Thursday, November 17, 2011

നിര്‍മാതാവിന്റെ ക്ഷേമവും ഇനി പ്രേക്ഷകന്റെ ചെലവില്‍

കോടികള്‍ മുടക്കി സിനിമയെടുക്കാന്‍ ശേഷിയുള്ള നിര്‍മാതാവിന്റെ ക്ഷേമത്തിനും ഇനി പ്രേക്ഷകന്‍ പണം നല്‍കണം. നിലവില്‍ പ്രേക്ഷകര്‍ നല്‍കുന്ന രണ്ടു രൂപ സര്‍വീസ്ചാര്‍ജ് അഞ്ചു രൂപയായി ഉയര്‍ത്താനും അതില്‍നിന്ന് ഒരുരൂപ നിര്‍മാതാക്കള്‍ക്ക് നല്‍കാനുമാണ് രഹസ്യധാരണയായത്. അതനുസരിച്ച് ടിക്കറ്റ്നിരക്കിലും വര്‍ധനയുണ്ടാകും. സമരംചെയ്യുന്ന സിനിമാ സംഘടനകളുമായി മന്ത്രിതലത്തില്‍ നടന്ന ചര്‍ച്ചയിലാണ് ധാരണ. തിയറ്ററുകളുടെ നവീകരണത്തിനാണ് നിലവില്‍ രണ്ടു രൂപ സര്‍വീസ്ചാര്‍ജ് ടിക്കറ്റ്നിരക്കിനൊപ്പം ഈടാക്കുന്നത്. ഇതു പിന്‍വലിക്കുമെന്ന് മന്ത്രി കെ ബി ഗണേശ്കുമാര്‍ ഭീഷണിമുഴക്കിയതിനെത്തുടര്‍ന്നായിരുന്നു എ ക്ലാസ് തിയറ്റര്‍ ഉടമകള്‍ സമരത്തിനിറങ്ങിയത്. സര്‍വീസ്ചാര്‍ജ് പിന്‍വലിക്കില്ലെന്ന് കഴിഞ്ഞദിവസം നടന്ന ചര്‍ച്ചയില്‍ മന്ത്രി ഇവര്‍ക്ക് ഉറപ്പുനല്‍കി. ഇത് അഞ്ചു രൂപയായി ഉയര്‍ത്തുമെന്നും മന്ത്രി അറിയിച്ചു. തിയറ്ററുകളുടെ വിഹിതം കഴിഞ്ഞുള്ള മൂന്നു രൂപയില്‍നിന്ന് 1.60 രൂപ സാംസ്കാരിക ക്ഷേമനിധിയിലേക്കും ഒരുരൂപ നിര്‍മാതാക്കളുടെ ക്ഷേമത്തിനും 40 പൈസ ജീവകാരുണ്യ പ്രവര്‍ത്തനത്തിനും നീക്കിവയ്ക്കാനാണ് രഹസ്യധാരണ. വൈകാതെ ഇതു നടപ്പാകും.

ഈ ധാരണയ്ക്കു പിന്നാലെയാണ് നവംബര്‍ ഒന്നിന് ആരംഭിച്ച മലയാള സിനിമാ ബഹിഷ്കരണം 25ന് പിന്‍വലിക്കാന്‍ എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ തീരുമാനിച്ചത്. നിര്‍മാതാക്കളുടെ സംഘടനയ്ക്ക് നേരിട്ട് പണം നല്‍കാനും എതിര്‍പ്പുണ്ടായാല്‍ ക്ഷേമനിധിപോലൊന്ന് രൂപീകരിക്കാനുമാണ് നീക്കം. കോടികള്‍ മുടക്കി സിനിമയെടുക്കുന്ന നിര്‍മാതാക്കള്‍ക്ക് സര്‍ക്കാര്‍സംവിധാനത്തിലൂടെ പണം പിരിച്ചുനല്‍കാനുള്ള നീക്കം വിവാദമായേക്കും. ആയിരക്കണക്കിന് തൊഴിലാളികള്‍ അംഗങ്ങളായ സാംസ്കാരിക ക്ഷേമനിധിക്ക് 1.60 രൂപ മാത്രം മാറ്റിവച്ചാണ് നൂറില്‍ താഴെ മാത്രമുള്ള നിര്‍മാതാക്കളുടെ ക്ഷേമത്തിന് ഒരുരൂപ നല്‍കുന്നത്. പ്രതിവര്‍ഷം ഒന്നരക്കോടിയോളം രൂപ നിര്‍മാതാക്കള്‍ക്കായി ശേഖരിക്കാനാകുമെന്നാണ് കണക്കാക്കുന്നത്. ചലച്ചിത്ര വികസന കോര്‍പറേഷന്‍ , ചലച്ചിത്ര അക്കാദമി എന്നിവയുടെ തലപ്പത്തുള്ള പ്രമുഖ നിര്‍മാതാക്കളുടെ പ്രേരണയിലാണ് ഇത് നടപ്പാകുന്നത്. ഇരുവരും നിര്‍മാതാക്കളുടെ സംഘടനയുടെ മുന്‍ ഭാരവാഹികളാണ്.

പുതിയ നിര്‍മാതാക്കളില്‍നിന്ന് അംഗത്വഫീസ്, കെട്ടിടനിര്‍മാണ ഫണ്ട്, ആന്‍റി പൈറസി ഫണ്ട് എന്നീ ഇനങ്ങളില്‍ 73,000 രൂപ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നിലവില്‍ ഈടാക്കുന്നുണ്ട്. ഒരോ വര്‍ഷവും മലയാളത്തില്‍ നിര്‍മിക്കുന്ന 70-80 ചിത്രങ്ങളില്‍ പകുതിയിലേറെയും പുതുമുഖ നിര്‍മാതാക്കളുടേതാണ്. ഇവരില്‍നിന്ന് ക്ഷേമനിധി എന്ന പേരില്‍ 2500 രൂപയും വാങ്ങുന്നു. അതേ ബാനറില്‍ വീണ്ടും സിനിമയെടുക്കുമ്പോഴും 13,000 രൂപയോളം നല്‍കണം. ഇതിനു പുറമെയാണ് പ്രതിവര്‍ഷം ഒന്നരക്കോടിയോളം സര്‍ക്കാരും പിരിച്ചുകൊടുക്കാന്‍ ഒരുങ്ങുന്നത്.

deshabhimani 171111

1 comment:

  1. കോടികള്‍ മുടക്കി സിനിമയെടുക്കാന്‍ ശേഷിയുള്ള നിര്‍മാതാവിന്റെ ക്ഷേമത്തിനും ഇനി പ്രേക്ഷകന്‍ പണം നല്‍കണം. നിലവില്‍ പ്രേക്ഷകര്‍ നല്‍കുന്ന രണ്ടു രൂപ സര്‍വീസ്ചാര്‍ജ് അഞ്ചു രൂപയായി ഉയര്‍ത്താനും അതില്‍നിന്ന് ഒരുരൂപ നിര്‍മാതാക്കള്‍ക്ക് നല്‍കാനുമാണ് രഹസ്യധാരണയായത്. അതനുസരിച്ച് ടിക്കറ്റ്നിരക്കിലും വര്‍ധനയുണ്ടാകും. സമരംചെയ്യുന്ന സിനിമാ സംഘടനകളുമായി മന്ത്രിതലത്തില്‍ നടന്ന ചര്‍ച്ചയിലാണ് ധാരണ.

    ReplyDelete