Saturday, December 24, 2011

കരുണാകരന്‍ വരച്ച ചിത്രം വിറ്റുകാശാക്കി


മുന്‍മുഖ്യമന്ത്രി കെ കരുണാകരന്‍ 70 വര്‍ഷംമുമ്പ് വരച്ച അത്യപൂര്‍വ ചിത്രങ്ങള്‍ ലളിതകലാ അക്കാദമി വിറ്റുകാശാക്കി. കരുണാകരന്റെ ഒന്നാം ചരമവര്‍ഷികദിനമായ വെള്ളിയാഴ്ച തലസ്ഥാനത്തെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് ചിത്രം ലേലംചെയ്തത്. തിരുവല്ല സ്വദേശികളായ രണ്ടു സമ്പന്നര്‍ക്കുവേണ്ടി തിരുവല്ല യിലെ അഡ്വ. പ്രേംകുമാറാണ് ഒരു ചിത്രം ലേലം കൊണ്ടത്. 5,10,000 രൂപയ്ക്കാണ് ഈ ചിത്രം വാങ്ങിയത്. അച്ഛന്റെ ചിത്രങ്ങള്‍ അന്യാധീനപ്പെട്ടുപോകുന്നതില്‍ മനംനൊന്ത മകള്‍ പത്മജ രണ്ടാമത്തെ ചിത്രം പണം കൊടുത്തു വാങ്ങാന്‍ തീരുമാനിച്ചു. ലക്ഷം രൂപ നല്‍കണമെന്ന് അക്കാദമി ആവശ്യപ്പെട്ടപ്പോള്‍ അച്ഛന്റെ ചിത്രത്തിന് വിലയിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അക്കാദമി ആഗ്രഹിക്കുന്നതിലും അധികം തുക നല്‍കുമെന്നും പത്മജ പറഞ്ഞു. ഈ ചിത്രത്തിന് ലേലം അനുവദിക്കാതെ അവര്‍ തന്നെ ചിത്രം വാങ്ങി. തലസ്ഥാനത്തു തന്നെ ഉണ്ടായിരുന്നെങ്കിലും മകന്‍ കെ മുരളീധരന്‍ ലേലത്തിന് എത്തിയില്ല.

ചിത്രകാരന്‍ കൂടിയായ കരുണാകരന്‍ തൃശൂര്‍ വൊക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (ഇന്നത്തെ ഫൈന്‍ ആര്‍ട്സ് കോളേജ്) വിദ്യാര്‍ഥിയായിരിക്കെയാണ് ഈ ചിത്രങ്ങള്‍ വരച്ചത്. വര്‍ഷങ്ങള്‍ക്കു മുമ്പ് കൈമോശം വന്ന ചിത്രങ്ങള്‍ ശേഖര്‍ അയ്യന്തോള്‍ എന്ന ചിത്രകാരനാണ് അക്കാദമിക്ക് കൈമാറിയത്. ഈ ചിത്രങ്ങള്‍ ഏതെങ്കിലും ആര്‍ട്ട് ഗാലറിയില്‍ സംരക്ഷിച്ച് പൊതുജനങ്ങള്‍ക്ക് കാണാന്‍ അവസരം നല്‍കുന്നതിനു പകരം വിറ്റുകാശാക്കുകയായിരുന്നു അക്കാദമി. ചിത്രകലാ വിദ്യാര്‍ഥികള്‍ക്ക് എന്‍ഡോവ്മെന്റ് നല്‍കാനെന്ന പേരിലാണ് അക്കാദമി ചിത്രങ്ങള്‍ വിറ്റത്. കരുണാകരന്റെ സ്മരണയ്ക്കായി എന്‍ഡോവ്മെന്റ് ഏര്‍പ്പെടുത്തണമെങ്കില്‍ സര്‍ക്കാരിന് സ്വന്തം നിലയില്‍ തന്നെ ഫണ്ടനുവദിക്കാന്‍ കഴിയും. ലക്ഷങ്ങള്‍ക്കുവേണ്ടി വിറ്റുതുലയ്ക്കേണ്ടിയിരുന്നില്ലെന്നാണ് കരുണാകരന്റെ അനുയായികളുടെ വികാരം. കോണ്‍ഗ്രസ് സര്‍ക്കാര്‍ തന്നെ ചിത്രം വിറ്റ് അദ്ദേഹത്തെ അപമാനിക്കുകയാണെന്നും ഇവര്‍ പറഞ്ഞു. ആദ്യചിത്രം സ്വന്തമാക്കിയവരുടെ പേര് തിരുവല്ലയില്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിക്കുമെന്ന് ലേലത്തിനുശേഷം അഡ്വ. പ്രേംകുമാര്‍ പറഞ്ഞു.

