Tuesday, October 4, 2011

കൂടംകുളത്ത് വീണ്ടും സമരകാഹളം

കേന്ദ്രമന്ത്രി വി നാരായണസ്വാമിയും തമിഴ്‌നാട് സര്‍ക്കാരും നല്‍കിയ വാഗ്ദാനങ്ങള്‍ പാഴ്‌വാക്കുകളായ സാഹചര്യത്തില്‍ കൂടംകുളം ആണവ നിലയത്തിനെതിരെയുളള സമരം ശക്തമാക്കാന്‍ സമരസമിതി തീരുമാനിച്ചു. ആണവ നിലയം അടച്ചുപൂട്ടുന്നതു വരെ അനിശ്ചിതകാല നിരാഹാരമുള്‍പ്പെടെയുള്ള സമരപരിപാടികള്‍ക്കാണ് ഇന്നലെ കൂടംകുളത്ത് ചേര്‍ന്ന സമരസമിതി പ്രവര്‍ത്തകരുടെ യോഗം രൂപം നല്‍കിയത്. ഓഗസ്റ്റ് മാസം നടന്ന 11 ദിവസത്തെ അനിശ്ചിതകാല നിരാഹാര സമരത്തെ തുടര്‍ന്ന് കേന്ദ്രമന്ത്രി വി നാരായണസ്വാമി കൂടംകുളം സന്ദര്‍ശിച്ചപ്പോള്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്ത് അനുഭാവപൂര്‍വമായ തീരുമാനമെടുക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നതാണ്. ഇതുസംബന്ധിച്ച് പ്രമേയം പാസാക്കിയ തമിഴ്‌നാട് മന്ത്രിസഭ പ്രധാനമന്ത്രിയുമായി പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ പ്രതിനിധി സംഘത്തെ അയയ്ക്കുമെന്നും പറഞ്ഞിരുന്നതാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ആവട്ടെ പ്രതിനിധി സംഘത്തെ അയയ്ക്കാനും തയ്യാറായിട്ടില്ല.

ഈ മാസം 17, 19 തീയതികളില്‍ നടക്കുന്ന തദ്ദേശ സ്വംയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ആണവ നിലയത്തിനെതിരെ നിലപാടെടുക്കുന്നവര്‍ക്ക് മാത്രമേ വോട്ടുചെയ്യൂ എന്നാണ് സമരസമിതിയുടെ നിലപാട്. ഈ മാസം ഏഴിന് മുമ്പ് രാഷ്ട്രീയ പാര്‍ട്ടികള്‍ ആണവ നിലയത്തോടുള്ള നിലപാട് വ്യക്തമാക്കണമെന്നും സമരസമിതി ആവശ്യപ്പെടുന്നു. ഏഴാം തീയതിക്കുള്ളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ എടുക്കുന്ന നിലപാടിന്റെ അടിസ്ഥാനത്തിലായിരിക്കും ഏത് രാഷ്ട്രീയ പാര്‍ട്ടിക്ക് വോട്ട് രേഖപ്പെടുത്തണമെന്ന് തീരുമാനിക്കുക എന്ന് കണ്‍വീനര്‍ എസ് പി ഉദയകുമാര്‍ അറിയിച്ചു. അതേസമയം കൂടംകുളം ആണവനിലയവുമായി ബന്ധപ്പെട്ട മന്ത്രിസഭാ തീരുമാനം എടുത്തശേഷം ചെന്നൈ ഉള്‍പ്പെടെയുളള നഗരങ്ങളിലും ഗ്രാമങ്ങളിലും വൈദ്യുതി മുടക്കം ഒരു മണിക്കൂര്‍ എന്നത് രണ്ടും മൂന്നും മണിക്കൂര്‍ വരെ നീളുന്നു.''വൈദ്യുതിയെക്കാള്‍ വലുത് ജനങ്ങളുടെ ജീവനും, സ്വത്തിനും ഉള്ള സംരക്ഷണമാണെന്ന്'' കേന്ദ്രമന്ത്രിയും മുഖ്യമന്ത്രിയും പ്രസ്താവനകള്‍ ഇറക്കുകയും കൂടംകുളത്തെ സമരത്തെ വൈദ്യുതിയുടെ പേരുപറഞ്ഞ് തകര്‍ക്കാന്‍ പിന്നാമ്പുറങ്ങളില്‍ ഒപ്പം ശ്രമം നടക്കുന്നുവെന്നുമാണ് സമര സമിതി ആരോപിക്കുന്നത്.

പി.കെ. അജിത് കുമാര്‍ ജനയുഗം 031011

1 comment:

  1. കേന്ദ്രമന്ത്രി വി നാരായണസ്വാമിയും തമിഴ്‌നാട് സര്‍ക്കാരും നല്‍കിയ വാഗ്ദാനങ്ങള്‍ പാഴ്‌വാക്കുകളായ സാഹചര്യത്തില്‍ കൂടംകുളം ആണവ നിലയത്തിനെതിരെയുളള സമരം ശക്തമാക്കാന്‍ സമരസമിതി തീരുമാനിച്ചു. ആണവ നിലയം അടച്ചുപൂട്ടുന്നതു വരെ അനിശ്ചിതകാല നിരാഹാരമുള്‍പ്പെടെയുള്ള സമരപരിപാടികള്‍ക്കാണ് ഇന്നലെ കൂടംകുളത്ത് ചേര്‍ന്ന സമരസമിതി പ്രവര്‍ത്തകരുടെ യോഗം രൂപം നല്‍കിയത്. ഓഗസ്റ്റ് മാസം നടന്ന 11 ദിവസത്തെ അനിശ്ചിതകാല നിരാഹാര സമരത്തെ തുടര്‍ന്ന് കേന്ദ്രമന്ത്രി വി നാരായണസ്വാമി കൂടംകുളം സന്ദര്‍ശിച്ചപ്പോള്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്ത് അനുഭാവപൂര്‍വമായ തീരുമാനമെടുക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നതാണ്. ഇതുസംബന്ധിച്ച് പ്രമേയം പാസാക്കിയ തമിഴ്‌നാട് മന്ത്രിസഭ പ്രധാനമന്ത്രിയുമായി പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ പ്രതിനിധി സംഘത്തെ അയയ്ക്കുമെന്നും പറഞ്ഞിരുന്നതാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ആവട്ടെ പ്രതിനിധി സംഘത്തെ അയയ്ക്കാനും തയ്യാറായിട്ടില്ല.

    ReplyDelete