നിയുക്ത ആലപ്പുഴ ബൈപാസ് നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി നേരിട്ട് ഏറ്റെടുക്കണമെന്ന് ഡോ. തോമസ് ഐസക് എംഎല്‍എ പറഞ്ഞു. അരൂര്‍ മുതല്‍ കളിയിക്കാവിള വരെയുള്ള നാഷണല്‍ ഹൈവേ ടോള്‍ അടിസ്ഥാനത്തില്‍ ബിഒടി വ്യവസ്ഥയില്‍ നല്‍കിയിരിക്കുന്നത് ആലപ്പുഴ ബൈപാസിന്റെ പൂര്‍ത്തീകരണത്തിന് തടസമാണ്. "ആലപ്പുഴ ബൈപാസ് ദൂരം എത്ര അരികെ" മലയാളം സര്‍ഗവേദി വൈഎംസിഎ ഹാളില്‍ സംഘടിപ്പിച്ച സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബൈപാസ് നിര്‍മാണം അനന്തമായി നീളുന്നത് ആലപ്പുഴയെ ഗതാഗതക്കുരുക്കിലാക്കുന്നു. പ്രശ്നപരിഹാരത്തിന്റെ കാലതാമസം കണ്ട് ആലപ്പുഴ മട്ടാഞ്ചേരി പാലം ഉടന്‍ നവീകരിച്ച് ഗതാഗതക്കുരുക്കിന് താല്‍ക്കാലിക പരിഹാരം ഉണ്ടാക്കാനാവണം. എസി കനാലിന് സമീപത്തെ റോഡ് ഇതിന് ഉപയുക്തമാക്കണം. നിര്‍ദിഷ്ടപദ്ധതിക്ക് ആവശ്യമായ തുക കഴിഞ്ഞ സര്‍ക്കാര്‍ മാന്ദ്യവിരുദ്ധപാക്കേജിലുള്‍പ്പെടുത്തി പൂര്‍ത്തീകരിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ബിഒടിയുടെ സാങ്കേതിക തടസം നിലനില്‍ക്കുന്നതിനാല്‍ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാരിന് ഇതുമൂലം കഴിഞ്ഞില്ലെന്നും ഐസക് പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് മുന്‍ എക്സിക്യുട്ടീവ് എന്‍ജിനിയര്‍ ബി മോഹനന്‍ വിഷയം അവതരിപ്പിച്ചു.
1964ല്‍ സംസ്ഥാനത്ത് 24,000 വാഹനങ്ങളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്നത് 69 ലക്ഷം കവിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. 69 ലക്ഷം വാഹനങ്ങളുള്ളടത്ത് ലൈസന്‍സുള്ളവരുടെ എണ്ണം 68 ലക്ഷമാണ്. ഒരുലക്ഷം വാഹനങ്ങള്‍ ഓടിക്കാതെ ഇടുന്നുവെന്ന് പറയുന്നത് അതിശയോക്തി ഉളവാക്കുന്നതാണ്. ആറുവരി പാതയ്ക്ക് അര്‍ഹമായിടത്താണ് രണ്ടുവരിയും നാലുവരിപാതയുടെയും ഉപയോഗം. ഇതെല്ലാം കാണിക്കുന്നത് വാഹനാപകടങ്ങളും ഗതാഗതക്കുരുക്കും എത്രത്തോളമാണെന്നതാണ്. സമാന്തരപാത എന്നുള്ളത് സാധാരണക്കാരന്റെ ആവശ്യമാണ് അദ്ദേഹം പറഞ്ഞു. ബിഒടി വ്യവസ്ഥയെ അന്ധമായി എതിര്‍ത്തതാണ് ആലപ്പുഴ ബൈപാസിന്റെ ദുരവസ്ഥയ്ക്ക് കാരണമായതെന്ന് ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂര്‍ പറഞ്ഞു. പദ്ധതിക്ക് ആവശ്യമായ മികച്ച ഒരു ഡിപിആര്‍ പോലും തയാറാക്കി കൊടുക്കാന്‍ സംസ്ഥാന പിഡബ്ല്യുഡിക്ക് നാളിതുവരെ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മുന്‍ എംപിമാരായ ടി ജെ ആഞ്ചലോസ്, ഡോ. കെ എസ് മനോജ്, ബില്‍ഡേഴ്സ് അസോസിയേഷന്‍ പ്രതിനിധി ജേക്കബ്ജോണ്‍ , സി ജയകുമാര്‍ , ജോണ്‍ പൂക്കായി എന്നിവര്‍ സംസാരിച്ചു. സര്‍ഗവേദി രക്ഷാധികാരി ഹരികുമാര്‍ വാലേത്ത് സ്വാഗതം പറഞ്ഞു.
deshabhimani 051211
No comments:
Post a Comment