Wednesday, December 7, 2011

മുഖ്യമന്ത്രിയും തിരുവഞ്ചൂരും ഒറ്റപ്പെട്ടു

മുല്ലപ്പെരിയാര്‍ കേസില്‍ കേരളതാല്‍പ്പര്യത്തിനെതിരായി അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണി ഹൈക്കോടതിയില്‍ രേഖാമൂലം നല്‍കിയ പ്രസ്താവനസംബന്ധിച്ച് സര്‍വകക്ഷിയോഗത്തില്‍ രൂക്ഷവിമര്‍ശം. യുഡിഎഫ് ഘടക കക്ഷികളടക്കം വിമര്‍ശവുമായെത്തിയതോടെ എജിയെ സംരക്ഷിച്ച മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും ഒറ്റപ്പെട്ടു. ബുധനാഴ്ചത്തെ മന്ത്രിസഭായോഗത്തില്‍ എജിയുടെ പ്രസ്താവന പരിശോധിച്ച് നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് യോഗത്തില്‍ ഉറപ്പുനല്‍കേണ്ടി വന്നു.

വിവാദങ്ങള്‍ക്കിടെ, ചൊവ്വാഴ്ച ഹൈക്കോടതി മുല്ലപ്പെരിയാര്‍ കേസ് പരിഗണിച്ചപ്പോള്‍ കേരളത്തിനുവേണ്ടി വീണ്ടും ദണ്ഡപാണി ഹാജരായി. കോടതിയിലെ പരാമര്‍ശങ്ങളുടെപേരില്‍ മാധ്യമങ്ങള്‍ വ്യക്തിപരമായി തേജോവധം ചെയ്തെന്ന് ദണ്ഡപാണി ഡിവിഷന്‍ ബെഞ്ചിനെ ധരിപ്പിച്ചു. തുടര്‍ന്ന് കോടതി നടപടി സംബന്ധിച്ച വാര്‍ത്തകള്‍ ഖേദകരമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അണക്കെട്ടിന് അപകടമുണ്ടായാല്‍ പ്രദേശത്തെ ജനങ്ങള്‍ നെട്ടോട്ടമോടുന്ന സാഹചര്യമുണ്ടാകരുതെന്ന് ഹൈക്കോടതി പറഞ്ഞു. ഈ സാഹചര്യം നേരിടാന്‍ ആവശ്യമായ നടപടി സ്വീകരിച്ചെന്ന് ദണ്ഡപാണി ബോധിപ്പിച്ചു. സര്‍വകക്ഷിയോഗം ആരംഭിച്ചപ്പോള്‍ത്തന്നെ എജിയെ സംരക്ഷിക്കുന്ന സര്‍ക്കാരുമായി സഹകരിച്ചുപോകാന്‍ ബുദ്ധിമുട്ടാണെന്ന് പ്രതിപക്ഷം വ്യക്തമാക്കി. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെയും രൂക്ഷവിമര്‍ശം ഉയര്‍ന്നു. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ തുടങ്ങിവച്ച വിമര്‍ശം കേരള കോണ്‍ഗ്രസ്, സിഎംപി, ജെഎസ്എസ്, വീരേന്ദ്രകുമാറിന്റെ സോഷ്യലിസ്റ്റ് ജനത തുടങ്ങിയ യുഡിഎഫ് ഘടകകക്ഷി നേതാക്കളും ഏറ്റുപിടിച്ചു. ഇതോടെ യോഗത്തില്‍ ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും ഒറ്റപ്പെട്ടു. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല യോഗം തീരുംമുമ്പ് പോയി. സര്‍വകക്ഷിയോഗത്തില്‍ യോജിച്ച് തീരുമാനമെടുക്കുകയും സര്‍ക്കാരും മന്ത്രിമാരും അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുകയുമാണെന്ന് പ്രതിപക്ഷ കക്ഷി നേതാക്കള്‍ പറഞ്ഞു. നവംബര്‍ 23ന് ചേര്‍ന്ന സര്‍വകക്ഷിയോഗം മുല്ലപ്പെരിയാര്‍പ്രശ്നത്തില്‍ കേരളം ഒറ്റക്കെട്ടാണെന്ന ധാരണ ഉണ്ടാക്കി. അതിനുശേഷം ഒരു മന്ത്രിതന്നെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തകരാന്‍ പോകുകയാണെന്ന് വിളിച്ചുപറഞ്ഞ് ആശങ്ക പരത്തി. അണക്കെട്ട് തകരാന്‍ പോകുമ്പോള്‍ എന്തു കൂട്ടുത്തരവാദിത്തമെന്നുപോലും മന്ത്രി ചോദിച്ചു. മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന വെല്ലുവിളിച്ച് മന്ത്രിമാര്‍ സമരം നടത്തി. മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടാന്‍ സാധ്യതയില്ലെന്നും അഥവാ പൊട്ടിയാല്‍ ഇടുക്കി അണക്കെട്ട് താങ്ങുമെന്നും എജി കോടതിയില്‍ പറഞ്ഞു.

