"ദം മാരൊ ദം മിട്ട് ജായേ ഖം..." ഒരുകാലത്ത് ബോളിവുഡും സിനിമാപ്രേമികളും ഏറ്റു പാടി അനശ്വരമാക്കിയ പാട്ട്. ആ പാട്ടും പാടി ആരെയും മയക്കുന്ന ചിരിയും പ്രണയാതുരമായ നോട്ടവുമായി തല അല്‍പം ചരിച്ച്, ചൂണ്ടുവിരല്‍ ഉയര്‍ത്തിപ്പിടിച്ച് വിറച്ചു വിറച്ച് നടക്കുന്നതുപോലുള്ള നൃത്തവുമായി പ്രേക്ഷകമനസ്സില്‍ ചേക്കേറിയ നിത്യഹരിത പ്രണയ നായകന്‍ - ധരംദേവ് പിഷോരിമല്‍ ആനന്ദ് എന്ന ദേവാനന്ദ്. ഒരു കാലത്ത് ഇന്ത്യന്‍ യുവതയുടെ ആവേശവും ആരാധനാപാത്രവുമായിരുന്നു ദേവാനന്ദ്. സിനിമാഭ്രാന്ത് മൂത്ത് മുംബൈയില്‍ എത്തിയതായിരുന്നു ദേവാനന്ദും. സൈന്യത്തില്‍ ചേര്‍ന്നെങ്കിലും സിനിമാമോഹം വിട്ടുപോയില്ല. ഇന്ത്യന്‍ പീപ്പിള്‍സ് തിയേറ്റര്‍ അസോസിയേഷനിലെ കലാപ്രവര്‍ത്തനം നല്‍കിയ ആത്മവിശ്വാസവും കൂട്ടിനുണ്ടായിരുന്നു. നിത്യഹരിതനായകനായ അദ്ദേഹം ക്യാമറയ്ക്കു മുന്നിലും പിന്നിലും ഒരുപോലെ പേര് പതിപ്പിച്ചു. ഒരുപാട് താരറാണിമാരുടെ കാമുകനായി.
തകര്‍ച്ചയോടെയായിരുന്നു ദേവാനന്ദിന്റെ അരങ്ങേറ്റം. ആദ്യ ചിത്രമായ ഹം ഏക് ഹെ (1946) ബോക്സ് ഓഫിസില്‍ തകര്‍ന്നു. എങ്കിലും ബോളിവുഡില്‍ തന്റെ സാന്നിധ്യമറിയിക്കാന്‍ ഒറ്റച്ചിത്രംകൊണ്ട് ദേവാനന്ദിനു കഴിഞ്ഞു. ആദ്യ സിനിമയുടെ ചിത്രീകരണത്തിനിടെ ദേവാനന്ദ്, ഗുരുദത്തുമായി സൗഹൃദം സ്ഥാപിച്ചതാണ് വഴിത്തിരിവായത്. "സിദ്ധി"യിലൂടെ അശോക്കുമാറാണ് ദേവാനന്ദിനെ നായകപദവിലേക്കുയര്‍ത്തിയത്. അടുത്തവര്‍ഷം തന്നെ നവ്കേതന്‍ എന്ന കമ്പനി രൂപീകരിച്ച് നിര്‍മാണത്തിലേക്ക് കടന്നു. തുടര്‍ന്നുള്ള നാലു പതിറ്റാണ്ട് ഒട്ടനവധി പ്രഗത്ഭരോടൊപ്പം എണ്ണമറ്റ സിനിമകള്‍ക്ക് അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ചു. അതിമധുരങ്ങളായ ഗാനങ്ങളാണ് ദേവാനന്ദ് ചിത്രങ്ങളുടെ പ്രധാന പ്രത്യേകത. മുഹമ്മദ് റഫി, കിഷോര്‍കുമാര്‍ എന്നീ ഗായകരും ശങ്കര്‍ ജയ്കിഷന്‍ , ഒ പി നയ്യാര്‍ , കല്യാണ്‍ജി ആനന്ദ്ജി, എസ് ഡി ബര്‍മന്‍ , ആര്‍ ഡി ബര്‍മന്‍ തുടങ്ങിയ സംഗീതസംവിധായകരും ദേവാനന്ദിന്റെ ചിത്രങ്ങള്‍ക്കായി അനശ്വര ഗാനങ്ങളൊരുക്കി. സിനിമാകുടുംബത്തിലെ മൂന്ന് ആനന്ദ് സഹോദരന്‍മാരില്‍ തലയെടുപ്പ് ദേവാനന്ദിന് തന്നെ. ചേതന്‍ ആനന്ദും വിജയ് ആനന്ദും ശ്രദ്ധേയ സംവിധായകരായിരുന്നു. ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള സിനിമാക്കാരനായ തുടരുമ്പോഴും തുറന്ന രാഷ്ട്രീയാഭിമുഖ്യം പ്രകടിപ്പിക്കാന്‍ തയ്യാറായ അപൂര്‍വം കലാകാരന്‍മാരില്‍ ഒരാളാണ് ദേവാനന്ദ്. ഇന്ദിരാഗാന്ധി നടപ്പാക്കിയ അടിയന്തരാവസ്ഥയെ തുറന്നെതിര്‍ത്ത അദ്ദേഹം പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ പരസ്യ പ്രചാരണത്തിനിറങ്ങി. അഭ്രപാളിയില്‍ ആറര പതിറ്റാണ്ട് തിളങ്ങിയ ദേവാനന്ദ് തിരശ്ശീലയ്ക്കു പിന്നിലേക്ക് മറഞ്ഞെങ്കിലും നിത്യഹരിത നായകന്‍ എന്നവിശേഷണം അദ്ദേഹത്തിന്റെ പേരിനൊപ്പം എക്കാലവും ഉണ്ടായിരിക്കും.