deshabhimani 241211

3 comments:

  1. മുന്‍മുഖ്യമന്ത്രി കെ കരുണാകരന്‍ 70 വര്‍ഷംമുമ്പ് വരച്ച അത്യപൂര്‍വ ചിത്രങ്ങള്‍ ലളിതകലാ അക്കാദമി വിറ്റുകാശാക്കി. കരുണാകരന്റെ ഒന്നാം ചരമവര്‍ഷികദിനമായ വെള്ളിയാഴ്ച തലസ്ഥാനത്തെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് ചിത്രം ലേലംചെയ്തത്. തിരുവല്ല സ്വദേശികളായ രണ്ടു സമ്പന്നര്‍ക്കുവേണ്ടി തിരുവല്ല യിലെ അഡ്വ. പ്രേംകുമാറാണ് ഒരു ചിത്രം ലേലം കൊണ്ടത്. 5,10,000 രൂപയ്ക്കാണ് ഈ ചിത്രം വാങ്ങിയത്. അച്ഛന്റെ ചിത്രങ്ങള്‍ അന്യാധീനപ്പെട്ടുപോകുന്നതില്‍ മനംനൊന്ത മകള്‍ പത്മജ രണ്ടാമത്തെ ചിത്രം പണം കൊടുത്തു വാങ്ങാന്‍ തീരുമാനിച്ചു. ലക്ഷം രൂപ നല്‍കണമെന്ന് അക്കാദമി ആവശ്യപ്പെട്ടപ്പോള്‍ അച്ഛന്റെ ചിത്രത്തിന് വിലയിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അക്കാദമി ആഗ്രഹിക്കുന്നതിലും അധികം തുക നല്‍കുമെന്നും പത്മജ പറഞ്ഞു. ഈ ചിത്രത്തിന് ലേലം അനുവദിക്കാതെ അവര്‍ തന്നെ ചിത്രം വാങ്ങി. തലസ്ഥാനത്തു തന്നെ ഉണ്ടായിരുന്നെങ്കിലും മകന്‍ കെ മുരളീധരന്‍ ലേലത്തിന് എത്തിയില്ല.

    ReplyDelete
  2. ബാലരാമപുരം: കോണ്‍ഗ്രസ് നേതാവ് കെ കരുണാകരനോട് അനാദരവ്. കരുണാകരന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ദേശീയപാതയില്‍ ബാലരാമപുരം പൊലീസ് സ്റ്റേഷന്‍ മതിലില്‍ ത്രിവര്‍ണ പതാക വച്ചശേഷം തറയില്‍ അദ്ദേഹത്തിന്റെ ചിത്രം വച്ച് ഒരു പഴയ തുണി വിരിച്ച് പൂവ് വിതറി ഹാരവും വച്ചു. ചിത്രം വയ്ക്കാന്‍ ഒരു സ്റ്റൂള്‍പോലും വച്ചില്ലെന്ന് ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ പരാതിപ്പെട്ടു. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും മറ്റും സ്ഥാനമാനങ്ങള്‍ നേടിയവര്‍ ഈ ചടങ്ങില്‍നിന്ന് വിട്ടുനിന്നതായും പരാതി. കരുണാകരന്റെ ചിത്രം തറയില്‍ അനാഥമായിവച്ച് അനാദരവ് കാട്ടിയതിനെതിരെ ചില കോണ്‍ഗ്രസുകാര്‍ കെപിസിസിക്കും ഡിസിസിക്കും പരാതി നല്‍കി. പൊലീസ് സ്റ്റേഷന്റെ ബോര്‍ഡിനോട് ചേര്‍ത്ത് കരുണാകരന്റെ മറ്റൊരു ബോര്‍ഡ് വച്ച് സ്റ്റേഷന്റെ ബോര്‍ഡ് മറച്ചതും വിവാദമായി.