രണ്ട് അണക്കെട്ടിനും ഇടയ്ക്കുള്ള 450 കുടുംബത്തെമാത്രമേ ദുരന്തം ബാധിക്കൂ. ഇവരെ മാറ്റി പാര്‍പ്പിക്കാന്‍ മൂന്ന് സ്കൂള്‍ കണ്ടുവച്ചിട്ടുണ്ടെന്നുമാണ് എജികോടതിയില്‍ പറഞ്ഞത്. ഇത് കേരളത്തിന്റെ വാദത്തെ ദുര്‍ബലപ്പെടുത്തുമെന്നും എജി കോടതിയില്‍ നല്‍കിയ പ്രസ്താവന പിന്‍വലിക്കണമെന്നും പ്രതിപക്ഷകക്ഷികള്‍ ആവശ്യപ്പെട്ടു. യുഡിഎഫ് ഘടക കക്ഷികളും ഇതിനോട് യോജിച്ചു. സര്‍വകക്ഷിയോഗത്തില്‍ രണ്ട് ശബ്ദം വരുന്നത് കേരളതാല്‍പ്പര്യത്തിന് എതിരാകുമെന്നുകണ്ട് വിമര്‍ശം നിലനിര്‍ത്തിക്കൊണ്ടുതന്നെ സര്‍ക്കാരുമായി സഹകരിക്കാമെന്ന് പ്രതിപക്ഷം സമ്മതിക്കുകയായിരുന്നു. എജിയുടെ പ്രസ്താവനയും അത് ന്യായീകരിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നിലപാടും സര്‍വകക്ഷിയോഗത്തെ അലോസരപ്പെടുത്തുമെന്ന ഘട്ടം വന്നപ്പോള്‍ , അടുത്ത മന്ത്രിസഭായോഗത്തില്‍ നടപടി സ്വീകരിക്കാമെന്ന് ഉറപ്പുനല്‍കാന്‍ മുഖ്യമന്ത്രി നിര്‍ബന്ധിതനാകുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് സര്‍വകക്ഷിയോഗം പ്രമേയം അംഗീകരിച്ചത്. എജിയുടെ പ്രസ്താവനയെ കുറിച്ച് യോഗത്തിലെ പൊതുവികാരം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കാമെന്നും മുഖ്യമന്ത്രി സമ്മതിച്ചു.

മുന്നണി വിടുമെന്ന് ജോസഫ്; യുഡിഎഫ് ഉലയുന്നു

മുല്ലപ്പെരിയാര്‍വിഷയത്തിലെ പരസ്പരവിരുദ്ധനിലപാടും ഒറ്റതിരിഞ്ഞുള്ള സമരങ്ങളും യുഡിഎഫിനെ പിടിച്ചുലയ്ക്കുന്നു. പോര് മുറുകിയതിനിടെ മുന്നണി വിടുന്നതിനെക്കുറിച്ചുപോലും ആലോചിക്കുമെന്ന ഭീഷണിയും മന്ത്രി പി ജെ ജോസഫ് അടക്കമുള്ളവരില്‍ നിന്നുയര്‍ന്നു. ഘടകകക്ഷികള്‍ തമ്മില്‍ വാക്പയറ്റ് തുടരുകയാണ്. അണക്കെട്ട് പൊട്ടാനൊരുങ്ങുമ്പോള്‍ എന്ത് കൂട്ടുത്തരവാദിത്തം എന്ന് ഘടകകക്ഷി മന്ത്രിമാര്‍ കോണ്‍ഗ്രസിനെ പരിഹസിക്കുന്നു. കോണ്‍ഗ്രസിനകത്തും കൂട്ടക്കുഴപ്പമാണ്. തമിഴ്നാട്ടിലേക്ക് വെള്ളം തുറന്നുവിടുന്ന ഷട്ടര്‍ പിടിച്ചെടുത്ത് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സമരത്തോടെയാണ് അതിര്‍ത്തിയില്‍ പലയിടത്തും അക്രമസംഭവങ്ങള്‍ക്ക് തുടക്കമായത്. യൂത്ത്കോണ്‍ഗ്രസ് സമരത്തെ യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ ചൊവ്വാഴ്ച തള്ളിപ്പറഞ്ഞു.

