Saturday, October 8, 2011

യുഡിഎഫ് സര്‍ക്കാര്‍ ഗൂഢാലോചന നടത്തുന്നു: കോടിയേരി

സ്റ്റേറ്റ് സിവില്‍ സര്‍വീസ് രൂപീകരണ കാര്യത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ ഗൂഢാലോചന നടത്തുകയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. "സ്റ്റേറ്റ് സിവില്‍ സര്‍വീസ് പുനഃസംഘടന" എന്ന വിഷയത്തില്‍ എഫ്എസ്ഇടിഒ സംസ്ഥാന കമ്മിറ്റി പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

കാര്യക്ഷമമായ ഭരണത്തിന് സംതൃപ്തമായ സിവില്‍ സര്‍വീസ് കൂടിയേ തീരൂ. ജനങ്ങള്‍ക്ക് കാര്യങ്ങള്‍ നിര്‍വഹിച്ചുകിട്ടുന്നതിലെ കാലതാമസം അഴിമതിക്ക് കാരണമാകും. ഐഎഎസ് സെലക്ഷന്‍ സംബന്ധിച്ച് യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം അസംതൃപ്തി വളര്‍ത്തുന്നതാണ്. സ്റ്റേറ്റ് സിവില്‍ സര്‍വീസ് രൂപീകരിക്കുമെന്ന് വ്യാമോഹിപ്പിച്ച് ഡെപ്യൂട്ടി കലക്ടര്‍മാരെയും സെക്രട്ടറിയറ്റ് ജീവനക്കാരെയും രണ്ട് തട്ടിലാക്കി. ആരെയൊക്കെയോ ഐഎഎസില്‍ ഉള്‍പ്പെടുത്താനുള്ള ഗൂഢാലോചനയാണ് യുഡിഎഫില്‍ നടക്കുന്നത്. സ്റ്റേറ്റ് സിവില്‍ സര്‍വീസ് രൂപീകരിക്കണമെന്ന നിര്‍ദേശം ഇ എം എസ് മുഖ്യമന്ത്രിയായിരിക്കുമ്പോഴേ ഉയര്‍ന്നുവന്നതാണ്. ഐഎഎസ് കേന്ദ്രസര്‍വീസിലുള്ളവര്‍ക്ക് മാത്രമായാല്‍ അന്യസംസ്ഥാനങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് സ്വന്തം സംസ്ഥാനത്തേക്ക് ഡെപ്യൂട്ടേഷനില്‍ പോകാനാവും താല്‍പ്പര്യം. സ്റ്റേറ്റ് സിവില്‍ സര്‍വീസ് വഴി ഐഎഎസ് ലഭിച്ചവരാകുമ്പോള്‍ സംസ്ഥാനത്തിന് അവരുടെ സേവനമുറപ്പിക്കാം. എന്തായാലും ഐഎഎസ് സെലക്ഷന്‍ കാലോചിതമായി മാറണം. കൂടുതല്‍പേര്‍ക്ക് സെലക്ഷന്‍ കിട്ടാന്‍ സ്റ്റേറ്റ് സിവില്‍ സര്‍വീസ് രൂപീകരിക്കണമെന്ന അഭിപ്രായത്തോട് യോജിപ്പാണ്. എന്നാല്‍ , സെലക്ഷന്‍ സുതാര്യമാകണം. നിശ്ചിത ശതമാനം നേരിട്ട് റിക്രൂട്ട്മെന്റ് വേണ്ടിവരും. സിവില്‍ സര്‍വീസ് മാറാതെ സേവനാവകാശനിയമവും മറ്റും നിലവില്‍വന്നാല്‍ ഉദ്യോഗസ്ഥരെ കുടുക്കുമെന്നും കോടിയേരി പറഞ്ഞു.

ഐഎഎസ് സെലക്ഷന്‍ സംബന്ധിച്ച് സര്‍ക്കാര്‍ ഏകപക്ഷീയ തീരുമാനം കൈക്കൊള്ളരുതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത മുന്‍ ചീഫ് സെക്രട്ടറി സി പി നായര്‍ പറഞ്ഞു. രണ്ടാം ഇ എം എസ് സര്‍ക്കാരിന്റെ കാലത്ത്, ക്ലാസ് ഫോര്‍ ജീവനക്കാര്‍ക്ക് പ്രൊമോഷന്‍ നല്‍കാനുള്ള സാധ്യത ആരാഞ്ഞ് മുഖ്യമന്ത്രി ഇ എം എസ് അന്ന് ജൂനിയറായ തന്നെ വിളിപ്പിച്ച് ചര്‍ച്ചചെയ്ത അനുഭവവും സി പി നായര്‍ പറഞ്ഞു. സ്റ്റേറ്റ് സിവില്‍ സര്‍വീസ് മാതൃകാപരമായി നിലവിലുള്ള സംസ്ഥാനങ്ങള്‍ ഉത്തര്‍പ്രദേശ്, ബിഹാര്‍ , മധ്യപ്രദേശ് തുടങ്ങിയവയാണെന്നും സി പി നായര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഭരണപരിഷ്കാര കമീഷന്റെ ശുപാര്‍ശകള്‍ കാലോചിതമായി പരിഷ്കരിക്കുകയാണ് വേണ്ടതെന്ന് തുടര്‍ന്ന് സംസാരിച്ച പൊതുവിദ്യാഭ്യാസ സെക്രട്ടറി എം ശിവശങ്കര്‍ പറഞ്ഞു. പ്രസിഡന്റ് എം ഷാജഹാന്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എ ശ്രീകുമാര്‍ സ്വാഗതവും ട്രഷറര്‍ ശിവകുമാര്‍ നന്ദിയും പറഞ്ഞു.

deshabhimani 081011

1 comment:

  1. സ്റ്റേറ്റ് സിവില്‍ സര്‍വീസ് രൂപീകരണ കാര്യത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ ഗൂഢാലോചന നടത്തുകയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. "സ്റ്റേറ്റ് സിവില്‍ സര്‍വീസ് പുനഃസംഘടന" എന്ന വിഷയത്തില്‍ എഫ്എസ്ഇടിഒ സംസ്ഥാന കമ്മിറ്റി പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

    ReplyDelete