Monday, November 21, 2011

സുഖ്റാമും തിഹാറില്‍ അടയ്ക്കപ്പെടുമ്പോള്‍

എണ്‍പത്താറുകാരനായ സുഖ്റാം തിഹാര്‍ ഒന്നാം നമ്പര്‍ ജയിലില്‍ അടയ്ക്കപ്പെട്ടിരിക്കുന്നു-കോണ്‍ഗ്രസ് നയിച്ച കേന്ദ്രമന്ത്രിസഭയില്‍ അംഗമായിരുന്ന, രണ്ടാമത്തെ ആളായാണ് അതേ ജയിലിലേക്ക് സുഖ്റാം പോയത്. 2ജി സ്പെക്ട്രം കേസില്‍ വിചാരണ കാത്തുകഴിയുന്ന മുന്‍മന്ത്രി എ രാജയാണ് ജയിലിലെ അപരന്‍. സുഖ്റാമും രാജയും ഭരിച്ചത് ടെലികോം വകുപ്പാണ്. വാര്‍ത്താവിസ്ഫോടനത്തിന്റെ യുഗത്തില്‍ ഏറ്റവുമധികം അഴിമതിക്ക് സാധ്യതയുള്ളത് ആ വകുപ്പിലാണ്. നരസിംഹറാവുവിന്റെ കാലത്താണ് സുഖ്റാമിന്റെ അഴിമതി നടന്നതെങ്കില്‍ 2ജി സ്പെക്ട്രം അടക്കമുള്ള കൂറ്റന്‍ അഴിമതികള്‍ നടന്നത് മന്‍മോഹന്‍സിങ്ങിന്റെ കാലത്താണ്. ഏറ്റവുമൊടുവില്‍ വന്ന വാര്‍ത്ത എന്‍ഡിഎ ഭരണകാലത്ത് 2ജി സ്പെക്ട്രം അനുവദിച്ചതുമായി ബന്ധപ്പെട്ടുണ്ടായ ക്രമക്കേടില്‍ വോഡഫോണ്‍, എയര്‍ടെല്‍ കമ്പനികള്‍ക്കെതിരെ സിബിഐ കേസെടുത്തു എന്നതാണ്. ബിജെപിയുടെ സമുന്നതനേതാവായിരുന്ന പ്രമോദ് മഹാജന്‍ ടെലികോംമന്ത്രിയായ കാലത്താണ് ഈ ക്രമക്കേട് നടന്നത്. അഴിമതിയില്‍ സുഖ്റാം ഒറ്റയ്ക്കല്ല; കോണ്‍ഗ്രസും ഒറ്റയ്ക്കല്ല. ബിജെപിയും കോണ്‍ഗ്രസും ഒരേതൂവല്‍ പക്ഷികളാണ്.

1996ല്‍ സുഖ്റാമിന്റെ വീടുകളില്‍ റെയ്ഡ് നടന്നിരുന്നു.  അലമാരകളിലും അറകളിലും ബാഗിലുമായി കണ്ടെത്തിയത് 3.5 കോടി രൂപയും ഒട്ടേറെ ആഭരണങ്ങളുമാണ്. കിടക്കയ്ക്കുള്ളില്‍പോലും നോട്ടുകെട്ടുകള്‍ അടുക്കിവച്ചിരുന്നു. അന്ന് കോണ്‍ഗ്രസിലാണ് സുഖ്റാം. പിന്നീട് കോണ്‍ഗ്രസില്‍നിന്ന് വിട്ടുപോയി ഹിമാചല്‍ വികാസ് കോണ്‍ഗ്രസ് എന്നപേരില്‍ സ്വന്തമായി പാര്‍ടിയുണ്ടാക്കി. ഏഴു പ്രാവശ്യം എംഎല്‍എയും മൂന്നുതവണ എംപിയുമായി. ഇത് മൂന്നാംതവണയാണ് അദ്ദേഹത്തെ കോടതി അഴിമതിക്കേസില്‍ ശിക്ഷിക്കുന്നത്. സാമ്പത്തിക ഉദാരവല്‍ക്കരണം ഇന്ത്യയില്‍ അവതരിപ്പിക്കപ്പെട്ടത് നരസിംഹറാവുവിന്റെ ഭരണകാലത്താണ്. അന്ന് അതിന്റെ സുപ്രധാന നടത്തിപ്പുകാരിലൊരാളായിരുന്നു ടെലികോംമന്ത്രിയായ സുഖ്റാം. ടെലിഫോണ്‍ കേബിള്‍ വാങ്ങുന്നതിലാണ് അഴിമതി നടന്നത്. ടെലികോം വകുപ്പ് ക്ഷണിച്ച ടെന്‍ഡര്‍പ്രകാരം 18 കമ്പനിയെ ഷോര്‍ട്ട് ലിസ്റ് ചെയ്തു. ടെന്‍ഡറില്‍ ദേവേന്ദ്ര സിങ് ചൌധരിയുടെ ഉടമസ്ഥതയിലുള്ള ഹരിയാന ടെലികോം ലിമിറ്റഡും പങ്കെടുത്തു. ആ കമ്പനിക്ക് കേബിളുകള്‍ നല്‍കാനാവുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് ടെലികോം വകുപ്പ് അഭിപ്രായപ്പെട്ടു. എന്നിട്ടും മുപ്പതു കോടിയുടെ കേബിളുകള്‍ വാങ്ങാന്‍ സുഖ്റാം കമ്പനിക്ക് അനുവാദം നല്‍കി. അതുവഴി 1.6 കോടി രൂപ സുഖ്റാം കീശയിലാക്കിയെന്നാണ് ആരോപണമുയര്‍ന്നത്. മൂന്നുലക്ഷം രൂപ കൈക്കൂലി വാങ്ങിയതായേ സിബിഐക്ക് തെളിയിക്കാനായുള്ളൂ.

