Tuesday, October 11, 2011

കൂടംകുളം: വിദഗ്ധസമിതിയെ പ്രഖ്യാപിച്ചതില്‍ പ്രതിഷേധം ശക്തം

ചെന്നൈ: കൂടംകുളം ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് വിദഗ്ധസമിതിയെ പ്രഖ്യാപിച്ചതിനെതിരെ പ്രതിഷേധം ശക്തം. ഇന്തോ- റഷ്യന്‍ സംരംഭമായ ആണവപദ്ധതിയില്‍നിന്ന് പിന്‍മാറാന്‍ കേന്ദ്രം തയ്യാറല്ലെന്നും വിദഗ്ധസമിതിയെ നിയോഗിച്ചത് കേന്ദ്രത്തിന്റെ പദ്ധതിയിലുള്ള ഉത്സാഹം മൂലമാണെന്നും ജനകീയ സമരസമിതി പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി. സുരക്ഷാ പ്രശ്‌നവുമായി ബന്ധപ്പെട്ട് ഉന്നതാധികാര സമിതിയെ നിയോഗിച്ചത് പദ്ധതിയുടെ രക്ഷാകര്‍തൃത്വം ഏറ്റെടുത്തുകൊണ്ടുള്ള സമീപനമാണെന്നും സമരസമിതി ആരോപിച്ചു. ഇതൊന്നുംകൊണ്ട് ജനവികാരത്തെ അടക്കാനാവില്ലെന്ന് ഗ്രീന്‍പീസ് അനുഭാവി കരുണാ റെയ്‌ന പറഞ്ഞു. ജനങ്ങള്‍ക്ക് സ്വീകാര്യമല്ലാത്ത കാര്യങ്ങളാണ് അവരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നതെന്നും റെയ്‌ന പറഞ്ഞു. ആണവദുരന്തത്തിനിരയായ ജപ്പാനിലെ ഫുകുഷിമയില്‍ റെയ്‌ന അടുത്തിടെ സന്ദര്‍ശനം നടത്തിയിരുന്നു. എന്നാല്‍ സമരസമിതി പ്രവര്‍ത്തകര്‍ തെറ്റിദ്ധാരണയോടെയാണ് പദ്ധതിയെ സമീപിക്കുന്നതെന്നാണ് കല്‍പ്പാക്കം ആണവനിലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പ്രഭാത് കുമാറിന്റെ പക്ഷം.

ആണവപദ്ധതിനടത്തിപ്പിനായി സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ വിദഗ്ധസമിതിയെ പ്രധാനമന്ത്രി പ്രഖ്യാപിച്ച് രണ്ടുദിവസത്തിനുള്ളില്‍ തെന്നെ കൂടംകുളം ആണവപദ്ധതി പ്രതിരോധ സമിതി പ്രക്ഷോഭം ആരംഭിക്കുകയായിരുന്നു. ഇവരുടെ നേതൃത്വത്തില്‍ വിവിധ രാഷ്ട്രീയ കക്ഷികളില്‍ നിന്നുള്ള പ്രതിനിധികള്‍ പ്രധാനമന്ത്രിയുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി. പദ്ധതി സമയബന്ധിതമായി നടപ്പാക്കാന്‍ കഴിയുംവിധം സഹരിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രി അയച്ച കത്തില്‍ മാറ്റംവരുത്തണമെന്ന് പ്രതിനിധികള്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

പദ്ധതിയില്‍ കേന്ദ്രത്തിന്റെ തീരുമാനത്തില്‍ അക്കാദമിക സമൂഹവും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. സമരസമിതി പ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ ഗൗരവമുള്ളതാണെന്നും അവ തള്ളിക്കളയാനാവില്ലെന്നും ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പീസ് ആന്‍ഡ് കോണ്‍ഫ്‌ലിക്ട് സ്റ്റഡീസ് റിസര്‍ച്ച് ഓഫീസര്‍ അഭിജിത് അയ്യര്‍ പറഞ്ഞു.

janayugom 111011

1 comment:

  1. ടംകുളം ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് വിദഗ്ധസമിതിയെ പ്രഖ്യാപിച്ചതിനെതിരെ പ്രതിഷേധം ശക്തം.

    ReplyDelete