Friday, November 18, 2011

കോടതിയുടെ അന്തസ്സ് വീണ്ടെടുത്തത് "കീടങ്ങള്‍": സെബാസ്റ്റ്യന്‍ പോള്‍

അടിയന്തരാവസ്ഥയില്‍ കോടതിക്കും ജഡ്ജിമാര്‍ക്കും നഷ്ടപ്പെട്ട അന്തസ്സും അധികാരവും വീണ്ടെടുത്തത് കേരള ഹൈക്കോടതി കീടങ്ങളെന്നു വിശേഷിപ്പിച്ച ജനങ്ങളാണെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. സുപ്രീംകോടതി ജഡ്ജിമാരെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി തലങ്ങും വിലങ്ങും മാറ്റുകയും തരംതാഴ്ത്തുകയും ചെയ്തപ്പോള്‍ പ്രതികരിച്ചതും ഈ കീടങ്ങളാണ്. കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ പാട്യം ഗോപാലന്‍ സ്മാകര പഠനഗവേഷണ കേന്ദ്രം സംഘടിപ്പിച്ച "ഹൈക്കോടതി വിധി ഉയര്‍ത്തുന്ന നിയമപരവും രാഷ്ട്രീയവുമായ പ്രശ്നങ്ങള്‍" സെമിനാറില്‍ വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

പ്രസംഗത്തിന് മുമ്പ് പാതയുമായുള്ള അകലം അളന്നുനോക്കേണ്ട അവസ്ഥയാണ്. സഞ്ചാരസ്വാതന്ത്ര്യമെന്ന മൗലികാവകാശം ദുര്‍വ്യാഖ്യാനം ചെയ്താണ് പാതയോരത്തെ പൊതുയോഗം നിരോധിച്ചത്. നിയമസഭ ഐകകണ്ഠ്യേന പാസാക്കിയ നിയമം പോലും കോടതി മരവിപ്പിച്ചു. ജനങ്ങളുടെ സംഘടിക്കാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്. ജൂഡീഷ്യറിയും നിയമനിര്‍മാണസഭയും എക്സിക്യൂട്ടീവും ഭരണഘടനയുടെ സൃഷ്ടിയാണ്. ഈ ഭരണഘടനയുടെ സ്രഷ്ടാക്കള്‍ ജനങ്ങളാണ്. ഭരണഘടന പ്രകാരം മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ സുപ്രീകോടതിയെക്കാള്‍ ചുമതല ഹൈക്കോടതികള്‍ക്കാണ്. ജൂഡീഷ്യറി വിമര്‍ശനത്തെ എപ്പോഴും സ്വാഗതം ചെയ്തിട്ടുണ്ട്. ഇന്ത്യ മാതൃകയായി ഉയര്‍ത്തിക്കാട്ടുന്ന ബ്രിട്ടന്റെയും അമേരിക്കയുടെയും ജൂഡീഷ്യറി കോടതിയുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നതു മാത്രമേ കോടതിയലക്ഷ്യ കുറ്റമായി കണക്കാക്കുന്നുള്ളൂ. അതാണ് ചാള്‍സ് ഡിക്കന്‍സ് ജഡ്ജിമാരെ കഴുതകള്‍ എന്നു വിളിച്ചപ്പോള്‍ കാര്യമാക്കേണ്ടെന്ന് പറഞ്ഞത്.

