Sunday, January 22, 2012

വിദ്യാഭ്യാസ അവകാശ നിയമം ജൂണ്‍ 1 മുതല്‍ കേരളത്തില്‍ പ്രാബല്യത്തില്‍

സംസ്ഥാനത്ത് വിദ്യാഭ്യാസ അവകാശ നിയമം ജൂണ്‍ 1 ന് പ്രാബല്യത്തിലാകും. ഇതുപ്രകാരം 6 വയസിനും 14 വയസിനും ഇടയില്‍ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം അവകാശമായി മാറും. ഈ പ്രായപരിധിയില്‍ വരുന്ന കുട്ടികളെ സ്‌കൂളിലയച്ച് പഠിപ്പിക്കാന്‍ തയ്യാറാകാത്ത മാതാപിതാക്കള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാമെന്നും വിദ്യാഭ്യാസ അവകാശനിയമത്തില്‍ വ്യവസ്ഥയുണ്ട്.

1989 ജനുവരിയില്‍ ജനീവയില്‍ കൂടിയ കുട്ടികളുടെ അവകാശം സംബന്ധിച്ച ലോകസമ്മേളനത്തിന്റെ തീരുമാനപ്രകാരം 2009 ഏപ്രില്‍ 1 നാണ് ഇന്ത്യന്‍ പാര്‍ലമെന്റില്‍ കുട്ടികളുടെ വിദ്യാഭ്യാസരേഖ അവതരിപ്പിച്ച് നിയമമാക്കിയത്. കുട്ടികള്‍ക്ക് ഏറ്റവുമടുത്തുള്ള പള്ളിക്കൂടത്തില്‍ പഠിക്കുന്നതിനുള്ള സൗകര്യം ഒരുക്കേണ്ടത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ്. ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ എല്‍ പി സ്‌കൂളും മൂന്നു കിലോമീറ്ററിനുള്ളില്‍ യു പി സ്‌കൂളും 5 കിലോമീറ്ററിനുള്ളില്‍ ഹൈസ്‌കൂളും വേണമെന്നാണ് നിയമത്തില്‍ പറയുന്നത്. നിലവില്‍ ഇത്തരത്തില്‍ സൗകര്യമില്ലെങ്കില്‍ അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ നിയമാനുസൃതമുള്ള സൗകര്യം ഏര്‍പ്പെടുത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ബാധ്യസ്ഥരാണ്.
പുതിയ നിയമം വരുന്നതോടെ എല്‍ പി വിഭാഗം 1 മുതല്‍ 5 വരെയും യു പി വിഭാഗം 6 മുതല്‍ 8 വരെയുമാകും. പ്രവേശനസമയങ്ങളില്‍ കുട്ടികളോട് ഏതെങ്കിലും തരത്തിലുള്ള വിവേചനമോ സംഭാവനയോ സ്‌ക്രീനിംഗ് ടെസ്‌റ്റോ മുഖാമുഖമോ നടത്താന്‍ പാടില്ലായെന്നും അത്തരത്തില്‍ സംഭവിച്ചാല്‍ പ്രസ്തുത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേലധികാരികള്‍ക്കുനേരെ നിയമനടപടി കൈക്കൊള്ളാനും നിയമം അനുശാസിക്കുന്നുണ്ട്.

ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പു നല്‍കുന്നതിനു ലക്ഷ്യമിട്ട് സര്‍വശിക്ഷാ അഭിയാന്‍ പദ്ധതിപ്രകാരം അധ്യാപക പരിശീലനവും ഗ്രാന്റുകളും സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് സാമ്പത്തിക സഹായവും നല്‍കിവരുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ വിഹിതമായി 65 ശതമാനവും സംസ്ഥാന സര്‍ക്കാര്‍ വിഹിതമായി 35 ശതമാനം തുകയുമാണ് ഇതിനുവേണ്ടി വിനിയോഗിക്കുന്നത്. അടുത്ത അഞ്ചുവര്‍ഷത്തേക്ക് രാജ്യത്തെ വിദ്യാഭ്യാസമേഖലയില്‍ രാജ്യത്ത് ചിലവഴിക്കുന്നതിനുവേണ്ടി 1,71,000 കോടി രൂപയാണ് മാറ്റിവയ്ക്കപ്പെടുന്നത്. ഓരോ ക്ലാസിലുംനിശ്ചിത പാഠാവലി അധ്യാപകര്‍ പഠിക്കുന്നുണ്ടോ, പഠിപ്പിച്ചത് കുട്ടികള്‍ പഠിച്ചിട്ടുണ്ടോ എന്ന് മോണിറ്ററിംഗ് ചെയ്യേണ്ടുന്നത് പഞ്ചായത്ത്/മുനിസിപ്പാലിറ്റികളാണ്. കൂടാതെ ഓരോ വര്‍ഷവും പഞ്ചായത്ത് തലത്തില്‍ നടപ്പാക്കേണ്ടുന്ന വിദ്യാഭ്യാസ കാര്യങ്ങളെ സംബന്ധിച്ചുള്ള കലണ്ടര്‍ തയ്യാറാക്കി സ്‌കൂളുകള്‍ക്ക് നല്‍കി നടപ്പിലാക്കേണ്ടുന്നതും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയില്‍ പെടും.

