Thursday, December 22, 2011

എം കെ സാനുവിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം


പ്രമുഖ സാഹിത്യനിരൂപകനും ജീവചരിത്രകാരനുമായ പ്രൊഫ. എം കെ സാനുവിന് 2011ലെ കേന്ദ്ര സാഹിത്യഅക്കാദമി പുരസ്കാരം. "ബഷീര്‍ : ഏകാന്തവീഥിയിലെ അവധൂതന്‍" എന്ന ജീവചരിത്രഗ്രന്ഥത്തിനാണ് അംഗീകാരം. മലയാളസാഹിത്യനിരൂപണത്തിനും ജീവചരിത്രരചനയ്ക്കും അനവദ്യസുന്ദരമായ സര്‍ഗാത്മകഭാവം നല്‍കിയ എഴുത്തുകാരനാണ് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരംകൊണ്ട് ആദരിക്കപ്പെട്ട സാനുമാഷ്. ശ്രീനാരായണഗുരു, സഹോദരന്‍ അയ്യപ്പന്‍ , കുമാരനാശാന്‍ , ചങ്ങമ്പുഴ, വൈലോപ്പിള്ളി, പികെ ബാലകൃഷ്ണന്‍ , തുടങ്ങിയ മഹാരഥന്മാരുടെ ജീവചരിത്രം മലയാളസാഹിത്യത്തിലെ എക്കാലത്തെയും ഈടുറ്റ ഗ്രന്ഥങ്ങളാണ്. ഈ വര്‍ഷം ലഭിക്കുന്ന നാലാമത്തെ അവാര്‍ഡാണ് കേന്ദ്രസാഹിത്യ അക്കാദമിയുടേത്.

എന്നും പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്കൊപ്പം അചഞ്ചലമായി നിലയുറപ്പിച്ചിട്ടുള്ള സാനുമാഷ് വൈലോപ്പിള്ളിക്കുശേഷം പുരോഗമനകലാസാഹിത്യ സംഘത്തിന്റെ അമരക്കാരനായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. 1987ല്‍ എറണാകുളത്തുനിന്ന് എംഎല്‍എയുമായി. അക്കിത്തം, സച്ചിദാനന്ദന്‍ , സാറ ജോസഫ് എന്നിവരുള്‍പ്പെട്ട ജൂറിയാണ് മലയാളവിഭാഗത്തില്‍ പുരസ്കാരജേതാവിനെ തെരഞ്ഞെടുത്തത്. തമിഴ് വിഭാഗത്തില്‍ പ്രമുഖ യുവകവിയും നോവലിസ്റ്റുമായ സു വെങ്കടേശനാണ് (39) പുരസ്കാരം. "കാവല്‍കൊട്ടം" എന്ന ആദ്യനോവലാണ് പുരസ്കാരത്തിന് അര്‍ഹമായത്. സിപിഐ എം മധുര ജില്ലാ സെക്രട്ടറിയറ്റ് അംഗമായ വെങ്കടേശന്‍ മുഴുവന്‍സമയ രാഷ്ട്രീയ-സാംസ്കാരിക പ്രവര്‍ത്തകനാണ്. അക്കാദമിയുടെ ചരിത്രത്തില്‍ ആദ്യമായാണ് എഴുത്തുകാരന്റെ കന്നി നോവലിന് പുരസ്കാരം നല്‍കുന്നത്.