    ReplyDelete
  3. കെ കരുണാകരന്റെ ഒന്നാം ചരമവാര്‍ഷികം കഴിഞ്ഞതോടെ കോണ്‍ഗ്രസിലെ ഗ്രൂപ്പിസം മറനീക്കി കൂടുതല്‍ ശക്തമായി. വരുംദിവസങ്ങളില്‍ എ, ഐ ഗ്രൂപ്പുപോര് വന്‍ പൊട്ടിത്തെറിയിലേക്ക് നീങ്ങുമെന്നാണ് സൂചന. വെള്ളിയാഴ്ച തൃശൂരില്‍ ഡിസിസി ആഭിമുഖ്യത്തില്‍ നടന്ന കരുണാകരന്‍ അനുസ്മരണം പുതിയ വിവാദങ്ങള്‍ക്കാണ് വഴിവച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കെപിസിസി പ്രസിഡന്റിനുമെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചതിനെത്തുടര്‍ന്ന് കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയ മുന്‍മന്ത്രി കെ കെ രാമചന്ദ്രന്‍മാസ്റ്ററെ അനുസ്മരണയോഗത്തില്‍ പ്രസംഗിപ്പിച്ചതാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിവച്ചത്. അനുസ്മരണയോഗത്തില്‍ പങ്കെടുത്ത കെ കെ രാമചന്ദ്രനെ പ്രസംഗിപ്പിച്ച ഡിസിസി പ്രസിഡന്റ് വി ബാലറാമിന്റെ നടപടി ഗുരുതരമായ പാര്‍ടി അച്ചടക്കലംഘനമാണെന്ന് ഡിസിസി വൈസ് പ്രസിഡന്റുമാരും എ ഗ്രൂപ്പുനേതാക്കളുമായ പി എ മാധവന്‍ എംഎല്‍ , ഒ അബ്ദുള്‍റഹ്മാന്‍കുട്ടി എന്നിവര്‍ പറഞ്ഞു. കെ കെ രാമചന്ദ്രന്‍ ഉന്നയിച്ച ആരോപണങ്ങള്‍ , കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ തെരഞ്ഞെടുപ്പുവിജയത്തെ പ്രതികൂലമായി ബാധിച്ചതാണെന്ന് ഇരുവരും ചൂണ്ടിക്കാട്ടി. ഡിസിസി പ്രസിഡന്റിനെതിരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനും കെപിസിസി നേതൃത്വത്തിനും പരാതി അയക്കുമെന്നും ഇവര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കുന്നതില്‍ ഡിസിസിയുടെയോ യുഡിഎഫിന്റെയോ യോഗം വിളിച്ചില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ എ ഗ്രൂപ്പിനെ ഇല്ലാതാക്കാന്‍ ഉദ്ദേശിച്ചുള്ള വിശാല ഐ ഗ്രൂപ്പിന്റെ നടപടി പ്രതിഷേധം ശക്തമാക്കുമെന്ന് എ ഗ്രൂപ്പ് വക്താവ് അറിയിച്ചു. അതേസമയം എ ഗ്രൂപ്പിന്റെ ജല്‍പ്പനങ്ങളെ വിലമതിക്കില്ലെന്ന് ഐ ഗ്രൂപ്പ് വൃത്തങ്ങള്‍ പറഞ്ഞു.കരുണാകരന്‍ വിഭാഗംകൂടി വിശാല ഐ ഗ്രൂപ്പില്‍ വന്നതോടെ ജില്ലയില്‍ എ ഗ്രൂപ്പ് അപ്രസക്തമായെന്ന് ഐ ഗ്രൂപ്പ് കരുതുന്നു.

    ReplyDelete