എജിയുടെ വിവാദനടപടി യുഡിഎഫിലുണ്ടാക്കിയ സംഘര്‍ഷം കത്തിനില്‍ക്കുകതന്നെയാണ്. എജിയെ പുറത്താക്കണമെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആവശ്യം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിസ്സാരമായി തള്ളി. കെപിസിസി പ്രസിഡന്റടക്കമുള്ളവര്‍ വെറും പ്രസ്താവനയ്ക്കപ്പുറം ഒന്നും ഉദ്ദേശിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുമായി അടുത്ത കേന്ദ്രങ്ങള്‍ പറയുന്നത്. അതല്ലെങ്കില്‍ എജിയെ നീക്കണമെന്ന ആവശ്യത്തില്‍നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പിന്മാറുമായിരുന്നില്ല. എജിക്ക് ഒരുനിമിഷം തുടരാന്‍ അര്‍ഹതയില്ലെന്നു പ്രഖ്യാപിച്ച യുഡിഎഫിലെ ഉന്നതരില്‍ പലരും ഇപ്പോള്‍ നിശബ്ദരാണ്. എജിയെ സംരക്ഷിക്കാനുള്ള അവസരം നല്‍കിയാണ് ചൊവ്വാഴ്ചയും ഹൈക്കോടതിയില്‍ ഹാജരാകാന്‍ അദ്ദേഹത്തിന് ഉമ്മന്‍ചാണ്ടി അവസരം നല്‍കിയത്. തന്റെ നിലപാടിനെ ന്യായീകരിക്കാന്‍ എജിക്ക് ഉമ്മന്‍ചാണ്ടി സാഹചര്യമൊരുക്കി. നിയമവകുപ്പുമായി കൂടിയാലോചിക്കാതെ എജി ഹൈക്കോടതിയില്‍ വാദിച്ചതില്‍ നിയമമന്ത്രി കെ എം മാണി രോഷം പ്രകടിപ്പിച്ചിരുന്നു. അതും വിലപ്പോയില്ല.

മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം തകര്‍ന്നത് തങ്ങളെ ബാധിച്ചിട്ടില്ലെന്ന നിലയിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും. മുഖ്യമന്ത്രി പറയുന്നത് കേള്‍ക്കില്ലെന്ന മട്ടിലാണ് മന്ത്രിമാരുടെ പോക്ക്. സമരം ഒരുമിച്ചുമതിയെന്ന് യുഡിഎഫ് നേരത്തെ തീരുമാനിച്ചിരുന്നു. അത് അവഗണിച്ച് മാണിയും ജോസഫും സമരത്തിനിറങ്ങി. മന്ത്രിമാര്‍ സമരത്തിനു പോകരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മാണിയും ജോസഫും അതും തള്ളി. ഒടുവില്‍ കോണ്‍ഗ്രസും തനിച്ച് സമരത്തിനിറങ്ങി. യൂത്ത് കോണ്‍ഗ്രസുകാര്‍ പൊലീസ് കാവലില്‍ ഷട്ടര്‍ പിടിച്ചെടുത്തത് അങ്ങനെയാണ്. ഇനി ഉപവാസവും നടക്കും. രമേശ് ചെന്നിത്തലയും ഉപവസിക്കാന്‍ പോകുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശം നിരാകരിച്ച് മന്ത്രിമാര്‍ സമരത്തിനിറങ്ങിയത് യുഡിഎഫില്‍ ചര്‍ച്ചചെയ്യുമെന്ന് കണ്‍വീനര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എജിയെ ഉടന്‍ നീക്കണമെന്ന അന്ത്യശാസനത്തിന്റെ ഗതിതന്നെയാകും കണ്‍വീനറുടെ ഈ ചര്‍ച്ചാഭീഷണിക്കുമെന്ന് കേരളകോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ ഇടുക്കി താങ്ങുമെന്നാണ് എജിയും മന്ത്രി തിരുവഞ്ചൂരും പറഞ്ഞത്. ഇത് വിവാദമായെങ്കിലും എജിയും മുല്ലപ്പെരിയാര്‍ സമിതി അധ്യക്ഷനും ഈ വാദം ആവര്‍ത്തിച്ചു. ചൊവ്വാഴ്ച സര്‍വകക്ഷിയോഗത്തിലും ഇതേ വാദമാണ് മുഖ്യമന്ത്രിയും നിരത്തിയത്.