അഴിമതിയുടെ ഭയാനകമായ ആധിപത്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നത് എന്നതിലേക്കാണ് സുഖ്റാമിന്റെ ശിക്ഷ വിരല്‍ചൂണ്ടുന്നത്. ഗത്യന്തരമില്ലാതെയാണ് ഇത്തരം കേസുകളില്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകുന്നത്. സര്‍ക്കാര്‍തന്നെ അഴിമതി നടത്തിപ്പ് സംവിധാനമാകുമ്പോള്‍ സുഖ്റാമിനെപ്പോലുള്ളവര്‍ അതിന്റെ പങ്കുപറ്റുകാരായി മാറുന്നു എന്നേയുള്ളൂ. നരസിംഹറാവു സര്‍ക്കാരിന്റെ നിലനില്‍പ്പുതന്നെ കൂറ്റന്‍ അഴിമതിയിലൂടെയായിരുന്നു. അന്ന് എംപിമാരെ വിലയ്ക്കെടുത്ത് ഭൂരിപക്ഷം സൃഷ്ടിച്ച കേസ് ഇന്നും തുടരുന്നു. മന്‍മോഹന്‍സിങ് അധികാരത്തിലെത്തിയപ്പോഴും നിലനില്‍പ്പിനുള്ള മാര്‍ഗം തേടിയത് അഴിമതിയിലൂടെതന്നെ. നവമുതലാളിത്ത നയങ്ങളും സാമ്രാജ്യത്വ പ്രേരിത സാമ്പത്തിക നയങ്ങളും അഴിമതിയെ സ്ഥാപനവല്‍ക്കരിച്ചിരിക്കുന്നു. ഇത് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളെ അട്ടിമറിക്കുന്നതിലേക്ക് വളരുകയാണ്. തെരഞ്ഞെടുപ്പുകളില്‍ ഫലം നിര്‍ണയിക്കുന്നത് ജനങ്ങളുടെ യുക്തിഭദ്രമായ അഭിപ്രായപ്രകടനങ്ങളല്ല, പണത്തിന്റെ ശക്തിയാണെന്ന് വന്നിരിക്കുന്നു. ലോക്സഭയില്‍ എംപിമാരെയാണ് വിലയ്ക്കെടുക്കുന്നതെങ്കില്‍ പൊതുതെരഞ്ഞെടുപ്പില്‍ ജനാഭിപ്രായം വിലയ്ക്കെടുക്കാന്‍ അഴിമതിയിലൂടെ ആര്‍ജിച്ച പണം ഉപയോഗിക്കുകയാണ്. മാധ്യമങ്ങളും ഇങ്ങനെ വിലയ്ക്കെടുക്കപ്പെടുന്നു. പണം വാങ്ങി വാര്‍ത്തകള്‍ നല്‍കുകയും പണം മുടക്കുന്നവന്റെ അപദാനങ്ങള്‍ വായനക്കാരിലെത്തുകയും ചെയ്യുമ്പോള്‍ തെരഞ്ഞെടുപ്പ് രംഗത്ത് പണാധിപത്യം സമ്പൂര്‍ണമാവുകയാണ്.

