Monday, November 21, 2011

ലോകത്തെ പിടിച്ചുകുലുക്കുന്ന പ്രക്ഷോഭകൊടുങ്കാറ്റ്


അമേരിക്കന്‍ തെരുവുകളില്‍ പ്രക്ഷോഭത്തിന്റെ വേലിയേറ്റമാണ്. രാജ്യത്തെ ഒരു ശതമാനത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനായി 99 ശതമാനംവരുന്ന ജനതയുടെ താല്‍പ്പര്യങ്ങളെ ഹനിക്കുകയാണ് അമേരിക്കന്‍ സര്‍ക്കാരെന്നാണ് പ്രക്ഷോഭത്തിന്റെ പ്രധാനപ്പെട്ട കാഴ്ചപ്പാട്. പ്രക്ഷോഭം അമേരിക്കയെ പിടിച്ചുകുലുക്കിയിട്ടും മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് അതൊന്നും വാര്‍ത്തയല്ല. സാമൂഹ്യമാധ്യമങ്ങളെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്റര്‍നെറ്റില്‍പ്പോലും ഇതിന്റെ വാര്‍ത്തകള്‍ പ്രചരിക്കാതിരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. മുതലാളിത്തത്തിന്റെ അടിസ്ഥാന ദൌര്‍ബല്യങ്ങള്‍ തുറന്നുകാട്ടുന്നവിധം അതിന്റെ കേന്ദ്രഭൂമിയില്‍ നടക്കുന്ന പ്രക്ഷോഭത്തെ ജനങ്ങളുടെ മുമ്പില്‍ എത്തിക്കാന്‍ കോര്‍പറേറ്റുകള്‍ നേതൃത്വം നല്‍കുന്ന മാധ്യമങ്ങള്‍ തയ്യാറില്ലെന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്.

എന്തുകൊണ്ടാണ് ഈ പ്രക്ഷോഭത്തെ അവര്‍ ഭയപ്പെടുന്നത്? മുതലാളിത്തത്തിന്റെ കീഴില്‍ ജനജീവിതം ദുരിതപൂര്‍ണമാണെന്ന യാഥാര്‍ഥ്യം ലോകം മുഴുവനും വ്യാപിക്കുന്നത് അവര്‍ക്ക് താല്‍പ്പര്യമുള്ള കാര്യമല്ല. ചിലര്‍ ഈ പ്രക്ഷോഭം കണ്ട് അത്ഭുതപ്പെടുന്നുണ്ട്. അവിടെയും ഇങ്ങനെ സംഭവിച്ചോ എന്നാണ് അവര്‍ ചോദിക്കുന്നത്.