ശ്രമം മുല്ലപ്പെരിയാര്‍ വെള്ളം ഇടുക്കിയില്‍ ഉള്‍ക്കൊള്ളിക്കാന്‍ : മുഖ്യമന്ത്രി

ഇടുക്കിയിലെ ജലനിരപ്പ് കുറച്ചുനിര്‍ത്തിയാല്‍ മുല്ലപ്പെരിയാര്‍ തകര്‍ന്നാലും കുഴപ്പമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സര്‍വകക്ഷി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ ഇടുക്കി ഡാമിന്റെ ഒമ്പതു കിലോമീറ്റര്‍ പിറകിലുള്ള റിസര്‍വോയറിലേക്കാണ് വെള്ളം വരുന്നത്. റിസര്‍വോയര്‍ കവിഞ്ഞ് ഡാം നിറഞ്ഞൊഴുകിയാല്‍ ദുരന്തം സംഭവിക്കാം. ജലനിരപ്പ് താഴ്ത്തിനിര്‍ത്തുന്നതുമൂലം ഇത്തരമൊരു സാഹചര്യം ഒഴിവാക്കാം. ഡാം തകര്‍ന്നാല്‍ സ്വീകരിക്കേണ്ട സുരക്ഷാ തയ്യാറെടുപ്പിനെകുറിച്ചാണ് കോടതി ചോദിച്ചത്. മുല്ലപ്പെരിയാറിലെ വെള്ളം ഇടുക്കി ഡാമില്‍ ഉള്‍ക്കൊള്ളാനുള്ള സംവിധാനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതിന് കോടിക്കണക്കിന് രൂപയുടെ വെള്ളം ഒഴുക്കിക്കളഞ്ഞ് ഇടുക്കിയിലെ വെള്ളം താഴ്ത്തുകയാണ് ചെയ്യുന്നത്. ഒരര്‍ഥത്തില്‍ അഡ്വക്കറ്റ് ജനറല്‍ കോടതിയില്‍ പറഞ്ഞതും ഇതുതന്നെയാണ്. ഭൂചലനം കേരളത്തെയാണ് ബാധിക്കുകയെന്നും യഥാര്‍ഥത്തില്‍ കേരളം മുള്‍മുനയിലാണ് നില്‍ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ , മന്ത്രിമാരായ കെ എം മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ , പി കെ കുഞ്ഞാലിക്കുട്ടി, ഷിബു ബേബി ജോണ്‍ , പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ , പാര്‍ടി നേതാക്കളായ സി കെ ചന്ദ്രപ്പന്‍ , സി ദിവാകരന്‍ , രമേശ് ചെന്നിത്തല, രാമചന്ദ്രന്‍ കടന്നപ്പള്ളി, എന്‍ കെ പ്രേമചന്ദ്രന്‍ , വി പി രാമകൃഷ്ണപിള്ള, പി സി തോമസ്, ജോസ് തെറ്റയില്‍ , എ കെ ശശീന്ദ്രന്‍ , ഇ ടി മുഹമ്മദ് ബഷീര്‍ , വേണുഗോപാലന്‍ നായര്‍ , രാജന്‍ ബാബു, ജോണി നെല്ലൂര്‍ , കെ അരവിന്ദാക്ഷന്‍ , ജോര്‍ജ്ജ് കുര്യന്‍ ചീഫ് സെക്രട്ടറി ഡോ. പി പ്രഭാകരന്‍ , അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ , ഡിജിപി ജേക്കബ് പുന്നൂസ് എന്നിവരും പങ്കെടുത്തു.

