കുളത്തൂപ്പുഴ ഹൈടെക് ഡെയറിഫാമിന്റെ ദുരവസ്ഥ സംസ്ഥാനത്തെ പാല്‍ ഉല്‍പ്പാദനമേഖലയ്ക്ക് തിരിച്ചടിയാകും. മുന്‍ സര്‍ക്കാര്‍ ആരംഭിച്ച വിവിധ പദ്ധതികളുടെ സഹായത്തോടെ കേരളത്തില്‍ പാല്‍ ഉല്‍പ്പാദനം ഗണ്യമായി ഉയര്‍ന്നപ്പോഴാണ് മാതൃകാപദ്ധതിയായി തുടക്കമിട്ട കുളത്തൂപ്പുഴ ഹൈടെക് ഫാം അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നത്. വിദേശ മലയാളികള്‍ അടക്കമുള്ളവരെ ക്ഷീരമേഖലയിലേക്ക് ആകര്‍ഷിക്കുകയായിരുന്നു ഹൈടെക് ഫാമിന്റെ ലക്ഷ്യം. കേരളത്തില്‍ മാതൃകകള്‍ ഇല്ലാത്തതിനാല്‍ മഹാരാഷ്ട്രയിലെയും ഗുജറാത്തിലെയും സ്വകാര്യ ഡെയറിഫാമുകള്‍ സന്ദര്‍ശിച്ചാണ് കേരളത്തിലും ഹൈടെക് ഫാമിന് പദ്ധതി തയ്യാറാക്കിയത്. കുളത്തൂപ്പുഴയ്ക്ക് പിന്നാലെ കോലാഹലമേട്ടിലും മാട്ടുപ്പെട്ടിയിലും ഹൈടെക് ഫാമുകള്‍ ആരംഭിക്കുന്നതോടെ കേരളത്തിന്റെ പാല്‍ ഉല്‍പ്പാദനമേഖലയില്‍ കുതിച്ചുചാട്ടം ഉണ്ടാകുമെന്നായിരുന്നു കണക്കുകൂട്ടല്‍ . പതിനൊന്നു മാസത്തിനിടെ 60 പശുക്കള്‍ ചത്തൊടുങ്ങിയ, കോടികള്‍ വിലമതിക്കുന്ന ആധുനിക ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലുള്ള ഫാം കാണുന്നവര്‍ ആരും ഈ രംഗത്ത് മുതല്‍മുടക്കില്ല.
ആവശ്യത്തിന് വെറ്ററിനറി ഡോക്ടര്‍മാരെ നിയോഗിക്കാത്തതും പരിചരണത്തിലെ വീഴ്ചകളുമാണ് ഇത്രയും പശുക്കളുടെ മരണത്തിനിടയാക്കിയത്. വിശ്രമസ്ഥലത്തെ അഴികളില്‍ കുടങ്ങി ആദ്യം പശുക്കള്‍ ചത്തിരുന്നു. തുടര്‍ന്ന് അഴികള്‍ മാറ്റി. പിന്നീട് രോഗബാധയേറ്റായിരുന്നു നിരവധി പശുക്കളുടെ മരണം. കുളത്തൂപ്പുഴ മേഖലയെ "മില്‍ക്ക് സിറ്റി"യാക്കുക എന്ന ലക്ഷ്യവും നിറവേറിയില്ല. കുറെ കുടുംബങ്ങള്‍ക്ക് പശുക്കളെ വാങ്ങാന്‍ സഹായം നല്‍കുന്നതില്‍ പദ്ധതി ഒതുങ്ങി. പശുവളര്‍ത്തുന്ന യൂണിറ്റുകള്‍ക്ക് സാങ്കേതികവിദ്യകള്‍ പ്രദാനം ചെയ്യുക, ഉല്‍പ്പാദിപ്പിക്കുന്ന പാല്‍ മൊത്തം ഏറ്റെടുത്ത് അവര്‍ക്ക് വിപണി ഉറപ്പാക്കുക തുടങ്ങിയവയൊന്നും നടപ്പായില്ല.
സംസ്ഥാനത്തെ പാല്‍ ഉല്‍പ്പാദനം 2001-02ല്‍ 20.7 ലക്ഷം മെട്രിക് ടണ്ണായിരുന്നു. 2011-12 സാമ്പത്തിക വര്‍ഷം അത് 27.5 ലക്ഷത്തിലെത്തി. സര്‍ക്കാര്‍ നടപ്പാക്കിയ വിവിധ പദ്ധതികളാണ് ഏഴുലക്ഷം മെട്രിക് ടണ്ണിന്റെ വര്‍ധനയ്ക്കിടയാക്കിയത്. പാലിന്റെ പ്രതിദിന ഉല്‍പ്പാദനത്തിലും വന്‍ മുന്നേറ്റമുണ്ടായി. കേരളത്തിന് ആവശ്യമുള്ള 80 ലക്ഷം ലിറ്ററില്‍ ഇപ്പോള്‍ 72 ലക്ഷം ലിറ്ററും ഇവിടെത്തന്നെ ഉല്‍പ്പാദിപ്പിക്കുന്നു. അഞ്ചുവര്‍ഷം മുമ്പ് 65-66 ലക്ഷം ലിറ്റര്‍ മാത്രമായിരുന്നു കേരളത്തിലെ ഉല്‍പ്പാദനം. പശുവളര്‍ത്തല്‍ പദ്ധതികളില്‍ നടന്നിരുന്ന തട്ടിപ്പിന് വലിയൊരളവ് തടയിടാന്‍ കഴിഞ്ഞതോടെ ഉല്‍പ്പാദനവും വര്‍ധിക്കുകയായിരുന്നു. പശുഗ്രാമം, ജീവരേഖ, ക്ഷീരഗംഗ തുടങ്ങിയ പദ്ധതികളിലൂടെ അമ്പതിനായിരത്തോളം പശുക്കള്‍ കേരളത്തിലെത്തിയെന്നാണ് ഔദ്യോഗിക കണക്ക്. ഇതില്‍ കുറെയൊക്കെ കൃത്രിമം നടന്നിട്ടുണ്ടെന്ന് അധികൃതര്‍ തന്നെ സമ്മതിക്കും. എങ്കില്‍ പോലും 35000 പശുക്കളെങ്കിലും അയല്‍സംസ്ഥാനങ്ങളില്‍നിന്ന് വന്നതാണ് ഉല്‍പ്പാദനവര്‍ധനയില്‍ നിര്‍ണായകമായത്. തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ പാല്‍ ഉല്‍പ്പാദനത്തിന് പുതുതായി പല പദ്ധതികളും ആരംഭിച്ചതും പശുവിന്റെ വിലയില്‍ വന്‍ വര്‍ധനയുണ്ടായതും കേരളത്തില്‍ ക്ഷീരമേഖലയുടെ വികസനത്തിന് തിരിച്ചടിയായിരിക്കുകയാണ്.
(ആര്‍ സാംബന്‍)
deshabhimani 051211
കുളത്തൂപ്പുഴ ഹൈടെക് ഡെയറിഫാമിന്റെ ദുരവസ്ഥ സംസ്ഥാനത്തെ പാല്‍ ഉല്‍പ്പാദനമേഖലയ്ക്ക് തിരിച്ചടിയാകും.
ReplyDelete