Monday, November 21, 2011

കെപിസിസിയും ഭരണനേതൃത്വവും തുറന്നപോരിന്

 യുഡിഎഫ് മന്ത്രിസഭയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമായി. കെപിസിസി നേതൃത്വവും ഭരണനേതൃത്വവും തമ്മിലുള്ള അഭിപ്രായഭിന്നതകള്‍ മറനീക്കി പുറത്തുവന്നു. പാര്‍ടിയെ തീര്‍ത്തും അവഗണിക്കുന്ന നിലപാടിനെതിരെ രൂക്ഷവിമര്‍ശവുമായി കെപിസിസി പ്രസിഡന്റ രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കത്തയച്ചു. കത്ത് പരസ്യമാക്കുകയും ചെയ്തു. കെപിസിസി- ഭരണനേതൃത്വങ്ങള്‍ മുമ്പെങ്ങുമില്ലാത്തവിധം യോജിപ്പിലാണെന്ന് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ച് രണ്ടുനാള്‍ തികയുംമുമ്പാണ് ഈ പൊട്ടിത്തെറി.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പാര്‍ടി-ഭരണനേതൃത്വങ്ങളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അംഗവുമായ വി എം സുധീരന്‍ സര്‍ക്കാരിനെതിരെ നിരന്തരം പരസ്യപ്രസ്താവന നടത്തിക്കൊണ്ടിരിക്കെയാണ് ചെന്നിത്തലയുടെ കത്ത്. പാര്‍ടി ഘടകങ്ങള്‍ അറിയാതെ മുഖ്യമന്ത്രിയും മന്ത്രിമാരും സന്ദര്‍ശനങ്ങളും പരിപാടികളും നടത്തുന്നത് പ്രവര്‍ത്തകരില്‍ അമര്‍ഷവും ദുഃഖവും ഉണ്ടാക്കുന്നതായി ചെന്നിത്തല കത്തില്‍ പറഞ്ഞു. മന്ത്രിമാര്‍ അതത് സ്ഥലങ്ങളിലെ പാര്‍ടി ഓഫീസുകള്‍ സന്ദര്‍ശിക്കുന്നില്ല. പ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തുന്നില്ല. പാര്‍ടി പ്രവര്‍ത്തകര്‍ മുഖേന നല്‍കുന്ന കത്തുകള്‍ക്കും നിവേദനങ്ങള്‍ക്കും മന്ത്രിമാര്‍ ഒട്ടും പരിഗണന നല്‍കുന്നില്ല. ഈ സ്ഥിതി മാറ്റണമെന്ന് കെപിസിസി ഓഫീസില്‍നിന്ന് മുഖ്യമന്ത്രിക്കും ഓരോ കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കും നേരിട്ടെത്തിച്ച കത്തില്‍ പറഞ്ഞു.

പാര്‍ടിയും ഭരണവും തമ്മില്‍ ഒരു പ്രശ്നവുമില്ലെന്നാണ് കഴിഞ്ഞദിവസം ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. എന്നാല്‍ , ഭാവിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുകയില്ലെന്ന് പറയാനാകില്ലെന്ന സൂചനയും നല്‍കി. അധികാരമേറ്റ് ആറുമാസം കഴിഞ്ഞതോടെ പാര്‍ടി-ഭരണ "മധുവിധു" അവസാനിച്ച മട്ടാണ്. ഭരണത്തെയും പാര്‍ടിയെയും ഏകോപിപ്പിച്ചു കൊണ്ടുപോകാന്‍ രൂപീകരിച്ച കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ കാര്യങ്ങള്‍ പറഞ്ഞതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് കമ്മിറ്റിയംഗമായ സുധീരന്‍ പറഞ്ഞുകഴിഞ്ഞു. അതുകൊണ്ടാണ് സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ പരസ്യമായി പ്രതികരിക്കേണ്ടിവരുന്നതെന്നും പറഞ്ഞു. ഇതുപോലെ കോണ്‍ഗ്രസ് നേതൃത്വത്തിലെ ഭൂരിഭാഗവും എംഎല്‍എമാരും കടുത്ത അമര്‍ഷത്തിലാണ്. ഒരു പൊട്ടിത്തെറി ഏതുനിമിഷവും പ്രതീക്ഷിക്കാം. പാര്‍ടിക്കകത്തും പ്രശ്നം രൂക്ഷമാണ്. പാര്‍ടി പുനഃസംഘടനയും ബോര്‍ഡ്-കോര്‍പറേഷന്‍ സ്ഥാനങ്ങളുടെ വീതംവയ്പും പൂര്‍ത്തിയാക്കാത്തത് പലരെയും നിരാശയിലാക്കുന്നു. കെ അച്യുതന്‍ എംഎല്‍എ കഴിഞ്ഞദിവസം പരസ്യമായി രംഗത്തിറങ്ങി. ടി എന്‍ പ്രതാപനും വി ഡി സതീശനും പലകാരണങ്ങളിലായി ഉടക്കിനില്‍ക്കുകയാണ്.

deshabhimani 211111

No comments:

Post a Comment