Monday, January 9, 2012

ചെമ്പട്ടണിഞ്ഞ് ആലപ്പുഴ

തൊഴിലാളി വര്‍ഗത്തിന്റെ സമരമുന്നേറ്റങ്ങളില്‍ പ്രകമ്പനംകൊള്ളുകയും വീരചരിത്രമെഴുതുകയും ചെയ്ത ആലപ്പുഴ മറ്റൊരു വീരേതിഹാസം രചിക്കാന്‍ തയ്യാറെടുപ്പു പൂര്‍ത്തിയാക്കി. സിപിഐ എം ജില്ലാസമ്മേളനം ചരിത്രസംഭവമാക്കി ചരിത്രത്തില്‍ ഇടംനേടാനുള്ള നിയോഗമാണ് ഇക്കുറി ആലപ്പുഴ ഏറ്റെടുക്കുന്നത്. 13 വര്‍ഷത്തിനുശേഷം ആലപ്പുഴനഗരം ആതിഥ്യമരുളുന്ന ജില്ലാസമ്മേളനം ചരിത്രവിജയമാക്കാനുള്ള ഒരുക്കം എവിടെയും തകൃതി. 1998ലാണ് ഏറ്റവുമൊടുവില്‍ സിപിഐ എം ജില്ലാസമ്മേളനത്തിനു ആലപ്പുഴനഗരം സാക്ഷ്യംവഹിച്ചത്. സമ്മേളനവിജയത്തിനു പുന്നപ്ര-വയലാര്‍ രണസ്മരണകള്‍ ഇരമ്പിയാര്‍ക്കുന്ന ആലപ്പുഴ ചുവന്നുതുടത്തു. എങ്ങും ചെമ്പട്ടുപുതച്ച പ്രതീതി. എവിടെയും പാറിപ്പറക്കുന്ന ചെങ്കൊടി. നഗരവീഥികളാകെ നക്ഷത്രശോഭ തിടമ്പേറ്റുന്ന രക്തവര്‍ണക്കടലാസുകള്‍ തോരണം ചൂടിനില്‍ക്കുന്നു.

ആകാശത്തിലെ പറവകളെ പോലെ കയറിക്കിടക്കാന്‍ കൂരയും അരവയറു നിറയ്ക്കാന്‍ അന്നവും മാനംമറയ്ക്കാന്‍ ഒരുകീറു തുണിയും ഇല്ലാതെ അടിമജീവിതം നയിച്ച മനുഷ്യന്‍ . സ്വപ്നം കാണാനോ നല്ലൊരു നാളെയെക്കുറിച്ചു ഭാവന നെയ്യാനോ കഴിയാതെ പകലന്തിയോളം വയലേലകളിലും പണിയിടങ്ങളിലും കൂലിയില്ലാപ്പണി ചെയ്തു മരിച്ചുവീണ മനുഷ്യന്‍ . നൂറ്റാണ്ടുകളുടെ ഇരുണ്ടതടവറകളില്‍ അടിമയായികഴിഞ്ഞ ഈ മനുഷ്യനെ സ്വപ്നം കാണാനും മാറ്റത്തിന്റെ കൊടുങ്കാറ്റു സൃഷ്ടിക്കാനും കഴിയുന്ന സാമൂഹ്യജീവിയായി മാറ്റിയെടുത്ത മഹാപ്രസ്ഥാനം. അതിനെ ഹൃദയപക്ഷത്തു പ്രതിഷ്ഠിച്ച, പണിയെടുക്കുന്നവന്റെ വിയര്‍പ്പുച്ചിന്തിയതിനാല്‍ ആലപ്പുഴ നഗരം ഹര്‍ഷപുളകിതയാണിപ്പോള്‍ . ചരിത്രം തങ്ങളിലേല്‍പ്പിച്ച നിയോഗം മഹാപുണ്യമായി ഏറ്റെടുത്ത പച്ചമനുഷ്യരുടെ ഹൃദയത്തുടിപ്പുകളാല്‍ സിപിഐ എം ജില്ലാസമ്മേളനം മറ്റൊരു ശോണമുദ്രയായി മാറുന്നു. മൂന്നുദിവസംനീളുന്ന സമ്മേളനം പ്രസ്ഥാനത്തിന്റെ മുന്നേറ്റത്തില്‍ നാഴികക്കല്ലാക്കി മാറ്റാനുള്ള അവസാനഘട്ട ശ്രമങ്ങളിലാണ് ആയിരക്കണക്കിനു പ്രവര്‍ത്തകര്‍ .