കമ്യൂണിസ്റുകാരെ സംബന്ധിച്ചിടത്തോളം ഇത്തരം പ്രക്ഷോഭങ്ങള്‍ മുതലാളിത്തം വികസിച്ച സ്ഥലങ്ങളില്‍തന്നെ രൂപപ്പെട്ടുവരുന്നതില്‍ ഒരു അത്ഭതവുമില്ല. 1848ല്‍ മാര്‍ക്സും എംഗല്‍സും എഴുതിയ കമ്യൂണിസ്റ് മാനിഫെസ്റോയില്‍ മുതലാളിത്തം വികസിപ്പിക്കുമ്പോഴുണ്ടാകുന്ന സ്ഥിതിവിശേഷത്തെ വിശദീകരിക്കുന്നുണ്ട്. മുതലാളിത്തം വളരുന്നതിനനുസരിച്ച് സമ്പത്ത് ഒരു കൂട്ടം ആളുകളുടെ കൈയില്‍ കേന്ദ്രീകരിക്കപ്പെടും. സാധാരണജനത കൂടുതല്‍ ദരിദ്രവല്‍ക്കരിക്കപ്പെടും. ദരിദ്രവല്‍ക്കരിക്കപ്പെടുന്ന ജനത അത്തരം ഘട്ടങ്ങളില്‍ എല്ലാ ഭിന്നതയും മറന്ന് പ്രക്ഷോഭത്തിനിറങ്ങും. വര്‍ഗപരമായ വൈരുധ്യത്തില്‍നിന്ന് രൂപപ്പെടുന്ന ഈ സ്ഥിതിവിശേഷത്തില്‍ പ്രക്ഷോഭങ്ങളുടെ നേതൃസ്ഥാനത്ത് തൊഴിലാളിവര്‍ഗം ഉയര്‍ന്നുവരികയും അവര്‍ മുതലാളിത്തത്തെ പുറന്തള്ളി അധികാരം പിടിക്കുന്ന ഘട്ടവും രൂപപ്പെടുകയും ചെയ്യുമെന്ന് മാര്‍ക്സും എംഗല്‍സും വ്യക്തമാക്കുന്നുണ്ട്. മുതലാളിത്തത്തിന്റെ സ്വഭാവത്തെയും അതിന്റെ ഫലമായി ഉയര്‍ന്നുവരുന്ന പ്രക്ഷോഭങ്ങളെയും സംബന്ധിച്ച് മാര്‍ക്സും എംഗല്‍സും മുന്നോട്ടുവച്ച ഈ കാഴ്ചപ്പാട് ശരിയായിത്തീരുന്നുവെന്നാണ് വര്‍ത്തമാനകാല അനുഭവങ്ങള്‍ തെളിയിക്കുന്നത്.

ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭത്തെതുടര്‍ന്ന് മുതലാളിത്തം തകരുമെന്നും സോഷ്യലിസ്റ് വ്യവസ്ഥ നിലവില്‍വരുമെന്ന് കരുതാനാകില്ല. എന്നാല്‍, മുതലാളിത്തത്തിന്റെ ആന്തരികപ്രതിസന്ധിയെ സംബന്ധിച്ച് മാര്‍ക്സ് മുന്നോട്ടുവച്ച കാഴ്ചപ്പാട് ശരിയാവുകയാണ്. തൊഴിലാളിസംഘടനകളും വിദ്യാര്‍ഥികളും കമ്യൂണിസ്റുകാരും അരാഷ്ട്രീയവാദികളും അരാജകവാദികളുമെല്ലാം പ്രക്ഷോഭരംഗത്താണ്. മുതലാളിത്തവ്യവസ്ഥ ബഹുഭൂരിപക്ഷം ജനതയ്ക്കും ആപത്താണെന്നും അതിനെതിരെ ഭിന്നതകള്‍ മറന്ന് പ്രക്ഷോഭരംഗത്ത് ഇറങ്ങുകയും ചെയ്യുമെന്ന മാര്‍ക്സിന്റെ കാഴ്ചപ്പാടാണ് ശരിയെന്ന് ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ തെളിയിക്കുന്നു. മാര്‍ക്സിസം കാലഹരണപ്പെടുകയല്ല പുത്തന്‍ സംഭവങ്ങളെ വിശകലനംചെയ്യാന്‍ പറ്റുംവിധം കൂടുതല്‍ ശക്തിപ്രാപിക്കുകയാണെന്ന് ഇത് വ്യക്തമാക്കുന്നു.

