Thursday, December 22, 2011

ഈ നഷ്ടത്തിന് ആര് മറുപടി പറയും

പതിറ്റാണ്ടുകളായി കേരളത്തിലെ സര്‍ക്കാര്‍ആശുപത്രികളില്‍ മരുന്ന് സംഭരണവും വിതരണവും കുത്തഴിഞ്ഞ നിലയിലായിരുന്നു. ഈ അവസ്ഥയ്ക്ക് ശാശ്വതമായി പരിഹാരം കാണുന്നതിനും മരുന്ന് വിതരണം കാര്യക്ഷമമാക്കുന്നതിനും അഴിമതിയും ക്രമക്കേടും അവസാനിപ്പിക്കുന്നതിനുമാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ രൂപീകരിച്ചത്. പ്രകടനപത്രികയില്‍ ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയതനുസരിച്ച് അയല്‍സംസ്ഥാനമായ തമിഴ്നാട് മാതൃകയില്‍ കോര്‍പറേഷന്‍ രൂപീകരിക്കുകയും തികച്ചും സുതാര്യവും അഴിമതിരഹിതവും കാര്യക്ഷമവുമായി മരുന്ന് വിതരണം നടത്താന്‍ കഴിയുമെന്ന് തെളിയിക്കുകയും ചെയ്തു. 2007ല്‍ കോര്‍പറേഷന്‍ നിലവില്‍ വന്ന് ആദ്യ വര്‍ഷത്തെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 20 മുതല്‍ 30 ശതമാനം വരെ കുറഞ്ഞ വിലയ്ക്ക് മരുന്ന് ലഭിച്ചു. പൊതുവിപണിയില്‍ 100 ശതമാനംവരെ വില ഉയര്‍ന്ന കാലഘട്ടത്തിലായിരുന്നു ഈ വിലക്കുറവ്. തുടര്‍ന്ന് കഴിഞ്ഞ നാല് വര്‍ഷവും കാര്യമായ വിലവര്‍ധന ഇല്ലാതെ മരുന്ന് സംഭരിക്കാനായി. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുക്ഷാമം എന്നത് പഴങ്കഥയായി. എന്നാല്‍ , ഈ സാമ്പത്തിക വര്‍ഷം ഇതാ 40 കോടി രൂപയിലേറെ അധികവില നല്‍കേണ്ടിവന്നിരിക്കുന്നു.

പൊതുവിപണിയിലാകട്ടെ, പെട്ടെന്ന് അങ്ങനെ മരുന്നിന് വില വര്‍ധിച്ചിട്ടുമില്ല. എന്നിട്ടും ഇതെങ്ങനെ സംഭവിച്ചു? ആരാണ് ഇതിന് ഉത്തരവാദികള്‍ ? അനാവശ്യമായ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് ടെന്‍ഡര്‍ നടപടികളില്‍ മത്സരം കുറഞ്ഞതാണ് മരുന്നുവില വര്‍ധിക്കാന്‍ കാരണം. വന്‍കിട മരുന്നുകമ്പനികളുമായി ഒത്തുകളിച്ച് ചെറുകിട ഉല്‍പ്പാദകരെ പടിക്ക് പുറത്താക്കിയതും വില വര്‍ധിക്കാന്‍ ഇടയായി. ഇതിന് ബന്ധപ്പെട്ടവര്‍ കേരളജനതയോട് മറുപടി പറയേണ്ടതുണ്ട്. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ അപേക്ഷിച്ച് ഈ സാമ്പത്തികവര്‍ഷം 183 ഇനം മരുന്നുകള്‍ക്ക് അധികവില നല്‍കേണ്ടിവരുമെന്ന് ഇതുവരെയുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. ആകെ 620 ഇനം മരുന്നുകള്‍ വാങ്ങുന്നതിനാണ് ഈ സാമ്പത്തിക വര്‍ഷം ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചത്. ഇതില്‍ മൂന്നിലൊന്നോളം മരുന്നുകള്‍ക്ക് വില കൂടുതല്‍ നല്‍കേണ്ടിവരുന്നു. നൂറിലേറെ ഇനങ്ങളുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. ഈ ടെന്‍ഡറില്‍ പങ്കെടുത്ത കമ്പനികള്‍ മുന്‍വര്‍ഷത്തേക്കാള്‍ 100 ശതമാനത്തില്‍ കൂടുതലാണ് വില ക്വോട്ട് ചെയ്തത്. ഇതുകൂടി കണക്കാക്കിയാല്‍ ഖജനാവില്‍നിന്ന് ചോരുന്നത് 50 കോടി കവിയുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 166.44 കോടി രൂപയുടെ മരുന്നും അനുബന്ധ ഉപകരണങ്ങളുമാണ് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ വാങ്ങിയത്. അത്രയും അളവില്‍ മരുന്ന് വാങ്ങണമെങ്കില്‍ 210 കോടി രൂപയിലധികം വേണ്ടിവരും. എന്നാല്‍ , ധനവകുപ്പ് ഇത്രയും തുക നല്‍കുമോ എന്ന ചോദ്യവും ഉയരുന്നു. നിലവിലുള്ള സ്ഥിതി അനുസരിച്ച് 160 കോടി രൂപയിലധികം ധനവകുപ്പ് ആരോഗ്യവകുപ്പിന് നല്‍കാനിടയില്ല. ഇതോടെ ഈ സാമ്പത്തികവര്‍ഷത്തെ അവസാനപാദത്തിലേക്കുള്ള മരുന്ന് വാങ്ങാന്‍ കോര്‍പറേഷന് കഴിയാതാകും. ഇത് വീണ്ടും സര്‍ക്കാര്‍ ആശുപത്രികളിലേക്കുള്ള മരുന്ന് വിതരണം താറുമാറാക്കും.

