Tuesday, January 24, 2012
കാഴ്ചയുടെ വിസ്മയമൊരുക്കി സ്വാഗതസംഘം ഓഫീസുകള്‍
വൈക്കോല്‍ മേഞ്ഞ മേല്‍ക്കൂര, ഭിത്തിയില്‍ സ. പി കൃഷ്ണപിള്ളയുടെ ചില്ലിട്ട ചിത്രം, കമ്പിയില്‍ തൂങ്ങിക്കിടക്കുന്ന റാന്തല്‍ , മുറ്റത്ത് കിണറും വേലിക്കെട്ടും വാഴത്തൈയ്യും- തിരുവനന്തപുരം നഗരത്തില്‍ വള്ളക്കടവ് പുത്തന്റോഡ് കവലയിലാണ് മലയാളിമനസ്സില്‍ ഗൃഹാതുരത്വം സൃഷ്ടിക്കുന്ന കാഴ്ച. തെയ്യവും തിറയും കഥകളിയുമുള്‍പ്പെടെയുള്ള കലാരൂപങ്ങളുടെ വര്ണപ്രപഞ്ചങ്ങള് തീര്‍ത്ത് തലസ്ഥാനജില്ലയുടെ മുക്കിലും മൂലയിലും ഇതേ രീതിയില്‍ 2,500ലേറെ കേന്ദ്രങ്ങള്‍ . സിപിഐ എം സംസ്ഥാനസമ്മേളനത്തെ വരവേല്‍ക്കാന്‍ പ്രവര്‍ത്തകര്‍ പടുത്തുയര്‍ത്തിയ സംഘാടകസമിതി ഓഫീസുകളാണിത്.
തലസ്ഥാനജില്ലയുടെ സാമൂഹിക-നവോത്ഥാന-വിപ്ലവപ്രസ്ഥാനത്തിന്റെയും അതിന് നേതൃത്വംനല്കിയവരുടെയുമൊക്കെ സ്മരണകള്‍ വിളംബരംചെയ്യുന്ന സ്വാഗതസംഘം ഓഫീസുകളും ഏറെ. ഗ്രാമീണശൈലിയിലാണ് മിക്കവയും ഒരുക്കിയിരിക്കുന്നത്. ഈറ്റയും മുളയും പനമ്പും വൈക്കോലും നെല്ക്കതിരുമൊക്കെയാണ് നിര്‍മാണസാമഗ്രികള്‍ . കേരളത്തിന്റെ പാരമ്പര്യവും പോരാട്ട ചരിത്രവുമൊക്കെ വിവരിക്കുന്ന ചിത്രങ്ങളും ശില്‍പ്പങ്ങളും അലങ്കരിച്ച, കുടില്‍ മുതല്‍ കൊട്ടാരം വരെ പ്രാദേശികത്തനിമ വിളിച്ചോതുന്ന സ്വാഗതസംഘം ഓഫീസുകള്‍ കവലകളില്‍ നിറയുന്നു. നവോത്ഥാന നായകരായ അയ്യങ്കാളി, ശ്രീനാരായണഗുരു, വാഗ്ഭടാനന്ദന് , വിവേകാനന്ദന് , കാള്‍ മാര്‍ക്സിനെ കേരളത്തിന് ആദ്യമായി പരിചയപ്പെടുത്തിയ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, സ്വാതന്ത്ര്യസമര വിപ്ലവപ്രസ്ഥാനത്തിന്റെ സംഭാവനയായ ഭഗത്സിങ്, സുഭാഷ്ചന്ദ്ര ബോസ്, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരായ കാള്‍ മാര്‍ക്സ്, ലെനിന് , ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നായകരായ എ കെ ജി, പി കൃഷ്ണപിള്ള, ഇ എം എസ്, ഹര്‍കിഷന്‍സിങ് സുര്‍ജിത്, എം കെ പന്ഥെ, ജ്യോതിബസു, അഴീക്കോടന്‍ രാഘവന് , ചടയന്‍ ഗോവിന്ദന് , ജില്ലയിലെ പ്രസ്ഥാനത്തിന്റെ നായകരില്‍ അവസാനമായി വിട്ടുപിരിഞ്ഞ ആര് പരമേശ്വരന്‍പിള്ള ഉള്‍പ്പെടെയുള്ളവരുടെ സ്മരണകളും സ്വാഗതസംഘം ഓഫീസുകള്‍ ജനമനസ്സില്‍ നിറയ്ക്കുന്നു.
കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് രൂപംനല്കിയ പാറപ്രം സമ്മേളനവും പുന്നപ്ര-വയലാര്‍ പോരാട്ടവും നെയ്യാറ്റിന്‍കര വെടിവയ്പും കാണിപ്പറ്റ് സമരവുമൊക്കെ ചിത്രീകരിച്ചിട്ടുണ്ട്. കൂത്തുപറമ്പ് രക്തസാക്ഷികള്‍ ഉള്‍പ്പെടെ പ്രസ്ഥാനത്തിനും പൊതുസമൂഹത്തിനുമായി രക്തസാക്ഷിത്വം വരിച്ചവരുടെ ജ്വലിക്കുന്ന ഓര്‍മകളും സ്വാഗതസംഘം ഓഫീസുകള്‍ വിളംബരം ചെയ്യുന്നു. ഉടുക്കും ചെണ്ടയുമടക്കമുള്ള വാദ്യോപകരണങ്ങളും കരവിരുതിന്റെ ലോകമൊരുക്കുന്നു. ചുവപ്പണിഞ്ഞ നഗരങ്ങളും നാട്ടിടങ്ങളും വിസ്മയക്കാഴ്ചയായി മാറുന്നു.
ജില്ലയില്‍ പാര്‍ടിക്ക് 2040 ബ്രാഞ്ചാണുള്ളത്. ഈ ഘടകങ്ങളിലെല്ലാം സ്വാഗതസംഘം ഓഫീസ് തുറന്നു. ലോക്കല്‍ -ഏരിയ തല സ്വാഗതസംഘം ഓഫീസുകളും തയ്യാറായി. വര്‍ഗ ബഹുജന സംഘടനകളും അതത് പ്രദേശത്ത് സംഘാടകസമിതി ഓഫീസുകള്‍ അണിയിച്ചൊരുക്കിയിട്ടുണ്ട്. ജില്ലയിലാകമാനം അഞ്ഞൂറോളം കമാനങ്ങളും ഉയരുന്നു. കമ്യൂണിസ്റ്റ് പാര്‍ടിയുടെ ചരിത്രത്തില്‍ വീരേതിഹാസം എഴുതിച്ചേര്‍ത്ത മണ്മറഞ്ഞ നേതാക്കളുടെ സ്മരണ ഉയര്‍ത്തുന്ന 60 ചത്വരങ്ങളുടെ നിര്‍മാണവും പൂര്‍ത്തിയാകുന്നു.
കേന്ദ്രസര്‍ക്കാരിന്റെ സ്വകാര്യവല്‍ക്കരണം ഊര്‍ജമേഖലയെ തകര്‍ക്കും: എ കെ ബാലന്
കേന്ദ്രസര്‍ക്കാരിന്റെ വൈദ്യുതിമേഖലയിലെ സ്വകാര്യവല്‍ക്കരണം രാജ്യത്തെ ഇരുട്ടിലാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എ കെ ബാലന് പറഞ്ഞു. പശ്ചാത്തലമേഖലയിലെ സമഗ്രവികസനത്തിന്റെ പ്രാണവായുവാണ് ഊര്‍ജം. വൈദ്യുതി ഉല്‍പ്പാദനം, വികസനം, പ്രസരണം എന്നീ മേഖലകള്‍ കേന്ദ്രസര്‍ക്കാര്‍ സ്വകാര്യകുത്തകകള്‍ക്ക് കൈമാറുകവഴി വൈദ്യുതിമേഖല പ്രതിസന്ധിയിലാണ്. സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി "ഊര്‍ജപ്രതിസന്ധിയും ബദല്‍സാധ്യതകളും" എന്ന വിഷയത്തില്‍ തിരുമലയില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബാലന് .
