Saturday, December 24, 2011

ക്രിസ്മസ്ചന്തകളില്‍ സബ്സിഡി പിന്‍വലിച്ചു

സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ ക്രിസ്മസ് ചന്തകളില്‍ സബ്സിഡി പിന്‍വലിച്ചു. ചെറുപയര്‍ , കടല, മല്ലി, പീസ് പരിപ്പ്, തുവരപ്പരിപ്പ്, ഉഴുന്ന് പിളര്‍ന്നത് എന്നിവയ്ക്കുള്ള സബ്സിഡിയാണ് റദ്ദാക്കിയത്. കടുക്, ജീരകം, ഉലുവ എന്നിവ നൂറു ഗ്രാമായും വറ്റല്‍മുളകും ഉഴുന്നുബോളും അരക്കിലോയായും വില്‍പ്പന പരിമിതപ്പെടുത്തി. പഞ്ചസാരയും വന്‍പയറും മാത്രമാണ് സബ്സിഡി നിരക്കില്‍ ഒരു കിലോ വീതം കിട്ടുന്നത്. 16 രൂപയുടെ മട്ട അരിയുമുണ്ട്. എന്നാല്‍ , ഈ സാധനമെല്ലാം കൂടിയവിലയ്ക്ക് എത്രവേണമെങ്കിലും കിട്ടും. ക്രിസ്മസും തമിഴ്നാട്ടില്‍ നിന്നുള്ള ചരക്കുനീക്കം നിലച്ചതും കേരളത്തില്‍ സാധനവില കുത്തനെ ഉയര്‍ത്തുമ്പോഴാണ് സപ്ലൈകോ വിപണിയില്‍ ഇടപെടാതെ പിന്‍വാങ്ങുന്നത്.

സബ്സിഡി ഇനത്തില്‍ സര്‍ക്കാരില്‍ നിന്നു കിട്ടാനുള്ള 500 കോടി രൂപ ഇനിയും നല്‍കാത്തതാണ് സപ്ലൈകോയെ പ്രതിസന്ധിയിലാക്കിയത്. ബജറ്റില്‍ അനുവദിച്ച തുകയല്ലാതെ കൂടുതല്‍ തുക നല്‍കാനാകില്ലെന്ന് കഴിഞ്ഞമാസം ഭക്ഷ്യവകുപ്പ്, സിവില്‍ സപ്ലൈസ് കോര്‍പറേഷനെ അറിയിച്ചിരുന്നു. അതിനാല്‍ വാങ്ങല്‍ വിലയും ചെലവും കൂട്ടി സാധനങ്ങളുടെ വില ലാഭവും നഷ്ടവുമില്ലാതെ നിര്‍ണയിച്ച് വില നിശ്ചയിക്കാനും ഭക്ഷ്യമന്ത്രാലയം നിര്‍ദേശിച്ചു. സബ്സിഡി എടുത്തുകളഞ്ഞ് വില കൂട്ടിയാല്‍ പെട്ടെന്ന് ജനരോഷം ഉണ്ടാകുമെന്നതിനാല്‍ സബ്സിഡി സാധനങ്ങള്‍ തന്നെ വിപണിയില്‍ നിന്ന് പിന്‍വലിക്കുകയായിരുന്നു. പഞ്ചസാര 25 രൂപയ്ക്ക് ഒരു കിലോ മാത്രമേ ഇപ്പോള്‍ കിട്ടൂ. കൂടുതല്‍ വേണമെങ്കില്‍ 31.20 രൂപ കൊടുക്കണം. കടുക് 23 രൂപയ്ക്ക് 100 ഗ്രാം കിട്ടും. കൂടുതല്‍ വേണമെങ്കില്‍ 36.10 രൂപ നല്‍കണം. ജീരകത്തിന്റെ സബ്സിഡി വില 96 രൂപയാണ്. നൂറു ഗ്രാം കിട്ടും. അധികം വേണമെങ്കില്‍ 159 രൂപയും നല്‍കണം. വറ്റല്‍ മുളക് 45 രൂപയ്ക്ക് അരക്കിലോ മാത്രമേ നല്‍കൂ. സബ്സിഡി ഇല്ലാതെ 74.70 രൂപയ്ക്ക് എത്രവേണമെങ്കിലും കിട്ടും.

deshabhimani 241211

1 comment:

  1. സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ ക്രിസ്മസ് ചന്തകളില്‍ സബ്സിഡി പിന്‍വലിച്ചു. ചെറുപയര്‍ , കടല, മല്ലി, പീസ് പരിപ്പ്, തുവരപ്പരിപ്പ്, ഉഴുന്ന് പിളര്‍ന്നത് എന്നിവയ്ക്കുള്ള സബ്സിഡിയാണ് റദ്ദാക്കിയത്. കടുക്, ജീരകം, ഉലുവ എന്നിവ നൂറു ഗ്രാമായും വറ്റല്‍മുളകും ഉഴുന്നുബോളും അരക്കിലോയായും വില്‍പ്പന പരിമിതപ്പെടുത്തി. പഞ്ചസാരയും വന്‍പയറും മാത്രമാണ് സബ്സിഡി നിരക്കില്‍ ഒരു കിലോ വീതം കിട്ടുന്നത്. 16 രൂപയുടെ മട്ട അരിയുമുണ്ട്. എന്നാല്‍ , ഈ സാധനമെല്ലാം കൂടിയവിലയ്ക്ക് എത്രവേണമെങ്കിലും കിട്ടും. ക്രിസ്മസും തമിഴ്നാട്ടില്‍ നിന്നുള്ള ചരക്കുനീക്കം നിലച്ചതും കേരളത്തില്‍ സാധനവില കുത്തനെ ഉയര്‍ത്തുമ്പോഴാണ് സപ്ലൈകോ വിപണിയില്‍ ഇടപെടാതെ പിന്‍വാങ്ങുന്നത്.

    ReplyDelete