ടെന്‍ഡര്‍ നടപടികള്‍ വൈകിയതിനെത്തുടര്‍ന്ന് ഈ സാമ്പത്തികവര്‍ഷം ആദ്യംമുതല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ജീവന്‍രക്ഷാമരുന്നിന് കടുത്ത ക്ഷാമമാണ് അനുഭവപ്പെട്ടത്. ശസ്ത്രക്രിയാ നൂല്‍പോലും കിട്ടാതെ രോഗികള്‍ വലഞ്ഞു. എലിപ്പനി വന്ന് രോഗികള്‍ കൂട്ടത്തോടെ മരിച്ചുവീണപ്പോള്‍ പനിബാധിതര്‍ക്ക് നല്‍കേണ്ടുന്ന ആന്റിബയോട്ടിക്കുകള്‍പോലും മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ ഉണ്ടായിരുന്നില്ല. സാമ്പത്തികവര്‍ഷം അവസാനിപ്പിക്കാന്‍ മൂന്നുമാസം മാത്രമേ ഉള്ളൂവെങ്കിലും ഇപ്പോഴും മരുന്നുവിതരണം സാധാരണ നിലയില്‍ ആയിട്ടില്ല. എല്‍ഡിഎഫ് ഭരണകാലത്ത് പകര്‍ച്ചപ്പനിയുണ്ടായപ്പോള്‍ ഹര്‍ത്താല്‍ നടത്തിയ യുഡിഎഫ് അധികാരത്തിലെത്തിയതോടെ നിറംമാറി. സര്‍ക്കാര്‍ ആശുപത്രികളില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നല്ലനിലയില്‍ നടന്നുവരുന്ന മരുന്ന് സംഭരണവും വിതരണവും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ പൂര്‍ണമായും താറുമാറായിട്ടും മുഖ്യമന്ത്രിയോ വകുപ്പു മന്ത്രിയോ അനങ്ങുന്നില്ല. അതേസമയം, പൊതുവിപണിയിലെ മരുന്ന് വില നിയന്ത്രിക്കാന്‍ ഇടപെടുമെന്ന് ഇടയ്ക്കിടെ പ്രഖ്യാപിക്കുന്നുമുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍പോലും കൃത്യമായി മരുന്ന് വിതരണംചെയ്യാന്‍ കഴിയാത്തവര്‍ക്ക് ഇതിന് കഴിയുമോ എന്നത് കാലം തെളിയിക്കേണ്ടിയിരിക്കുന്നു. മരുന്നു വില നിയന്ത്രിക്കാന്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ മുഖേന ഔട്ട്ലെറ്റുകള്‍ തുടങ്ങുമെന്ന് മന്ത്രിയും കോര്‍പറേഷന്‍ എംഡിയും ഇടയ്ക്കിടെ പറയുന്നുണ്ട്. ഇവര്‍ ആദ്യം സര്‍ക്കാര്‍ ആശുപത്രികളിലെങ്കിലും കാര്യക്ഷമമായി മരുന്ന് വിതരണംചെയ്യാന്‍ നടപടി സ്വീകരിക്കുകയാണ് വേണ്ടത്. കൂടാതെ ഔട്ട്ലെറ്റുകള്‍ തുടങ്ങണമെങ്കില്‍ കോര്‍പറേഷന്‍ ബൈലോ ഭേദഗതിചെയ്യണം. അതുപോലും ചെയ്യാതെയാണ് പ്രഖ്യാപനങ്ങള്‍ നടത്തുന്നത്.