പ്രസരണനഷ്ടം ഒഴിവാക്കാനും സംസ്ഥാനത്തെ വൈദ്യുതിമേഖല നവീകരിക്കാനും ടെന്‍ഡര്‍ വിളിച്ച് കൊറിയന്‍ കമ്പനിയെ ഏല്‍പ്പിച്ചപ്പോള്‍ അന്നത്തെ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള ചിലര്‍ അതിനെ എതിര്‍ത്തു. പിന്നീട് ആര്യാടന് മുഹമ്മദ് വൈദ്യുതിമന്ത്രിയായതോടെ തെറ്റുപറ്റിയത് സമ്മതിച്ചു. വിവാദം ഒഴിവാക്കി പദ്ധതി നടപ്പായിരുന്നെങ്കില്‍ ഈ മേഖലയില്‍ കുതിച്ചുചാട്ടം ഉണ്ടാകുമായിരുന്നു. അനാവശ്യവിവാദം കേരളത്തെ ഇരുട്ടിലാക്കാനേ ഉപകരിക്കൂ. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്‍ കുതിച്ചുചാട്ടമുണ്ടാക്കിയ വൈദ്യുതിമേഖല ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍വന്നതോടെ തകര്‍ച്ചയിലായി. വൈദ്യുതിവകുപ്പിനെ മുന്നോട്ടുകൊണ്ടുപോകാന്‍പോലും മന്ത്രിക്ക് കഴിയാത്ത സ്ഥിതിയിലാണ്. കേന്ദ്രം വൈദ്യുതിവിഹിതം കുറച്ചിട്ടും കഴിഞ്ഞ അഞ്ചുവര്‍ഷം കേരളത്തില്‍ പവര്‍കട്ടോ ലോഡ്ഷെഡിങ്ങോ ഉണ്ടായില്ലെന്നും ബാലന് പറഞ്ഞു.
ഊര്‍ജോല്‍പ്പാദനത്തിന് ആണവ റിയാക്ടറുകള്‍ ഇറക്കുമതി ചെയ്യുന്നത് രാജ്യത്തെ നാശത്തിലേക്ക് നയിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷനായ ആര് വി ജെ മേനോന് പറഞ്ഞു. പ്രകൃതിയുടെ അടിസ്ഥാനതത്വങ്ങളെ അപകടപ്പെടുത്തുന്ന തരത്തിലാകരുത് വികസനം. വൈദ്യുതി ഉല്‍പ്പാദനത്തിന് ഏറ്റവും സ്ഥായിയായ സ്രോതസ്സ് സൗരോര്‍ജമാണ്. സോളാര്‍ പാനലുകള്‍ ഉപയോഗിച്ച് ചൈനീസ് മാതൃകയില്‍ ഇവിടെയും ഗാര്‍ഹിക ആവശ്യത്തിനും മറ്റും ഊര്‍ജം ശേഖരിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഊര്ജത്തിനുമാത്രമല്ല വരുംനാളുകളില്‍ ഭക്ഷണത്തിനും വെള്ളത്തിനുംവേണ്ടി മനുഷ്യന് ഏറെ ബുദ്ധിമുട്ടേണ്ടിവരുമെന്ന് സുഗതകുമാരി പറഞ്ഞു. പ്രകൃതിയെ നശിപ്പിച്ചുള്ള വികസനം വേണ്ട. കൂടുതല്‍ മുതലാളിത്തത്തിലേക്ക് നീങ്ങുന്നത് വികസനമല്ലെന്നും സുഗതകുമാരി പറഞ്ഞു. ഡോ. സി പി അരവിന്ദാക്ഷന് , സി രാമചന്ദ്രന് , കെ ഒ ഹബീബ് എന്നിവര്‍ വിഷയം അവതരിപ്പിച്ചു.