അമേരിക്കയില്‍ രൂപപ്പെട്ട പ്രക്ഷോഭത്തിന്റെ അടിസ്ഥാന കാരണം, പൊതുവിലുണ്ടായ സാമ്പത്തികവളര്‍ച്ചയുടെ നേട്ടം സാധാരണക്കാര്‍ക്ക് ലഭിച്ചില്ല എന്നതാണ്. ബാങ്കര്‍മാരും ഊഹക്കച്ചവടക്കാരും വന്‍കിട കുത്തകകളുമാണ് നേട്ടം കൊയ്തത്. സാധാരണക്കാര്‍ പാപ്പരാകപ്പെട്ടു. ജനങ്ങളുടെ കൈയില്‍ പണമില്ലാതായപ്പോള്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ പറ്റാത്ത സ്ഥിതിയുമുണ്ടായി. ഈ പ്രതിസന്ധി പരിഹരിക്കാന്‍ വന്‍തോതില്‍ വായ്പ നല്‍കി. വായ്പ ഇഷ്ടംപോലെ ലഭിച്ചപ്പോള്‍ ജനങ്ങള്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങിക്കൂട്ടി. ഈ പ്രവണത ഏറ്റവും പ്രകടമായത് ഭവനനിര്‍മാണ മേഖലയിലാണ്. വീട് പണയപ്പെടുത്തിയാല്‍ അത് വാങ്ങുന്നതിനുള്ള പണം വായ്പയായി കിട്ടുമായിരുന്നു. അതോടെ വീടിന്റെ വില വന്‍തോതില്‍ ഉയര്‍ന്നു.
ഒരു വസ്തുവിന്റെ വില യഥാര്‍ഥ മൂല്യത്തിനേക്കാള്‍ ഏറെ ഉയരുന്ന സ്ഥിതിയെയാണ് കുമിളകള്‍ എന്ന് വിശേഷിപ്പിക്കുന്നത്. അടിസ്ഥാനമില്ലാത്ത ഈ ഉയര്‍ച്ചയ്ക്ക് താഴ്ചയുണ്ടാകാതെ പറ്റില്ല. ലക്കും ലഗാനുമില്ലാതെ വായ്പ കൊടുക്കുന്ന നിലയുണ്ടായപ്പോള്‍ ബാങ്കുകള്‍ അവയുടെ പണയാധാരം മറ്റു ബാങ്കുകള്‍ക്ക് നല്‍കി പണം വാങ്ങി. ഇങ്ങനെ ഈ ബോണ്ടുകളെ അടിസ്ഥാനപ്പെടുത്തിയ ഊഹക്കച്ചവടം തകൃതിയായി നടന്നു. ഇവയുടെ വിലനിലവാരം ഉറപ്പുവരുത്തുന്നതിന് ഭീമന്‍ ഇന്‍ഷുറന്‍സ് കമ്പനികളും രംഗത്തുവന്നു. പക്ഷേ, വീടുകള്‍ വാങ്ങിക്കൂട്ടിയവര്‍ക്ക് പണം തിരിച്ചടയ്ക്കാനായില്ല. ഇതിന്റെ ഫലമായി വസ്തുവിന്റെ വില ഇടിഞ്ഞു. അതോടെ വായ്പയുടെ ഈടിന് വിലയില്ലാതായി. അമേരിക്കയിലെ ഭൂപണയ ബാങ്കുകളും അതേത്തുടര്‍ന്ന് വന്‍കിട ഇന്‍ഷുറന്‍സ് കമ്പനികളും തകര്‍ന്നു.

ബാങ്കുകളുടെ തകര്‍ച്ച സ്റോക്ക് എക്സ്ചേഞ്ചുകളെയും ബാധിച്ചു. ഓഹരിവിപണി തകര്‍ന്നു. വ്യവസായക്കമ്പനികളും പ്രതിസന്ധിയിലായി. ഉല്‍പ്പന്നങ്ങള്‍ കമ്പോളങ്ങളില്‍ വിറ്റഴിക്കാനാകാത്ത സ്ഥിതിയായി. ബാങ്കുകള്‍ തകര്‍ന്നതോടെ വായ്പ നിലച്ചു. തൊഴിലാളികളുടെ വരുമാനവും കുറഞ്ഞു. ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ കഴിയാതായതോടെ ഫാക്ടറികള്‍ അടച്ചുപൂട്ടി. തൊഴിലാളികളുടെ വരുമാനം കുറഞ്ഞു. വിപണിയില്‍ മാന്ദ്യം രൂപപ്പെട്ടതോടെ സമ്പദ്ഘടന തലകുത്തിവീണു. സമ്പദ്ഘടന തകര്‍ന്നതോടെ ജനജീവിതം ദുസ്സഹമായി. ഇതാണ് വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തിന്റെ സാമ്പത്തികകാരണങ്ങള്‍. ബാങ്കുകളെ സംരക്ഷിക്കുന്നതിനും മറ്റും യുഎസ് സര്‍ക്കാര്‍ പാക്കേജ് പ്രഖ്യാപിച്ചു. ഇതിനായി കോടികള്‍ ചെലവഴിച്ചു. വന്‍ കോര്‍പറേറ്റുകള്‍ക്ക് പണം നല്‍കുന്നതിനായി ജനക്ഷേമപദ്ധതികള്‍ വെട്ടിക്കുറയ്ക്കേണ്ടിവന്നതും സ്ഥിതിഗതി കൂടുതല്‍ ഗുരുതരമാക്കി.

