Wednesday, December 7, 2011

നേഴ്സസ് സംഘടനാ ഭാരവാഹികളെ അമൃതയില്‍ തല്ലിച്ചതച്ചു

പുതുതായി രൂപീകരിച്ച നേഴ്സുമാരുടെ സംഘടനാഭാരവാഹികളെ ചര്‍ച്ചയ്ക്ക് വിളിച്ചുവരുത്തി അമൃത ആശുപത്രിക്കുള്ളില്‍ ജീവനക്കാരും ബിജെപി-ആര്‍എസ്എസ് ഗുണ്ടകളുംചേര്‍ന്ന് തല്ലിച്ചതച്ചു. ഇരുമ്പുവടികളും മാരകായുധങ്ങളും ഉപയോഗിച്ച് മുപ്പതോളംപേര്‍ചേര്‍ന്ന് നടത്തിയ ആക്രമണത്തില്‍ യുണൈറ്റഡ് നേഴ്സസ് ഓര്‍ഗനൈസേഷന്‍ സംഘടനയുടെ നാല് ഭാരവാഹികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കൈകാലുകള്‍ ഒടിഞ്ഞ ഇവരെ മറ്റ് ആശുപത്രികളില്‍ പോകാന്‍ അനുവദിക്കാതെ മണിക്കൂറുകളോളം കാഷ്വാലിറ്റിയില്‍ തടഞ്ഞുവയ്ക്കുകയും ചെയ്തു. സംഭവത്തില്‍ പ്രതിഷേധിച്ച് നേഴ്സുമാര്‍ പണിമുടക്കി ആശുപത്രിക്കു മുന്നില്‍ കുത്തിയിരുന്നു.

ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ ഷാ, സെക്രട്ടറി സുദീപ് കൃഷ്ണന്‍ , തൃശൂര്‍ ജില്ലാസെക്രട്ടറി ഷിഹാബ്, വൈസ് പ്രസിഡന്റ് ദിപു എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇരുമ്പുവടികൊണ്ടുള്ള അടിയേറ്റ് ജാസ്മിന്‍ ഷായുടെ കൈയൊടിഞ്ഞു. ദിപുവിെന്‍റ തുടയെല്ല് പൊട്ടി. ദിപുവിെന്‍റ തലയിലും അടിയേറ്റ് ആഴത്തില്‍ മുറിവുണ്ട്. മറ്റുള്ളവരുടെയും കൈകാലുകളും തലയും അടിയേറ്റ് ചതഞ്ഞു. ഇവരോടൊപ്പമുണ്ടായിരുന്ന മറ്റ് നാലുപേര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ മര്‍ദനമേറ്റില്ല. ഭീകര മര്‍ദനമേറ്റ നാലുപേരെയും അക്രമികള്‍തന്നെ അമൃതയുടെ കാഷ്വാലിറ്റിയില്‍ കൊണ്ടുവരികയായിരുന്നു. നാലുപേര്‍ക്കും പ്രാഥമികചികിത്സ നല്‍കിയെങ്കിലും മറ്റ് ആശുപത്രിയിലേക്ക് വിടാതെ തടഞ്ഞുവച്ചു. സംഭവമറിഞ്ഞ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ എത്തിയശേഷം വൈകിട്ട് ആറിനാണ് ഇവരെ കാഷ്വാലിറ്റിയില്‍നിന്ന് പുറത്തിറക്കാനായത്. തുടര്‍ന്ന് സഹകരണ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

