Saturday, December 24, 2011

ക്രിസ്മസ്-പുതുവത്സര വിപണി പൊള്ളുന്നു


സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമായി. വിലക്കയറ്റം തടഞ്ഞു നിര്‍ത്താന്‍ പ്രവര്‍ത്തിക്കേണ്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമാകാത്തതാണ് വില കുതിച്ചുയരാന്‍ കാരണം. മുന്‍ വര്‍ഷങ്ങളില്‍ വിലക്കയറ്റ സമയത്തും വിശേഷാവസരങ്ങളിലും ന്യായവിലക്ക് നിത്യോപയോഗ സാധനങ്ങള്‍ നല്‍കിയിരുന്ന സപ്ലൈക്കോയുടെ പ്രവര്‍ത്തനം ഇപ്പോള്‍ ഇഴഞ്ഞാണ് നീങ്ങുന്നത്.

മുല്ലപ്പെരിയാര്‍ പ്രശ്‌നം രൂക്ഷമായതോടെ സംസ്ഥാനത്തിന്റെ പല സ്ഥലങ്ങളിലും വ്യാപാരികള്‍ കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നുവെന്ന പരാതി ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ഈ സമയത്താണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇഴഞ്ഞ് നീങ്ങുന്നത്. പല നിത്യോപയോഗ സാധനങ്ങള്‍ക്കും പച്ചക്കറികള്‍ക്കും തോന്നിയ വിലയാണ് ഇപ്പോള്‍ വ്യാപാരികള്‍ ഈടാക്കുന്നത്. പല സാധനങ്ങള്‍ക്കും കൃത്രിമമായ ക്ഷാമവും സൃഷ്ടിക്കുന്നുണ്ട്. വിലക്കയറ്റം പിടിച്ച് നിര്‍ത്തുന്നതിന് ശക്തമായ പ്രവര്‍ത്തനം നടത്തിയിരുന്ന സപ്ലൈക്കോയുടെ പ്രവര്‍ത്തനം ഇപ്പോള്‍ മന്ദഗതിയിലാണ്. ആഘോഷ പൂര്‍വ്വം ബസാറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചെങ്കിലും സാധനങ്ങള്‍ കുറഞ്ഞ അളവില്‍ മാത്രമാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്. പല സാധനങ്ങളും കിട്ടാനില്ലാത്ത അവസ്ഥയും നിലവിലുണ്ട്. ചില സ്ഥലങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് ഏറ്റവും കൂടുതല്‍ ആവശ്യമുള്ള നിത്യോപയോഗ സാധനങ്ങള്‍ പോലും വളരെ കുറഞ്ഞ അളവില്‍ മാത്രമാണ് വിതരണം ചെയ്യുന്നത്. സര്‍ക്കാര്‍ സബ്‌സിഡി സാധനങ്ങള്‍ മാത്രമേ പല സ്ഥലങ്ങളിലും വിതരണം ചെയ്യുന്നുള്ളൂവെന്ന പരാതിയും വന്നുകഴിഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രത്യേക സീസണുകളില്‍ സപ്ലൈക്കോ മാര്‍ക്കറ്റുകളുടെയും, കണ്‍സ്യുമര്‍ ഫെഡ് മാര്‍ക്കറ്റുകളുടെയും മുന്നില്‍ നീണ്ട ക്യൂ കാണാമായിരുന്നു. എന്നാല്‍ മണിക്കൂറുകളോളം ക്യൂ നിന്ന് സാധനം വാങ്ങാന്‍ എത്തിയാലും ആവശ്യത്തിന് സാധനങ്ങള്‍ ലഭിക്കാത്തതിനാല്‍ സ്ഥിരം ഉപഭോക്താക്കളായിരുന്ന പലരും ഇപ്പോള്‍ സപ്ലൈക്കോ സ്റ്റാളുകളെ ഉപേക്ഷിച്ച മട്ടാണ്. കണ്‍സ്യൂമര്‍ ഫെഡിന്റെ സ്ഥിതിയും വ്യത്യസ്ഥമല്ല. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വരുമാനത്തിലും കുറവുണ്ടായിട്ടുണ്ട്.