മുതലാളിത്തത്തിന്റെ പ്രതിസന്ധി മറികടക്കുന്നതിന് പാവപ്പെട്ടവന്റെ മുകളില്‍ ഭാരം കയറ്റിവയ്ക്കുന്ന നയം യൂറോപ്പിലും ശക്തമായ പ്രക്ഷോഭങ്ങള്‍ ക്ഷണിച്ചുവരുത്തി. ഗ്രീസിലാണ് പ്രതിസന്ധി ആദ്യം രൂപപ്പെട്ടത്. കടബാധ്യത മറികടക്കുന്നതിന് 14,500 ഡോളറിന്റെ അന്താരാഷ്ട്രസഹായം നല്‍കുന്നതിന് പകരമായി കര്‍ക്കശമായ ചെലവുചുരുക്കല്‍ പദ്ധതി നടപ്പാക്കാമെന്ന് ഗ്രീസ് സമ്മതിച്ചു. അതിന്റെ ഭാഗമായി യൂറോപ്യന്‍ യൂണിയനുമായും ഐഎംഎഫുമായും ഗ്രീക്ക് ഭരണാധികാരികള്‍ കരാറില്‍ ഒപ്പുവച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കല്‍, സാധാരണക്കാരുടെ നികുതി വര്‍ധിപ്പിക്കല്‍, എല്ലാ മേഖലയില്‍നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങല്‍ തുടങ്ങിയ നടപടി സ്വീകരിച്ചതോടെ ജനങ്ങള്‍ പ്രക്ഷോഭരംഗത്തിറങ്ങി.
ഫ്രാന്‍സിലും ഇതിന് സമാനമായ സംഭവങ്ങള്‍ അരങ്ങേറി. ആറ് ദേശീയ പണിമുടക്ക് അവിടെ നടന്നു. ഫ്രാന്‍സിലെ പുതിയ പെന്‍ഷന്‍ പദ്ധതികള്‍ വന്‍ പ്രതിഷേധം ക്ഷണിച്ചുവരുത്തി. ബ്രിട്ടനില്‍ വിദ്യാര്‍ഥികളും തൊഴിലാളികളും ഉള്‍പ്പെടെ എല്ലാ വിഭാഗവും പ്രക്ഷോഭരംഗത്തിറങ്ങി. പോര്‍ച്ചുഗല്‍, അയര്‍ലന്‍ഡ്, ഇറ്റലി, ജര്‍മനി, റുമേനിയ, നെതര്‍ലന്‍ഡ്സ്, ബള്‍ഗേറിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ മിക്ക രാജ്യങ്ങളിലും മുതലാളിത്തനയങ്ങള്‍ക്കെതിരായുള്ള പ്രക്ഷോഭങ്ങളുടെ വേലിയേറ്റംതന്നെ നടന്നു.

