രീദേവിന്റെ മൂക്കിന്റെ എല്ല് തകര്‍ന്നു. ഇതുകണ്ട് ഓടിയെത്തിയതാണ് മറ്റ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ . വടികൊണ്ടുള്ള അടിയേറ്റ് സുജിത്തിന്റെ തോളിലും കൈകള്‍ക്കും പരിക്കുണ്ട്. കെഎസ്യു-യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് ശക്തമായി പ്രതിഷേധിച്ചു.

എസ്എഫ്ഐക്കാരുടെ വീടുകളില്‍ പൊലീസ് ഭീകരത

തൃശൂര്‍ : എസ്എഫ്ഐ പ്രവര്‍ത്തകരുടെ വീടുകളില്‍ കയറി തെരച്ചിലിന്റെ പേരില്‍ പൊലീസ് ഭീകരത സൃഷ്ടിച്ചു. തിങ്കളാഴ്ച സെന്റ് തോമസ് കോളേജിലും നാട്ടിക എസ്എന്‍ കോളേജിലും കെഎസ്യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തിന്റെ പേരില്‍ തുടര്‍ച്ചയായി എസ്എഫ്ഐക്കാരെ വേട്ടയാടാനാണ് പൊലീസ് ജില്ലയിലെ നിരവധി വീടുകളില്‍ കയറി ഭീകരത സൃഷ്ടിച്ചത്. സെന്റ് തോമസില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍ ഇമ്മാനുവലിനെ പുറത്തുനിന്നെത്തിയ യൂത്ത്കോണ്‍ഗ്രസുകാരും കെഎസ്യുക്കാരുമടങ്ങിയ മുപ്പതംഗസംഘം വളഞ്ഞിട്ടു മര്‍ദിച്ചപ്പോള്‍ നോക്കിനിന്ന പൊലീസ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദേശമനുസരിച്ചാണ് എസ്എഫ്ഐ വേട്ടക്കിറങ്ങിയത്. എസ്എഫ്ഐ പ്രവര്‍ത്തകന്‍ സുമന്റെ വീട്ടില്‍ അഞ്ചുതവണയാണ് പൊലീസ് കയറിയിറങ്ങിയത്. പലയിടത്തും പൊലീസിനെക്കണ്ട് സ്ത്രീകളും കുട്ടികളുമുള്‍പ്പടെയുള്ളവര്‍ ഭയന്നുവിറച്ചു. എസ്എഫ്ഐ പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച കെഎസ്യു ക്രിമിനല്‍ സംഘത്തെക്കുറിച്ചന്വേഷിക്കാനോ പിടികൂടാനോ പൊലീസ് ഇതുവരെയും ശ്രമിച്ചിട്ടില്ല. അക്രമികളുടെ കൂട്ടത്തില്‍ ഒരു ഭരണകക്ഷി എംഎല്‍എയുടെ മകനും ഉള്ളതായി പറയുന്നു. ഭരണത്തിന്റെ തണലില്‍ വ്യാപക അക്രമം സൃഷ്ടിക്കാനുള്ള കെഎസ്യു നീക്കത്തിന് കൂട്ടുനില്‍ക്കയാണ് പൊലീസ്. സെന്റ് തോമസില്‍ പുറത്തുനിന്നെത്തിയ യൂത്ത്കോണ്‍ഗ്രസ് അക്രമികള്‍ക്ക് പൊലീസ് ഒത്താശയുണ്ട്. കെഎസ്യു അക്രമത്തിലും പൊലീസ് ഭീകരതയിലും പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി.

ആര്‍എസ്എസ് വിളയാട്ടത്തിനെതിരെ പ്രതിഷേധ പ്രകടനവും യോഗവും

ഇരിട്ടി: ആര്‍എസ്എസ് വിളയാട്ടത്തിനെതിരെ ജനകീയ പ്രതിരോധമുയര്‍ത്തി ചടച്ചിക്കുണ്ടത്ത് സിപിഐ എം പ്രകടനവും പൊതുയോഗവും. പടിയൂര്‍ ലോക്കല്‍ കമ്മിറ്റി നടത്തിയ യോഗം ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി പി വി ഗോപിനാഥ്, പി ചന്തുക്കുട്ടി, എം മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു. എ ഗോപാലന്‍ അധ്യക്ഷനായി. എ കെ നാരായണന്‍ സ്വാഗതം പറഞ്ഞു. പാര്‍ടി പ്രചാരണങ്ങള്‍ തകര്‍ത്തും കടകള്‍ക്കെതിരെയും സ്ഥാപനങ്ങള്‍ക്ക് നേരെയും അതിക്രമം നടത്തിയും ആര്‍എസ്എസ് സംഘം സൈ്വരവിഹാരം നടത്തുന്നതില്‍ പ്രതിഷേധിച്ചാണ് യോഗവും പ്രകടനവും. സ്ഥലത്ത് പൊലീസ് സന്നാഹവും ഉണ്ടായി.

deshabhimani 041011

1 comment:

  1. കെഎസ്യു-ക്യാമ്പസ് ഫ്രണ്ട്, യുഡിഎസ്എഫ് - യൂത്ത്ലീഗ്, ആര്‍എസ്എസ് ആക്രമണം

    ReplyDelete