Tuesday, January 24, 2012

റുഷ്ദിയെ വീഡിയോ കോണ്‍ഫറന്‍സിങ്ങിനും അനുവദിക്കില്ല: രാജസ്ഥാന്‍

ജയ്പുര്‍ സാഹിത്യോത്സവത്തില്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ സംസാരിക്കാന്‍ സല്‍മാന്‍ റുഷ്ദിയെ അനുവദിക്കില്ലെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍ . ചൊവ്വാഴ്ച റുഷ്ദിക്ക് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ സംസാരിക്കാനുള്ള സജ്ജീകരണം സംഘാടകര്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ , വീഡിയോ കോണ്‍ഫറന്‍സിങ്ങിന് അനുമതി വാങ്ങിയിട്ടില്ലെന്നും അനുമതിയില്ലാതെ റുഷ്ദിയുടെ സംസാരം അനുവദിക്കില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ജയ്പുരിലെത്തിയാല്‍ കൊലപ്പെടുത്താന്‍ തീവ്രവാദികള്‍ വാടകക്കൊലയാളികളെ നിയോഗിച്ചിട്ടുണ്ടെന്ന വ്യാജ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണ് റുഷ്ദി ഇന്ത്യയിലേക്കുള്ള വരവ് ഒഴിവാക്കിയത്. വധഭീഷണി രാജസ്ഥാന്‍ പൊലീസ് സൃഷ്ടിച്ച കള്ളക്കഥയാണെന്ന് തെളിഞ്ഞതോടെ റുഷ്ദി പ്രതിഷേധവും അമര്‍ഷവും പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്നാണ് വീഡിയോ കോണ്‍ഫറന്‍സിങ് പ്രഭാഷണത്തിന് പദ്ധതിയൊരുക്കിയത്. വീഡിയോ കോണ്‍ഫറന്‍സിങ്ങിന് ശ്രമിക്കുന്നുണ്ടെന്ന് ഉത്സവ സംഘാടകനായ സഞ്ജോയ് കെ റോയ് പറഞ്ഞു. എതിര്‍പ്പ് അറിയിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥരാരും സംഘാടകരെ ബന്ധപ്പെട്ടിട്ടില്ലെന്നും റോയ് അറിയിച്ചു. എന്നാല്‍ , വീഡിയോ കോണ്‍ഫറന്‍സിങ്ങിന് സംഘാടകര്‍ അനുമതി തേടിയിട്ടില്ലെന്ന് അഡീഷണല്‍ പൊലീസ് കമീഷണര്‍ ബിജു ജോര്‍ജ് ജോസഫ് പറഞ്ഞു.

റുഷ്ദി ജയ്പുരില്‍ വരുന്നതിനോട് വിയോജിച്ചിരുന്ന ഇസ്ലാമിക സംഘടനകള്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിനെ കാര്യമായി എതിര്‍ത്തിട്ടില്ല. എന്നാല്‍ , സമുദായത്തിന് അപകീര്‍ത്തികരമായ വിധത്തില്‍ എന്തെങ്കിലും പരാമര്‍ശം റുഷ്ദിയുടെ ഭാഗത്തുനിന്നുണ്ടായാല്‍ എതിര്‍ക്കുമെന്ന് ജമാത്തെ ഇസ്ലാമി ജനറല്‍സെക്രട്ടറി മുഹമദ് സലീം എഞ്ചിനീയര്‍ പറഞ്ഞു. റുഷ്ദിയെ ഒരു ക്രിമിനലായാണ് തങ്ങള്‍ കണക്കാക്കുന്നത്. എന്തെങ്കിലും തെറ്റായ പരാമര്‍ശങ്ങള്‍ അദ്ദേഹം നടത്തിയാല്‍ സംഘടന പ്രതിഷേധം നടത്തും- എഞ്ചിനീയര്‍ പറഞ്ഞു. റുഷ്ദിയുടെ "സാത്താന്റെ വചനങ്ങള്‍" എന്ന നോവലിലെ ഭാഗങ്ങള്‍ സാഹിത്യോത്സവത്തില്‍ വായിച്ചതിനെതിരെ ഇസ്ലാമിക സംഘടനകള്‍ രാജസ്ഥാനിലെ വ്യത്യസ്ത കോടതികളില്‍ രണ്ട് ഹര്‍ജി സമര്‍പ്പിച്ചു.

deshabhimani 240112

1 comment:

  1. ജയ്പുര്‍ സാഹിത്യോത്സവത്തില്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ സംസാരിക്കാന്‍ സല്‍മാന്‍ റുഷ്ദിയെ അനുവദിക്കില്ലെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍ . ചൊവ്വാഴ്ച റുഷ്ദിക്ക് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ സംസാരിക്കാനുള്ള സജ്ജീകരണം സംഘാടകര്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ , വീഡിയോ കോണ്‍ഫറന്‍സിങ്ങിന് അനുമതി വാങ്ങിയിട്ടില്ലെന്നും അനുമതിയില്ലാതെ റുഷ്ദിയുടെ സംസാരം അനുവദിക്കില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

    ReplyDelete