(വന്ദന കൃഷ്ണ)
പ്രണയനായകന്റെ തകര്‍ന്ന പ്രണയം
ബോളിവുഡിലെ പ്രണയനായകനായി തകര്‍ത്തഭിനയിച്ച ദേവാനന്ദിന് ജീവിതത്തില്‍ സ്വന്തം പ്രണയത്തെ മതപരമായ എതിര്‍പ്പുമൂലം കുഴിച്ചുമൂടേണ്ടി വന്നു. ബോളിവുഡ് ആഘോഷിച്ച ഒന്നായിരുന്നു ദേവ്-സുരയ്യ പ്രണയം. ഒന്നിച്ചഭിനയിച്ച ആദ്യ ചിത്രത്തില്‍ തന്നെ ഇരുവരും പ്രണയബദ്ധരായി. വിദ്യ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ ആയിരുന്നു ഇവരുടെ ആദ്യ കണ്ടുമുട്ടല്‍ . മുംബൈയിലെ സെന്‍ട്രല്‍ സ്റ്റുഡിയോയില്‍ ഷൂട്ടിങ് തുടങ്ങി കുറച്ച് ദിവസംകഴിഞ്ഞപ്പോള്‍ അപരിചിതനായ ചെറുപ്പക്കാരന്‍ ഒരു മൂലയില്‍ ഒറ്റയ്ക്കിരിക്കുന്നത് സുരയ്യയുടെ ശ്രദ്ധയില്‍പെട്ടു. പല ചെറുപ്പക്കാരെയും സിനിമാലോകത്ത് പരിചയപ്പെട്ടിട്ടുണ്ടെങ്കിലും ദേവാനന്ദ് അവരില്‍നിന്നൊക്കെ വ്യത്യസ്തനാണെന്ന് സുരയ്യയ്ക്ക് തോന്നി. "വിദ്യ"യുടെ സംവിധായകന്‍ ജി ത്രിവേദിയാണ് പുതിയ നായകനെ പരിചയപ്പെടുത്തിക്കൊടുത്തത്. വിദ്യാസമ്പന്നനും പക്വമതിയും സുമുഖനുമായ വ്യക്തി- അതായിരുന്നു ആ ചെറുപ്പക്കാരനെക്കുറിച്ചുള്ള സുരയ്യയുടെ ആദ്യ വിലയിരുത്തല്‍ . പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിയ നടി എന്ന നിലയില്‍ തന്റെ സാന്നിധ്യം അയാളില്‍ ആദരവ് കലര്‍ന്ന ഒരു ഭയമാണുണ്ടാക്കിയതെന്ന് സുരയ്യ പിന്നീട് പറഞ്ഞു.
