Thursday, January 12, 2012

വൈദ്യുതിബോര്‍ഡില്‍ തുടര്‍ച്ചയായ സ്ഥലംമാറ്റത്തിനു പിന്നില്‍ വന്‍ അഴിമതി

വൈദ്യുതി ബോര്‍ഡില്‍ രണ്ടാം ഗ്രേഡ് ലൈന്മാന്മാരായി സ്ഥാനക്കയറ്റം കിട്ടിയ മസ്ദൂര്‍മാരെ തലങ്ങും വിലങ്ങും സ്ഥലംമാറ്റുന്നതിനുപിന്നില്‍ വന്‍ അഴിമതി. ദൂരസ്ഥലങ്ങളിലേക്ക് തുടര്‍ച്ചയായി രണ്ടും മൂന്നും തവണ സ്ഥലംമാറ്റിയശേഷം സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റം നല്‍കാന്‍ കൈക്കൂലി വാങ്ങുകയാണ്. ഒരു ബോര്‍ഡംഗത്തിന്റെ നേതൃത്വത്തില്‍ കാല്‍ലക്ഷം രൂപ മുതലാണ് ലേലമെന്ന് ജീവനക്കാര്‍ പറയുന്നു. കഴിഞ്ഞ പതിനഞ്ചുദിവസത്തിനുള്ളില്‍ ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലംമാറ്റി മൂന്ന് ഉത്തരവിറങ്ങി. നാലാമത്തെ ഉത്തരവ് തയ്യാറായിക്കൊണ്ടിരിക്കുന്നതായും പറയുന്നു. ഒരു മാനദണ്ഡവുമില്ലാത്ത സ്ഥലംമാറ്റത്തിനെതിരെ വിവിധ യൂണിയനുകള്‍ പ്രക്ഷോഭം തുടങ്ങാനിരിക്കുകയാണ്.

505 മസ്ദൂര്‍മാര്‍ക്കാണ് രണ്ടാം ഗ്രേഡ് ലൈന്മാന്മാരായി സ്ഥാനക്കയറ്റം നല്‍കിയത്. മൂന്നുതവണ സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങിയിട്ടും വടകര, കോഴിക്കോട് എന്നിവിടങ്ങളില്‍ നിലവില്‍ അനുവദിച്ച തസ്തികയേക്കാള്‍ 45 ലൈന്മാന്മാര്‍ കൂടുതലാണ്. അതേസമയം, കാസര്‍കോട് 42ഉം കണ്ണുര്‍ ശ്രീകണ്ഠാപുരത്ത് 20ഉം ലൈന്മാന്മാര്‍ കുറവാണ്. ഡിസംബര്‍ 24ലെ ഉത്തരവ് പ്രകാരം തിരുവനന്തപുരത്തുനിന്ന് 26 പേരെ പത്തനംതിട്ടയിലേക്കും 45 പേരെ ഷൊര്‍ണൂരിലേക്കും 20 പേരെ കൊട്ടാരക്കരയിലേക്കും മാറ്റി. തൃശൂരില്‍നിന്ന് 122 പേരെ തൊടുപുഴയിലക്കും മാറ്റി. തൊടുപുഴയില്‍ ആകെ 20 പേര്‍ വേണ്ടിടത്താണ് 122 പേരെ മാറ്റിയത്. തുടര്‍ന്ന്, ഈ ഉത്തരവ് റദ്ദാക്കി 122 പേരെയും തിരിച്ച് തൃശൂരിലേക്കുതന്നെ മാറ്റി. പക്ഷേ, അവിടെ നാലുപേരുടെ ഒഴിവ് മാത്രമാണുണ്ടായിരുന്നത്. കൂടാതെ, ആദ്യം തിരുവനന്തപുരത്തുനിന്ന് ഷൊര്‍ണൂരിലേക്കുമാറ്റിയ 45 പേരെ വീണ്ടും തൃശൂരിലേക്കും മാറ്റി. ഇതോടെ ഇവിടെ 167 ലൈന്മാന്മാരായി. ഇതുമാറ്റാന്‍ മൂന്നാമത്തെ ഉത്തരവും ഇറങ്ങി. നൂറിലേറെ ജീവനക്കാരാണ് ഒന്നിലേറെ സ്ഥത്തേക്കു മാറ്റപ്പെട്ടത്. ജീവനക്കാര്‍ക്കും കുടുംബങ്ങള്‍ക്കും ഉണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് പുറമെ ബോര്‍ഡിനും ഇവരുടെ യാത്രാച്ചെലവ് ഇനത്തില്‍ ലക്ഷങ്ങള്‍ നഷ്ടമായി.

