സ്മാര്‍ട്ട് സിറ്റി പ്രദേശത്തുകൂടി കടന്നുപോകുന്ന ഗെയിലിന്റെ എല്‍എന്‍ജി പൈപ്പ്ലൈന്‍ പദ്ധതിയുടെ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന് ആശങ്ക. പൈപ്പ്ലൈന്‍ മാറ്റിസ്ഥാപിക്കുന്ന കാര്യത്തില്‍ സ്മാര്‍ട്ട്സിറ്റിയും ഗെയിലുമായുള്ള തര്‍ക്കത്തില്‍ പരിഹാരമായിട്ടില്ല. കെഎസ്ഇബിയുടെ ടവറുകള്‍ സ്മാര്‍ട്ട്സിറ്റി പ്രദേശത്ത് സ്ഥാപിക്കേണ്ടെന്നു തീരുമാനിച്ചതായും സ്മാര്‍ട്ട്സിറ്റി എംഡി ഡോ. ബാജു ജോര്‍ജ് പറഞ്ഞു. സ്മാര്‍ട്ട്സിറ്റി പവിലിയന്‍ ഉദ്ഘാടനത്തോടനുബന്ധിച്ചു ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐടി മേഖലയിലെ അന്താരാഷ്ട്ര നിലവാരമുള്ള കമ്പനികളെയാണ് പദ്ധതിയിലേക്കു പ്രതീക്ഷിക്കുന്നത്. അത്തരം സ്ഥാപനങ്ങള്‍ക്ക് സുരക്ഷ പ്രധാനമാണ്. സുരക്ഷയില്‍ കുറവുവന്നാല്‍ അവര്‍ വരാന്‍ മടിക്കും. ഗ്യാസ് പൈപ്പ്ലൈന്‍പോലുള്ളവയെ എങ്ങനെ കാണുമെന്നു പറയാനാകില്ലെന്നും ബാജു ജോര്‍ജ് പറഞ്ഞു.
സ്മാര്‍ട്ട്സിറ്റിയുടെ മാസ്റ്റര്‍പ്ലാന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ചതായി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിലവിലുള്ള മാസ്റ്റര്‍പ്ലാന്‍ കാലോചിതമായി പരിഷ്കരിക്കാന്‍ കാനന്‍ ഡിസൈന്റെ ഇന്റര്‍നാഷണല്‍ വിഭാഗത്തെ ഏല്‍പ്പിച്ചു. ഒരുമാസത്തിനുള്ളില്‍ കരട് തയ്യാറാകും. പൂര്‍ണരൂപം അടുത്തവര്‍ഷം രണ്ടാംപാദത്തോടെയാകും. പദ്ധതിയുടെ ഒന്നാംഘട്ട നിര്‍മാണം രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകും. 4000 തൊഴിലവസരം ഈ ഘട്ടത്തില്‍ ഉണ്ടാകും. മൂന്നു ഘട്ടമായി 10 വര്‍ഷത്തിനുള്ളിലാണ് നിര്‍മാണം പൂര്‍ത്തീകരിക്കേണ്ടത്. ഇത് അഞ്ചരവര്‍ഷത്തിനകം പൂര്‍ത്തിയാക്കാനാകുമെന്നു പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു. സ്മാര്‍ട്ട്സിറ്റിയിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കാന്‍ റോഡ്ഷോകളും മാര്‍ക്കറ്റിങ് പ്രവര്‍ത്തനങ്ങളും ഡിസംബറോടെ ബംഗളൂരുവില്‍നിന്നുതുടങ്ങും. എമര്‍ജിങ് കേരളയോടൊപ്പവും ഒറ്റയ്ക്കും മാര്‍ക്കറ്റിങ് സംഘടിപ്പിക്കും. വിദേശത്തെന്നപോലെ രാജ്യത്തിനകത്തെ റോഡ്ഷോയ്ക്കും പ്രാധാന്യം നല്‍കുമെന്ന് ബാജു ജോര്‍ജ് പറഞ്ഞു. ലോകോത്തര ഇന്ത്യന്‍കമ്പനികളെയും സ്മാര്‍ട്ട്സിറ്റി ലക്ഷ്യമിടുന്നു. കൂടാതെ തെലുങ്കാന പ്രശ്നത്തിന്റെ ഭാഗമായി ഹൈദരാബാദിനും സ്ഥലപരിമിതിയുടെ പേരില്‍ ബംഗളൂരുവിനും ഐടി വ്യവസായത്തില്‍ ഉണ്ടായ ഇടിവ് മുതലാക്കാനും സ്മാര്‍ട്ട്സിറ്റി ശ്രമിക്കും- അദ്ദേഹം പറഞ്ഞു. സ്മാര്‍ട്ട്സിറ്റി പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ പുതുതായി 90,000 തൊഴിലവസരം ഉണ്ടാകും. ആകെയുള്ള 88 ലക്ഷം ചതുരശ്രഅടി നിര്‍മാണത്തിന്റെ 70 ശതമാനം ഐടിക്കുവേണ്ടി നീക്കിവയ്ക്കണമെന്നാണ് വ്യവസ്ഥ. നിലവില്‍ സര്‍ക്കാരിന് 16 ശതമാനം ഓഹരിയുണ്ട്. അഞ്ചുവര്‍ഷത്തിനുശേഷം ഇത് 26 ശതമാനമായി ഉയര്‍ത്താനാകും.
deshabhimani 091011
No comments:
Post a Comment