Thursday, November 17, 2011

സഹകരണ വില്‍പ്പനകേന്ദ്രം തകര്‍ത്ത് എന്‍ജിഒ അസോ. നീതീസ്റ്റോര്‍ തുടങ്ങി

നെയ്യാറ്റിന്‍കര: അവധിനാളില്‍ പൂട്ടിയിട്ടിരുന്ന സഹകരണസംഘം ചില്ലറവില്‍പ്പനകേന്ദ്രം തല്ലിപ്പൊളിച്ചു കയറി എന്‍ജിഒ അസോസിയേഷന്‍ നേതൃത്വത്തിലുള്ള നീതീസ്റ്റോര്‍ ആരംഭിച്ചു. നെയ്യാറ്റിന്‍കര സിവില്‍സ്റ്റേഷന്‍ ബില്‍ഡിങ്ങില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചിരുന്ന താലൂക്ക് ഗവ. എംപ്ലോയീസ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ സഹകരണ വിപണനകേന്ദ്രമാണ് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ ഭരണത്തിലുള്ള സഹകരണസംഘത്തിനായി കൈയേറിയത്. പൂട്ടിയിട്ടിരുന്ന മുറി തല്ലിപ്പൊളിച്ച് അകത്തുകടന്ന് വിലപിടിപ്പുള്ള ഫര്‍ണിച്ചറുകളും മറ്റും നശിപ്പിക്കുകയും കൈയേറുകയുമാണ് ഉണ്ടായത്.

വര്‍ഷങ്ങളായി ഈ മുറിയില്‍ ഗവ. എംപ്ലോയീസ് സഹകരണസംഘത്തിന്റെ ചില്ലറ വില്‍പ്പനശാലയാണ് പ്രവര്‍ത്തിച്ചിരുന്നത്. തുടര്‍ച്ചയായ അവധികാരണമാണ് പൂട്ടിയിട്ടിരുന്നത്. സിവില്‍സ്റ്റേഷനിലെ അടഞ്ഞുകിടന്ന മുറികളും വളപ്പിലെ ഷെഡുകളും മറ്റു കെട്ടിടങ്ങളും കൈയേറികഴിഞ്ഞു. ഇതിന്റെ ഭാഗമായാണ് ചൊവ്വാഴ്ച രാത്രി ഈ സഹകരണ വിപണനകേന്ദ്രവും കൈയേറിയത്. ഈ മുറിക്ക് തൊട്ടുത്തുതന്നെയാണ് ഡിവൈഎസ്പി ഓഫീസ് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനഭരണത്തിന്റെ മറവിലാണ് കൈയേറ്റം. സഹകരണകേന്ദ്രം കൈയേറിയത് അറിഞ്ഞ് എത്തിയ ജീവനക്കാരോട് തട്ടിക്കയറുന്ന സമീപനമായിരുന്നു. തുടര്‍ന്ന് എന്‍ജിഒ യൂണിയന്‍ പ്രവര്‍ത്തകര്‍ എത്തിയതോടെ കൈയേറ്റക്കാര്‍ മുറിക്കുള്ളിലേക്ക് വലിഞ്ഞു. എന്‍ജിഒ യൂണിയന്‍ പ്രവര്‍ത്തകര്‍ പ്രതിഷേധയോഗം ചേര്‍ന്നു. നിയമാനുസൃതം നടക്കുന്ന സംഘത്തിന്റെ വിപണനകേന്ദ്രം കൈയേറിയതിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും ഒഴിഞ്ഞുപോയില്ലെങ്കില്‍ സമരപരിപാടികള്‍ ആരംഭിക്കുമെന്നും എന്‍ജിഒ യൂണിയന്‍ ജില്ലാപ്രസിഡന്റ് എന്‍ ബാബു പറഞ്ഞു. യൂണിയന്‍ നേതാക്കളായ ആര്‍ മധുസൂദനന്‍ , ആര്‍ കലാധരന്‍ , കെ എസ് ബിനു, ബിനുജോയി എന്നിവരുടെ നേതൃത്വത്തില്‍ പൊലീസില്‍ പരാതി കൊടുത്തു.

