Thursday, February 28, 2013
അച്ഛനും മകനുമെതിരെ സോഷ്യലിസ്റ്റ് ജനതയില്‍ കലാപം
സോഷ്യലിസ്റ്റ് ജനത സംസ്ഥാനകൗണ്‍സിലില്‍ സംസ്ഥാന പ്രസിഡന്റ് എം പി വീരേന്ദ്രകുമാറിനും മകന്‍ എം വി ശ്രേയംസ്കുമാറിനുമെതിരെ രൂക്ഷവിമര്‍ശനം. അഴിമതിയുടെ കൂത്തരങ്ങായി മാറിയ യുഡിഎഫില്‍ തുടരുന്നത് എന്തിനാണെന്ന് കൗണ്‍സിലിലും ഭാരവാഹിയോഗത്തിലും ചോദ്യമുയര്‍ന്നു. യുഡിഎഫില്‍ ചേര്‍ന്നതില്‍ എന്തു നേട്ടമാണ് ഉണ്ടായതെന്ന് ഭൂരിപക്ഷം അംഗങ്ങളും ചോദിച്ചു. എല്‍ഡിഎഫില്‍ ഉണ്ടായിരുന്നപ്പോള്‍ ലഭിച്ചതിന്റെ പകുതി സീറ്റുമാത്രമാണ് യുഡിഎഫിനൊപ്പം നിന്നപ്പോള്‍ ലഭിച്ചത്. ഇങ്ങനെ പോയാല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കല്‍പ്പറ്റ സീറ്റ് മാത്രമേ മത്സരിക്കാന്‍ ലഭിക്കൂവെന്നും അംഗങ്ങള്‍ തുറന്നടിച്ചു. മുതിര്‍ന്ന നേതാക്കളായ കെ കൃഷ്ണന്‍കുട്ടി, എം കെ പ്രേംനാഥ്, മാത്യു വിളങ്ങാടന്‍, കെ ജെ സോഹന്‍, ഇ പി ദാമോദരന്‍, മുരുകദാസ് തുടങ്ങി ഭൂരിപക്ഷം അംഗങ്ങളും യുഡിഎഫ് സര്‍ക്കാരിനെയും അതിനെ പിന്തുണയ്ക്കുന്ന പാര്‍ടിയുടെ ഔദ്യോഗിക നിലപാടുകളെയും രൂക്ഷമായി വിമര്‍ശിച്ചു.
യോജിപ്പില്ലാത്തവര്‍ക്ക് പുറത്തുപോകാം എന്ന് യോഗത്തിന്റെ തുടക്കത്തില്‍ വീരേന്ദ്രകുമാര്‍ നടത്തിയ പരാമര്‍ശമാണ് അംഗങ്ങളെ ക്ഷുഭിതരാക്കിയത്. അരങ്ങില്‍ ശ്രീധരനും കെ ചന്ദ്രശേഖരനും പി ആര്‍ കുറുപ്പും പാര്‍ടി വിട്ടുപോയിട്ട് ഒന്നും സംഭവിച്ചില്ലെന്ന് വീരേന്ദ്രകുമാര്‍ പറഞ്ഞു. ചന്ദ്രശേഖരനും അരങ്ങിലും യുഡിഎഫിലേക്കു പോയതുകൊണ്ടാണ് ആരും പോവാതിരുന്നതെന്ന് ചില നേതാക്കള്‍ പറഞ്ഞു. അച്ചടക്കത്തെക്കുറിച്ച് പറയാന്‍ വീരേന്ദ്രകുമാറിന് എന്താണ് അവകാശമെന്നും നേതാക്കള്‍ ചോദിച്ചു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ച മനയത്ത് ചന്ദ്രനെ ജില്ലാ ബാങ്ക് പ്രസിഡന്റാക്കി അവരോധിച്ചതാണോ അച്ചടക്കമെന്നായിരുന്നു എം കെ പ്രേംനാഥിന്റെ ചോദ്യം. "വയനാട്ടിലെ ഭൂമികൈയേറ്റത്തെക്കുറിച്ച് ദേശാഭിമാനിയില്‍ വാര്‍ത്ത വന്നതല്ലേ കാരണം. അന്ന് ഇതിലെ ശരി പരിശോധിക്കാതെ സംസ്ഥാന പ്രസിഡന്റിനൊപ്പം നിന്നു. താങ്കളെ രക്ഷിക്കാന്‍വേണ്ടിയാണ് നിന്നത്. യുഡിഎഫ് സര്‍ക്കാരില്‍ അഴിമതി മാത്രമാണ് നടക്കുന്നത്. കമീഷനുവേണ്ടിയുള്ള ഭരണമാണിത്. ഇതിനെ താങ്ങിനിര്‍ത്തിയാല്‍ പാര്‍ടി ഉണ്ടാവില്ല"-അംഗങ്ങള്‍ പറഞ്ഞു. ചെറുകിട വ്യാപാരമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കണമെന്ന് വാദിച്ച ശ്രേയാംസ്കുമാറിന്റെ നടപടിയെയും അംഗങ്ങള്‍ രൂക്ഷമായി വിമര്‍ശിച്ചു. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന വാദത്തെയും എതിര്‍ത്തു. സൂര്യനെല്ലിക്കേസില്‍ പി ജെ കുര്യനെ സംരക്ഷിച്ച് ഒരംഗം നടത്തിയ പരാമര്‍ശത്തിനെതിരെ ആനി സ്വിറ്റി പൊട്ടിത്തെറിച്ചു. കുര്യനെ ജയിലിലടയ്ക്കുകയാണ് വേണ്ടതെന്നും അവര്‍ പറഞ്ഞു. ഇതുവരെ വീരേന്ദ്രകുമാറിനോടൊപ്പം നിന്നിരുന്നവര്‍പോലും എതിരാകുന്നതാണ് തിങ്കളാഴ്ചത്തെ യോഗത്തില്‍ കണ്ടത്.
deshabhimani 280213
Labels:
വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment