Friday, December 23, 2011

ജീവനക്കാരില്ല; വനിതാകമീഷന്‍ അവതാളത്തില്‍

കൊച്ചി: ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ വനിതാ കമീഷന്റെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍ . ഇന്ത്യയിലെത്തന്നെ മികച്ചതെന്നു പേരെടുത്ത കമീഷനാണ് ദുര്യോഗം. കാലാവധി കഴിയുന്നതിനാല്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാനും മറ്റുമായി നെട്ടോട്ടമോടുകയാണ് അധ്യക്ഷയും അംഗങ്ങളും. കമീഷന്റെ തിരുവനന്തപുരത്തെ ഓഫീസാണ് ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ ഏറെ ബുദ്ധിമുട്ടുന്നത്. സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്ന റിസര്‍ച്ച് ഓഫീസര്‍ , പിആര്‍ഒ, പ്രോജക്ട് ഓഫീസര്‍ എന്നിവരുടെ തസ്തികകള്‍ ഒരുവര്‍ഷത്തിലേറെയായി ഒഴിഞ്ഞുകിടക്കുന്നു. ശേഷിച്ച രണ്ടു ക്ലറിക്കല്‍ സ്റ്റാഫാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. ഇവരിലൊരാള്‍ അപകടത്തില്‍ പരിക്കേറ്റ് അവധിയിലും മറ്റൊരാള്‍ പ്രസവാവധിയിലുമായതിനാല്‍ കമീഷന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍പോലും മുടങ്ങിയ അവസ്ഥയിലാണിപ്പോള്‍ . ഒഴിഞ്ഞ തസ്തികകള്‍ നികത്താന്‍ സര്‍ക്കാരും താല്‍പ്പര്യമെടുക്കുന്നില്ല.

കമീഷന്‍ ഡയറക്ടറായി ഐപിഎസ് ഉദ്യോഗസ്ഥരും സെക്രട്ടറിയായി ഐഎഎസ് ഉദ്യോഗസ്ഥരും വേണമെന്നാണ് നിയമം. ഐപിഎസ് ഇല്ലാത്ത എസ്പിയെയും ഐഎഎസ് ഇല്ലാത്ത അഡീഷണല്‍ സെക്രട്ടറിയെയും വച്ചാണ് കമീഷന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനം. വനിതാ കമീഷന് ഇത്രയുമൊക്കെ മതിയെന്നാണ് സര്‍ക്കാരിന്റെ നിലപാട്. റിസര്‍ച്ച് ഓഫീസര്‍ തസ്തികയിലേക്ക് ഡെപ്യൂട്ടേഷനില്‍ വന്നയാള്‍ തിരിച്ചുപോയതോടെയാണ് പ്രശ്നം ആരംഭിക്കുന്നത്. കമീഷന്റെ പഠനങ്ങള്‍ നടത്തുക, ഏജന്‍സികളെ തെരഞ്ഞെടുക്കുക, ചോദ്യാവലി തയ്യാറാക്കുക എന്നിവയാണ് റിസര്‍ച്ച് ഓഫീസറുടെ പ്രധാന ചുമതല. പിഎച്ച്ഡി ഉള്ളവരെയാണ് റിസര്‍ച്ച് ഓഫീസറായി നിയമിക്കുന്നത്. താല്‍ക്കാലിക നിയമനം നടത്താമെന്നുവച്ചാല്‍ കുറഞ്ഞ തുകയ്ക്ക് ജോലിനോക്കാന്‍ ആളെയും കിട്ടുന്നില്ല. ഫലത്തില്‍ വനിതാ കമീഷന്റെ ലക്ഷ്യങ്ങളിലൊന്നായ സാമൂഹിക വിഷയങ്ങളിലെ പഠനങ്ങളൊന്നും നടക്കുന്നില്ല.

പിആര്‍ഒ ആയി നിയമനം ലഭിച്ചയാള്‍ക്ക് കമീഷന്റെ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യമില്ലാതായതോടെ സേവനം അവസാനിപ്പിക്കാന്‍ കമീഷന്‍തന്നെ ഇടപെടേണ്ടിവന്നു. ഈ ഒഴിവു നികത്താത്തത് കമീഷന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാനും ഏകോപിപ്പിക്കാനും ആളില്ലാത്ത അവസ്ഥയും സൃഷ്ടിച്ചു. പ്രോജക്ട് ഓഫീസര്‍ തസ്തികയില്‍ ഒരാളെ കരാറടിസ്ഥാനത്തില്‍ നിയമിച്ചതോടെയാണ് പ്രവര്‍ത്തനം അല്‍പ്പമെങ്കിലും മുന്നോട്ടുനീങ്ങുന്നത്. കമീഷന്‍ സംഘടിപ്പിക്കുന്ന അദാലത്ത്, പെണ്‍കുട്ടികള്‍ക്കുള്ള പരിപാടിയായ കലാലയജ്യോതി, സെമിനാറുകള്‍ എന്നിവയുടെ ഏകോപനം മുടങ്ങുന്ന സ്ഥിതിയിലായപ്പോഴാണ് കരാറടിസ്ഥാനത്തില്‍ ഒരാളെ നിയമിക്കാന്‍ ഉത്തരവിട്ടതു തന്നെ. റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാന്‍ ആളില്ലാത്തതിനാല്‍ വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ അച്ചടിക്കാന്‍പോലും ഇനിയും കഴിഞ്ഞിട്ടില്ല.

deshabhimani 231211

1 comment:

  1. ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ വനിതാ കമീഷന്റെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍ . ഇന്ത്യയിലെത്തന്നെ മികച്ചതെന്നു പേരെടുത്ത കമീഷനാണ് ദുര്യോഗം. കാലാവധി കഴിയുന്നതിനാല്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാനും മറ്റുമായി നെട്ടോട്ടമോടുകയാണ് അധ്യക്ഷയും അംഗങ്ങളും. കമീഷന്റെ തിരുവനന്തപുരത്തെ ഓഫീസാണ് ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ ഏറെ ബുദ്ധിമുട്ടുന്നത്. സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്ന റിസര്‍ച്ച് ഓഫീസര്‍ , പിആര്‍ഒ, പ്രോജക്ട് ഓഫീസര്‍ എന്നിവരുടെ തസ്തികകള്‍ ഒരുവര്‍ഷത്തിലേറെയായി ഒഴിഞ്ഞുകിടക്കുന്നു. ശേഷിച്ച രണ്ടു ക്ലറിക്കല്‍ സ്റ്റാഫാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. ഇവരിലൊരാള്‍ അപകടത്തില്‍ പരിക്കേറ്റ് അവധിയിലും മറ്റൊരാള്‍ പ്രസവാവധിയിലുമായതിനാല്‍ കമീഷന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍പോലും മുടങ്ങിയ അവസ്ഥയിലാണിപ്പോള്‍ . ഒഴിഞ്ഞ തസ്തികകള്‍ നികത്താന്‍ സര്‍ക്കാരും താല്‍പ്പര്യമെടുക്കുന്നില്ല.

    ReplyDelete