ചൊവ്വാഴ്ച രാവിലെ ആലപ്പുഴ ടൗണ്‍ഹാളില്‍ പ്രത്യേകം സജ്ജമാക്കിയ സഖാവ് ഇ ബാലാനന്ദന്‍ നഗറില്‍ പ്രതിനിധിസമ്മേളനം തുടങ്ങും. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യും. വി എസ് അച്യുതാനന്ദന്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ മുന്‍നിര നേതാക്കള്‍ ആദ്യാവസാനം പങ്കെടുക്കും. 12നു ഇഎംഎസ് സ്റ്റേഡിയത്തിലെ സഖാവ് ഹര്‍കിഷന്‍സിങ് സൂര്‍ജിത് നഗറില്‍ ചേരുന്ന പൊതുസമ്മേളനം വി എസ് ഉദ്ഘാടനം ചെയ്യും.

പടനിലങ്ങളിലെ രക്തപങ്കിലമായ ഏടുകളാല്‍ പുളകിതമാണ് മാനവചരിത്രം. സമ്പന്നമായ ആ ചരിത്രത്തില്‍ ആലപ്പുഴയ്ക്കും ഈടുവയ്പുണ്ട്. ചരിത്രത്തിന്റെ നിലയ്ക്കാത്ത ഈ മഹാപ്രവാഹത്തില്‍ വീരചരിത്രം എഴുതിച്ചേര്‍ത്തത് പുന്നപ്ര-വയലാര്‍ . സമരപുകളങ്ങളുടെ സിന്ദൂരമാലകള്‍ ചാര്‍ത്തിനില്‍ക്കുന്നു ആ രക്തശോഭ. അതില്‍നിന്നു അണമുറിയാത്ത ഊര്‍ജപ്രവാഹം ഏറ്റുവാങ്ങുന്ന സിപിഐ എം എന്ന കരുത്തുറ്റ പ്രസ്ഥാനത്തിന്റെ ശക്തി പണമിടമാറ്റു കുറയ്ക്കാന്‍ ശത്രുവര്‍ഗത്തെ അനുവദിക്കില്ലെന്നുള്ള പ്രഖ്യാപനത്തിന്റെ വിളംബരഘോഷമാണിത്. സമ്മേളനത്തിന്റെ പ്രചണ്ഡമായ പ്രചാരണങ്ങള്‍ ഇതിനു ഉത്തമനിദര്‍ശനങ്ങള്‍ . ചിരപുരാതനമായ ആലപ്പുഴ നഗരം ഇപ്പോള്‍ ദര്‍ശിക്കുന്നത് ഈ പ്രചാരണങ്ങളുടെ ഘോഷയാത്രയാണ്. രക്തസാക്ഷികളുടെ മരിക്കാത്ത ഓര്‍മ്മകള്‍ ഹൃത്തടത്തിലേറ്റു വാങ്ങി നാടുംനഗരവും ഈ ആവേശത്തിമിര്‍പ്പിനു ഈടുവയ്പ്പാകുന്നു. അതു മറ്റൊരു ചരിത്രം.