പൊതുവിപണിയിലെ മരുന്നു വില നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിചാരിച്ചാലേ സാധിക്കൂ. എന്നാല്‍ , വിലനിയന്ത്രണ പട്ടികയില്‍നിന്ന് കൂടുതല്‍ മരുന്നുകളെ ഒഴിവാക്കിക്കൊണ്ട് കമ്പനികള്‍ക്ക് രോഗികളെ കൊള്ളയടിക്കാന്‍ അവസരമൊരുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ . ഈ നയത്തില്‍ മാറ്റം വരുത്താതെ ഏതാനും മരുന്നുകമ്പനികളെ വിളിച്ചുവരുത്തി ചര്‍ച്ച നടത്തി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിലകുറയ്ക്കുമെന്ന് പ്രഖ്യാപിച്ചതുകൊണ്ട് കാര്യമില്ല; വില കുറയില്ല. ചുരുങ്ങിയപക്ഷം സര്‍ക്കാര്‍ ആശുപത്രികളിലെങ്കിലും കുറഞ്ഞ വിലയ്ക്ക് മരുന്ന് ലഭ്യമാക്കാനുള്ള അവസരം ഇല്ലാതാക്കിയതിന് സര്‍ക്കാര്‍ ഉത്തരം പറയണം. പഴയ സെന്‍ട്രല്‍ പര്‍ച്ചേസ് സംവിധാനത്തിലേക്ക് കോര്‍പറേഷനെ തള്ളിവിടാനാണോ യുഡിഎഫ് സര്‍ക്കാരിന്റെ ശ്രമമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അന്ന് ഈ മേഖലയില്‍ നടന്ന തീവെട്ടിക്കൊള്ള ജനങ്ങള്‍ മറന്നിട്ടില്ല. മരുന്നുക്ഷാമം രൂക്ഷമാകുന്നതോടെ ആതുര ചികിത്സാ രംഗവും പഴയ പടിയാകുമോ എന്ന ആശങ്ക ഉയരുകയാണ്. ഈ ആശങ്കയ്ക്ക് അറുതി വരുത്താന്‍ ഉമ്മന്‍ചാണ്ടിസര്‍ക്കാരിന് ബാധ്യതയുണ്ട്.

deshabhimani editorial 221211

1 comment:

  1. പതിറ്റാണ്ടുകളായി കേരളത്തിലെ സര്‍ക്കാര്‍ആശുപത്രികളില്‍ മരുന്ന് സംഭരണവും വിതരണവും കുത്തഴിഞ്ഞ നിലയിലായിരുന്നു. ഈ അവസ്ഥയ്ക്ക് ശാശ്വതമായി പരിഹാരം കാണുന്നതിനും മരുന്ന് വിതരണം കാര്യക്ഷമമാക്കുന്നതിനും അഴിമതിയും ക്രമക്കേടും അവസാനിപ്പിക്കുന്നതിനുമാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ രൂപീകരിച്ചത്. പ്രകടനപത്രികയില്‍ ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയതനുസരിച്ച് അയല്‍സംസ്ഥാനമായ തമിഴ്നാട് മാതൃകയില്‍ കോര്‍പറേഷന്‍ രൂപീകരിക്കുകയും തികച്ചും സുതാര്യവും അഴിമതിരഹിതവും കാര്യക്ഷമവുമായി മരുന്ന് വിതരണം നടത്താന്‍ കഴിയുമെന്ന് തെളിയിക്കുകയും ചെയ്തു. 2007ല്‍ കോര്‍പറേഷന്‍ നിലവില്‍ വന്ന് ആദ്യ വര്‍ഷത്തെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 20 മുതല്‍ 30 ശതമാനം വരെ കുറഞ്ഞ വിലയ്ക്ക് മരുന്ന് ലഭിച്ചു. പൊതുവിപണിയില്‍ 100 ശതമാനംവരെ വില ഉയര്‍ന്ന കാലഘട്ടത്തിലായിരുന്നു ഈ വിലക്കുറവ്. തുടര്‍ന്ന് കഴിഞ്ഞ നാല് വര്‍ഷവും കാര്യമായ വിലവര്‍ധന ഇല്ലാതെ മരുന്ന് സംഭരിക്കാനായി. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുക്ഷാമം എന്നത് പഴങ്കഥയായി. എന്നാല്‍ , ഈ സാമ്പത്തിക വര്‍ഷം ഇതാ 40 കോടി രൂപയിലേറെ അധികവില നല്‍കേണ്ടിവന്നിരിക്കുന്നു.

    ReplyDelete