Friday, November 18, 2011

അതിവേഗ ട്രെയിന്‍ വന്നാല്‍ തിരു- കാസര്‍കോട് ഒന്നരമണിക്കൂര്‍

അതിവേഗ ട്രെയിന്‍ യാഥാര്‍ഥ്യമായാല്‍ തിരുവനന്തപുരത്തു നിന്നും കാസര്‍കോടെത്താന്‍ ഒന്നരമണിക്കൂര്‍ മതിയാകുമെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ഇ ശ്രീധരന്‍ പറഞ്ഞു. കണ്ണൂരില്‍ എ കെ നായര്‍ സ്മാരക പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിവേഗ ട്രെയിന്‍ സര്‍വീസിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉടന്‍ അനുമതി നല്‍കുമെന്നാണ് പ്രതീക്ഷ. സാധ്യതാപഠനം നടത്തി ഒരുലക്ഷം കോടിയുടെ പദ്ധതി സമര്‍പ്പിച്ചിട്ടുണ്ട്. യാഥാര്‍ഥ്യമായാല്‍ കേരളം സ്വപ്നതുല്യ വികസനത്തിലേക്ക് കുതിക്കും. ഒന്നരമണിക്കൂറിനകം ഇത്രയും ദൂരം പിന്നിടുന്ന ട്രെയിന്‍ സംവിധാനം സമ്പദ്വ്യവസ്ഥയിലും ഉണര്‍വുണ്ടാക്കും. 585 കിലോമീറ്ററിലാണ് അതിവേഗ റെയില്‍ ശൃംഖല സ്ഥാപിക്കുക. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍ , കോഴിക്കോട്, കണ്ണൂര്‍ നഗരങ്ങളില്‍ നിര്‍ത്തിയാലും ലക്ഷ്യത്തിലെത്താന്‍ രണ്ടുമണിക്കൂര്‍ മതി. അഞ്ചുമിനിറ്റ് ഇടവിട്ട് ട്രെയിന്‍ ഓടിച്ചാല്‍ ഈ സംവിധാനത്തിലൂടെ മണിക്കൂറില്‍ 15,000 പേര്‍ക്ക് കേരളത്തിന്റെ വടക്കേയറ്റത്തുനിന്ന് തെക്കെയറ്റത്ത് എത്താം. ഭൂഗര്‍ഭ റെയില്‍ സംവിധാനം ഉപയോഗിക്കുന്നതിനാല്‍ സ്ഥലം വന്‍തോതില്‍ ഏറ്റെടുക്കേണ്ടതില്ല. ജാപ്പനീസ് സാങ്കേതികവിദ്യയാണ് ഉപയോഗിക്കുക. അതിവേഗ ട്രെയിന്‍ സര്‍വീസിന് കോര്‍പറേഷന്‍ രൂപീകരിച്ചാല്‍ ചെലവിന്റെ 85 ശതമാനം ജപ്പാനില്‍നിന്ന് ലിങ്കേജ് വായ്പ നേടാം. ദശാംശം രണ്ടുശതമാനം പലിശയുള്ള ഇതിന്റെ തിരിച്ചടവ് പത്തുവര്‍ഷം കഴിഞ്ഞ് തുടങ്ങിയാല്‍ മതി. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് മൊത്തം ചെലവിന്റെ 15 ശതമാനം കണ്ടെത്തണം. സംസ്ഥാന സര്‍ക്കാരിന്റെ ബാധ്യത പതിനായിരം കോടിയായിരിക്കുമെന്നും ശ്രീധരന്‍ പറഞ്ഞു.

കണ്ണൂര്‍ - തിരൂര്‍ സബര്‍ബന്‍ ട്രെയിന്‍ സര്‍വീസിന്റെ സാധ്യതാപഠനം നടന്നു. സ്വകാര്യ- സര്‍ക്കാര്‍ പങ്കാളിത്തത്തോടെ നാലുവര്‍ഷത്തിനകം പൂര്‍ത്തിയാക്കാനാവും. തലശേരി- മൈസൂരു പാത യാഥാര്‍ഥ്യമാകണമെങ്കില്‍ ഒട്ടേറെ കടമ്പകളുണ്ട്. വിശദ പഠനം തയ്യാറാക്കിയിട്ടുണ്ടെങ്കിലും സാങ്കേതിക തടസ്സമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സും എ കെ നായര്‍ മെമ്മോറിയല്‍ എന്‍ഡോവ്മെന്റ് കമ്മിറ്റിയും ഏര്‍പ്പെടുത്തിയ പുരസ്കാരം ക്യാപ്റ്റന്‍ സി പി കൃഷ്ണന്‍ നായര്‍ ഇ ശ്രീധരന് സമ്മാനിച്ചു.

deshabhimani 181111

1 comment:

  1. അതിവേഗ ട്രെയിന്‍ യാഥാര്‍ഥ്യമായാല്‍ തിരുവനന്തപുരത്തു നിന്നും കാസര്‍കോടെത്താന്‍ ഒന്നരമണിക്കൂര്‍ മതിയാകുമെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ഇ ശ്രീധരന്‍ പറഞ്ഞു. കണ്ണൂരില്‍ എ കെ നായര്‍ സ്മാരക പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ReplyDelete