രണ്ടുദിവസം മുമ്പ് നേഴ്സുമാരുടെ ഓര്‍ഗനൈസേഷനില്‍ അമൃതയിലെ മുന്നൂറോളം നേഴ്സുമാര്‍ അംഗങ്ങളായിരുന്നു. ഇടപ്പള്ളി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ വിപുലമായ ചടങ്ങും നടന്നു. ഇതിന്‍റപേരില്‍ അമൃത യൂണിറ്റ് പ്രസിഡന്റ് ശ്രീകുമാറിനെ തൊട്ടടുത്തദിവസം പിരിച്ചുവിട്ടു. ആശുപത്രി അധികൃതരോട് വിവരമന്വേഷിച്ച ഓര്‍ഗനൈസേഷന്‍ ഭാരവാഹികളോട് ചൊവ്വാഴ്ച ആശുപത്രിയിലേക്കു വരാന്‍ എച്ച്ആര്‍ വകുപ്പില്‍നിന്ന് ആവശ്യപ്പെട്ടു. ഇതനുസരിച്ച് ചൊവ്വാഴ്ച പകല്‍ 12ന് ആശുപത്രിയിലെത്തിയ ഓര്‍ഗനൈസേഷന്‍ ഭാരവാഹികളെ അസിസ്റ്റന്‍റ് എച്ച്ആര്‍ മാനേജര്‍ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ഇടയ്ക്കുവച്ച് മുപ്പതോളംപേരടങ്ങുന്ന സംഘം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്ന് മര്‍ദനമേറ്റ് ചികിത്സയില്‍കഴിയുന്ന ജാസ്മിന്‍ ഷാ പറഞ്ഞു. ജീവനക്കാരില്‍ ചിലരും ആശുപത്രിയുടെ ചെലവില്‍കഴിയുന്ന ബിജെപി-ആര്‍എസ്എസ് ഗുണ്ടകളുമാണ് മര്‍ദനമഴിച്ചുവിട്ടതെന്ന് ജാസ്മിന്‍ ഷാ പറഞ്ഞു. പണിമുടക്കി ആശുപത്രിക്കുമുന്നില്‍ കുത്തിയിരുന്ന നേഴ്സുമാരെ പൊലീസിെന്‍റ സാന്നിധ്യത്തില്‍ രണ്ടാമതും ആക്രമിക്കാന്‍ ശ്രമിച്ചു. ആദ്യം ആക്രമണം നടത്തിയവര്‍തന്നെയാണ് വീണ്ടുമെത്തിയത്. രോഗികളും നാട്ടുകാരും ഇടപെട്ടതിനെതുടര്‍ന്ന് ഗുണ്ടകളെ പൊലീസ് ഓടിച്ചു. ആശുപത്രി അധികൃതര്‍ക്കെതിരെ നടപടിയുണ്ടാകുംവരെ മുഴുവന്‍ നേഴ്സുമാരും പണിമുടക്കാനാണ് തീരുമാനം. കണ്ടാലറിയാവുന്ന ഏതാനും പേര്‍ക്കെതിരെ ചേരാനല്ലൂര്‍ പൊലീസ് കേസെടുത്തെങ്കിലും ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല.

deshabhimani 071211

1 comment:

  1. പുതുതായി രൂപീകരിച്ച നേഴ്സുമാരുടെ സംഘടനാഭാരവാഹികളെ ചര്‍ച്ചയ്ക്ക് വിളിച്ചുവരുത്തി അമൃത ആശുപത്രിക്കുള്ളില്‍ ജീവനക്കാരും ബിജെപി-ആര്‍എസ്എസ് ഗുണ്ടകളുംചേര്‍ന്ന് തല്ലിച്ചതച്ചു. ഇരുമ്പുവടികളും മാരകായുധങ്ങളും ഉപയോഗിച്ച് മുപ്പതോളംപേര്‍ചേര്‍ന്ന് നടത്തിയ ആക്രമണത്തില്‍ യുണൈറ്റഡ് നേഴ്സസ് ഓര്‍ഗനൈസേഷന്‍ സംഘടനയുടെ നാല് ഭാരവാഹികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കൈകാലുകള്‍ ഒടിഞ്ഞ ഇവരെ മറ്റ് ആശുപത്രികളില്‍ പോകാന്‍ അനുവദിക്കാതെ മണിക്കൂറുകളോളം കാഷ്വാലിറ്റിയില്‍ തടഞ്ഞുവയ്ക്കുകയും ചെയ്തു. സംഭവത്തില്‍ പ്രതിഷേധിച്ച് നേഴ്സുമാര്‍ പണിമുടക്കി ആശുപത്രിക്കു മുന്നില്‍ കുത്തിയിരുന്നു.

    ReplyDelete