Thursday, November 17, 2011

വനിതയുള്‍പ്പെടെയുള്ളവരെ അധിക്ഷേപിക്കല്‍ : കൊടിക്കുന്നിലിനെതിരെ പ്രതിഷേധം

ചാരുംമൂട്: കരിമുളയ്ക്കല്‍ കശുവണ്ടി വികസന കോര്‍പറേഷന്‍ ഫാക്ടറി സന്ദര്‍ശനത്തിന്റെ പേരിലെത്തിയ കൊടിക്കുന്നില്‍ സുരേഷ് എംപി ഫാക്ടറി മാനേജരായ വനിതയുള്‍പ്പെടെയുള്ളവരെ അപമാനിച്ചതിനെതിരെ പ്രതിഷേധം ഉയരുന്നു. തിങ്കളാഴ്ച വൈകിട്ട് മൂന്നിന് കരിമുളയ്ക്കല്‍ ഫാക്ടറിയിലെത്തിയ എംപി കോര്‍പറേഷന്‍ എംഡി, ഫാക്ടറി മാനേജര്‍ എന്നിവരെ പരസ്യമായി ആക്ഷേപിച്ചതായാണ് ആരോപണം. ഇതിനെതിരെ സിഐടിയു, എഐടിയുസി, യുടിയുസി സംഘടനകളുടെ നേതൃത്വത്തില്‍ ഫാക്ടറി പടിക്കല്‍ പ്രതിഷേധയോഗം നടത്തി. കെ രാധാകൃഷ്ണന്‍ അധ്യക്ഷനായി. കെ വി രാഘവന്‍ , ജി രാജമ്മ, പി രാജന്‍ , എം കെ വിമലന്‍ , ജി വേണു, അഡ്വ. കെ എസ് രവി, വി കുട്ടപ്പന്‍ , വി യശോധരന്‍ , അഡ്വ. കെ സണ്ണിക്കുട്ടി എന്നിവര്‍ സംസാരിച്ചു. കെ വി ദിവാകരന്‍ സ്വാഗതം പറഞ്ഞു.

കോണ്‍ഗ്രസ് ഐ പ്രാദേശിക നേതാക്കളോടൊപ്പമെത്തിയ കൊടിക്കുന്നില്‍ സുരേഷ് എംപി ഫാക്ടറിയുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ നടപടിയെടുക്കാത്തതെന്തെന്ന് ഫാക്ടറി മാനേജരോട് ചോദിച്ചു. ഇതെല്ലാം സംസ്ഥാന സര്‍ക്കാരിന്റെ പരിധിയില്‍ വരുന്ന കാര്യമാണെന്നറിയാവുന്ന മാനേജര്‍ പ്രിയംവദ ഒന്നും മിണ്ടിയില്ല. തന്റെ ഫാക്ടറി സന്ദര്‍ശനത്തെക്കുറിച്ചറിയാവുന്ന കോര്‍പറേഷന്‍ എംഡി ഫാക്ടറിയിലെത്താത്തതെന്തന്നായിരുന്നു അടുത്ത ചോദ്യം. മുന്‍കൂട്ടി നിശ്ചയിച്ചതനുസരിച്ച് എംഡി തിരുവനന്തപുരത്താണെന്നറിയിച്ചപ്പോള്‍ എംപി കൂടുതല്‍ പ്രകോപിതനായി. തുടര്‍ന്ന് മോശം പദപ്രയോഗങ്ങളിലൂടെ കോര്‍പറേഷന്‍ എംഡിയെയും മാനേജരെയും അധിക്ഷേപിച്ചു. കശുവണ്ടി വികസനകോര്‍പറേഷന്‍ ബോര്‍ഡ് അംഗമായ ഐഎന്‍ടിയുസി ഐ നേതാവ് വി സത്യശീലന്‍ കള്ളനാണെന്നും എംപി പറഞ്ഞു. ഒടുവില്‍ ഫാക്ടറിയില്‍ വറുത്തിട്ട കശുവണ്ടിക്ക് ഗുണനിലവാരം കുറവാണെന്ന പരാതിയാണ് എംപി ഉന്നയിച്ചത്. വറുത്തിട്ട കശുവണ്ടി അധികാരികളെ കാണിക്കാനെന്ന വണ്ണം അനുവാദമില്ലാതെ ഇതുമായിട്ടാണ് എംപി യാത്രയായത്.