ഉഴമലയ്ക്കലില്‍ സെമിനാര്‍ ശ്രദ്ധേയമായി; കര്ഷകന് ബ്രിട്ടീഷ് ഭരണകാലത്തേക്കാള്‍ ദുരിതം
വിതുര: കാര്‍ഷിക മേഖലയിലെ പ്രതിസന്ധികള്‍ തുറന്നുകാട്ടിയും പ്രതിവിധികള്‍ നിര്‍ണയിച്ചും ഉഴമലയ്ക്കലില്‍ സംഘടിപ്പിച്ച ഏരിയ സെമിനാര്‍ ശ്രദ്ധേയമായി. കര്‍ഷകത്തൊഴിലാളി യൂണിയന് സംസ്ഥാന പ്രസിഡന്റ് ബി രാഘവന് ഉദ്ഘാടനംചെയ്തു. കാര്‍ഷികരംഗത്തെ സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. രാസവളങ്ങളുടെ വില നിശ്ചയിക്കുന്നതിനുള്ള അവകാശം കമ്പനികള്‍ക്ക് നല്കി. അവധി വ്യാപാരത്തെ പ്രോത്സാഹിപ്പിക്കുന്നു. കാര്‍ഷികമേഖലയെ തകര്‍ത്ത് ഭക്ഷ്യപ്രതിസന്ധി സൃഷ്ടിക്കുകയാണ്. സമ്പന്നന്റെ താല്‍പ്പര്യങ്ങള്‍ മാത്രം കണക്കാക്കിയുള്ള നയങ്ങളാണ് ആദ്യം തിരുത്തേണ്ടതെന്നും സെമിനാര്‍ ഉദ്ഘാടനംചെയ്ത് ബി രാഘവന് പറഞ്ഞു. സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പുതുകുളങ്ങര ജങ്ഷനില്‍ സംഘടിപ്പിച്ച സെമിനാറില്‍ സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം ആനാവൂര്‍ നാഗപ്പന് അധ്യക്ഷനായി. പി കൃഷ്ണപ്രസാദ് വിഷയാവതരണം നടത്തി. ഡോ. സി ഭാസ്കരന് , സിപിഐ എം ജില്ലാസെക്രട്ടറിയറ്റ് അംഗം വി കെ മധു, ഏരിയ സെക്രട്ടറി പേരയം ശശി എന്നിവര്‍ സംസാരിച്ചു.
deshabhimani 240112
Labels:
പാര്‍ട്ടി കോണ്‍ഗ്രസ്,
വാർത്ത
Subscribe to:
Post Comments (Atom)


വൈക്കോല്‍ മേഞ്ഞ മേല്‍ക്കൂര, ഭിത്തിയില്‍ സ. പി കൃഷ്ണപിള്ളയുടെ ചില്ലിട്ട ചിത്രം, കമ്പിയില്‍ തൂങ്ങിക്കിടക്കുന്ന റാന്തല്‍ , മുറ്റത്ത് കിണറും വേലിക്കെട്ടും വാഴത്തൈയ്യും- തിരുവനന്തപുരം നഗരത്തില്‍ വള്ളക്കടവ് പുത്തന്റോഡ് കവലയിലാണ് മലയാളിമനസ്സില്‍ ഗൃഹാതുരത്വം സൃഷ്ടിക്കുന്ന കാഴ്ച. തെയ്യവും തിറയും കഥകളിയുമുള്‍പ്പെടെയുള്ള കലാരൂപങ്ങളുടെ വര്ണപ്രപഞ്ചങ്ങള് തീര്‍ത്ത് തലസ്ഥാനജില്ലയുടെ മുക്കിലും മൂലയിലും ഇതേ രീതിയില്‍ 2,500ലേറെ കേന്ദ്രങ്ങള്‍ . സിപിഐ എം സംസ്ഥാനസമ്മേളനത്തെ വരവേല്‍ക്കാന്‍ പ്രവര്‍ത്തകര്‍ പടുത്തുയര്‍ത്തിയ സംഘാടകസമിതി ഓഫീസുകളാണിത്.
ReplyDelete