ഭാവിയുടെ ചൂണ്ടുപലകയായി സെമിനാറുകള്‍

ആലപ്പുഴ: സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറുകള്‍ വര്‍ത്തമാനകാല സമൂഹം അഭിമുഖീകരിക്കുന്ന മൗലികപ്രശ്നങ്ങളിന്മേലുള്ള സര്‍ഗസംവാദത്തിന് വേദിയായി. ജില്ലയിലെ വിവിധ വിഭാഗം ജനങ്ങളും തൊഴിലാളികളും ഇന്ന് നേരിടുന്ന പ്രസക്തമായ പ്രശ്നങ്ങള്‍ക്ക് മൂര്‍ത്തമായ പരിഹാരനിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുന്നവയായി സെമിനാറുകള്‍ മാറി. സിപിഐ എമ്മിന്റെ സംഘാടനപാടവത്തിന് മികച്ച ഉദാഹരണങ്ങളായിരുന്നു ഇവ. ജനപങ്കാളിത്തത്താല്‍ സെമിനാറുകള്‍ മികവുറ്റതായി. ഉള്ളടക്കത്തില്‍ കാലികപ്രസക്തിയുള്ളതും.

ഡിസംബര്‍ 30ന് തുടങ്ങി ജനുവരി എട്ടുവരെ നീണ്ട ഒമ്പത് സെമിനാറുകളാണ് ജില്ലയുടെ വിവിധഭാഗങ്ങളിലായി സംഘടിപ്പിച്ചത്. ഡിസംബര്‍ 30ന് "ഭക്ഷ്യസുരക്ഷാബില്ലിന്റെ കാണാപ്പുറങ്ങള്‍" എന്ന വിഷയത്തിലായിരുന്നു ആദ്യസെമിനാര്‍ . "കയര്‍ പ്രതിസന്ധി-പരിഹാരങ്ങള്‍", "ആലപ്പുഴയുടെ ആരോഗ്യ-പരിസ്ഥിതി പ്രശ്നങ്ങള്‍", "നീതി നിര്‍വഹണവും നിയമവ്യവസ്ഥയും", "കേരള രാഷ്ട്രീയം വിമോചനസമരത്തിനുശേഷം", "ന്യൂനപക്ഷസംരക്ഷണത്തിന്റെ പ്രസക്തി", "സര്‍ഗാത്മ യൗവനം-പുതിയ വെല്ലുവിളികള്‍", "സ്ത്രീസമൂഹം-രാഷ്ട്രീയം", "സാമൂഹ്യനീതി-ദളിത് അവകാശങ്ങള്‍" എന്നീ വിഷയങ്ങളിലായിരുന്നു മറ്റ് സെമിനാറുകള്‍ .

പ്രതിനിധി സമ്മേളനം തുടങ്ങുന്ന ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് ആലപ്പുഴ നഗരചത്വരത്തിലെ സ. ജ്യോതിബസു നഗറില്‍ "ആഗോളവല്‍ക്കരണം-രണ്ട് ദശകങ്ങളുടെ ബാക്കിപത്രം" എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. ഓരോ വിഷയവും അതത് മേഖലയിലെ പ്രഗത്ഭമതികളും വിദഗ്ധരും പങ്കെടുത്ത സംവാദങ്ങളുമായി മാറി. ജനപങ്കാളിത്തവും എടുത്തുപറയേണ്ടതാണ്. ഇതാദ്യമായാണ് സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടികളുടെ ഭാഗമായി ഇത്രയേറെ സെമിനാറുകള്‍ സംഘടിപ്പിക്കുന്നത്. സമ്മേളനത്തിന്റെ ഉള്ളടക്കം എത്രമാത്രം കനപ്പെട്ടതാണ് എന്നതിന് സെമിനാറുകള്‍ അടിവരയിട്ടു. സിപിഐ എമ്മിന് മാത്രം കഴിയുന്ന, മറ്റൊരു രാഷ്ട്രീയപാര്‍ടിക്കും സ്വപ്നംകാണാന്‍കൂടി കഴിയാത്ത സംഘാടനമികവാണ് സെമിനാറുകളുടെ വിജയത്തിന് പ്രധാനകാരണം. സമ്മേളനാനന്തരം വിവിധമേഖലകളിലെ പ്രശ്നങ്ങളുയര്‍ത്തി ഏറ്റെടുക്കാന്‍ പോകുന്ന സുസംഘടിതമായ പ്രക്ഷോഭങ്ങള്‍ക്ക് ഊര്‍ജം പകരുന്നതായി സെമിനാറുകളുടെ കണ്ടെത്തല്‍ . ആ നിലയില്‍ സിപിഐ എമ്മിനെ സംബന്ധിച്ചിടത്തോളം വലിയ അനുഭവമായി സെമിനാറുകള്‍ പരിണമിച്ചു.

