55 ശതമാനത്തില്‍ അധികം മാര്‍ക്ക് നേടിയ എംഎ ഇക്കണോമിക്സുകാരെയാണ് കോളേജ് അധികൃതര്‍ ഇന്റര്‍വ്യൂവിന് ക്ഷണിച്ചത്. നവംബര്‍ 10ന് കോളേജില്‍ നടന്ന ഇന്റര്‍വ്യൂവില്‍ 22 പേര്‍ പങ്കെടുത്തു. യൂണിവേഴ്സിറ്റി കോളേജിലെ സാമ്പത്തികശാസ്ത്ര വിഭാഗം പ്രൊഫസറും എന്‍ജിനിയറിങ് കോളേജിലെ മുതിര്‍ന്ന അധ്യാപകനും ഉള്‍പ്പെട്ട പാനലാണ് ഇന്റര്‍വ്യൂ നടത്തിയത്. ഇതില്‍ മന്ത്രി ഓഫീസില്‍നിന്ന് പ്രിന്‍സിപ്പലിനോട് ശുപാര്‍ശ ചെയ്തിരുന്ന ആള്‍ നാലാമതായി. ഇതാണ് നിയമനം റദ്ദാക്കാന്‍ കാരണമെന്ന് ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു. നെറ്റ് പരീക്ഷ പാസാകുകയോ പിഎച്ച്ഡി നേടുകയോ ചെയ്തവരെ മാത്രമേ അധ്യാപകരായി നിയമിക്കാവൂ എന്ന്പറഞ്ഞാണ് നിയമന ഉത്തരവ് റദ്ദാക്കിയത്.
ബിരുദാനന്തര ബിരുദധാരികളെയാണ് താല്‍ക്കാലിക അധ്യാപകരായി ഇതുവരെ നിയമിച്ചിരുന്നത്. നെറ്റ് യോഗ്യതയുള്ളവരെ താല്‍കാലിക അധ്യാപകരായി ലഭിച്ചിരുന്നുമില്ല. ഇത്തവണമാത്രം പിഎസ്സി മാനദണ്ഡം താല്‍ക്കാലിക നിയമനത്തിലും നടപ്പാക്കണമെന്ന ആവശ്യം ഉന്നയിച്ചതിനുപിന്നില്‍ നിക്ഷിപ്ത താല്‍പ്പര്യമുണ്ടെന്ന് ഉദ്യോഗാര്‍ഥികള്‍ ആരോപിച്ചു. എന്‍ജിനിയറിങ് ബ്രാഞ്ചില്‍ അധ്യാപകനിയമനത്തിന് എഐസിടിഇ മാനദണ്ഡപ്രകാരം എംടെക്കാണ് അടിസ്ഥാനയോഗ്യത. എന്നാല്‍ , എല്‍ബിഎസ് വിജ്ഞാപനത്തില്‍ ബി-ടെക്കിന് 65 ശതമാനം മാര്‍ക്കാണ് അടിസ്ഥാനയോഗ്യത. എന്‍ജിനിയറിങ് ബ്രാഞ്ചില്‍ ബി-ടെക് അടിസ്ഥാനയോഗ്യതയായി നിശ്ചയിക്കുമ്പോള്‍ ഹ്യുമാനിറ്റീസില്‍ നെറ്റ്-ഗവേഷണ ബിരുദം വേണമെന്ന ഇരട്ടത്താപ്പ് സ്വീകരിച്ചത് വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസില്‍നിന്നുള്ള ഇടപെടലാണെന്ന് കോളേജിലെ അധ്യാപകര്‍ പറഞ്ഞു.
അധ്യാപക നിയമനം നടത്താത്തുമൂലം എല്‍ബിഎസിന്റെ തിരുവനന്തപുരം, കാസര്‍കോട് കോളേജുകള്‍ക്ക് ലോക ബാങ്കില്‍നിന്നടക്കമുള്ള ഫണ്ട് നഷ്ടപ്പെടുന്ന സ്ഥിതിയാണ്. ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാമില്‍ ലോക ബാങ്കില്‍നിന്ന് 10 കോടിയുടെ സഹായമാണ് നഷ്ടപ്പെടുന്നത്. ഇരു കോളേജുകളിലുമായി എട്ട് ബ്രാഞ്ചുകളില്‍ അറുപതില്‍പരം അധ്യാപക തസ്തിക നികത്താനുണ്ട്. കഴിഞ്ഞ സര്‍ക്കാര്‍ അധ്യാപകനിയമനത്തിന് വിജ്ഞാപനം നടത്തി. ഉദ്യോഗാര്‍ഥികള്‍ക്കായി എഴുത്തുപരീക്ഷയും നടത്തി. ഈ ജൂണില്‍ കൂടിക്കാഴ്ച നടത്തി തെരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക വിദ്യാഭ്യാസവകുപ്പിന് കൈമാറി. ഈ പട്ടികയും മന്ത്രിയുടെ ഓഫീസില്‍ പൂഴ്ത്തി വച്ചതായി ആക്ഷേപമുണ്ട്.