എന്നാല്‍ സംസ്ഥാന സര്‍ക്കാരാണ് ഗുണനിലവാരം നോക്കി കശുവണ്ടി ഇറക്കുമതി ചെയ്യുന്നതെന്ന് ഇടതുപക്ഷ ട്രേഡ് യൂണിയന്‍ നേതാക്കള്‍ പറയുന്നു. ഫാക്ടറിയുടെ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുള്ളതാണ്. ഇതേക്കുറിച്ചൊന്നും പഠിക്കാതെ തൊഴിലാളികളോട് നീതി പുലര്‍ത്തിയിട്ടില്ലാത്ത യുഡിഎഫ് പ്രതിനിധി കൊടിക്കുന്നില്‍ സുരേഷിന്റെ ജല്‍പ്പനങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല. സ്വകാര്യ കശുവണ്ടി ഫാക്ടറി ഉടമകളെ സഹായിക്കാന്‍ കോര്‍പറേഷന്‍ ഫാക്ടറികള്‍ അടച്ചുപൂട്ടിയ ചരിത്രം മാത്രമേ യുഡിഎഫ് ഭരണകാലയളവില്‍ ഉണ്ടായിട്ടുള്ളുവെന്നും നേതാക്കള്‍ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ ഏഴിന് കരിമുളയ്ക്കല്‍ കശുവണ്ടി ഫാക്ടറിക്ക് മുന്നില്‍ എംപിയുടെ നടപടിയില്‍ പ്രതിഷേധിച്ച് യോഗം നടത്തുമെന്നും ഇവര്‍ അറിയിച്ചു.

deshabhimani 171111

1 comment:

  1. കരിമുളയ്ക്കല്‍ കശുവണ്ടി വികസന കോര്‍പറേഷന്‍ ഫാക്ടറി സന്ദര്‍ശനത്തിന്റെ പേരിലെത്തിയ കൊടിക്കുന്നില്‍ സുരേഷ് എംപി ഫാക്ടറി മാനേജരായ വനിതയുള്‍പ്പെടെയുള്ളവരെ അപമാനിച്ചതിനെതിരെ പ്രതിഷേധം ഉയരുന്നു. തിങ്കളാഴ്ച വൈകിട്ട് മൂന്നിന് കരിമുളയ്ക്കല്‍ ഫാക്ടറിയിലെത്തിയ എംപി കോര്‍പറേഷന്‍ എംഡി, ഫാക്ടറി മാനേജര്‍ എന്നിവരെ പരസ്യമായി ആക്ഷേപിച്ചതായാണ് ആരോപണം. ഇതിനെതിരെ സിഐടിയു, എഐടിയുസി, യുടിയുസി സംഘടനകളുടെ നേതൃത്വത്തില്‍ ഫാക്ടറി പടിക്കല്‍ പ്രതിഷേധയോഗം നടത്തി. കെ രാധാകൃഷ്ണന്‍ അധ്യക്ഷനായി. കെ വി രാഘവന്‍ , ജി രാജമ്മ, പി രാജന്‍ , എം കെ വിമലന്‍ , ജി വേണു, അഡ്വ. കെ എസ് രവി, വി കുട്ടപ്പന്‍ , വി യശോധരന്‍ , അഡ്വ. കെ സണ്ണിക്കുട്ടി എന്നിവര്‍ സംസാരിച്ചു. കെ വി ദിവാകരന്‍ സ്വാഗതം പറഞ്ഞു.

    ReplyDelete