ആദ്യപഥികരുടെ ഓര്‍മയില്‍ "നഗറുകള്‍"

ആലപ്പുഴ: ആദ്യപഥികരുടെ ഓര്‍മകള്‍ പങ്കുവയ്ക്കുന്ന നഗറുകള്‍ സിപിഐ എം ജില്ലാ സമ്മേളനത്തിന് ആവേശംപകര്‍ന്നു. സിപിഐ എമ്മിന്റെ ചരിത്രത്തില്‍ സുവര്‍ണലിപികളാല്‍ മുദ്രണംചെയ്യപ്പെട്ട ഒരുപിടി നേതാക്കളുടെ പേരിലാണ് സമ്മേളനനഗറുകള്‍ . പ്രതിനിധി സമ്മേളനം നടക്കുന്നത് ആലപ്പുഴ ടൗണ്‍ഹാളിലെ സ. ജ്യോതിബസു നഗറില്‍ . 12ന് പൊതുസമ്മേളനം ചേരുന്നത് സിപിഐ എം ജനറല്‍ സെക്രട്ടറിയായിരുന്ന സ. ഹര്‍കിഷന്‍സിങ് സുര്‍ജിത്തിന്റെ പേരിലുള്ള നഗറിലാണ്. ഇഎംഎസ് സ്റ്റേഡിയത്തിലാണ് ഇത് സജ്ജമാക്കിയിട്ടുള്ളത്.

പ്രതിനിധിസമ്മേളനം നടക്കുന്ന വേളയില്‍തന്നെ ചേരുന്ന സെമിനാറും സാംസ്കാരികസമ്മേളനവും നഗരചത്വരത്തില്‍ പ്രത്യേകം സജ്ജമാക്കിയ സ. ജ്യോതിബസു നഗറില്‍ . 10നാണ് സെമിനാര്‍ . സാംസ്കാരികസമ്മേളനം 11ന്. ഇവിടെത്തന്നെയായിരുന്നു കഴിഞ്ഞദിവസം "സ്ത്രീസമൂഹം-രാഷ്ട്രീയം" എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നത്. സമ്മേളനത്തിന്റെ ഭാഗമായി സ്കൂള്‍ കുട്ടികള്‍ക്കായി കലാസാഹിത്യ മത്സരങ്ങള്‍ സംഘടിപ്പിച്ചതും നഗരചത്വരത്തിലെതന്നെ സ. എം കെ പന്ഥെ നഗറില്‍ . ലോകത്തിന്റെയും സിപിഐ എമ്മിന്റെയും ചരിത്രം അനാവരണം ചെയ്യുന്ന, പോരാട്ടങ്ങളുടെ നാള്‍വഴികള്‍ ചൂണ്ടിക്കാട്ടുന്ന ഫോട്ടോപ്രദര്‍ശനത്തിന് ഞായറാഴ്ച തുടക്കമിട്ടതും പന്ഥെ നഗറില്‍തന്നെ. പ്രദര്‍ശനം വ്യാഴാഴ്ചവരെ നീളും.

deshabhimani 090112

No comments:

Post a Comment