യൂറോപ്യന്‍ ട്രേഡ് യൂണിയന്‍ കോണ്‍ഫെഡറേഷന്റെ ആഹ്വാനപ്രകാരം മുപ്പതോളം യൂറോപ്യന്‍ രാജ്യങ്ങളിലെ തൊഴിലാളികള്‍ പ്രക്ഷോഭരംഗത്തിറങ്ങി. അതിന്റെ ഫലമായി യൂറോപ്പ് ആകമാനം നിശ്ചലമായി. ബ്രസല്‍സില്‍നിന്ന് യൂറോപ്യന്‍ യൂണിയന്റെ ആസ്ഥാനത്തേക്ക് നടന്ന തൊഴിലാളിമാര്‍ച്ചില്‍ ഒരുലക്ഷത്തിലേറെ പേരാണ് പങ്കെടുത്തത്. ആഗോളവല്‍ക്കരണനയങ്ങളെ പിന്‍പറ്റി സാമ്പത്തികനയങ്ങള്‍ രൂപപ്പെടുത്തുന്ന രാജ്യങ്ങളില്‍ പ്രക്ഷോഭം ശക്തിപ്രാപിക്കുകയാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയും സാമ്പത്തികവിഷമതകളും, കുടിയേറ്റ തൊഴിലാളികള്‍ക്കെതിരായ വികാരവും ഇസ്ളാമികവിരുദ്ധതയും പ്രചരിപ്പിക്കുന്ന തീവ്ര വലതുപക്ഷശക്തികളുടെ വളര്‍ച്ചയ്ക്കിടയാക്കുന്നുണ്ട്. അതേസമയം, അമേരിക്ക മുന്നോട്ടുവയ്ക്കുന്ന നയങ്ങള്‍ക്ക് ബദല്‍ ഉയര്‍ത്തുന്ന ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും ചൈനയും പ്രതിസന്ധികളെ മറികടന്ന് മുന്നോട്ടുപോകുന്നുണ്ട്.

ഇത്തരം അനുഭവങ്ങളില്‍നിന്ന് പാഠംപഠിച്ച് നമ്മുടെ രാജ്യത്തിന്റെ സമ്പദ്ഘടനയെ മുന്നോട്ടുകൊണ്ടുപോകാനല്ല കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുന്നത്. അവര്‍ നടപ്പാക്കുന്ന നയസമീപനങ്ങള്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. അമേരിക്കന്‍ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി വിദേശ ആണവദാതാക്കളെ ബാധ്യതയില്‍നിന്ന് ഒഴിവാക്കാനുള്ള നയം ഇതാണ് സൂചിപ്പിക്കുന്നത്. പെന്‍ഷന്‍ പദ്ധതികളെ ഉടച്ചുവാര്‍ക്കാനുള്ള നയം യൂറോപ്പില്‍ വന്‍ പ്രക്ഷോഭമാണ് ഉയര്‍ത്തിയത്. എന്നാല്‍, അത്തരത്തിലുള്ള പെന്‍ഷന്‍ സമ്പ്രദായം നടപ്പാക്കുന്ന പെന്‍ഷന്‍ റഗുലേറ്ററി ബില്‍ കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാരിന്റെ ആലോചന.

മുതലാളിത്തരാജ്യങ്ങളില്‍പ്പോലും വന്‍ പ്രക്ഷോഭമുയര്‍ത്തിയ കാര്യങ്ങളാണ് 12-ാംപദ്ധതിയുമായി ബന്ധപ്പെട്ട് മുന്നോട്ടുവച്ചിട്ടുള്ള നയസമീപനത്തിലുള്ളത്. രാജ്യത്തിന്റെ വരുമാനം ഉയര്‍ത്തുക എന്ന സമീപനത്തില്‍ ഊന്നിനില്‍ക്കുകയും സാധാരണക്കാരന്റെ ജീവിതം മെച്ചപ്പെടുത്താനുള്ള നടപടി സ്വീകരിക്കാതിരിക്കുകയും ചെയ്യുക എന്ന നയമാണല്ലോ അമേരിക്കയിലെ പ്രക്ഷോഭത്തിന് അടിസ്ഥാനമായിത്തീര്‍ന്നത്. ഇതേസമീപനമാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ച പദ്ധതിയുടെയും കാഴ്ചപ്പാട്.

