Wednesday, January 25, 2012

ഗ്രന്ഥശാലാപ്രസ്ഥാനത്തെ രക്ഷിക്കാന്‍ അണിനിരക്കുക

ഗ്രന്ഥശാലാ പ്രസ്ഥാനം കേരളത്തിന്റെ നവോഥാന ചരിത്രത്തിന്റെ തന്നെ ഭാഗമാണ് സാമൂഹികനീതിയുടേയും മനുഷ്യമഹത്വത്തിന്റേയും ആശയങ്ങള്‍ കേരളീയജീവിതത്തിന്റെ ഭാഗമായി മാറിയതില്‍ ഗ്രന്ഥശാലകള്‍ മഹത്തായ പങ്കുവഹിച്ചു. അക്ഷരത്തിന്റെ ശക്തിയും സൗന്ദര്യവും തലമുറകളിലേക്ക് പകര്‍ന്നുകൊടുത്തുകൊണ്ടാണ് അവ കേരളത്തിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും വേരൂന്നിയത്. ലോകത്തെമ്പാടും നടന്ന മാനവിക മുന്നേറ്റങ്ങളെക്കുറിച്ച് ഈ നാടിനെ പഠിപ്പിച്ച മഹത്തായ വിജ്ഞാനകേന്ദ്രങ്ങളാണ് അവ. സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും പുരോഗതിയുടെയും കാവല്‍പുരകളെപ്പോലെ അവ എന്നും നിലകൊണ്ടു.

'പാരതന്ത്ര്യം മാനികള്‍ക്കു മൃതിയേക്കാള്‍ ഭയാനകം' എന്ന് ഉദ്‌ബോധിപ്പിച്ച ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ പുളകോദ്ഗമനകാരിയായ മുദ്രകള്‍ മലയാളത്തിന്റെ മനസില്‍ പതിഞ്ഞത് ഗ്രന്ഥശാലകളില്‍ കൂടിയാണ്. സ്വാതന്ത്ര്യസമരമുന്നേറ്റങ്ങളുടേയും തൊഴിലാളി-കര്‍ഷകസമരങ്ങളുടേയും ഭാഗമായിത്തന്നെയാണ് ഇവിടെ ഗ്രന്ഥശാലാ പ്രസ്ഥാനം ശക്തിപ്രാപിച്ചത്. തൊഴിലാളി കലാകേന്ദ്രങ്ങളായും നിശാപാഠശാലകളായും ഗ്രന്ഥശാലകള്‍ പ്രവര്‍ത്തിച്ച ചരിത്രവും കേരളത്തിനുണ്ട്. അതിന്റെയെല്ലാം സദ്പാരമ്പര്യമാണ് സത്യത്തില്‍ കേരള ഗ്രന്ഥശാലാ സംഘത്തിന് കരുത്തുപകര്‍ന്നത്. പി ടി ഭാസ്‌കരപ്പണിക്കരെപ്പോലെയും പി എന്‍ പണിക്കരെപ്പോലെയും ഉള്ള നിഷ്‌കാമ കര്‍മികളായ എത്രയോ മനുഷ്യരുടെ സ്വപ്നവും വിയര്‍പ്പും അതിന്റെ വഴിത്താരകളില്‍ വീണുകിടപ്പുണ്ട്.

ഗ്രന്ഥശാലാ പ്രസ്ഥാനം വിജ്ഞാനപ്രദാനത്തിന്റെയും ജനാധിപത്യ സംസ്‌കാരത്തിന്റെയും കേന്ദ്രങ്ങളായി മാറിയ അനുഭവമാണ് കേരളത്തിലുള്ളത്. മാറിമാറി വന്ന ഗവണ്‍മെന്റുകള്‍ അതിനോടു കൈക്കൊണ്ട നയസമീപനങ്ങളില്‍ അത് പ്രതിഫലിച്ചു. സര്‍ക്കാരിന്റെ പിന്തുണയും സാമ്പത്തികസഹായവും കേരള ലൈബ്രറി കൗണ്‍സിലിനു ലഭ്യമായത് അക്കാരണത്താലാണ്. ഗ്രന്ഥശാലാ സംഘത്തിന്റെ പിന്തുടര്‍ച്ചാവകാശമുള്ള ലൈബ്രറികൗണ്‍സില്‍ എല്ലാ തരത്തിലുമുള്ള പിന്തുണയും പ്രോത്സാഹനവും ഇന്നു കൂടുതലായി അര്‍ഹിക്കുന്നുണ്ട്.