ഇതിനിടയിലാണ് സൗകര്യപ്രദമായ സ്ഥലത്തേക്ക് വീണ്ടും സ്ഥലംമാറ്റാമെന്നും അല്ലെങ്കില്‍ ദൂരെസ്ഥലത്തേക്ക് വീണ്ടും മാറ്റുമെന്നുമുള്ള ഭീഷണിയുമായി ജീവനക്കാരുടെ സംഘടനാ നേതാക്കള്‍ എത്തിയത്. ഓടിത്തളര്‍ന്നവര്‍ എന്തുകൊടുത്തും വീണ്ടുമൊരു സ്ഥലംമാറ്റം ഒഴിവാക്കാന്‍ ശ്രമിക്കുമെന്ന് മനസ്സിലാക്കിയാണ് അഴിമതി നടത്തുന്നത്. ഇതിനെതിരെ ജീവനക്കാര്‍ ഒരുതവണ പ്രതിഷേധപ്രകടനം നടത്തി. തൊഴിലാളിദ്രോഹം തുടര്‍ന്നാല്‍ രൂക്ഷമായ പ്രക്ഷോഭം ആരംഭിക്കാന്‍ ഇടതുപക്ഷ യൂണിയനുകള്‍ ആലോചിക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഒമ്പതിനായിരത്തിലേറെ പേര്‍ക്ക് സ്ഥാനക്കയറ്റം നല്‍കി വിവിധ സെക്ഷനുകളില്‍ നിയമിച്ചിരുന്നു. കോണ്‍ഗ്രസ് അനുകൂല സംഘടനയ്ക്കുപോലും ആക്ഷേപം ഉന്നയിക്കാന്‍ സാധിക്കാത്തവിധമായിരുന്നു ഈ സ്ഥലംമാറ്റങ്ങള്‍ .

deshabhimani

1 comment:

  1. വൈദ്യുതി ബോര്‍ഡില്‍ രണ്ടാം ഗ്രേഡ് ലൈന്മാന്മാരായി സ്ഥാനക്കയറ്റം കിട്ടിയ മസ്ദൂര്‍മാരെ തലങ്ങും വിലങ്ങും സ്ഥലംമാറ്റുന്നതിനുപിന്നില്‍ വന്‍ അഴിമതി. ദൂരസ്ഥലങ്ങളിലേക്ക് തുടര്‍ച്ചയായി രണ്ടും മൂന്നും തവണ സ്ഥലംമാറ്റിയശേഷം സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റം നല്‍കാന്‍ കൈക്കൂലി വാങ്ങുകയാണ്. ഒരു ബോര്‍ഡംഗത്തിന്റെ നേതൃത്വത്തില്‍ കാല്‍ലക്ഷം രൂപ മുതലാണ് ലേലമെന്ന് ജീവനക്കാര്‍ പറയുന്നു. കഴിഞ്ഞ പതിനഞ്ചുദിവസത്തിനുള്ളില്‍ ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലംമാറ്റി മൂന്ന് ഉത്തരവിറങ്ങി. നാലാമത്തെ ഉത്തരവ് തയ്യാറായിക്കൊണ്ടിരിക്കുന്നതായും പറയുന്നു. ഒരു മാനദണ്ഡവുമില്ലാത്ത സ്ഥലംമാറ്റത്തിനെതിരെ വിവിധ യൂണിയനുകള്‍ പ്രക്ഷോഭം തുടങ്ങാനിരിക്കുകയാണ്.

    ReplyDelete