Friday, November 18, 2011

പെട്രോള്‍വില സര്‍ക്കാര്‍ നിയന്ത്രിക്കണം

പെട്രോള്‍വിലയില്‍ നേരിയ കുറവ് വരുത്താനുള്ള യുപിഎ സര്‍ക്കാരിന്റെ തീരുമാനം താല്‍ക്കാലികമായി ആശ്വാസംപകരുന്നതുതന്നെ. ജനങ്ങളെ കടുത്ത രീതിയില്‍ ദ്രോഹിക്കുക; അത്രയും ദുരിതം അനുഭവിക്കാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണെന്ന് വരുത്തിത്തീര്‍ക്കുക; തുടര്‍ന്ന് നേരിയ ഇളവു നല്‍കി, ഇതാ ഞങ്ങള്‍ മഹത്തായ കാര്യംചെയ്തിരിക്കുന്നു എന്ന് മേനിനടിക്കുക- യുപിഎ സര്‍ക്കാര്‍ അക്ഷരാര്‍ഥത്തില്‍ ചെയ്തത് അതാണ്. പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തിന് തൊട്ടുമുമ്പ് ഇത്തരമൊരു തീരുമാനമെടുത്തതിന് പ്രധാനകാരണം പ്രതിപക്ഷത്തെയും ചില സഖ്യകക്ഷികളെയും സര്‍ക്കാര്‍ ഭയക്കുന്നതുകൊണ്ടാണ്. പെട്രോള്‍ വിലവര്‍ധനയടക്കമുള്ള പ്രശ്നങ്ങളില്‍ പാര്‍ലമെന്റില്‍ കടുത്ത ആക്രമണം നേരിടേണ്ടിവരുമെന്ന് യുപിഎ നേതൃത്വം കണക്കുകൂട്ടുന്നുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് വലിയ പ്രതിഷേധമുയര്‍ത്തി തന്‍കാര്യം നേടിയതുപോലുള്ള കാപട്യം എല്ലാ സഖ്യകക്ഷികളില്‍നിന്നും പ്രതീക്ഷിക്കാനാവില്ല. അതുകൊണ്ട് പാര്‍ലമെന്റിനെ അഭിമുഖീകരിക്കണമെങ്കില്‍ ഇത്തരം ചില വിട്ടുവീഴ്ചകള്‍ കൂടിയേ തീരൂ എന്ന ബോധ്യമാണ് പെട്രോളിന്റെ വര്‍ധിപ്പിച്ച വില അല്‍പ്പമൊന്നു കുറയ്ക്കുന്നതിലേക്ക് സര്‍ക്കാരിനെ എത്തിച്ചത്.