 ഉന്നതതല അഴിമതി നിയന്ത്രിക്കുന്നതിന് ഫലപ്രദമായ ലോക്പാല്‍ നിയമം കൊണ്ടുവരുന്നതിനൊപ്പം ഉന്നതതല നീതിന്യായമേഖലയില്‍ അഴിമതി തടയുന്നതിന് ദേശീയ ജുഡീഷ്യല്‍ കമീഷന്‍പോലുള്ള സംവിധാനവുമുണ്ടാക്കേണ്ട കാലവും അതിക്രമിച്ചിരിക്കുന്നു. തെരഞ്ഞെടുപ്പില്‍ ധനശക്തി ഉപയോഗപ്പെടുത്തുന്നത് തടയുന്നതിന്  തെരഞ്ഞെടുപ്പ് പരിഷ്കരണമുണ്ടാകണം. കള്ളപ്പണം പുറത്തുകൊണ്ടുവരുന്നതിന് ശക്തമായ നടപടി സ്വീകരിക്കുകയും വിദേശങ്ങളിലെ നികുതിയൊഴിവ് കേന്ദ്രങ്ങളില്‍ സൂക്ഷിച്ച  നിയമവിരുദ്ധ പണം തിരികെ കൊണ്ടുവരുന്നതിന് നടപടി സ്വീകരിക്കുകയും വേണം. പൊതുമുതലും പ്രകൃതിവിഭവങ്ങളും കുറഞ്ഞ വിലയ്ക്ക് വന്‍കിട ബിസിനസുകാര്‍ക്കും കോര്‍പറേറ്റുകള്‍ക്കും നല്‍കുന്നതിന് സഹായകമാകുന്ന നയങ്ങള്‍ റദ്ദാക്കണം. സുഖ്റാം ശിക്ഷിക്കപ്പെട്ടത് കോണ്‍ഗ്രസിന്റെ അഴിമതിമുഖം ജനങ്ങള്‍ക്കുമുന്നില്‍ കൂടുതല്‍ വ്യക്തമാകാന്‍ സഹായകമായി. എന്നാല്‍, ഇത്തരം കേസുകളിലെ ശിക്ഷ ഒറ്റപ്പെട്ട നടപടിയേ ആകുന്നുള്ളൂ. എണ്‍പത്താറുകാരനായ സുഖ്റാമിനെ കോടതി ജയിലിലേക്കയക്കുമ്പോള്‍, അത്രതന്നെ പ്രായമില്ലാത്തവരെ ജയിലില്‍നിന്ന് തുറന്നുവിട്ട് അഴിമതിയെ സംരക്ഷിക്കുന്ന അനുഭവം നമുക്ക് മുന്നിലുണ്ട്. അഴിമതിക്കെതിരായ ജനകീയമുന്നേറ്റത്തിന് കൂടുതല്‍ പ്രാധാന്യവും പ്രസക്തിയും നല്‍കുന്നതാണ് സുഖ്റാമിനെതിരായ വിധി. പ്രത്യക്ഷ അഴിമതി തുറന്നുകാട്ടാനും തടയാനും സമരരംഗത്തിറങ്ങുമ്പോള്‍ത്തന്നെ ചൂഷണ വ്യവസ്ഥയാണിതിന് പശ്ചാത്തലമൊരുക്കുന്നത് എന്ന അടിസ്ഥാനസത്യവും ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കേണ്ടതുണ്ട്.

deshabhimani editorial 211111

1 comment:

  1. എണ്‍പത്താറുകാരനായ സുഖ്റാം തിഹാര്‍ ഒന്നാം നമ്പര്‍ ജയിലില്‍ അടയ്ക്കപ്പെട്ടിരിക്കുന്നു-കോണ്‍ഗ്രസ് നയിച്ച കേന്ദ്രമന്ത്രിസഭയില്‍ അംഗമായിരുന്ന, രണ്ടാമത്തെ ആളായാണ് അതേ ജയിലിലേക്ക് സുഖ്റാം പോയത്. 2ജി സ്പെക്ട്രം കേസില്‍ വിചാരണ കാത്തുകഴിയുന്ന മുന്‍മന്ത്രി എ രാജയാണ് ജയിലിലെ അപരന്‍. സുഖ്റാമും രാജയും ഭരിച്ചത് ടെലികോം വകുപ്പാണ്. വാര്‍ത്താവിസ്ഫോടനത്തിന്റെ യുഗത്തില്‍ ഏറ്റവുമധികം അഴിമതിക്ക് സാധ്യതയുള്ളത് ആ വകുപ്പിലാണ്. നരസിംഹറാവുവിന്റെ കാലത്താണ് സുഖ്റാമിന്റെ അഴിമതി നടന്നതെങ്കില്‍ 2ജി സ്പെക്ട്രം അടക്കമുള്ള കൂറ്റന്‍ അഴിമതികള്‍ നടന്നത് മന്‍മോഹന്‍സിങ്ങിന്റെ കാലത്താണ്. ഏറ്റവുമൊടുവില്‍ വന്ന വാര്‍ത്ത എന്‍ഡിഎ ഭരണകാലത്ത് 2ജി സ്പെക്ട്രം അനുവദിച്ചതുമായി ബന്ധപ്പെട്ടുണ്ടായ ക്രമക്കേടില്‍ വോഡഫോണ്‍, എയര്‍ടെല്‍ കമ്പനികള്‍ക്കെതിരെ സിബിഐ കേസെടുത്തു എന്നതാണ്. ബിജെപിയുടെ സമുന്നതനേതാവായിരുന്ന പ്രമോദ് മഹാജന്‍ ടെലികോംമന്ത്രിയായ കാലത്താണ് ഈ ക്രമക്കേട് നടന്നത്. അഴിമതിയില്‍ സുഖ്റാം ഒറ്റയ്ക്കല്ല; കോണ്‍ഗ്രസും ഒറ്റയ്ക്കല്ല. ബിജെപിയും കോണ്‍ഗ്രസും ഒരേതൂവല്‍ പക്ഷികളാണ്.

    ReplyDelete