കോണ്‍ഗ്രസ് ഭരണസമിതിക്കെതിരെ സഹകാരികള്‍

വിതുര: വിതുര ഹൗസിങ് സഹകരണസംഘം ഭരണസമിതി തെരഞ്ഞെടുപ്പ് 22ന് നടക്കാനിരിക്കെ നിലവിലുള്ള കോണ്‍ഗ്രസ് ഭരണസമിതി അംഗങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി സഹകാരികള്‍ രംഗത്തെത്തി. വിതുര, തൊളിക്കോട്, പെരിങ്ങമ്മല, നന്ദിയോട് പഞ്ചായത്തുകളാണ് 1978ല്‍ ആരംഭിച്ച ബാങ്കിന്റെ പ്രവര്‍ത്തനമേഖല. കഴിഞ്ഞ 30 വര്‍ഷമായി സംഘം ഭരിക്കുന്ന കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി സംഘത്തെ തകര്‍ത്ത് സഹകാരികളെ ദ്രോഹിക്കുകയാണെന്നാണ് ആക്ഷേപം. ഇവിടെനിന്ന് വായ്പയെടുത്ത് തിരിച്ചടച്ച അമ്പതില്‍പരം സഹകാരികള്‍ക്ക് പ്രമാണങ്ങള്‍ തിരിച്ചുനല്‍കിയിട്ടില്ല. ലോണെടുത്തവര്‍ തിരിച്ചടച്ചെങ്കിലും ഈ തുക സംഘം അധികൃതര്‍ ഫെഡറേഷനില്‍ അടയ്ക്കാത്തതിനാലാണ് പ്രമാണങ്ങള്‍ തിരിച്ചുനല്‍കാത്തത്. പ്രമാണം തിരികെ നല്‍കാത്തതിനാല്‍ മക്കളുടെ വിവാഹബന്ധം തകര്‍ന്ന സഹകാരികള്‍വരെയുണ്ട്. പലരും ആത്മഹത്യയുടെ വക്കിലാണ്. നിരവധി കുടുംബങ്ങള്‍ തകര്‍ന്നു.

മുപ്പതുവര്‍ഷത്തെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സംഘം ഭരണത്തില്‍ 50 ലക്ഷം രൂപ മാത്രമാണ് വായ്പയായി നല്‍കാന്‍ കഴിഞ്ഞത്. ഫെഡറേഷന് 75 ലക്ഷത്തോളം രൂപ സംഘം അടച്ചുതീര്‍ക്കാനുണ്ട്. ഈ തുക സഹകാരികളില്‍നിന്ന് പിരിച്ചെടുത്തതാണ്. വര്‍ഷങ്ങളായി സഘത്തിന്റെ പ്രവര്‍ത്തനം താറുമാറായ സ്ഥിതിയാണ്. ജീവനക്കാര്‍ക്ക് ശമ്പളവും നല്‍കുന്നില്ല. സംഘത്തിനെ റിയല്‍ എസ്റ്റേറ്റ് ബിസിനസ് സ്വഭാവത്തില്‍ പ്രവര്‍ത്തിപ്പിച്ചതാണ് ഈ തകര്‍ച്ചയ്ക്കെല്ലാം കാരണമെന്ന് സഹകാരികള്‍ പറയുന്നു. ഡയറക്ടര്‍ ബോര്‍ഡ് യോഗം പോലും കൂടാന്‍ കഴിയാത്തതിനാല്‍ സമിതി സ്വയം പിരിഞ്ഞുപോകേണ്ട ദയനീയസ്ഥിതിയാണുണ്ടായത്. ഇതേത്തുടര്‍ന്നാണ് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഉണ്ടായത്. വിജിലന്‍സ് എന്‍ക്വയറിയും നടക്കുന്നു. നാലു പഞ്ചായത്തിലെ പാവങ്ങള്‍ക്ക് വലിയ സഹായങ്ങള്‍ ചെയ്യാന്‍ കഴിയുമായിരുന്ന സംഘത്തെ അഴിമതിയും കെടുകാര്യസ്ഥതയും മൂലം തകര്‍ത്തു തരിപ്പണമാക്കി. വിതുര ഹൗസിങ് സഹകരണസംഘം ഡയറക്ടര്‍ ബോര്‍ഡിലേക്ക് 22ന് തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ രംഗത്തെത്തിയിട്ടുള്ള യുഡിഎഫ് പാനലിനെതിരെ ശക്തമായ പ്രതിഷേധവുമായാണ് സഹകാരികള്‍ രംഗത്തെത്തിയിട്ടുള്ളത്.