സംയമനം പാലിക്കണം

തമിഴ്നാടുമായി 15നോ 16നോ സെക്രട്ടറിതല ചര്‍ച്ച നടക്കുന്നതിനാല്‍ പ്രകോപനമുണ്ടാക്കാതെ പ്രശ്നപരിഹാരത്തിനുള്ള അന്തരീക്ഷം ഉണ്ടാക്കണമെന്ന് സര്‍വകക്ഷിയോഗം അംഗീകരിച്ച പ്രമേയം ജനങ്ങളോട് അഭ്യര്‍ഥിച്ചു. അതിര്‍ത്തിയില്‍ ക്രമസമാധാനം തകര്‍ക്കുന്നവരെ കര്‍ശനമായി നേരിടണമെന്ന് യോഗം നിര്‍ദേശിച്ചു. ഇരു സംസ്ഥാനവും തമ്മിലുള്ള നല്ല ബന്ധം നിലനിര്‍ത്തണം. പുതിയ അണക്കെട്ടും തമിഴ്നാടിന് ജലലഭ്യതയും ഉറപ്പുവരുത്തി, പ്രശ്നപരിഹാരത്തിനുള്ള നിയമപരവും ഭരണപരവുമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കണം. അണക്കെട്ടിലെ ജലനിരപ്പ് 120 അടിയാക്കണമെന്ന മുന്‍ സര്‍വകക്ഷി യോഗത്തിന്റെ തീരുമാനം ആവര്‍ത്തിച്ചു.

തോളിലിരിക്കുന്നവര്‍ പാര പണിയുന്നു: സുധീരന്‍

മുല്ലപ്പെരിയാര്‍ : മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ തോളിലിരുന്ന് പാര പണിയുന്നവരാണുള്ളതെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ പറഞ്ഞു. ഹൈക്കോടതിയില്‍ എജിയുടെ പരാമര്‍ശം ഇതിന്റെ ഭാഗമാണ്. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട പല സാങ്കേതിക വിദഗ്ധരും എജിയുടെ പാതയിലാണ്. കേരളത്തിലെ സാധാരണക്കാരുടെ സുരക്ഷയെക്കുറിച്ച് ചിന്തിക്കാത്തവര്‍ക്ക് തമിഴ്നാടിനോടാണ് താല്‍പര്യമെന്ന് ജനം കരുതിയാല്‍ കുറ്റപ്പെടുത്താനാകില്ല. വണ്ടിപ്പെരിയാറില്‍ ഇടുക്കി ഡിസിസിയുടെ ജനകീയ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു സുധീരന്‍ .
വിശ്വാസവഞ്ചകര്‍ക്ക് കേരളം മാപ്പു നല്‍കില്ല. സംസ്ഥാന താല്‍പര്യങ്ങള്‍ക്കു വിരുദ്ധമായി, തമിഴ്നാടിന്റെ വാദങ്ങളെ ബലപ്പെടുത്തുന്നതാണ് ഇവരുടെ നടപടികള്‍ . സംസ്ഥാന സര്‍ക്കാര്‍ ഇവര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണം. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എംപിമാരായ കെ പി ധനപാലന്‍ , പി ടി തോമസ്, മുന്‍ സ്പീക്കര്‍ എ സി ജോസ്, പത്മജ വേണുഗോപാല്‍ , എം എം ഹസന്‍ , ജോസഫ് വാഴയ്ക്കന്‍ , ഹൈബി ഈഡന്‍ , ബിന്ദു കൃഷ്ണ, രാജ്മോഹന്‍ ഉണ്ണിത്താന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഡിസിസി പ്രസിഡന്റ് റോയി കെ പൗലോസ് അധ്യക്ഷനായി.

deshabhimani 071211

1 comment:

  1. മുല്ലപ്പെരിയാര്‍ കേസില്‍ കേരളതാല്‍പ്പര്യത്തിനെതിരായി അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണി ഹൈക്കോടതിയില്‍ രേഖാമൂലം നല്‍കിയ പ്രസ്താവനസംബന്ധിച്ച് സര്‍വകക്ഷിയോഗത്തില്‍ രൂക്ഷവിമര്‍ശം. യുഡിഎഫ് ഘടക കക്ഷികളടക്കം വിമര്‍ശവുമായെത്തിയതോടെ എജിയെ സംരക്ഷിച്ച മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും ഒറ്റപ്പെട്ടു. ബുധനാഴ്ചത്തെ മന്ത്രിസഭായോഗത്തില്‍ എജിയുടെ പ്രസ്താവന പരിശോധിച്ച് നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് യോഗത്തില്‍ ഉറപ്പുനല്‍കേണ്ടി വന്നു.

    ReplyDelete