Thursday, October 6, 2011

വീണ്ടും ശിക്ഷയിളവ്: പിള്ള സര്‍ക്കാരിനതീതന്‍

നിയമലംഘനത്തെ വെറും ചട്ടലംഘനത്തിലൊതുക്കി ബാലകൃഷ്ണ പിള്ളക്ക് ലഭിക്കേണ്ടിയിരുന്ന രണ്ട് വര്‍ഷത്തെ തടവുശിക്ഷയില്‍ നിന്ന് നാല് ദിവസമാക്കി കുറച്ച് നല്‍കിക്കൊണ്ട് സര്‍ക്കാര്‍ വീണ്ടും പിള്ളയുടെ വിധേയനായി. 2011 ജനുവരി ഒന്ന് മുതല്‍ നിലവില്‍ വന്ന ജയില്‍ നിയമ പ്രകാരം പിള്ള ചെയ്ത കുറ്റത്തിന് പരമാവധി രണ്ട് വര്‍ഷം തടവും, പതിനായിരം രൂപ പിഴയും അല്ലെങ്കില്‍ ഇവ രണ്ടും ഒന്നിച്ചോ അനുഭവിക്കേണ്ടതാണ്. എന്നാല്‍ തടവു പുള്ളികള്‍ ഏതെങ്കിലും ചെറിയ കുറ്റം ചെയ്താല്‍ ജയില്‍ അധികൃതര്‍ നല്‍കുന്ന ചെറിയ ശിക്ഷയായ ശിക്ഷാ കാലാവധിയില്‍ നാല് ദിവസം കൂടി നീട്ടി നല്‍കുക മാത്രമാണ് ഇപ്പോള്‍ സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.

നിയമം ലംഘിച്ച് മാധ്യമ പ്രവര്‍ത്തകനെ ഫോണ്‍ വിളിച്ച പിള്ളക്കെതിരെ ക്രിമിനല്‍ കേസ് എടുത്ത് നിയമ നടപടികള്‍ സ്വീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ പുതിയ നിയമത്തില്‍ ചട്ടങ്ങള്‍ ഉണ്ടാക്കിയിട്ടില്ലെന്ന ന്യായം നിരത്തി പഴയ ചട്ടം പ്രകാരമുള്ള ശിക്ഷയാണ് പിള്ളക്ക് ഇപ്പോള്‍ സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ പിള്ള ഇപ്പോള്‍ നടത്തിയിരിക്കുന്നത് ചട്ട ലംഘനമല്ല, മറിച്ച് നിയമ ലംഘനമാണ്. പിള്ള ചെയ്ത കുറ്റത്തെ നിസ്സാരവല്‍ക്കരിക്കുകയാണ് ഇപ്പോള്‍ സര്‍ക്കാര്‍ ചെയ്യുന്നത്. അഴിമതി കേസില്‍ കഠിന തടവിന് സുപ്രീം കോടതി തന്നെ ശിക്ഷിച്ച വ്യക്തിയെയാണ് യു ഡി എഫ് സര്‍ക്കാര്‍ ഇത്തരത്തില്‍ സഹായിക്കുന്നത്. 'തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ആള്‍ ഏതെങ്കിലും ആളിന് എഴുതിയോ, വാക്കാലോ, അടയാളങ്ങളാലോ മൊബൈല്‍ ഫോണ്‍ വഴിയോ മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ വഴിയോ ഏതെങ്കിലും സന്ദേശങ്ങള്‍ അയയ്ക്കുന്നത് കുറ്റകരമാണ്' എന്ന് ഇത് സംബന്ധിച്ച ജയില്‍ നിയമത്തിന്റെ വകുപ്പില്‍ വ്യക്തമാക്കുന്നു. ഈ കുറ്റത്തിന് മേല്‍പ്പറഞ്ഞ ശിക്ഷ ലഭിക്കാന്‍ ബന്ധപ്പെട്ട ജയില്‍ സൂപ്രണ്ട് തടവ് പുള്ളി ഇത്തരത്തിലുള്ള കുറ്റം ചെയ്തിട്ടുണ്ട് എന്ന് കുറ്റം നടന്ന പരിധിയിലെ പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് നല്‍കിയാല്‍ മാത്രം മതിയാകുമെന്ന് അധ്യായം 83 ലും, 86(2) ല്‍ പറയുന്നുണ്ട്. ജയില്‍ സൂപ്രണ്ട് ഒരു റിപ്പോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ നല്‍കി കേസ് കോടതിയില്‍ വന്നാല്‍ പിള്ള ചെയ്ത കുറ്റത്തിന് മേല്‍പ്പറഞ്ഞ ശിക്ഷ ലഭിക്കേണ്ടതാണ്. എന്നാല്‍ ഇവിടെ ഇതൊന്നും ചെയ്യാതെ കുറ്റം ചെയ്ത ആളിന് ജയില്‍ സൂപ്രണ്ടോ, ജയില്‍ എ ഡി ജി പി യോ നല്‍കാവുന്ന ചെറിയ ശിക്ഷയായ ശിക്ഷാ കാലാവധിയില്‍ നാല് ദിവസം കൂടി ദീര്‍ഘിപ്പിച്ച് നല്‍കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.