റവന്യൂ വകുപ്പില്‍ പ്രോജക്ടിന്റെപേരില്‍ 3900 താല്‍ക്കാലിക നിയമനം
റവന്യൂ വകുപ്പില്‍ സര്‍വേയര്‍ തസ്തികയില്‍ നൂറ് ഒഴിവുണ്ടായിട്ടും പിഎസ്സി റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കാന്‍ ഒന്നരമാസം ശേഷിക്കെ ഒഴിവില്ലെന്നുപറഞ്ഞ് നിയമനം മരവിപ്പിച്ചു. അതേസമയം, സ്പെഷ്യല്‍ പ്രോജക്ടിന്റെപേരില്‍ 3900പേരെ തിരുകിക്കയറ്റാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. 300 രൂപ ദിവസക്കൂലിക്കാണ് നിയമനം. സര്‍വേയര്‍ ഗ്രേഡ് തസ്തികയില്‍ 2008 നവംബര്‍ 15ന് നിലവില്‍വന്ന റാങ്ക്പട്ടികയില്‍നിന്ന് മൂന്ന് വര്‍ഷം കൊണ്ട് 723പേര്‍ക്ക് നിയമന ഉത്തരവ് നല്‍കി. 680പേര്‍മാത്രമേ ജോലിയില്‍ പ്രവേശിച്ചുള്ളൂ. ഇപ്രകാരം 43 ഒഴിവുണ്ട്. അതിന് ശേഷം വന്നത് ഉള്‍പ്പെടെ ഇപ്പോള്‍ 100 ഒഴിവുണ്ട്.
റാങ്ക് പട്ടികയുടെ കാലാവധി ഡിസംബര്‍ 31 വരെ നീട്ടി ഉദ്യോഗാര്‍ഥികളെ സഹായിച്ചെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ ഭരണനേട്ടമായി ചൂണ്ടിക്കാട്ടുമ്പോഴാണ് ഒഴിവുകള്‍ നികത്താതെ ദിവസവേതനക്കാരെ നിയമിക്കുന്നത്. റാങ്ക് പട്ടികയില്‍ ഇനി ആയിരത്തെണ്ണൂറോളം ഉദ്യോഗാര്‍ഥികളുണ്ട്. റാങ്ക് ലിസ്റ്റില്‍ ഉള്ളവരില്‍ പലരും ഇനി പിഎസ്സി പരീക്ഷ എഴുതാനോ ജോലി നേടാനോ കഴിയാത്തവിധം പ്രായപരിധി എത്തിയവരാണ്. പ്രോജക്ടുകളുടെപേരില്‍ താല്‍ക്കാലികനിയമനം നടത്തുന്നത് റാങ്ക് പട്ടികയിലുള്ളവരുടെ സാധ്യത ഇല്ലാതാക്കിയെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു. സര്‍ക്കാര്‍ വഞ്ചനയില്‍ പ്രതിഷേധിച്ച് ഉദ്യോഗാര്‍ഥികള്‍ 30ന് സെക്രട്ടറിയറ്റ് ധര്‍ണ നടത്തും.
deshabhimani 211111
വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസില്‍നിന്ന് നല്‍കിയ ശുപാര്‍ശ അംഗീകരിക്കാത്തതിന്റെ പേരില്‍ എല്‍ബിഎസ് വനിതാ എന്‍ജിനിയറിങ് കോളേജിലെ അധ്യാപക നിയമനം റദ്ദാക്കി. ഹ്യുമാനിറ്റീസ്വിഭാഗത്തില്‍ താല്‍കാലിക അധ്യാപക നിയമനമാണ് റദ്ദാക്കിയത്. ഇന്റര്‍വ്യൂ നടത്തി തയ്യാറാക്കിയ മുന്‍ഗണനാ പട്ടികയില്‍നിന്ന് തെരഞ്ഞെടുത്ത രണ്ടു പേര്‍ക്കാണ് നിയമനം നിഷേധിച്ചത്. ഇവരെ തെരഞ്ഞെടുത്തതായി കോളേജില്‍നിന്ന് ഫോണില്‍ അറിയിച്ചിരുന്നു. നിയമന ഉത്തരവ് തയ്യാറാക്കിയെങ്കിലും മന്ത്രിയുടെ ഓഫീസില്‍നിന്ന് ഇടപെട്ട് നടപടി നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് വീണ്ടും ഇന്റര്‍വ്യൂ നടത്തി നിയമനം നടത്താന്‍ എല്‍ബിഎസ് ഡയറക്ടര്‍ പുതിയ വിജ്ഞാപനമിറക്കി.
ReplyDelete