എന്നാല്‍ , ഇന്ത്യന്‍ ജൂഡീഷ്യറി അതിന്റെ സ്രഷ്ടാക്കളായ ജനങ്ങള്‍ക്കുനേരെ അസഹിഷ്ണുത കാണിക്കുകയാണ്. എം വി ജയരാജന്റെ പരാമര്‍ശത്തില്‍ കോടതിയുടെ കൃത്യനിര്‍വഹണത്തിന് ആസന്ന തടസ്സം ഉണ്ടാക്കുന്ന ഒന്നുമില്ല. പക്ഷേ, വാശിയും വൈരാഗ്യവും പുലര്‍ത്തുന്നതുപോലെയാണ് ഹൈക്കോടതി ജഡ്ജിമാര്‍ പെരുമാറിയത്. "കണ്ണൂരില്‍ താമസിച്ചാല്‍ നേരം പുലരുമ്പോള്‍ തലകാണില്ല", " ഇത് കേരളമോ, ബിഹാറോ" തുടങ്ങിയ പരാമര്‍ശങ്ങള്‍ നടത്തിയ ജഡ്ജിമാരും ഇവിടെയുണ്ട്. അധികാരത്തിന്റെ പരിധി വിടുന്ന ജഡ്ജിമാരെ ചോദ്യംചെയ്യുകതന്നെ വേണം- സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

സിപിഐ എം ജില്ലാസെക്രട്ടറി പി ജയരാജന്‍ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം എം വി ജയരാജന്‍ , അഖിലേന്ത്യ ലോയേഴ്സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി ഇ കെ നാരായണന്‍ എന്നിവര്‍ സംസാരിച്ചു. കീച്ചേരി രാഘവന്‍ സ്വാഗതം പറഞ്ഞു.

ഐക്യദാര്‍ഢ്യ പ്രഖ്യാപനമായി എം വി ജയരാജന് ജന്മനാടിന്റെ വരവേല്‍പ്പ്

കണ്ണൂര്‍ : നീതിനിഷേധത്തിനെതിരായ പേരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രിയനേതാവിന് ആയിരങ്ങളുടെ സ്നേഹോഷ്മള വരവേല്‍പ്പ്. പാതയോര പൊതുയോഗം നിരോധിച്ച കോടതിഉത്തരവിനെ വിമര്‍ശിച്ചതിന് ശിക്ഷിക്കപ്പെട്ട സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എം വി ജയരാജന്‍ ജയില്‍മോചിതനായി ജന്മനാട്ടില്‍ എത്തിയപ്പോള്‍ ആവേശം അണപൊട്ടിയ സ്വീകരണമാണ് ലഭിച്ചത്. സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനെതുടര്‍ന്ന് ബുധനാഴ്ച ജയില്‍ മോചിതനായ ജയരാജന്‍ വ്യാഴാഴ്ച രാവിലെ കണ്ണൂര്‍ എക്സ്പ്രസിലാണ് കണ്ണൂരിലെത്തിയത്. റെയില്‍വേ സ്റ്റേഷനിലും ജന്മനാടായ പെരളശേരിയിലും ആയിരങ്ങളാണ് സ്വീകരിക്കാനെത്തിയത്. ട്രെയിന്‍ എത്തുന്നതിന് ഏറെ മുമ്പേ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരം സ്വീകരിക്കാനെത്തിയ ജനങ്ങളാല്‍ നിറഞ്ഞുകവിഞ്ഞു. ട്രെയിനിറങ്ങിയെത്തിയ എം വി ജയരാജനെ സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ , എം പ്രകാശന്‍ , കെ കെ നാരായണന്‍ , എന്‍ ചന്ദ്രന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഹാരമണിയിച്ച് സ്വീകരിച്ചു.

deshabhimani 181111

1 comment:

  1. അടിയന്തരാവസ്ഥയില്‍ കോടതിക്കും ജഡ്ജിമാര്‍ക്കും നഷ്ടപ്പെട്ട അന്തസ്സും അധികാരവും വീണ്ടെടുത്തത് കേരള ഹൈക്കോടതി കീടങ്ങളെന്നു വിശേഷിപ്പിച്ച ജനങ്ങളാണെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. സുപ്രീംകോടതി ജഡ്ജിമാരെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി തലങ്ങും വിലങ്ങും മാറ്റുകയും തരംതാഴ്ത്തുകയും ചെയ്തപ്പോള്‍ പ്രതികരിച്ചതും ഈ കീടങ്ങളാണ്.

    ReplyDelete