ആരോപണം ഉയരാതിരാക്കാന്‍ വേണ്ടി മാത്രമാണ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്റ്റാളുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ഉപഭോക്താക്കളുടെയും അഭിപ്രായം. ആവശ്യത്തിന് സാധനം ഉപഭോക്താക്കള്‍ക്ക് നല്‍കിയിരുന്നപ്പോള്‍ പൊതു വിപണിയിലെ വിലയും താരതമ്യേന കുറവായിരുന്നു. എന്നാല്‍ ഇന്ന് സാധനങ്ങള്‍ നല്‍കുന്നതില്‍ ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ പൊതു വിപണിയില്‍ ഉണ്ടായിട്ടുള്ള വിലക്കയറ്റത്തിനും നിയന്ത്രണം കൊണ്ട് വരാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല. ഇത് തന്നെയാണ് പൊതു വിപണിയില്‍ വിലക്കയറ്റം കൃതൃമമായി സൃഷ്ടിക്കാന്‍ വ്യാപാരികളെ പ്രേരിപ്പിക്കുന്നത്. 13 ഇനം സാധനങ്ങള്‍ക്ക് സബ്‌സിഡി നല്‍കുന്നുണ്ടെങ്കിലും അരിക്ക് സബ്‌സിഡി നല്കുന്നില്ല. സബ്‌സിഡി സാധനങ്ങള്‍ ലഭ്യാമാകണമെങ്കില്‍ റേഷന്‍ കാര്‍ഡ് കൊണ്ട് വരണമെന്ന വ്യവസ്ഥയാണ് പലരെയും കുഴയ്ക്കുന്നത്. നഗര പ്രദേശങ്ങളില്‍ പലര്‍ക്കും റേഷന്‍ കാര്‍ഡ് കിട്ടിയിട്ടില്ലാത്തതും വിവിധ ആവശ്യങ്ങള്‍ക്കായി റേഷന്‍ കാര്‍ഡ് ഹാജരാക്കേണ്ടി വരുന്നതും സാധാരണക്കാര്‍ക്ക് ഇരുട്ടടിയാകുന്നുണ്ട്. ഒരു തവണ സാധനം വാങ്ങിയാല്‍ പിന്നെ സബ്‌സിഡി സാധനം അനുവദിക്കുകയുമില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ചില സാധനങ്ങള്‍ക്ക് 70 മുതല്‍ 80 ശതമാനം വരെ സബ്‌സിഡി നല്‍കിയിരുന്നു. അഞ്ച് കിലോ അരിയും സബ്‌സിഡി നിരക്കില്‍ നല്‍കിയിരുന്നു.

സാധാരണയായി ക്രിസ്തുമസ് കാലത്ത് റേഷന്‍കടകളിലൂടെ പ്രത്യേകമായി പഞ്ചസാര അനുവദിക്കാറുണ്ടായിരുന്നെങ്കിലും ഇക്കുറി അത് എത്തിയിട്ടില്ല. മണ്ണെണ്ണയും ഇപ്പോള്‍ കാര്യമായി വെട്ടിക്കുറച്ചിട്ടുണ്ട്. വൈദ്യുതികരിച്ച കാര്‍ഡിന് നല്‍കിയിരുന്ന രണ്ട് ലിറ്റര്‍ മണ്ണെണ്ണ മാസങ്ങളായി വെട്ടിക്കുറച്ച് ഒന്നര ലിറ്ററായാണ് വിതരണം ചെയിതുകൊണ്ടിരുന്നത്. ഇപ്പോള്‍ അത് ഒരു ലിറ്ററായി ചുരുക്കി.

janayugom 241211

1 comment:

  1. സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമായി. വിലക്കയറ്റം തടഞ്ഞു നിര്‍ത്താന്‍ പ്രവര്‍ത്തിക്കേണ്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമാകാത്തതാണ് വില കുതിച്ചുയരാന്‍ കാരണം. മുന്‍ വര്‍ഷങ്ങളില്‍ വിലക്കയറ്റ സമയത്തും വിശേഷാവസരങ്ങളിലും ന്യായവിലക്ക് നിത്യോപയോഗ സാധനങ്ങള്‍ നല്‍കിയിരുന്ന സപ്ലൈക്കോയുടെ പ്രവര്‍ത്തനം ഇപ്പോള്‍ ഇഴഞ്ഞാണ് നീങ്ങുന്നത്.

    ReplyDelete