ആദ്യസിനിമയുടെ ഗാനചിത്രീകരണത്തിനിടെ അവര്‍ പ്രണയിച്ചു തുടങ്ങി. വിദ്യ, ജീത്ത്, ഷെയര്‍ , അഫ്സര്‍ , നിലി, ദേ സിതാരെ, സനം തുടങ്ങി ഏഴോളം ചിത്രങ്ങളില്‍ ഇരുവരും നായികാ നായകന്മാരായി. ചിത്രങ്ങളെല്ലാം വന്‍വിജയങ്ങളായിരുന്നു. ഇതോടെ പ്രണയം ദൃഢമായി. യാഥാസ്ഥിതിക മുസ്ലിം കുടുംബത്തില്‍നിന്നുള്ള പെണ്‍കുട്ടിയായിരുന്നു സുരയ്യ. ദേവാനന്ദുമായുള്ള ബന്ധം സുരയ്യയുടെ വീട്ടുകാര്‍ എതിര്‍ത്തു. ദേവാനന്ദിനൊപ്പം സുരയ്യയെ അഭിനയിക്കാന്‍പോലും വീട്ടുകാര്‍ വിട്ടില്ല. അവരുടെ പ്രണയത്തിന് വിലങ്ങുതടിയിടാന്‍ സുരയ്യയുടെ കുടുംബം എപ്പോഴും ഉണ്ടായിരുന്നു. അറിയപ്പെടുന്ന നടിയായിട്ടുപോലും സുരയ്യയ്ക്ക് ഇഷ്ടത്തിനനുസരിച്ച് നീങ്ങാന്‍ കഴിഞ്ഞില്ല. ചലച്ചിത്രരംഗത്തെ പല പ്രമുഖരും ഇക്കാര്യത്തില്‍ തന്റെ കുടുംബത്തിന്റെ പക്ഷത്തായിരുന്നു എന്ന് സുരയ്യ ഒരിക്കല്‍ പറയുകയുണ്ടായി. ഉര്‍ദു പത്രങ്ങള്‍ ഇവരുടെ ബന്ധത്തെ സെന്‍സേഷണല്‍ വാര്‍ത്തയാക്കി പ്രസിദ്ധീകരിച്ചു. നിര്‍ണായക നിമിഷത്തില്‍ തീരുമാനമെടുക്കുന്നതില്‍ സുരയ്യ പരാജയപ്പെട്ടു. കുടുംബത്തിനുമുന്നില്‍ തോല്‍ക്കേണ്ടി വന്ന സുരയ്യയ്ക്ക് ദേവാനന്ദുമൊത്തുള്ള ജീവിതം സ്വപ്നമായി അവശേഷിച്ചു. "അഫ്സാര്‍" ആയിരുന്നു ദേവ്-സുരയ്യ ജോഡിയുടെ അവസാന ചിത്രം. ദേവാനന്ദ് കണ്ടെത്തി, പിന്നീട് ബോളിവുഡിലെ താരറാണിയായി മാറിയ സീനത്ത് അമനെയും ദേവാനന്ദ് പ്രണയിച്ചു. പ്രണയനാ യകന്റെ മറ്റൊരു ദുരന്തപ്രണയമായി അതും കലാശിച്ചു.
deshabhimani 051211
"ദം മാരൊ ദം മിട്ട് ജായേ ഖം..." ഒരുകാലത്ത് ബോളിവുഡും സിനിമാപ്രേമികളും ഏറ്റു പാടി അനശ്വരമാക്കിയ പാട്ട്. ആ പാട്ടും പാടി ആരെയും മയക്കുന്ന ചിരിയും പ്രണയാതുരമായ നോട്ടവുമായി തല അല്‍പം ചരിച്ച്, ചൂണ്ടുവിരല്‍ ഉയര്‍ത്തിപ്പിടിച്ച് വിറച്ചു വിറച്ച് നടക്കുന്നതുപോലുള്ള നൃത്തവുമായി പ്രേക്ഷകമനസ്സില്‍ ചേക്കേറിയ നിത്യഹരിത പ്രണയ നായകന്‍ - ധരംദേവ് പിഷോരിമല്‍ ആനന്ദ് എന്ന ദേവാനന്ദ്. ഒരു കാലത്ത് ഇന്ത്യന്‍ യുവതയുടെ ആവേശവും ആരാധനാപാത്രവുമായിരുന്നു ദേവാനന്ദ്. സിനിമാഭ്രാന്ത് മൂത്ത് മുംബൈയില്‍ എത്തിയതായിരുന്നു ദേവാനന്ദും. സൈന്യത്തില്‍ ചേര്‍ന്നെങ്കിലും സിനിമാമോഹം വിട്ടുപോയില്ല. ഇന്ത്യന്‍ പീപ്പിള്‍സ് തിയേറ്റര്‍ അസോസിയേഷനിലെ കലാപ്രവര്‍ത്തനം നല്‍കിയ ആത്മവിശ്വാസവും കൂട്ടിനുണ്ടായിരുന്നു. നിത്യഹരിതനായകനായ അദ്ദേഹം ക്യാമറയ്ക്കു മുന്നിലും പിന്നിലും ഒരുപോലെ പേര് പതിപ്പിച്ചു. ഒരുപാട് താരറാണിമാരുടെ കാമുകനായി
ReplyDelete