Saturday, December 24, 2011

സഹനത്തിന്റെയും ത്യാഗത്തിന്റെയും കുമ്പിടിസമരം

തൃശൂര്‍ : ജന്മിമാര്‍ക്കും ഭൂസ്വാമിമാര്‍ക്കും കൊല്ലും കൊലയും നടത്താന്‍ അധികാരമുള്ള കാലം. ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല. തൊഴിലാളികളെ അടിമകളെപ്പോലെ കാണുന്നവര്‍ തല്ലിയും കൊന്നും നാടുവാഴുന്ന കാലത്ത് അതിനെതിരെ ജീവന്‍ നല്‍കി പടപൊരുതിയവര്‍ നേടിത്തന്ന ജീവിതമാണ് പിന്‍തലമുറകളുടെ. ഒഴിപ്പിക്കലിനെതിരെ നടന്ന കുമ്പിടിസമരം ഇത്തരം പടപൊരുതലിന്റെ ഉറങ്ങാത്ത ചരിത്രമാണ്. അരനൂറ്റാണ്ടു മുമ്പ് അന്നമനട പഞ്ചായത്തിലെ കുമ്പിടിയില്‍ നടന്ന ഈ സമരം ജന്മിത്തത്തിന്റെ മുഖത്തേറ്റ അടിയായിരുന്നു.
അന്നമനടയിലെ എടയാറ്റൂര്‍ , മേലഡൂര്‍ , കുമ്പിടി, പാലിശേരി- കൃഷിക്കാരും കര്‍ഷകരും താമസിക്കുന്ന പ്രദേശം. കര്‍ഷകസംഘവും കമ്യൂണിസ്റ്റ് പാര്‍ടിയും വേരോടാന്‍ ആരംഭിക്കുന്ന കാലം. പട്ടം താണുപിള്ളയുടെ പി എസ് പി മന്ത്രിസഭ അധികാരത്തില്‍ . ജന്മിമാര്‍ക്കും നാടുവാഴികള്‍ക്കും എന്തിനുമുള്ള അധികാരം. കുമ്പിടിയിലെ നാട്ടുപ്രമാണി കണ്ണമ്പിള്ളി കോരുത് സര്‍വാധിപതിയായിരുന്നു. അയാളുടെ 200 പറ നിലം തൊഴിലാളികള്‍ സൗജന്യമായി ഉഴുതുകൊടുക്കണം. ഇടങ്ങഴി നെല്ലില്‍ കൂടുതല്‍ കൂലി ചോദിക്കരുത്. ലംഘിച്ചാല്‍ ശിക്ഷ മരണം. ഇത്തരത്തില്‍ മരിച്ചവര്‍ ഒരുപാടുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോരുതിന് ഇഷ്ടമല്ലാത്ത ഒരാള്‍ക്കും ബൂത്തില്‍ കയറാനാവില്ല.

ഈ ഘട്ടത്തിലാണ് 1953 നവംബര്‍ നാലിന് കുമ്പിടിയില്‍ കര്‍ഷകസമ്മേളനം നടക്കുന്നത്. കണ്ണമ്പിള്ളിയുടെ ഗുണ്ടകള്‍ സമ്മേളനം തടഞ്ഞു. നവംബര്‍ 15ന് വീണ്ടും സമ്മേളനം ചേര്‍ന്നു. ഗുണ്ടകള്‍ തടയാനെത്തിയെങ്കിലും പിന്തിരിയേണ്ടിവന്നു. കുമ്പിടിയിലെ വേലായുധന്‍ എന്ന കൃഷിക്കാരന്‍ 12 വര്‍ഷമായി പാട്ടത്തിന് കൃഷി ചെയ്തുവന്ന 16 പറ നിലം കൊടുങ്ങല്ലൂരിലെ രജിസ്ട്രാര്‍ ഗോപാലക്കുറുപ്പിന് തിരിച്ചുകൊടുപ്പിക്കാന്‍ ശ്രമം ആരംഭിച്ചു. വര്‍ഷം 80 പറ നെല്ലും ഒരു കുലയും എന്നതായിരുന്നു പാട്ടവ്യവസ്ഥ. കൃത്യമായി പാട്ടം കൊടുത്തിരുന്നു വേലായുധന്‍ . കൊല്ലവര്‍ഷം 1123ലും 1125ലുമുണ്ടായ വെള്ളപ്പൊക്കവും വരള്‍ച്ചയും കൃഷി മോശമാക്കി. പാട്ടം മുഴുവനായി കൊടുക്കാനായില്ല. 63 പറ നെല്ലു കഴിച്ച് ബാക്കിക്ക് മൂന്നു രൂപ നാലണ പ്രകാരം നോട്ടെഴുതിക്കൊടുത്തു. 1129ല്‍ പാട്ടം തീര്‍ന്നപ്പോള്‍ കുടിശ്ശികയ്ക്ക് പത്തുപറ നെല്ലും കൊടുത്തു. ഇതൊന്നും കണക്കാക്കാതെയാണ് ഒഴിപ്പിക്കാന്‍ ശ്രമിച്ചത്.

