Monday, January 23, 2012

മലിനമാകുന്ന തദ്ദേശഭരണം

കേരളത്തിലെ തദ്ദേശസ്വയംഭരണവകുപ്പ് രാജ്യത്തിനാകെ മാതൃകയായി ഉയര്‍ന്നു പ്രവര്‍ത്തിച്ച ഒന്നാണ്. അധികാര വികേന്ദ്രീകരണത്തിലൂടെ ഭരണനിര്‍വഹണം താഴെത്തട്ടിലെത്തി. തദ്ദേശസ്വയംഭരണ പൊതുസര്‍വീസ് രൂപീകരിച്ചു. എല്ലാതലത്തിലും മുന്നേറ്റം; നേട്ടം. യുഡിഎഫ് അധികാരത്തിലെത്തിയതോടെ കാര്യങ്ങള്‍ തകിടംമറിഞ്ഞു. പുതിയ സര്‍ക്കാര്‍ സ്ഥാനമേറ്റ ഉടനെ വകുപ്പിനെ മൂന്നായി വിഭജിച്ചു. രണ്ട് പാര്‍ടികളിലെ മൂന്ന് മന്ത്രിമാരുടെ കീഴിലാണ് ഇപ്പോള്‍ തദ്ദേശസ്വയംഭരണവകുപ്പ്. തദ്ദേശ സ്ഥാപനങ്ങളെ തകര്‍ക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് വകുപ്പ് പഞ്ചായത്ത്, നഗരകാര്യം, ഗ്രാമവികസനം എന്നിങ്ങനെ മൂന്നായി വെട്ടിമുറിച്ച് മൂന്ന് മന്ത്രിമാരെ ഏല്‍പ്പിച്ചത്. അതോടെ വകുപ്പിന്റെ ഏകീകൃത സ്വഭാവം ഇല്ലാതായി. മൂന്ന് വകുപ്പുകളെയും ഏകോപിപ്പിക്കാനായി ഉപസമിതി രൂപീകരിച്ചുവെങ്കിലും ഫലവത്തായില്ല. ഇന്ന് തദ്ദേശ ഭരണസ്ഥാപനങ്ങളില്‍ മൂര്‍ച്ഛിച്ചുവരുന്ന വിവിധ പ്രശ്നങ്ങള്‍ തെറ്റായ ഈ നടപടിയുടെ ഫലമാണ്. വകുപ്പിനെ വെട്ടിമുറിച്ചതിലൂടെ ഏറ്റവുമധികം വികസിച്ചത് അഴിമതിയാണ്. നഗരകാര്യ വകുപ്പ് പോലുള്ളവ അഴിമതി നടത്താന്‍ പറ്റിയ ഇടമാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്ന പൊതുസര്‍വീസ് ഇപ്പോഴത്തെ സര്‍ക്കാര്‍ മരവിപ്പിച്ചിരിക്കുകയാണ്. ഇതുകാരണം തദ്ദേശഭരണവകുപ്പിന് ആവശ്യത്തിന് ജീവനക്കാരെ ലഭിക്കുന്നില്ല. ജീവനക്കാര്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും കൃത്യമായി ലഭിക്കുന്നതുപോലും ഇല്ലാതായി.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നികുതിപിരിവ് കാര്യക്ഷമമായി നടന്നിരുന്നു. നികുതി കുടിശ്ശിക ഒരു പരിധിവരെ പിരിച്ചെടുക്കാന്‍ കഴിഞ്ഞിരുന്നു. സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും നിതാന്ത പരിശ്രമംകൊണ്ടാണ് ഇത് സാധിച്ചത്. ഇന്ന് കാര്യങ്ങള്‍ അങ്ങനെയല്ല. നികുതി പിരിവ് പൂര്‍ണമായും നിലച്ച മട്ടാണ്. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നികുതി പുനര്‍നിര്‍ണയിക്കണമെന്നാണ് നിയമം. തൊഴില്‍ നികുതി, വിനോദ നികുതി തുടങ്ങിയവയാണ് തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രധാന വരുമാന മാര്‍ഗങ്ങള്‍ . നികുതി ശരിയായി പിരിക്കാന്‍ കാണിക്കുന്ന വൈമനസ്യവും യഥാകാലം നികുതി പരിഷ്കരിക്കാത്തതും തദ്ദേശ സ്ഥാപനങ്ങളുടെ വരുമാനത്തില്‍ വന്‍ ഇടിവുണ്ടാക്കുകയാണ്. ലൈസന്‍സ് ഫീസും കാലോചിതമായി പരിഷ്കരിച്ചിട്ടില്ല. വൈദ്യുതി ചാര്‍ജ്, വെള്ളക്കരം, ജീവനക്കാരുടെ ശമ്പളം തുടങ്ങിയവയില്‍വര്‍ധനയുണ്ടായി. വരുമാനം വര്‍ധിക്കാതിരിക്കുമ്പോള്‍തന്നെ ചെലവ് വന്‍തോതില്‍ കൂടുന്നു. ഇത് തദ്ദേശ സ്വയംഭരണവകുപ്പിനെ തകര്‍ച്ചയിലേക്ക് നയിക്കുകയാണ്. മതിയായ ഫണ്ടില്ലാത്തതുകാരണം പുതിയ പദ്ധതികള്‍ ഏറ്റെടുക്കാനോ നിലവിലുള്ള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനോ കഴിയുന്നില്ല.

അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി കൈമാറിക്കിട്ടിയ സ്ഥാപനങ്ങളുടെ ശമ്പളം ഒഴികെയുള്ള ചെലവ് നഗരസഭകളാണ് വഹിക്കുന്നത്. ഇതിനായി നല്‍കുന്ന ജനറല്‍ പര്‍പ്പസ് ഫണ്ടില്‍ നിന്ന് 10 ശതമാനംവരെ ചെലവഴിക്കാമെങ്കിലും നഗരസഭയുടെ മറ്റ് ആവശ്യങ്ങള്‍ക്കൊന്നും ഈ ഫണ്ട് തികയാറില്ല. എല്‍ഡിഎഫ് ഭരണകാലത്ത് വസ്തുനികുതി പരിഷ്കരണം, ലൈസന്‍സ് ഫീസ് സംബന്ധമായ ചട്ടം എന്നിവ നിലവില്‍ വന്നിരുന്നു. ബഹുഭൂരിപക്ഷം നഗരസഭകളും ഇത് നടപ്പാക്കുന്നതിനുള്ള പ്രാരംഭ നടപടികളിലാണ് ഇപ്പോഴും നില്‍ക്കുന്നത്. ഈ കാര്യങ്ങളില്‍ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുള്ള ആശങ്കകളും സംശയങ്ങളും നിവാരണംചെയ്യുന്നതില്‍ സര്‍ക്കാരും നഗരകാര്യ ഡയറക്ടറേറ്റും അമ്പേ പരാജയപ്പെട്ടു. സമയബന്ധിതമായി കാര്യങ്ങള്‍ നടക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും ആശങ്കകള്‍ ദൂരീകരിക്കാനും ഇടപെടേണ്ട നഗരകാര്യ ഡയറക്ടറേറ്റ് നാഥനില്ലാക്കളരിയാണ്. യുഡിഎഫ് അധികാരത്തിലെത്തി ആറ് മാസത്തിനകം നാല് ഡയറക്ടര്‍മാര്‍ മാറി. തദ്ദേശ സ്വയംഭരണവകുപ്പില്‍ സര്‍ക്കാരിന്റെ അലംഭാവം എത്രയുണ്ടെന്ന് ഇത് തെളിയിക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് രൂപീകരിച്ച തദ്ദേശ സ്വയംഭരണ പൊതുസര്‍വീസ് പ്രാവര്‍ത്തികമാക്കണമെന്നും ശമ്പളവും പെന്‍ഷനും നല്‍കാനുള്ള ഉത്തരവാദിത്തം സര്‍ക്കാര്‍ നിര്‍വഹിക്കണമെന്നും അന്യായമായ സ്ഥലംമാറ്റങ്ങള്‍ റദ്ദാക്കണമെന്നും മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അവകാശപത്രിക ചര്‍ച്ചചെയ്ത് അംഗീകരിച്ച് നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് നഗരസഭാ ജീവനക്കാര്‍ പ്രക്ഷോഭത്തിലാണ്. സംസ്ഥാനത്ത് പത്തു നഗരസഭകളില്‍ മാത്രമാണ് ഒന്നാം തീയതി കൃത്യമായി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത് എന്നറിയുമ്പോള്‍ ഈ രംഗത്ത് പ്രതിസന്ധി എത്രമാത്രം വളര്‍ന്നിരിക്കുന്നു എന്ന് വ്യക്തമാകും.