"കോണ്‍ഗ്രസായാല്‍ ബിപിഎല്‍"

കോവളം: എപിഎല്‍ വിഭാഗക്കാരെ ബിപിഎല്ലില്‍ ഉള്‍പ്പെടുത്താമെന്ന വാഗ്ദാനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ ജനങ്ങളെ കബളിപ്പിക്കുന്നു. നഗരസഭാ വാര്‍ഡുകളിലെ കൗണ്‍സിലര്‍മാരോ പഞ്ചായത്ത് വാര്‍ഡ് അംഗങ്ങളോ അറിയാതെയാണ് കോണ്‍ഗ്രസ് പ്രാദേശികനേതാക്കളുടെ ഈ രഹസ്യനീക്കം. ബിപിഎല്‍ മോഹവുമായി സാധാരണക്കാര്‍ കൗണ്‍സിലര്‍മാരെയോ പഞ്ചായത്ത് അംഗങ്ങളെയോ സമീപിച്ചാല്‍ എന്ത് പറയണമെന്നറിയാതെ എല്‍ഡിഎഫ് കൗണ്‍സിലര്‍മാരും പഞ്ചായത്ത് അംഗങ്ങളും ബുദ്ധിമുട്ടുന്നു. വിഴിഞ്ഞം നഗരസഭാ വാര്‍ഡുകളും പഞ്ചായത്ത് പ്രദേശങ്ങളുമാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രവര്‍ത്തനമേഖല. കോണ്‍ഗ്രസുകാരായ കൗണ്‍സിലര്‍മാരുടെയും പഞ്ചായത്ത് അംഗങ്ങളുടെയും ഒത്താശയോടെയാണ് കള്ളപ്രചാരണം. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയുമായി ബന്ധപ്പെടുത്തിയാണ് ബിപിഎല്‍ ലിസ്റ്റിന്റെ പ്രചാരണം.

deshabhimani 171111

2 comments:

  1. അവധിനാളില്‍ പൂട്ടിയിട്ടിരുന്ന സഹകരണസംഘം ചില്ലറവില്‍പ്പനകേന്ദ്രം തല്ലിപ്പൊളിച്ചു കയറി എന്‍ജിഒ അസോസിയേഷന്‍ നേതൃത്വത്തിലുള്ള നീതീസ്റ്റോര്‍ ആരംഭിച്ചു. നെയ്യാറ്റിന്‍കര സിവില്‍സ്റ്റേഷന്‍ ബില്‍ഡിങ്ങില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചിരുന്ന താലൂക്ക് ഗവ. എംപ്ലോയീസ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ സഹകരണ വിപണനകേന്ദ്രമാണ് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ ഭരണത്തിലുള്ള സഹകരണസംഘത്തിനായി കൈയേറിയത്. പൂട്ടിയിട്ടിരുന്ന മുറി തല്ലിപ്പൊളിച്ച് അകത്തുകടന്ന് വിലപിടിപ്പുള്ള ഫര്‍ണിച്ചറുകളും മറ്റും നശിപ്പിക്കുകയും കൈയേറുകയുമാണ് ഉണ്ടായത്.

    ReplyDelete