എന്നാല്‍ അതിനെ തകര്‍ക്കാനുള്ള കരുനീക്കമാണ് ഇന്നു നടക്കുന്നത്. ഏതു ഭാഗത്തു നിന്ന് അതുണ്ടായാലും പ്രബുദ്ധകേരളം പൊറുക്കില്ല. ഗ്രന്ഥശാലകള്‍ക്കുള്ള ഗ്രാന്റ് തടഞ്ഞുവയ്ക്കാന്‍ യു ഡി എഫ് ഗവണ്‍മെന്റിനെ ഉപദേശിച്ച അക്ഷരവൈരികളാരാണെന്നറിയില്ല. അത്തരം ദുര്‍ബുദ്ധികള്‍ക്കു വഴങ്ങിയ നിമിഷത്തെക്കുറിച്ച് തീര്‍ച്ചയായും ഗവണ്‍മെന്റിനു സ്വയം പരിതപിക്കേണ്ടിവരും. ആറായിരത്തിലേറെ വരുന്ന ഗ്രന്ഥശാലകളില്‍ ഗ്രാമങ്ങളിലെ വായനശാലകളാണ് ഗണ്യമായ ഒരു ഭാഗം. അവയ്ക്കുള്ള ഗ്രാന്റ് തടഞ്ഞുവയ്ക്കുന്നത് ഈ വിജ്ഞാനകേന്ദ്രങ്ങളുടെ കഴുത്തിനു ഞെക്കിപ്പിടിക്കുന്നതു പോലെയായിരിക്കും. അവ ശ്വാസംമുട്ടി മരിച്ചുപോയാല്‍ നാടിന്റെ സാംസ്‌കാരികജീവിതത്തില്‍ ഉളവാകുന്ന മഹാശൂന്യതയെപ്പറ്റി ഗവണ്‍മെന്റ് ചിന്തിക്കുന്നില്ല.

ഗ്രന്ഥശാലകളെ സാമ്പത്തികമായി ബന്ദികളാക്കിയാല്‍ ലൈബ്രറി കൗണ്‍സില്‍ പ്രതിസന്ധിയിലാകുമെന്നാണ് ഭരണകക്ഷിയുടെ 'സാംസ്‌കാരികനായകന്മാര്‍' കണക്കുകൂട്ടുന്നത്. ആ പ്രതിസന്ധി മുതലെടുത്ത് ലൈബ്രറി കൗണ്‍സിലില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭരണം അടിച്ചേല്‍പ്പിക്കാനാവുമെന്നും അവര്‍ കണക്കുകൂട്ടുന്നു. സ്വന്തം വരുതിക്കു അടങ്ങുന്ന അഡ്മിനിസ്‌ട്രേറ്റര്‍ വന്നാല്‍ പിന്‍സീറ്റ് ഡ്രൈവിംഗ് നടത്താനായി ഭരണ ഉപശാലകളില്‍ ആര്‍ക്കെല്ലാമോ തിടുക്കമുണ്ടത്രെ. അത്തരക്കാരുടെ കൈയിലെ കളിപ്പാട്ടമായി ലൈബ്രറി കൗണ്‍സില്‍ മാറിക്കൂടാ. അങ്ങനെ സംഭവിച്ചാല്‍ ഗ്രന്ഥശാലാ പ്രസ്ഥാനത്തിനുണ്ടാകുന്ന ദുരന്തമായിരിക്കും അത്.

അക്ഷരങ്ങളുടേയും അറിവിന്റേയും മഹത്വത്തെ ചോദ്യം ചെയ്യുന്ന രാഷ്ട്രീയ പ്രേരിതനീക്കത്തില്‍ നിന്ന് ഗവണ്‍മെന്റ് പിന്തിരിയണം. തടഞ്ഞുവയ്ക്കപ്പെട്ട ഗ്രാന്റ് ഗ്രന്ഥശാലകള്‍ക്ക് എത്രയും വേഗം എത്തിക്കുമെന്ന് ഉറപ്പാക്കണം. അതിനുള്ള സാമാന്യമര്യാദയും ജനാധിപത്യ തത്വദീക്ഷയും ഗവണ്‍മെന്റ് കാട്ടുന്നില്ലെങ്കില്‍ ഗ്രന്ഥശാലാ പ്രസ്ഥാനത്തെ സ്‌നേഹിക്കുന്നവരെല്ലാം അതിന്റെ രക്ഷയ്ക്കുവേണ്ടി ഒന്നിച്ചണി നിരക്കുക തന്നെ ചെയ്യും. ആ സംഘടിത പ്രസ്ഥാനത്തിനു മുന്നില്‍ ഗവണ്‍മെന്റിന് മുട്ടുമടക്കേണ്ടി വരും.

janayugom editorial 250112

1 comment:

  1. ഗ്രന്ഥശാലാ പ്രസ്ഥാനം കേരളത്തിന്റെ നവോഥാന ചരിത്രത്തിന്റെ തന്നെ ഭാഗമാണ് സാമൂഹികനീതിയുടേയും മനുഷ്യമഹത്വത്തിന്റേയും ആശയങ്ങള്‍ കേരളീയജീവിതത്തിന്റെ ഭാഗമായി മാറിയതില്‍ ഗ്രന്ഥശാലകള്‍ മഹത്തായ പങ്കുവഹിച്ചു. അക്ഷരത്തിന്റെ ശക്തിയും സൗന്ദര്യവും തലമുറകളിലേക്ക് പകര്‍ന്നുകൊടുത്തുകൊണ്ടാണ് അവ കേരളത്തിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും വേരൂന്നിയത്. ലോകത്തെമ്പാടും നടന്ന മാനവിക മുന്നേറ്റങ്ങളെക്കുറിച്ച് ഈ നാടിനെ പഠിപ്പിച്ച മഹത്തായ വിജ്ഞാനകേന്ദ്രങ്ങളാണ് അവ. സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും പുരോഗതിയുടെയും കാവല്‍പുരകളെപ്പോലെ അവ എന്നും നിലകൊണ്ടു.

    ReplyDelete