സ്‌കൂളുകളില്‍ നിലവിലുള്ള പി ടി എ കമ്മിറ്റികള്‍ ഇല്ലാതാവും. പകരം സ്‌കൂള്‍ മാനേജ്‌മെന്റിംഗ് കമ്മിറ്റികള്‍ നിലവില്‍ വരും. ഘടനയിലും പേരുപോലെ മാറ്റം വരും. 750 കുട്ടികള്‍ വരെ പഠിക്കുന്ന വിദ്യാലയത്തില്‍ 16 അംഗങ്ങളാണ് പുതിയ കമ്മറ്റിയില്‍ ഉണ്ടാവേണ്ടത്. ഇതില്‍ 12 പേര്‍ (75%) നിര്‍ബന്ധമായും സ്ത്രീകള്‍ ആയിരിക്കണം. കൂടാതെ സ്‌കൂള്‍ ലീഡര്‍, പ്രദേശത്തെ പൊതുപ്രവര്‍ത്തകരായ വിദ്യാഭ്യാസ വിചക്ഷണരില്‍ ഒരാള്‍, വാര്‍ഡ്‌മെമ്പര്‍, ഒരു അധ്യാപകന്‍ അങ്ങിനെ 16 പേരാണ്. സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മറ്റിയില്‍ ഉള്‍പ്പെടുത്തേണ്ടത്. ഇതില്‍ നിന്നാണ് പ്രസിഡന്റിനു പകരം ചെയര്‍മാനെ തിരഞ്ഞെടുക്കേണ്ടത്. സ്‌കൂള്‍ സംബന്ധിച്ചുള്ള നയപരമായ കാര്യങ്ങള്‍ തീരുമാനിക്കണമെങ്കില്‍ ഇതില്‍ 9 പേര്‍ ഹാജരുണ്ടാവുകയും വേണം.

അധ്യാപകര്‍ക്കും ഒട്ടേറെ തടസങ്ങളുണ്ട്. പഠിപ്പിക്കുന്നില്ലായെന്ന് കുട്ടികള്‍ പരാതിപ്പെട്ടാല്‍ ശിക്ഷ ഉറപ്പ്. പാഠഭാഗങ്ങള്‍ കൃത്യമായും എല്ലാ കുട്ടികളെയും പഠിപ്പിക്കാനും ആഴ്ചയില്‍ 45 മണിക്കൂര്‍ പഠിപ്പിക്കുന്നതിനും മുന്നൊരുക്കങ്ങള്‍ക്കുമായി കണ്ടെത്തേണ്ടതാണ്. പുതിയ അധ്യാപകര്‍ സെന്‍ട്രല്‍ ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് മികച്ച മാര്‍ക്കോടുകൂടി പാസാകേണ്ടതുമാണ്.

അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെയും നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഒരു ലക്ഷം രൂപവരെ പിഴ ഈടാക്കാവുന്നതാണ്.

janayugom 230112

2 comments:

  1. സംസ്ഥാനത്ത് വിദ്യാഭ്യാസ അവകാശ നിയമം ജൂണ്‍ 1 ന് പ്രാബല്യത്തിലാകും. ഇതുപ്രകാരം 6 വയസിനും 14 വയസിനും ഇടയില്‍ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം അവകാശമായി മാറും. ഈ പ്രായപരിധിയില്‍ വരുന്ന കുട്ടികളെ സ്‌കൂളിലയച്ച് പഠിപ്പിക്കാന്‍ തയ്യാറാകാത്ത മാതാപിതാക്കള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാമെന്നും വിദ്യാഭ്യാസ അവകാശനിയമത്തില്‍ വ്യവസ്ഥയുണ്ട്.

    ReplyDelete
  2. ഒരു കാരണവശാലും കേരത്തില്‍ അവകാശ നിയമം നടപ്പാക്കാന്‍ അധ്യാപകര്‍ സമ്മതിക്കില്ല.കാരണം സ്കൂളില്‍ വരാതെ ആഴ്ച്ചകളോളം സംസ്ഥാനം ,രാജ്യം വിട്ടു പോയാലും സ്കൂള്‍ രേഖകളില്‍ ഹാജര്‍ നല്‍കുകയും ആപ്പീസര്‍ മാര്‍ പോലും അറിഞ്ഞാലും ഒരു നടപടികളും എടുക്കില്ലെന്നിരിക്കേ അവകാശ നിയമ വന്നാല്‍ അധ്യാപകരുടേ ജോലി പോകുന്ന നിയമം നടപ്പിലാക്കാന്‍ അധ്യാപകര്‍ സമ്മതിച്ചിട്ടു വേണ്ടേ നിയമം കൊന്ദു വരാന്‍!

    ReplyDelete