തലശേരി: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ മന്ത്രിമാര്‍ പ്രത്യക്ഷസമരം പാടില്ലെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം തള്ളിയ പി ജെ ജോസഫിനെയും കെ എം മാണിയെയും മന്ത്രിസഭയില്‍ തുടരാന്‍ അനുവദിക്കുമോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ . മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പരസ്പരവിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. സിപിഐ എം തലശേരി ഏരിയാ സമ്മേളന സമാപനപൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ ഉപദേശം തള്ളിയാണ് മന്ത്രിമാരായ പി ജെ ജോസഫും കെ എം മാണിയും ഉപവാസം പ്രഖ്യാപിച്ചത്. കേരളകോണ്‍ഗ്രസ് മന്ത്രിമാര്‍ മുഖ്യമന്ത്രിയെ അംഗീകരിക്കുന്നില്ലെന്നാണിത് വ്യക്തമാക്കുന്നത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാരിന് ഏകോപിത നിലപാടില്ല. പ്രതിസന്ധിയുണ്ടാവുമ്പോള്‍പോലും യോജിച്ച് നീങ്ങാന്‍ സാധിക്കാത്ത ഭരണമാണിതെന്നും കോടിയേരി പറഞ്ഞു.
മുല്ലപ്പെരിയാര്‍ വിഷയം ഒമ്പതിന് നിയമസഭചര്‍ച്ചചെയ്യുമ്പോള്‍ അഡ്വക്കറ്റ് ജനറലിന് സഭയില്‍ ഹാജരാകേണ്ടിവരും. ആര് നിര്‍ദേശിച്ചത് പ്രകാരമാണ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതെന്ന് അഡ്വക്കറ്റ് ജനറലിന് സഭയുടെ മുമ്പാകെ വിശദീകരിക്കേണ്ടിവരും. സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായാണ് അഡ്വക്കറ്റ് ജനറല്‍ കോടതിയില്‍ പറഞ്ഞതെങ്കില്‍ എന്തുകൊണ്ട് പുറത്താക്കുന്നില്ല. അഡ്വക്കറ്റ് ജനറലിന്റെ നിലപാട് സര്‍ക്കാര്‍ നിലപാടല്ലെന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയാണ്. എന്തുകൊണ്ടാണ് എഐസിസിക്ക് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിലപാടെടുക്കാന്‍ സാധിക്കാത്തതെന്ന് കോടിയേരി ചോദിച്ചു. ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് പ്രഖ്യാപിച്ച ഏക ദേശീയപാര്‍ടി സിപിഐ എം മാത്രമാണ്.
പിറവം ഉപതെരഞ്ഞെടുപ്പില്‍ ജയിക്കില്ലെന്ന് ഉറപ്പിച്ചതുകൊണ്ടാണ് ടി എം ജേക്കബിന്റെ ഭക്ഷ്യവകുപ്പ് മുഖ്യമന്ത്രി ഷിബു ബേബിജോണിന് നല്‍കിയതെന്ന് കോടിയേരി പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പേ ഉമ്മന്‍ചാണ്ടി പരാജയം സമ്മതിച്ചിരിക്കുകയാണ്. ആറുമാസത്തെ ഭരണം വിലയിരുത്തിയാല്‍ യുഡിഎഫിന് ജയിക്കാനാവില്ലെന്ന് മറ്റാരേക്കാളും നന്നായി മുഖ്യമന്ത്രിക്കറിയാം. മുല്ലപ്പെരിയാര്‍ വിഷയവും ചെറുകിടവ്യാപാര മേഖലയിലെ വിദേശപ്രത്യക്ഷനിക്ഷേപപ്രശ്നവും വന്നതോടെയാണ് ഡിസംബറില്‍ നിശ്ചയിച്ച ഉപതെരഞ്ഞെടുപ്പ് മാറ്റാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ചെറുകിട വ്യാപാരമേഖലയില്‍ വിദേശപ്രത്യക്ഷനിക്ഷേപം അനുവദിക്കാനുള്ള തീരുമാനം താല്‍ക്കാലികമായി മരവിപ്പിച്ചതു കൊണ്ട് കാര്യമില്ലെന്ന് കോടിയേരി പറഞ്ഞു. വിദേശപ്രത്യക്ഷനിക്ഷേപം അനുവദിക്കാനുള്ള ബില്ല് റദ്ദാക്കുകയാണ് വേണ്ടത്. വിദേശപ്രത്യക്ഷനിക്ഷേപത്തിനെതിരെ ബംഗാളില്‍ ഇടതുപക്ഷം ശക്തമായ പ്രക്ഷോഭം ആരംഭിച്ചപ്പോഴാണ് മമതാ ബാനര്‍ജി കേന്ദ്രതീരുമാനത്തിനെതിരെ രംഗത്തുവന്നതെന്നും കോടിയേരി പറഞ്ഞു.
deshabhimani 051211
No comments:
Post a Comment