Saturday, October 8, 2011

ഐടി കമ്പനികള്‍ക്ക് നികുതി ഇളവ് നല്‍കുമെന്ന് കേന്ദ്രം

ഐടി-ഐടി അനുബന്ധ വ്യവസായങ്ങളില്‍നിന്നുള്ള വരുമാനം 2020 ആവുമ്പോഴേക്കും മൂന്നിരട്ടിയാക്കി വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കരട് ദേശീയ വിവരസാങ്കേതിക നയം പ്രഖ്യാപിച്ചു. വരുമാനം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഐടി കമ്പനികള്‍ക്ക് നികുതി ഇളവ് നല്‍കുന്നത് പരിഗണിക്കുമെന്ന് ഐടി- ടെലികോം മന്ത്രി കപില്‍ സിബല്‍ അറിയിച്ചു. പുതിയ പ്രത്യക്ഷ നികുതിബില്‍ വന്നശേഷമാകും നികുതി ഇളവുകള്‍ ആലോചിക്കുകയെന്നും മന്ത്രി പറഞ്ഞു.

നിലവില്‍ 880 കോടി ഡോളറാണ് ഐടി- ഐടി അനുബന്ധ വ്യവസായങ്ങളില്‍നിന്നുള്ള വരുമാനം. ഇത് 2020 ആവുമ്പോഴേക്കും മൂവായിരം കോടി ഡോളറായി വര്‍ധിപ്പിക്കുകയാണ് മുഖ്യലക്ഷ്യം. ഒരു ദശകമായി ശരാശരി എട്ടുശതമാനമാണ് ഇന്ത്യന്‍ ഐടി വ്യവസായത്തിന്റെ വളര്‍ച്ച. വരുമാനത്തിന്റെ 80 ശതമാനവും കയറ്റുമതിയില്‍നിന്നാണ്. ആഭ്യന്തര വളര്‍ച്ചകൂടി പ്രോത്സാഹിപ്പിക്കാന്‍ ശ്രമമുണ്ടാകുമെന്നും കരടുനയത്തില്‍ പറയുന്നു. ഐടി വ്യവസായം ഒന്നാംനിര നഗരങ്ങളില്‍മാത്രം ഒതുങ്ങാതെ രണ്ടാംനിര, മൂന്നാം നിര നഗരങ്ങളിലേക്കു കൂടി വ്യാപിപ്പിക്കും. ഇതിനായി സാമ്പത്തിക ഇളവുകളടക്കം ആനുകൂല്യങ്ങള്‍ നല്‍കും. ദേശീയ സമ്പദ്വ്യവസ്ഥയുടെ സുസ്ഥിര വളര്‍ച്ചയ്ക്ക് ഐടിയെ ഒരു ചാലകശക്തിയാക്കി മാറ്റും. ആഗോള ഐടി കേന്ദ്രമെന്ന നിലയില്‍ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തും. പ്രാദേശികവല്‍ക്കരണം, പ്രാദേശികാധിഷ്ഠിത സേവനങ്ങള്‍ , മൊബൈല്‍ അനുബന്ധ സേവനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ഐടിയുടെ സേവനം വ്യാപിപ്പിക്കും. ഗവേഷണ- വികസനപ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കും. ചെറുകിട സംരംഭങ്ങള്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കും. സര്‍ക്കാര്‍ - സര്‍ക്കാരിതര സേവനങ്ങള്‍ ഇന്റര്‍നെറ്റ്- മൊബൈല്‍ ഫോണ്‍ സംവിധാനങ്ങളിലൂടെ ജനങ്ങളില്‍ നേരിട്ട് എത്തിക്കാന്‍ ശ്രമിക്കും. ആധാര്‍ സേവനങ്ങളെയും ഇതുമായി ബന്ധപ്പെടുത്തും. ഐടി രംഗത്ത് ഒരു കോടി അധിക മനുഷ്യവിഭവശേഷി കൂടി സൃഷ്ടിക്കും. ഒരു വീട്ടിലെ ഒരു വ്യക്തിയെ എങ്കിലും ഇ-സാക്ഷരനാക്കും. എല്ലാ സര്‍ക്കാര്‍ സേവനങ്ങളും ദേശീയ ഇ ഗവേണന്‍സ് പദ്ധതിയും നിശ്ചിത സമയപരിധിക്കുള്ളില്‍ ഇലക്ട്രോണിക് സംവിധാനത്തിലൂടെ വ്യാപിപ്പിക്കും-മന്ത്രി പറഞ്ഞു.

deshabhimani 081011

1 comment:

  1. ഐടി-ഐടി അനുബന്ധ വ്യവസായങ്ങളില്‍നിന്നുള്ള വരുമാനം 2020 ആവുമ്പോഴേക്കും മൂന്നിരട്ടിയാക്കി വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കരട് ദേശീയ വിവരസാങ്കേതിക നയം പ്രഖ്യാപിച്ചു. വരുമാനം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഐടി കമ്പനികള്‍ക്ക് നികുതി ഇളവ് നല്‍കുന്നത് പരിഗണിക്കുമെന്ന് ഐടി- ടെലികോം മന്ത്രി കപില്‍ സിബല്‍ അറിയിച്ചു. പുതിയ പ്രത്യക്ഷ നികുതിബില്‍ വന്നശേഷമാകും നികുതി ഇളവുകള്‍ ആലോചിക്കുകയെന്നും മന്ത്രി പറഞ്ഞു.

    ReplyDelete