Monday, January 23, 2012

റെയില്‍വേ ജീവനക്കാരുടെ ചികിത്സ മുടങ്ങുന്നു

ചികിത്സാഫണ്ട് അടയ്ക്കാത്തതിനാല്‍ റെയില്‍വേയുടെ റഫറല്‍ ആശുപത്രികള്‍ ജീവനക്കാര്‍ക്കുള്ള ചികിത്സ അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. തിരുവനന്തപുരം, എറണാകുളം, കൊല്ലം, തൃശൂര്‍ എന്നിവിടങ്ങളിലെ പ്രധാന ആശുപത്രികളാണ് റെയില്‍വേ ജീവനക്കാര്‍ക്ക് ചികിത്സ നിര്‍ത്തുന്നത്. തിരുവനന്തപുരം ആര്‍സിസി ഒഴികെയുള്ള സ്ഥാപനങ്ങള്‍ റെയില്‍വേയുമായുള്ള കരാര്‍ റദ്ദാക്കി.

തിരുവനന്തപുരം ഡിവിഷനില്‍മാത്രം 3.41 കോടി രൂപ റഫറല്‍ ആശുപത്രികള്‍ക്ക് റെയില്‍വേ നല്‍കാനുണ്ട്. ചികിത്സാബില്‍ അടയ്ക്കാത്തതിനാല്‍ ഡിവിഷനിലെ വിവിധ റഫറല്‍ ആശുപത്രികള്‍ റെയില്‍വേയുമായുള്ള കരാര്‍ റദ്ദാക്കി. ജീവനക്കാരുടെ നിരന്തര അഭ്യര്‍ഥനയെതുടര്‍ന്ന് ആര്‍സിസിമാത്രം മെയ് 30 വരെ കരാര്‍ നീട്ടിയിട്ടുണ്ട്. ആര്‍സിസിക്കുമാത്രം 84.63 ലക്ഷം രൂപ നല്‍കാനുണ്ട്. 2011 മെയ് 30 വരെയാണ് റെയില്‍വേക്ക് ആര്‍സിസിയുമായി കരാര്‍ ഉണ്ടായിരുന്നത്. എന്നാല്‍ , 2010 ആഗസ്ത് അഞ്ചുവരെയുള്ള ചികിത്സാബില്‍മാത്രമാണ് റെയില്‍വേ അടച്ചത്. മെയ് 30നകം കുടിശ്ശിക തീര്‍ത്തില്ലെങ്കില്‍ കരാര്‍ റദ്ദാക്കാനാണ് ആര്‍സിസിയുടെയും തീരുമാനം. തിരുവനന്തപുരം അനന്തപുരി ആശുപത്രിക്ക് 80.69 ലക്ഷവും തൃശൂര്‍ ഹാര്‍ട്ട് ഹോസ്പിറ്റലിന് 23.86 ലക്ഷവും കൊല്ലം ബെന്‍സിഗര്‍ ആശുപത്രിക്ക് 55 ലക്ഷവും തൃപ്പൂണിത്തുറ വികെഎം ആശുപത്രിക്ക് 11 ലക്ഷം രൂപയും നല്‍കാനുണ്ട്. അനന്തപുരിയും ബെന്‍സിഗറും വികെഎമ്മും റെയില്‍വേയുമായുള്ള കരാര്‍ റദ്ദാക്കി. ഇതിനുപുറമെ മെഡിക്കല്‍ റീ ഇംപേഴ്സ്മെന്റ് ഇനത്തില്‍ ജീവനക്കാര്‍ക്ക് ഒന്നരക്കോടി രൂപ നല്‍കാനുണ്ട്. ഫണ്ടില്ലെന്ന് പറഞ്ഞ് പുതിയ അപേക്ഷകള്‍ റെയില്‍വേ പരിഗണിക്കുന്നുമില്ല. ജോലിക്കിടെ പരിക്കേല്‍ക്കുന്നവര്‍ക്ക് നിയമപ്രകാരം നല്‍കേണ്ടുന്ന ചികിത്സാച്ചെലവുപോലും നല്‍കുന്നില്ല.

ഡിസംബര്‍ 20ന് ആലുവയില്‍ ജോലിക്കിടെ രണ്ട് ട്രാക്ക്മാന്മാര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. റെയില്‍വേ ഒരു രൂപപോലും ചികിത്സാസഹായം നല്‍കിയില്ല. ആലുവയില്‍ ലോറിയില്‍നിന്ന് ഇറക്കുകയായിരുന്ന റെയിലുകള്‍ കാലില്‍ വീണാണ് ഇവര്‍ക്ക് പരിക്കേറ്റത്. ഇടപ്പള്ളി അമൃത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇവര്‍ക്ക് ഇതുവരെ 5.47 ലക്ഷം രൂപ ചികിത്സാച്ചെലവായി. റെയില്‍വേ പണം നല്‍കാത്തതിനാല്‍ റഫറല്‍ ആശുപത്രികളെ ചികിത്സയ്ക്കായി സമീപിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് ജീവനക്കാര്‍ . പേട്ടയിലെ റെയില്‍വേ ആശുപത്രിയാണെങ്കില്‍ മരുന്നും ഡോക്ടര്‍മാരും അടിസ്ഥാനസൗകര്യങ്ങളുമില്ലാതെ വീര്‍പ്പുമുട്ടുന്നു. മമത ബാനര്‍ജി റെയില്‍മന്ത്രിയായിരിക്കുമ്പോള്‍ തിരുവനന്തപുരത്ത് റെയില്‍വേ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനമുണ്ടായിരുന്നു. ഒരു രൂപപോലും ഇതിനായി നീക്കിവച്ചില്ല. കിടത്തിച്ചികിത്സയ്ക്കും ചെറിയ ശസ്ത്രക്രിയകള്‍ക്കുമെല്ലാം ജീവനക്കാര്‍ ചെന്നൈയിലെ പെരമ്പൂര്‍ റെയില്‍വേ ആശുപത്രിയെ ആശ്രയിക്കണം. മരുന്നുകമ്പനികള്‍ക്ക് പണം കൊടുക്കാത്തതിനാല്‍ റെയില്‍വേ ആശുപത്രികളില്‍ ജീവന്‍രക്ഷാ മരുന്നുകളും ലഭ്യമല്ല.
(സുമേഷ് കെ ബാലന്‍)

deshabhimani 230112

1 comment:

  1. ചികിത്സാഫണ്ട് അടയ്ക്കാത്തതിനാല്‍ റെയില്‍വേയുടെ റഫറല്‍ ആശുപത്രികള്‍ ജീവനക്കാര്‍ക്കുള്ള ചികിത്സ അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. തിരുവനന്തപുരം, എറണാകുളം, കൊല്ലം, തൃശൂര്‍ എന്നിവിടങ്ങളിലെ പ്രധാന ആശുപത്രികളാണ് റെയില്‍വേ ജീവനക്കാര്‍ക്ക് ചികിത്സ നിര്‍ത്തുന്നത്. തിരുവനന്തപുരം ആര്‍സിസി ഒഴികെയുള്ള സ്ഥാപനങ്ങള്‍ റെയില്‍വേയുമായുള്ള കരാര്‍ റദ്ദാക്കി.

    ReplyDelete