Sunday, January 1, 2012

പിഎസ്സി ശുപാര്‍ശ നല്‍കിയിട്ടും നിയമനമില്ല

വിവിധ തസ്തികകളിലേക്കുള്ള റാങ്ക്പട്ടികയില്‍നിന്ന് പിഎസ്സി നിയമന ശുപാര്‍ശ അയച്ചിട്ടും നിയമന ഉത്തരവ് അയക്കാതെ സര്‍ക്കാര്‍വകുപ്പുകള്‍ ഉദ്യോഗാര്‍ഥികളെ വട്ടംചുറ്റിക്കുന്നു. ചട്ടവിരുദ്ധമായി റാങ്ക്ലിസ്റ്റ് നീട്ടാന്‍ തയ്യാറാകാതിരുന്ന പിഎസ്സിയെ അപമാനിച്ച മുഖ്യമന്ത്രി ഈ അനീതിക്കെതിരെ കണ്ണടയ്ക്കുന്നു. പിന്‍വാതിലിലൂടെ നിയമിച്ചവരെ പിരിച്ചുവിടേണ്ടിവരുമെന്നതിനാലാണ് നിയമനം നടത്താന്‍ വകുപ്പുകള്‍ താല്‍പ്പര്യം കാണിക്കാത്തത്. വാട്ടര്‍ അതോറിറ്റി, വൈദ്യുതി ബോര്‍ഡ്, വിദ്യാഭ്യാസവകുപ്പ്, ജലസേചനവകുപ്പ് തുടങ്ങി വിവിധ വകുപ്പുകളില്‍ പിഎസ്സി ശുപാര്‍ശ നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും അഞ്ഞൂറിലധികംപേരെ നിയമിക്കുന്നില്ല. വകുപ്പ് അധികൃതരുടെ ഗൂഢതാല്‍പ്പര്യങ്ങള്‍ക്ക് സര്‍ക്കാരും കൂട്ടുനില്‍ക്കുന്നു.

പിഎസ്സി ചെയ്യുന്ന സേവനങ്ങള്‍ കാണാതെയാണ് മുഖ്യമന്ത്രിയും സര്‍ക്കാരും ആക്ഷേപിച്ചത്. സംസ്ഥാന സര്‍ക്കാരിലെയും വിവിധ കോര്‍പറേഷനുകളിലെയും 2500ലേറെ തസ്തികകളിലേക്ക് പിഎസ്സിവഴി നിയമനം നടക്കുന്നു. വര്‍ഷം 25,000 മുതല്‍ 30,000 വരെപേര്‍ക്ക് നിയമനവും നല്‍കുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാനവര്‍ഷം 45,000 പേരെവരെ നിയമിച്ചു. രാജ്യത്തെ എല്ലാ പിഎസ്സികളും യുപിഎസ്സിയും നടത്തുന്ന ആകെ നിയമനങ്ങളേക്കാള്‍ വരുമിത്. വിജ്ഞാപനം നല്‍കിയ വിവിധ തസ്തികകളില്‍ 83 ലക്ഷം അപേക്ഷ ഇപ്പോള്‍ പിഎസ്സിക്കുമുന്നിലുണ്ട്. ഇവ പരിശോധിച്ച് പരീക്ഷ അറിയിപ്പ് നല്‍കുക, പരീക്ഷ നടത്തുക, പരീക്ഷ പേപ്പറിന് ഫാള്‍സ് നമ്പര്‍ ഇടുക, മൂല്യനിര്‍ണയത്തിന് നല്‍കുക, ഷോര്‍ട്ട് ലിസ്റ്റ് തയ്യാറാക്കുക, അഭിമുഖം നടത്തുക, റാങ്ക്ലിസ്റ്റ് തയ്യാറാക്കുക എന്നിങ്ങനെ വിപുലമായ സേവനങ്ങള്‍ അങ്ങേയറ്റം സുതാര്യതയോടും വിശ്വാസ്യതയോടും ചെയ്തുവരുന്നു. ഇതിനെല്ലാമായി സ്വീപ്പര്‍മാരടക്കം 1600 ജീവനക്കാര്‍മാത്രമാണുള്ളത്. മൂല്യനിര്‍ണയത്തിനുള്ള യന്ത്രങ്ങള്‍ അഞ്ചെണ്ണവും.

അതിനിടെ, നിലവില്‍ സര്‍വീസിലുള്ള ജീവനക്കാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാനുള്ള ഉത്തരവാദിത്തംകൂടി സര്‍ക്കാര്‍ പിഎസ്സിയെ ഏല്‍പ്പിച്ചു. പുതിയ ചെയര്‍മാന്‍ എത്തിയതോടെ കാള്‍ സെന്ററിലേക്ക് പത്ത് ജീവനക്കാരെ മാറ്റി. ജില്ലാ പിഎസ്സികളില്‍ രണ്ടു ജീവനക്കാരെവീതം പബ്ലിക് ഇന്‍ഫര്‍മേഷന്‍ ചുമതലയിലേക്കും മാറ്റി. സര്‍ക്കാരാകട്ടെ പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നുമില്ല. പിഎസ്സിയെ വിവാദത്തിലേക്ക് വലിച്ചിഴച്ച സര്‍ക്കാര്‍ , സമയം നോക്കാതെ ചുമതല നിര്‍വഹിക്കുന്ന ജീവനക്കാരുടെ മനോവീര്യം കെടുത്തിയെന്ന് കോണ്‍ഗ്രസ് അനുകൂല സംഘടനാ നേതാക്കള്‍ക്കുവരെ അഭിപ്രായമുണ്ട്.

deshabhimani 010112

1 comment:

  1. വിവിധ തസ്തികകളിലേക്കുള്ള റാങ്ക്പട്ടികയില്‍നിന്ന് പിഎസ്സി നിയമന ശുപാര്‍ശ അയച്ചിട്ടും നിയമന ഉത്തരവ് അയക്കാതെ സര്‍ക്കാര്‍വകുപ്പുകള്‍ ഉദ്യോഗാര്‍ഥികളെ വട്ടംചുറ്റിക്കുന്നു. ചട്ടവിരുദ്ധമായി റാങ്ക്ലിസ്റ്റ് നീട്ടാന്‍ തയ്യാറാകാതിരുന്ന പിഎസ്സിയെ അപമാനിച്ച മുഖ്യമന്ത്രി ഈ അനീതിക്കെതിരെ കണ്ണടയ്ക്കുന്നു. പിന്‍വാതിലിലൂടെ നിയമിച്ചവരെ പിരിച്ചുവിടേണ്ടിവരുമെന്നതിനാലാണ് നിയമനം നടത്താന്‍ വകുപ്പുകള്‍ താല്‍പ്പര്യം കാണിക്കാത്തത്. വാട്ടര്‍ അതോറിറ്റി, വൈദ്യുതി ബോര്‍ഡ്, വിദ്യാഭ്യാസവകുപ്പ്, ജലസേചനവകുപ്പ് തുടങ്ങി വിവിധ വകുപ്പുകളില്‍ പിഎസ്സി ശുപാര്‍ശ നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും അഞ്ഞൂറിലധികംപേരെ നിയമിക്കുന്നില്ല. വകുപ്പ് അധികൃതരുടെ ഗൂഢതാല്‍പ്പര്യങ്ങള്‍ക്ക് സര്‍ക്കാരും കൂട്ടുനില്‍ക്കുന്നു.

    ReplyDelete