സഹൃദയരോടുള്ള കടപ്പാട് വര്‍ധിച്ചു: എം കെ സാനു

കൊച്ചി: "അംഗീകാരം, ഏത് എഴുത്തുകാരനുമെന്നതുപോലെ തനിക്കും സന്തോഷം നല്‍കുന്നു. സഹൃദയരോടുള്ള കടപ്പാട് വര്‍ധിക്കുകയാണ്"- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരനിറവിലും സാനു മാഷ് വിനയാന്വിതനായി. അമിത ആഹ്ലാദമോ ആവേശമോ ഇല്ല. കുറഞ്ഞ വാക്കില്‍ ലളിതഭാഷയില്‍ അദ്ദേഹം മനസ്സു തുറന്നു. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് വിവരം അറിഞ്ഞതുമുതല്‍ എറണാകുളം കാരിക്കാമുറി ക്രോസ്റോഡിലുള്ള "സന്ധ്യ"യില്‍ തിരക്കോടു തിരക്ക്. നിര്‍ത്താതെ അടിക്കുന്ന ടെലിഫോണ്‍ , മാധ്യമപ്പടയുടെ തള്ളിക്കയറ്റം, സുഹൃത്തുക്കളുടെയും ശിഷ്യഗണങ്ങളുടെയും അഭിനന്ദനപ്രവാഹം, മാധ്യമങ്ങള്‍ക്ക് അഭിമുഖം... നേരിട്ടെത്തിയവരോടും ടെലിഫോണിലെ നല്ല വാക്കുകള്‍ക്കും ഹൃദയത്തില്‍ചാലിച്ച നന്ദിവാക്ക്.

"വായനക്കാര്‍ തന്നില്‍നിന്ന് ഇനിയും പ്രതീക്ഷിക്കുന്നു. ഈ അവാര്‍ഡ് അവരോടുള്ള ഉത്തരവാദിത്തം വര്‍ധിപ്പിക്കുകയാണ്" അദ്ദേഹം പറഞ്ഞു. അവാര്‍ഡ്കൃതിയായ "ബഷീര്‍ - ഏകാന്തവീഥിയിലെ അവധൂത"നെക്കുറിച്ചും സാനുമാഷ് വിവരിച്ചു. വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവചരിത്രമാണത്. മലയാളത്തിലെ വേര്‍തിരിഞ്ഞുനില്‍ക്കുന്ന എഴുത്തുകാരനാണദ്ദേഹം. എറണാകുളം ടിബി റോഡിലെ ബഷീറിന്റെ ബുക്ക്സ്റ്റാള്‍ സൗഹൃദങ്ങളുടെ വിശാലലോകമായിരുന്നു. നര്‍മരസംനിറഞ്ഞ സംഭാഷണശകലങ്ങള്‍കൊണ്ട് ലോകത്തെയാകെ തന്നിലേക്കടുപ്പിച്ച ആത്മസുഹൃത്തായിരുന്നു ബഷീര്‍ . അവാര്‍ഡ് ലബ്ദി കൂടുതല്‍പേരെ ബഷീര്‍കൃതികള്‍ വായിക്കാനും പഠിക്കാനും പ്രേരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

deshabhimani 221211

2 comments:

  1. പ്രമുഖ സാഹിത്യനിരൂപകനും ജീവചരിത്രകാരനുമായ പ്രൊഫ. എം കെ സാനുവിന് 2011ലെ കേന്ദ്ര സാഹിത്യഅക്കാദമി പുരസ്കാരം. "ബഷീര്‍ : ഏകാന്തവീഥിയിലെ അവധൂതന്‍" എന്ന ജീവചരിത്രഗ്രന്ഥത്തിനാണ് അംഗീകാരം. മലയാളസാഹിത്യനിരൂപണത്തിനും ജീവചരിത്രരചനയ്ക്കും അനവദ്യസുന്ദരമായ സര്‍ഗാത്മകഭാവം നല്‍കിയ എഴുത്തുകാരനാണ് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരംകൊണ്ട് ആദരിക്കപ്പെട്ട സാനുമാഷ്. ശ്രീനാരായണഗുരു, സഹോദരന്‍ അയ്യപ്പന്‍ , കുമാരനാശാന്‍ , ചങ്ങമ്പുഴ, വൈലോപ്പിള്ളി, പികെ ബാലകൃഷ്ണന്‍ , തുടങ്ങിയ മഹാരഥന്മാരുടെ ജീവചരിത്രം മലയാളസാഹിത്യത്തിലെ എക്കാലത്തെയും ഈടുറ്റ ഗ്രന്ഥങ്ങളാണ്. ഈ വര്‍ഷം ലഭിക്കുന്ന നാലാമത്തെ അവാര്‍ഡാണ് കേന്ദ്രസാഹിത്യ അക്കാദമിയുടേത്.

    ReplyDelete
  2. Dear Com I do not follow Malayalam script of all. but this may be related to Sahitya Akademi award for Su Venkatesan's novel Kaval Kottam. Tamil prohamana sangaththude general secretaryyaanu sakhaavu:)

    ReplyDelete