മാലിന്യ സംസ്കരണ പ്രശ്നത്തിലും ജീവനക്കാരുടെ സ്ഥലംമാറ്റത്തില്‍പോലും സര്‍ക്കാര്‍ സ്വീകരിക്കുന്ന തെറ്റായ സമീപനം സ്ഥാപനങ്ങളുടെ തദ്ദേശ സ്വയംഭരണ നടത്തിപ്പ് കൂടുതല്‍ കുഴപ്പത്തിലേക്ക് നയിക്കുന്നു. അധികാര വികേന്ദ്രീകരണത്തിലൂടെയും ജനകീയാസൂത്രണത്തിലൂടെയും "അധികാരം ജനങ്ങളിലേക്ക്" എന്ന മുദ്രാവാക്യവുമായി മുന്നേറുകയായിരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ വീണ്ടും ഉദ്യോഗസ്ഥ പ്രമാണിത്തത്തിന്റെയും രാഷ്ട്രീയ പിണിയാളുകളുടെയും തൊഴുത്തില്‍കെട്ടാനുള്ള ശ്രമത്തിലാണ് യുഡിഎഫ് സര്‍ക്കാര്‍ . ഇതിനെതിരെ രൂക്ഷമായി പ്രതികരിക്കേണ്ട ഘട്ടമാണിത്. ജീവനക്കാരുടെ പ്രക്ഷോഭംകൊണ്ടുമാത്രം യുഡിഎഫ് സര്‍ക്കാരിന്റെ കണ്ണുതുറക്കുമെന്ന് കരുതാനാവില്ല. തദ്ദേശസ്ഥാപനങ്ങളുടെ രക്ഷയ്ക്കായി പ്രക്ഷോഭം നടത്തേണ്ട അവസ്ഥയാണ് ഉരുത്തിരിയുന്നത്.

deshabhimani editorial 230112

1 comment:

  1. കേരളത്തിലെ തദ്ദേശസ്വയംഭരണവകുപ്പ് രാജ്യത്തിനാകെ മാതൃകയായി ഉയര്‍ന്നു പ്രവര്‍ത്തിച്ച ഒന്നാണ്. അധികാര വികേന്ദ്രീകരണത്തിലൂടെ ഭരണനിര്‍വഹണം താഴെത്തട്ടിലെത്തി. തദ്ദേശസ്വയംഭരണ പൊതുസര്‍വീസ് രൂപീകരിച്ചു. എല്ലാതലത്തിലും മുന്നേറ്റം; നേട്ടം. യുഡിഎഫ് അധികാരത്തിലെത്തിയതോടെ കാര്യങ്ങള്‍ തകിടംമറിഞ്ഞു. പുതിയ സര്‍ക്കാര്‍ സ്ഥാനമേറ്റ ഉടനെ വകുപ്പിനെ മൂന്നായി വിഭജിച്ചു. രണ്ട് പാര്‍ടികളിലെ മൂന്ന് മന്ത്രിമാരുടെ കീഴിലാണ് ഇപ്പോള്‍ തദ്ദേശസ്വയംഭരണവകുപ്പ്. തദ്ദേശ സ്ഥാപനങ്ങളെ തകര്‍ക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് വകുപ്പ് പഞ്ചായത്ത്, നഗരകാര്യം, ഗ്രാമവികസനം എന്നിങ്ങനെ മൂന്നായി വെട്ടിമുറിച്ച് മൂന്ന് മന്ത്രിമാരെ ഏല്‍പ്പിച്ചത്. അതോടെ വകുപ്പിന്റെ ഏകീകൃത സ്വഭാവം ഇല്ലാതായി. മൂന്ന് വകുപ്പുകളെയും ഏകോപിപ്പിക്കാനായി ഉപസമിതി രൂപീകരിച്ചുവെങ്കിലും ഫലവത്തായില്ല. ഇന്ന് തദ്ദേശ ഭരണസ്ഥാപനങ്ങളില്‍ മൂര്‍ച്ഛിച്ചുവരുന്ന വിവിധ പ്രശ്നങ്ങള്‍ തെറ്റായ ഈ നടപടിയുടെ ഫലമാണ്. വകുപ്പിനെ വെട്ടിമുറിച്ചതിലൂടെ ഏറ്റവുമധികം വികസിച്ചത് അഴിമതിയാണ്. നഗരകാര്യ വകുപ്പ് പോലുള്ളവ അഴിമതി നടത്താന്‍ പറ്റിയ ഇടമാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്ന പൊതുസര്‍വീസ് ഇപ്പോഴത്തെ സര്‍ക്കാര്‍ മരവിപ്പിച്ചിരിക്കുകയാണ്. ഇതുകാരണം തദ്ദേശഭരണവകുപ്പിന് ആവശ്യത്തിന് ജീവനക്കാരെ ലഭിക്കുന്നില്ല. ജീവനക്കാര്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും കൃത്യമായി ലഭിക്കുന്നതുപോലും ഇല്ലാതായി.

    ReplyDelete