Sunday, October 9, 2011

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് സാന്ത്വനമായി വീണ്ടും ഡിവൈഎഫ്ഐ

കാസര്‍കോട്: മനുഷ്യനാശിനി എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനുള്ള നിയമയുദ്ധത്തില്‍ കേന്ദ്രസര്‍ക്കാരിനെ മുട്ടുകുത്തിച്ച ഡിവൈഎഫ്ഐ വീണ്ടും ദുരിതബാധിതര്‍ക്ക് സാന്ത്വനമായി. ദുരിതബാധിതരുടെ പുനരധിവാസത്തിനും ചികിത്സക്കും കേന്ദ്രസര്‍ക്കാര്‍ പുറംതിരിഞ്ഞ് നില്‍ക്കുമ്പോള്‍ 87 ലക്ഷം രൂപയുടെ സഹായം പ്രഖ്യാപിച്ചാണ് ജനങ്ങളുടെ തോഴനായ യുവജന സംഘടന രംഗത്തെത്തുന്നത്.

സ്റ്റോക്ഹോം കണ്‍വന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ ലോകത്താകെ നിരോധിക്കാനുള്ള പ്രമേയത്തെ പിന്തുണച്ച കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ എന്‍ഡോസള്‍ഫാന് അനുകൂല നിലപാട് സ്വീകരിച്ച വഞ്ചനയാണ് കണ്ടത്. ഡിവൈഎഫ്ഐയുടെ ഹര്‍ജിയെ എതിര്‍ക്കാന്‍ കീടനാശിനി ലോബിക്കൊപ്പം കേന്ദ്രവും നിലയുറപ്പിച്ചു. കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്വി തന്നെ എന്‍ഡോസള്‍ഫാന്‍ കമ്പനിക്കുവേണ്ടി കോടതിയില്‍ ഹാജരായി. ഇങ്ങനെ പല വിധത്തില്‍ ശ്രമിച്ചിട്ടും ഡിവൈഎഫ്ഐ സമര്‍പ്പിച്ച തെളിവുകളെ മറയ്ക്കാന്‍ അവര്‍ക്കായില്ല. അനീതിക്കെതിരായ ജനകീയ പോരാട്ടത്തിന്റെ ഭാഗമായാണ് ഡിവൈഎഫ്ഐ പരമോന്നത നീതിപീഠത്തെ സമീപിച്ചത്. അതിന്റെ ഉജ്വല വിജയമാണ് കോടതി വിധി.
ദുരന്ത ഭൂമിയില്‍ "അതിജീവന സന്ദേശ യാത്ര" നടത്തി ദുരന്തത്തിന്റെ ആഴം ലോകത്തെ അറിയിച്ച ഡിവൈഎഫ്ഐ രോഗബാധിതരെ സഹായിക്കണമെന്ന് കേരളീയ സമൂഹത്തോട് നടത്തിയ അഭ്യര്‍ഥനക്ക് വന്‍ പ്രതികരണമാണുണ്ടായത്. രണ്ടുദിവസം കൊണ്ട് 87 ലക്ഷം രൂപയാണ് ജനങ്ങള്‍ യുവജന പ്രസ്ഥാനത്തെ ഏല്‍പിച്ചത്. നല്‍കുന്ന തുക ശരിയായി വിനിയോഗിക്കുമെന്ന ജനങ്ങളുടെ വിശ്വാസമാണ് ഇതില്‍ കണ്ടത്. കാല്‍കോടി രൂപ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി വിനിയോഗിക്കും. 50 കുട്ടികള്‍ക്ക് അരലക്ഷം രൂപ വീതം നല്‍കും. എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതര്‍ക്ക് കിട്ടുന്ന ഏറ്റവും വലിയ സഹായമാണിത്. അതും ഒരു യുവജന സംഘടനയില്‍ നിന്ന്.

വീടില്ലാതെ കഷ്ടപ്പെടുന്ന നിരവധി കുടുംബങ്ങളുണ്ടെന്ന് അതിജീവന സന്ദേശ യാത്രയില്‍ കിട്ടിയ നിവേദനങ്ങളില്‍ നിന്ന് ബോധ്യമായതാണ്. അതുകൊണ്ടുതന്നെ പിരിഞ്ഞുകിട്ടിയ തുകയില്‍ പകുതിയോളം ചെലവഴിക്കുന്നത് വീടുവച്ച് നല്‍കാനാണ്. 11 പഞ്ചായത്തിലുമായി 15 വീട് നിര്‍മിച്ച് നല്‍കും. ആംബുലന്‍സ് സര്‍വീസും ചികിത്സാസഹായ നിധിയും എല്ലാം ചേര്‍ന്ന് ജനങ്ങള്‍ വളരെക്കാലമായി ആഗ്രഹിക്കുന്ന പാക്കേജാണ് ഡിവൈഎഫ്ഐ സ്വന്തം നിലയില്‍ പ്രഖ്യാപിച്ചത്്. സഹായത്തിന് അര്‍ഹരായവരെ കണ്ടെത്തുന്നതിനും സുതാര്യ സംവിധാനമാണ് ഏര്‍പ്പെടുത്തുന്നത്. സര്‍ക്കാര്‍ തലത്തിലുള്ള ജില്ലാ മോണിറ്ററിങ് സെല്‍ നിശ്ചയിച്ച് നല്‍കുന്നവര്‍ക്കാണ് വീട് നിര്‍മിച്ച് നല്‍കുന്നത്. 2.5 ലക്ഷം രൂപ ചെലവ് വരുന്ന വീടുകളാണ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്.

deshabhimani 091011

2 comments:

  1. മനുഷ്യനാശിനി എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനുള്ള നിയമയുദ്ധത്തില്‍ കേന്ദ്രസര്‍ക്കാരിനെ മുട്ടുകുത്തിച്ച ഡിവൈഎഫ്ഐ വീണ്ടും ദുരിതബാധിതര്‍ക്ക് സാന്ത്വനമായി. ദുരിതബാധിതരുടെ പുനരധിവാസത്തിനും ചികിത്സക്കും കേന്ദ്രസര്‍ക്കാര്‍ പുറംതിരിഞ്ഞ് നില്‍ക്കുമ്പോള്‍ 87 ലക്ഷം രൂപയുടെ സഹായം പ്രഖ്യാപിച്ചാണ് ജനങ്ങളുടെ തോഴനായ യുവജന സംഘടന രംഗത്തെത്തുന്നത്.

    ReplyDelete
  2. DYFU ക്ക് അഭിവാദ്യങ്ങൾ...

    ReplyDelete