പെട്രോള്‍ വിലവര്‍ധനയ്ക്കെതിരെ രാജ്യവ്യാപകമായി ഉയര്‍ന്ന പ്രതിഷേധത്തിന്റെ ഫലമാണീ തീരുമാനം. പെട്രോള്‍ വിലനിര്‍ണയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിച്ച സമീപനത്തിലെ കാപട്യവും ഇവിടെ തുറന്നുകാട്ടപ്പെട്ടിരിക്കുന്നു. വിലനിര്‍ണയാവകാശം എണ്ണക്കമ്പനികള്‍ക്കാണ് നല്‍കിയത്. സര്‍ക്കാരിന്റെ നിയന്ത്രണാധികാരം പൂര്‍ണമായി ഉപേക്ഷിക്കുകയാണുണ്ടായത്. ആ അര്‍ഥത്തില്‍ ഇപ്പോള്‍ വില കുറച്ചത് കമ്പനികളുടെ തീരുമാനമാണ്. അതില്‍ സര്‍ക്കാരിന് അവകാശപ്പെടാന്‍ ഒന്നുമില്ല. തട്ടിപ്പുകള്‍മാത്രമാണ് സംഭവിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ വിലകൂടിയതുകൊണ്ടാണ് നവംബര്‍ നാലിന് പെട്രോള്‍വില വര്‍ധിപ്പിച്ചതെന്നാണ് ജനങ്ങളെ ബോധ്യപ്പെടുത്തിയത്. അന്ന് ലോകവിപണിയില്‍ ഒരു വീപ്പ അസംസ്കൃത എണ്ണയുടെ വില 112.22 ഡോളറാണ്. ഇപ്പോള്‍ അന്നത്തെ വിലവര്‍ധന ഉപേക്ഷിക്കുമ്പോള്‍ ലോകവിപണിയില്‍ എണ്ണവില 115.61 ഡോളറാണ്. ലോകവിപണിയിലെ ഏറ്റക്കുറച്ചിലിനനുസരിച്ചാണ് ഇവിടത്തെ മാറ്റം എന്നെങ്ങനെ പറയാനാകും? രൂപയുടെ മൂല്യം അടിക്കടി കുറയുകയാണ്. എന്നിട്ടും പെട്രോള്‍വില കുറയ്ക്കാന്‍ കഴിഞ്ഞു എന്നതിനര്‍ഥം, അന്താരാഷ്ട്ര വിപണിയെ ആശ്രയിച്ചല്ല ഇവിടെ ഇതുവരെ വില വര്‍ധിപ്പിച്ചിരുന്നത് എന്നാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള അടവ് മാത്രമാണ് ലോകവിപണിയെ ചൂണ്ടിക്കാട്ടിയുള്ള പ്രചാരണം. ആഗോളവല്‍ക്കരണനയങ്ങള്‍ നടപ്പാക്കുന്നതിന്റെ അനിവാര്യമായ ഉപോല്‍പ്പന്നമാണ് പെട്രോളിന്റെ അടിക്കടിയുള്ള വിലവര്‍ധന. കോര്‍പറേറ്റുകള്‍ക്ക് വാരിക്കോരി നല്‍കുന്ന സൗജന്യങ്ങള്‍ക്ക് പകരമായി സര്‍ക്കാരിന്റെ റവന്യൂവരുമാനം കൂട്ടാന്‍ ജനങ്ങളുടെ പണം കൊള്ളയടിക്കുകയാണ് എണ്ണവില്‍പ്പനയിലൂടെ. ബിജെപി നയിച്ച എന്‍ഡിഎ സര്‍ക്കാര്‍ ഓയില്‍ പൂള്‍ അക്കൗണ്ട് നിര്‍ത്തലാക്കി. വില നിശ്ചയിക്കാനുള്ള സര്‍ക്കാരിന്റെ അധികാരം യുപിഎ സര്‍ക്കാര്‍ ഉപേക്ഷിച്ചു. എണ്ണവില നിയന്ത്രിച്ചുനിര്‍ത്താനും അതിലൂടെ രാജ്യത്തെ ഗുരുതരമായി ബാധിച്ച വിലക്കയറ്റത്തെ പിടിച്ചുകെട്ടാനും സര്‍ക്കാരിന് കഴിയുമെന്നിരിക്കെയാണ് ജനങ്ങളെ പരിഹസിച്ചുകൊണ്ട് അടിക്കടിയുള്ള വിലക്കയറ്റങ്ങള്‍ വന്നത്.

പ്രതിഷേധങ്ങളോട് ധിക്കാരത്തോടെയാണ് സര്‍ക്കാര്‍ പ്രതികരിച്ചത്. വില കുറയ്ക്കുന്ന പ്രശ്നമില്ലെന്ന് പ്രധാനമന്ത്രിയുള്‍പ്പെടെ ആവര്‍ത്തിച്ചു. ജനങ്ങളെ ആശ്വസിപ്പിക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാരുകള്‍ നികുതി പിന്‍വലിക്കണമെന്ന വിചിത്രമായ ആവശ്യമാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ചത്. അതിന്റെ ചുവടുപിടിച്ച്, നാമമാത്രമായ കുറവുവരുത്തി ജനങ്ങളുടെ കണ്ണില്‍പൊടിയിടാനുള്ള ശ്രമം കേരളത്തില്‍ ഉമ്മന്‍ചാണ്ടിസര്‍ക്കാരും നടപ്പാക്കി. രണ്ടുരൂപ വിലവര്‍ധനയുണ്ടായപ്പോള്‍ വേണ്ടെന്നുവച്ച നികുതി വീണ്ടും ഈടാക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്ന് രാജ്യം നേരിടുന്ന വിലക്കയറ്റത്തിന്റെ ദുരിതത്തിന് പരിഹാരമുണ്ടാക്കുന്നതല്ല ഇപ്പോഴത്തെ പെട്രോള്‍ വിലമാറ്റം. പാര്‍ലമെന്റ് സമ്മേളനത്തെമാത്രം മുന്നില്‍കണ്ടുള്ള തട്ടിപ്പാണത്്. ഏതുനിമിഷവും തങ്ങള്‍ക്കിഷ്ടപ്പെട്ട രീതിയില്‍ വില വര്‍ധിപ്പിക്കാനുള്ള അവകാശം എണ്ണക്കമ്പനികള്‍ക്കാണ്. ഡീസല്‍വിലയുടെ കാര്യത്തിലും ഇതേരീതി അനുവദിക്കാന്‍ പോകുന്നു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുന്നതിനുള്ള അവകാശം പെട്രോളിയം കമ്പനികള്‍ക്ക് നല്‍കിയ ഘട്ടത്തില്‍തന്നെ അഭൂതപൂര്‍വമായ വിലക്കയറ്റമുണ്ടാകാന്‍ പോകുന്നു എന്ന് ഇടതുപക്ഷം മുന്നറിയിപ്പു നല്‍കിയതാണ്. അന്ന് എണ്ണക്കമ്പനികളുടെ പെരുപ്പിച്ച നഷ്ടക്കണക്ക് പറഞ്ഞ് സര്‍ക്കാര്‍ ഇടതുപക്ഷത്തെ അവഹേളിച്ചു; വലതുപക്ഷം ദുഷ്പ്രചാരണം നടത്തി. ഇപ്പോള്‍ അത്തരക്കാര്‍ക്ക് പഴയ വാക്കുകള്‍ വിഴുങ്ങേണ്ടിവന്നിരിക്കുന്നു.