 പിള്ളയ്ക്ക് ഇത്തരത്തിലൊരു ശിക്ഷ മാത്രമേ ലഭിക്കുളളൂവെന്ന് മുഖ്യമന്ത്രി നേരത്തെ തന്നെ സൂചന നല്‍കിയിരുന്നു. മുഖ്യമന്ത്രി തിങ്കളാഴ്ച നിയമസഭയില്‍ ഇത് സംബന്ധിച്ച് പ്രസ്താവനയും നടത്തിയിരുന്നു. പിള്ള നടത്തിയത് നിയമലംഘനം അല്ലെന്നും, ചട്ടലംഘനം മാത്രമാണെന്നുമാണ് മുഖ്യമന്ത്രി നിയമസഭയില്‍ പ്രസ്താവന നടത്തിയത്. 2010 ലെ കേരള പ്രിസണുകളും, സംശുദ്ധീകരണ സാന്‍മാര്‍ഗിക സേവനങ്ങളും(നിര്‍വ്വഹണ) ബില്ലിന്റെ ചട്ടങ്ങള്‍ ലംഘിച്ചാണ് പിള്ള ഫോണ്‍ വിളിച്ചെതെന്നായിരുന്നു അടിയന്തര പ്രമേയത്തിന് മറുപടിയായി മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചത്. എന്നാല്‍ ഈ നിയമത്തിന് ഇതുവരെ ചട്ടങ്ങള്‍ നിലവില്‍ വന്നിട്ടില്ല എന്നതാണ് വസ്തുത. ഇല്ലാത്ത ചട്ടത്തിന്റെ പേര് പറഞ്ഞാണ് പിള്ളയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ പാടുപെടുന്നത്. മുഖ്യമന്ത്രിയുടെ ഈ പ്രസ്താവനക്കെതിരെ വി ശിവന്‍കുട്ടി എം എല്‍ എ സ്പീക്കര്‍ക്ക് അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കുകയും ചെയ്തു.

പിള്ള ചെയ്ത കുറ്റത്തിന്‍മേല്‍ യാതൊരു നടപടിയും സ്വീകരിക്കാതിരുന്നാല്‍ അത് കടുത്ത നിയമലംഘനവും, സര്‍ക്കാരിനെതിരെയുള്ള വന്‍ പ്രതിഷേധത്തിനും കാരണമാകുമെന്നതിനാലാണ് പിള്ളയ്ക്ക് ചെറിയ ശിക്ഷ നല്‍കി തലയൂരാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. തടവില്‍ കഴിയവേ പിള്ള മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ മൊബൈലിലേയ്ക്ക് വിളിച്ചതിനുള്ള തെളിവുകളും ഇപ്പോള്‍ പുറത്ത് വന്ന സാഹചര്യത്തില്‍ ഈ പ്രശ്‌നത്തില്‍ നിന്ന് പിള്ളയെ രക്ഷിച്ചെടുക്കേണ്ട ബാധ്യത ഇപ്പോള്‍ സര്‍ക്കാരിന്റെ ചുമതലയായി മാറിയിട്ടുണ്ട്. ഇതാണ് ഇപ്പോള്‍ മറ നീക്കി പുറത്ത് വന്നിരിക്കുന്നതും.

ജി. ഗിരീഷ്‌കുമാര്‍ janayugom 071011

1 comment:

  1. നിയമലംഘനത്തെ വെറും ചട്ടലംഘനത്തിലൊതുക്കി ബാലകൃഷ്ണ പിള്ളക്ക് ലഭിക്കേണ്ടിയിരുന്ന രണ്ട് വര്‍ഷത്തെ തടവുശിക്ഷയില്‍ നിന്ന് നാല് ദിവസമാക്കി കുറച്ച് നല്‍കിക്കൊണ്ട് സര്‍ക്കാര്‍ വീണ്ടും പിള്ളയുടെ വിധേയനായി. 2011 ജനുവരി ഒന്ന് മുതല്‍ നിലവില്‍ വന്ന ജയില്‍ നിയമ പ്രകാരം പിള്ള ചെയ്ത കുറ്റത്തിന് പരമാവധി രണ്ട് വര്‍ഷം തടവും, പതിനായിരം രൂപ പിഴയും അല്ലെങ്കില്‍ ഇവ രണ്ടും ഒന്നിച്ചോ അനുഭവിക്കേണ്ടതാണ്. എന്നാല്‍ തടവു പുള്ളികള്‍ ഏതെങ്കിലും ചെറിയ കുറ്റം ചെയ്താല്‍ ജയില്‍ അധികൃതര്‍ നല്‍കുന്ന ചെറിയ ശിക്ഷയായ ശിക്ഷാ കാലാവധിയില്‍ നാല് ദിവസം കൂടി നീട്ടി നല്‍കുക മാത്രമാണ് ഇപ്പോള്‍ സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.

    ReplyDelete