പാര്‍ടിയുടെയും കര്‍ഷകസംഘത്തിന്റെയും പിന്തുണയോടെ വേലായുധന്‍ വീണ്ടും കൃഷിയിറക്കി. മാളയിലെ പൊലീസ് സ്റ്റേഷനിലേക്ക് വിഷുദിനത്തില്‍ വേലായുധനെയും കര്‍ഷകസംഘത്തിന്റെയും പാര്‍ടിയുടേയും നേതാക്കളായ പരമേശ്വരന്‍ , ഐ കെ അയ്യപ്പന്‍ , കെ കെ വിശ്വംഭരന്‍ , സി വി ഭാസ്കരന്‍ , വി പി അറുമുഖന്‍ എന്നിവരെയും വിളിപ്പിച്ചു. വിവരങ്ങള്‍ തിരക്കി മടക്കിയയച്ചു. എന്നാല്‍ , മൂന്നാംനാള്‍ തോക്കും ധരിച്ച് എത്തിയ പൊലീസ് ഇന്‍സ്പെക്ടര്‍ എടയാറ്റൂരില്‍നിന്ന് വിശ്വംഭരന്‍ , അമ്മ ലക്ഷ്്മി എന്നിവരെ അറസ്റ്റ് ചെയ്തു. വേലായുധന്റെ ഭാര്യ 55 വയസ്സുള്ള ചിരുത, മക്കള്‍ 24 വയസ്സുള്ള പൂര്‍ണഗര്‍ഭിണിയായിരുന്ന കുഞ്ഞിക്കുറുമ്പ, 18 വയസ്സുകാരി ദേവകി, ജ്യേഷ്ഠന്റെ മകന്‍ കൃഷ്ണന്‍കുട്ടിയുടെ ഭാര്യ 18 വയസ്സുള്ള കല്യാണി എന്നിവരെയും അറസ്റ്റ്ചെയ്ത് കൊടുങ്ങല്ലൂര്‍ സബ്ജയിലിലടച്ചു. തുടര്‍ന്ന് ക്രൂരമര്‍ദനമായിരുന്നു. ചവിട്ടിയും തൊഴിച്ചും മതിയാവുംവരെ പൊലീസുകാര്‍ മര്‍ദനം തുടര്‍ന്നു. ലക്ഷ്മി, ചിരുത, കുഞ്ഞിക്കുറുമ്പ എന്നിവരെ ഉള്ളംകാലില്‍ ചൂരല്‍കൊണ്ടാണ് മര്‍ദിച്ചത്. ഇതുകൂടാതെ മറ്റു പലരെയും അറസ്റ്റ്ചെയ്തിരുന്നു. ഇവരില്‍ ഭാസ്കരന്‍ മര്‍ദനമേറ്റ് ബോധംകെട്ടു വീണു. വള്ളിക്കുട്ടിയെന്ന സ്ത്രീയുടെ കവിള്‍ പൊലീസുകാരന്‍ കടിച്ചുമുറിച്ചു. തിരു-കൊച്ചി കര്‍ഷകസംഘം പ്രസിഡന്റായിരുന്ന സി ജി സദാശിവന്‍ എംഎല്‍എ കുമ്പിടിയിലെത്തി അന്വേഷിച്ചു. കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.

ദുരിതങ്ങള്‍ക്ക് അറുതിയായത് 1957ലേയും "67ലേയും ഇ എം എസ് സര്‍ക്കാരിന്റെ വരവോടെയായിരുന്നു.

deshabhimani 241211

1 comment:

  1. ജന്മിമാര്‍ക്കും ഭൂസ്വാമിമാര്‍ക്കും കൊല്ലും കൊലയും നടത്താന്‍ അധികാരമുള്ള കാലം. ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല. തൊഴിലാളികളെ അടിമകളെപ്പോലെ കാണുന്നവര്‍ തല്ലിയും കൊന്നും നാടുവാഴുന്ന കാലത്ത് അതിനെതിരെ ജീവന്‍ നല്‍കി പടപൊരുതിയവര്‍ നേടിത്തന്ന ജീവിതമാണ് പിന്‍തലമുറകളുടെ. ഒഴിപ്പിക്കലിനെതിരെ നടന്ന കുമ്പിടിസമരം ഇത്തരം പടപൊരുതലിന്റെ ഉറങ്ങാത്ത ചരിത്രമാണ്.

    ReplyDelete