എണ്ണക്കമ്പനികളല്ല, രാജ്യം ഭരിക്കുന്ന സര്‍ക്കാരാണ് ജനങ്ങള്‍ക്ക് എത്രവിലയ്ക്ക് എണ്ണ നല്‍കണം എന്ന് തീരുമാനിക്കേണ്ടത്. സര്‍ക്കാര്‍ ജനങ്ങളോട് സ്വീകരിക്കേണ്ട സമീപനം ലാഭക്കൊതിയനായ കച്ചവടക്കാരന്റേതല്ല. എണ്ണവിലയിലെ വ്യതിയാനങ്ങള്‍ പൊതുവിപണിയില്‍ ആഴത്തിലുള്ള പ്രത്യാഘാതങ്ങളാണുണ്ടാക്കുക. എണ്ണവില ഉയര്‍ന്നാല്‍ എല്ലാ വിലയും ഉയരും. രണ്ടുരൂപ കുറച്ചതുകൊണ്ട് സര്‍ക്കാരിന്റെ യഥാര്‍ഥ ഉത്തരവാദിത്തം നിറവേറ്റപ്പെടുന്നില്ല എന്നര്‍ഥം. വില നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികളില്‍നിന്ന് എടുത്തുമാറ്റിയേ തീരൂ. അല്ലാതെയുള്ള സൂത്രവിദ്യകളും പ്രഖ്യാപനങ്ങളും ജനരോഷത്തില്‍നിന്ന് രക്ഷപ്പെടാനുള്ളതുമാത്രമാണ്്. അത്തരം കുറുക്കുവഴികള്‍ ജനങ്ങളുടെ ദുരിതവും രോഷവും വര്‍ധിപ്പിക്കുകയേ ഉള്ളൂ. രണ്ടുരൂപ കുറയ്ക്കാന്‍ തയ്യാറായ സര്‍ക്കാരിന് വിലനിയന്ത്രണാധികാരം തിരികെ എടുക്കുന്നതില്‍ ആരാണ്; എന്താണ് തടസ്സം?

deshabhimani editorial 181111

1 comment:

  1. പെട്രോള്‍വിലയില്‍ നേരിയ കുറവ് വരുത്താനുള്ള യുപിഎ സര്‍ക്കാരിന്റെ തീരുമാനം താല്‍ക്കാലികമായി ആശ്വാസംപകരുന്നതുതന്നെ. ജനങ്ങളെ കടുത്ത രീതിയില്‍ ദ്രോഹിക്കുക; അത്രയും ദുരിതം അനുഭവിക്കാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണെന്ന് വരുത്തിത്തീര്‍ക്കുക; തുടര്‍ന്ന് നേരിയ ഇളവു നല്‍കി, ഇതാ ഞങ്ങള്‍ മഹത്തായ കാര്യംചെയ്തിരിക്കുന്നു എന്ന് മേനിനടിക്കുക- യുപിഎ സര്‍ക്കാര്‍ അക്ഷരാര്‍ഥത്തില്‍ ചെയ്തത് അതാണ്.

    ReplyDelete