Tuesday, January 10, 2012

സിപിഐ എം ഇടുക്കി, ആലപ്പുഴ ജില്ലാ സമ്മേളനം ഇന്നു തുടങ്ങും

സിപിഐ എം ആലപ്പുഴ ജില്ലാസമ്മേളനത്തിനു ചൊവ്വാഴ്ച തുടക്കമാകും. ആലപ്പുഴ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ പ്രത്യേകം സജ്ജമാക്കിയ സ. ഇ ബാലാനന്ദന്‍ നഗറിലാണ് മൂന്നുദിവസത്തെ പ്രതിനിധിസമ്മേളനം ചേരുക. പൊതുസമ്മേളനം നടക്കുന്ന ഇഎംഎസ് സ്റ്റേഡിയത്തിലെ സ. ഹര്‍കിഷന്‍സിങ് സുര്‍ജിത് നഗറില്‍ തിങ്കളാഴ്ച ചെങ്കൊടി ഉയര്‍ന്നു. സ്വാഗതസംഘം ചെയര്‍മാന്‍ പി പി ചിത്തരഞ്ജന്‍ പതാക ഉയര്‍ത്തി. മുതിര്‍ന്ന നേതാവ് പി കെ ചന്ദ്രാനന്ദന്‍ പ്രതിനിധിസമ്മേളന നഗറില്‍ ചൊവ്വാഴ്ച രാവിലെ പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിനു തുടക്കമാകും. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. വി എസ് അച്യുതാനന്ദന്‍ , എം എ ബേബി, ഡോ. ടി എം തോമസ് ഐസക്, പി കരുണാകരന്‍ , ഇ പി ജയരാജന്‍ , എം സി ജോസഫൈന്‍ , വി വി ദക്ഷിണാമൂര്‍ത്തി. എം വി ഗോവിന്ദന്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ജില്ലയിലെ 33,009 പാര്‍ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 343 പ്രതിനിധികളും 42 ജില്ലാകമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെ 385 പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

1998നു ശേഷമാണ് ഇപ്പോള്‍ ആലപ്പുഴ നഗരം ജില്ലാസമ്മേളനത്തിനു വേദിയാകുന്നത്. പന്ത്രണ്ടിനു ചുവപ്പുസേനാ പരേഡും അരലക്ഷം പേര്‍ പങ്കെടുക്കുന്ന റാലിയും നടക്കും. തുടര്‍ന്നുചേരുന്ന പൊതുസമ്മേളനം വി എസ് ഉദ്ഘാടനം ചെയ്യും. ചൊവ്വാഴ്ച പ്രതിനിധിസമ്മേളനത്തിന്റെ ഉദ്ഘാടനത്തിനുശേഷം ജില്ലാസെക്രട്ടറി സി ബി ചന്ദ്രബാബു പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിക്കും. വൈകിട്ട് ആലപ്പുഴ നഗരചത്വരത്തിലെ സഖാവ് ജ്യോതിബസു നഗറില്‍ "ആഗോളവല്‍കരണം രണ്ടുദശകങ്ങളുടെ ബാക്കിപത്രം" എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. കേന്ദ്രസെക്രട്ടറിയറ്റംഗം എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും. ജി സുധാകരന്‍ എംഎല്‍എ അധ്യക്ഷനാകും. ടി എം തോമസ് ഐസക് എംഎല്‍എ വിഷയം അവതരിപ്പിക്കും. പ്രൊഫ. സി രവീന്ദ്രനാഥ്, കേരള സര്‍വകലാശാല പ്രോ-വൈസ് ചാന്‍സലര്‍ ഡോ. ജെ പ്രഭാഷ്, സംസ്ഥാന ആസൂത്രണ സമിതിയംഗം സി പി ജോണ്‍ എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് കൊച്ചിന്‍ മന്‍സൂര്‍ നയിക്കുന്ന "വയലാര്‍ ഗാനസന്ധ്യ."

സിപിഐ എം ഇടുക്കി സമ്മേളനം ഇന്നു തുടങ്ങും

നെടുങ്കണ്ടം: സിപിഐ എം ഇടുക്കി ജില്ലാസമ്മേളനം ചൊവ്വാഴ്ച തുടങ്ങും. പടുകൂറ്റന്‍ റാലിയോടെയും ചുവപ്പുസേനാ മാര്‍ച്ചോടെയുമാണ് ഇടുക്കി ജില്ലാസമ്മേളനം നെടുങ്കണ്ടത്ത് തുടങ്ങുന്നത്. 10,000 ചുവപ്പുസേനാ വളന്റിയര്‍മാരുടെ പരേഡ് പകല്‍ ഒന്നിന് നെടുങ്കണ്ടം ചെമ്പകക്കുഴിയിലെ നിര്‍ദിഷ്ട കെഎസ്ആര്‍ടിസി ഗ്രൗണ്ടില്‍നിന്ന് ആരംഭിക്കും. അരലക്ഷത്തിലധികം പേര്‍ പങ്കെടുക്കുന്ന പൊതുപ്രകടനം പകല്‍ രണ്ടിനാണ് തുടങ്ങുക. പൊതുസമ്മേളനം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്യും. ബുധനാഴ്ച പി ആര്‍ ഗോപാലകൃഷ്ണന്‍ നഗറില്‍ (മരിയന്‍ ഓഡിറ്റോറിയം) രാവിലെ ഒന്‍പതിന് പ്രതിനിധി സമ്മേളനം പിബി അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്യും.

deshabhiamani 100112

1 comment:

  1. സിപിഐ എം ഇടുക്കി, ആലപ്പുഴ ജില്ലാ സമ്മേളനം ഇന്നു തുടങ്ങും

    ReplyDelete