യൂറോപ്പില്‍ വന്‍ പ്രക്ഷോഭത്തിനിടയാക്കിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണവും സാമൂഹ്യ- സുരക്ഷാരംഗങ്ങളില്‍നിന്നുള്ള സര്‍ക്കാരിന്റെ പിന്മാറ്റവും കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. വിദ്യാഭ്യാസമേഖലയില്‍നിന്ന് സര്‍ക്കാരുകള്‍ പിന്മാറാന്‍ നടത്തിയ ശ്രമങ്ങളാണ് ഫ്രാന്‍സിലും ബ്രിട്ടനിലും വിദ്യാര്‍ഥിപ്രക്ഷോഭത്തിന് കാരണമായത്്. അതേനയം ഇവിടെയും തീവ്രമായി നടപ്പാക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ നയരേഖയിലെ ലാഭത്തില്‍ അധിഷ്ഠിതമല്ലാത്ത വിദ്യാഭ്യാസക്കാഴ്ചപ്പാട് പ്രായോഗികമല്ലെന്ന സമീപനം ഇതിന്റെ ഏറ്റവും വലിയ തെളിവാണ്. സബ്സിഡികള്‍ വെട്ടിക്കുറയ്ക്കുന്ന നയവും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
കേന്ദ്രസര്‍ക്കാരിന്റെ  ഈ നയം കൂടുതല്‍ തീവ്രമായി അടിച്ചേല്‍പ്പിക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സ്വകാര്യവല്‍ക്കരണം, കരാര്‍കൃഷി, സാമൂഹ്യ- സുരക്ഷാമേഖലയില്‍നിന്നുള്ള പിന്മാറ്റം തുടങ്ങിയ കാഴ്ചപ്പാടുകളിലാണ് ബജറ്റും 12-ാംപദ്ധതിയുടെ സമീപനരേഖയും ഊന്നുന്നത്. ലോകത്തെ പിടിച്ചുകുലുക്കിക്കൊണ്ടിരിക്കുന്ന പോരാട്ടങ്ങളുടെ അനുഭവങ്ങളില്‍നിന്ന് പാഠംപഠിക്കാതെ നവ ലിബറല്‍നയങ്ങളുമായി മുന്നോട്ടുപോകാനാണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുന്നത്.

ഈ നയങ്ങള്‍ക്കെതിരെ ജനകീയബദല്‍ ഉയര്‍ത്തിക്കൊണ്ടായിരുന്നു കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളം ഭരിച്ചത്. അതുകൊണ്ടാണ് ജനക്ഷേമഭരണം കാഴ്ചവയ്ക്കാനായത്. ജീവിതത്തെ ദുസ്സഹമാക്കുന്ന ആഗോളവല്‍ക്കരണനയങ്ങള്‍ക്കെതിരെ ബദല്‍നയങ്ങള്‍ ഉയര്‍ത്തി പോരാടേണ്ട ഘട്ടമാണിത്. അത്തരം പോരാട്ടത്തില്‍ എല്ലാ ജനങ്ങളുടെയും പിന്തുണ അഭ്യര്‍ഥിക്കുന്നു.

പിണറായി വിജയന്‍ deshabhimani 211111

1 comment:

  1. അമേരിക്കന്‍ തെരുവുകളില്‍ പ്രക്ഷോഭത്തിന്റെ വേലിയേറ്റമാണ്. രാജ്യത്തെ ഒരു ശതമാനത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനായി 99 ശതമാനംവരുന്ന ജനതയുടെ താല്‍പ്പര്യങ്ങളെ ഹനിക്കുകയാണ് അമേരിക്കന്‍ സര്‍ക്കാരെന്നാണ് പ്രക്ഷോഭത്തിന്റെ പ്രധാനപ്പെട്ട കാഴ്ചപ്പാട്. പ്രക്ഷോഭം അമേരിക്കയെ പിടിച്ചുകുലുക്കിയിട്ടും മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് അതൊന്നും വാര്‍ത്തയല്ല.

    ReplyDelete