Thursday, January 12, 2012

ബജറ്റിന്റെ 8.5 ശതമാനം നീക്കിവയ്ക്കണം: ആദിവാസിക്ഷേമ സംഘടനകള്‍

ബജറ്റിന്റെ എട്ടര ശതമാനം ആദിവാസികള്‍ക്കായി നീക്കിവയ്ക്കണമെന്ന് കേന്ദ്രധനമന്ത്രി പ്രണബ് മുഖര്‍ജിയോട് ആദിവാസി സംഘടനകള്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ബജറ്റില്‍ 5.6 ശതമാനം മാത്രമാണ് ആദിവാസികള്‍ക്കായി നീക്കിവച്ചത്. പൊതു ബജറ്റിനു മുന്നോടിയായി ബന്ധപ്പെട്ട കക്ഷികളുമായി ധനമന്ത്രി ചര്‍ച്ച ആരംഭിച്ചതിന്റെ ആദ്യദിവസമാണ് ആദിവാസികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ആദിവാസി അധികാര്‍ രാഷ്ട്രീയ മഞ്ച്, ക്യാമ്പയിന്‍ ഫോര്‍ സര്‍വൈവല്‍ ആന്‍ഡ് ഡിഗ്നിറ്റി എന്നീ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നേതാക്കള്‍ പ്രണബിനെ കണ്ടത്. വൃന്ദ കാരാട്ട്, ബജുബന്‍ റിയാങ് എംപി, ദുളീചന്ദ്, , ശങ്കര്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു. നോര്‍ത്ത് ബ്ലോക്കിലെ ധനമന്ത്രിയുടെ ഓഫീസിലെത്തി നേതാക്കള്‍ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് പ്രണബ് ഉറപ്പ് നല്‍കി.

പട്ടിക വര്‍ഗത്തില്‍പെട്ട എല്ലാവരെയും ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുക, വന ഉല്‍പ്പന്ന സംഭരണം ഉറപ്പാക്കി താങ്ങുവില നല്‍കാന്‍ സംവിധാനമുണ്ടാക്കുക, പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്കുള്ള സ്റ്റൈപെന്‍ഡ് വര്‍ധിപ്പിക്കുക, ആദിവാസി മേഖലയില്‍ തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ തുറക്കുക, ഹരിതമിഷന്‍ ഇന്ത്യ പദ്ധതിയുടെ പേരില്‍ ആദിവാസികള്‍ താമസിക്കുന്നിടത്ത് മരം നടുന്ന പരിസ്ഥിതി-വനം മന്ത്രാലയത്തിന്റെ നടപടി ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളും സംഘം ഉന്നയിച്ചു.

കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ടവരുമായാണ് പ്രണബ് ബുധനാഴ്ച ചര്‍ച്ച നടത്തിയത്. എന്നാല്‍ , കിസാന്‍സഭാ പ്രതിനിധികളെ ചര്‍ച്ചയ്ക്ക് വിളിച്ചില്ല. കന്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ ഫാര്‍മേഴ്സ് അസോസിയേഷന്‍ പോലുള്ള വന്‍കിട കൃഷിക്കാരുടെ സംഘടനകളെ മാത്രമാണ് ചര്‍ച്ചയ്ക്ക് വിളിച്ചത്. കാര്‍ഷികരംഗത്ത് കൂടുതല്‍ പൊതുനിക്ഷേപം നടത്താന്‍ ആവശ്യപ്പെട്ടെന്ന് കണ്‍സോര്‍ഷ്യം സെക്രട്ടറി ജനറല്‍ പി ജഗന്‍ റെഡ്ഡി പറഞ്ഞു. സംഭരണശേഷി വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ബാങ്കുകളുടെയും ധനസ്ഥാപനങ്ങളുടെയും മേധാവികളുമായി 19ന് ചര്‍ച്ച നടത്തും. ട്രേഡ്യൂണിയന്‍ നേതാക്കളുമായും സാമ്പത്തികവിദഗ്ധരുമായും കൂടിക്കാഴ്ച നടത്തും. 30ന് വ്യവസായസമൂഹവുമായി ചര്‍ച്ച നടത്തുന്നതോടെ ബജറ്റിന് മുന്നോടിയായുള്ള ചര്‍ച്ചയ്ക്ക് വിരാമമാകും. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മാര്‍ച്ച് രണ്ടാംവാരം മാത്രമേ ഇക്കുറി ബജറ്റ് അവതരിപ്പിക്കൂവെന്ന് ധനമന്ത്രി നേരത്തെ അറിയിച്ചിരുന്നു.

deshabhimani 120211

1 comment:

  1. ബജറ്റിന്റെ എട്ടര ശതമാനം ആദിവാസികള്‍ക്കായി നീക്കിവയ്ക്കണമെന്ന് കേന്ദ്രധനമന്ത്രി പ്രണബ് മുഖര്‍ജിയോട് ആദിവാസി സംഘടനകള്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ബജറ്റില്‍ 5.6 ശതമാനം മാത്രമാണ് ആദിവാസികള്‍ക്കായി നീക്കിവച്ചത്. പൊതു ബജറ്റിനു മുന്നോടിയായി ബന്ധപ്പെട്ട കക്ഷികളുമായി ധനമന്ത്രി ചര്‍ച്ച ആരംഭിച്ചതിന്റെ ആദ്യദിവസമാണ് ആദിവാസികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ആദിവാസി അധികാര്‍ രാഷ്ട്രീയ മഞ്ച്, ക്യാമ്പയിന്‍ ഫോര്‍ സര്‍വൈവല്‍ ആന്‍ഡ് ഡിഗ്നിറ്റി എന്നീ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നേതാക്കള്‍ പ്രണബിനെ കണ്ടത്. വൃന്ദ കാരാട്ട്, ബജുബന്‍ റിയാങ് എംപി, ദുളീചന്ദ്, , ശങ്കര്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു. നോര്‍ത്ത് ബ്ലോക്കിലെ ധനമന്ത്രിയുടെ ഓഫീസിലെത്തി നേതാക്കള്‍ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് പ്രണബ് ഉറപ്പ് നല്‍കി.

    ReplyDelete