Wednesday, January 25, 2012

വാര്‍ത്തകള്‍ ‌- ഡീസല്‍ വിലനിയന്ത്രണം, മണിപ്പൂര്‍, തൊഴിലില്ലായ്മ

ഡീസല്‍ വില നിയന്ത്രണവും മാറ്റണം: റിസര്‍വ് ബാങ്ക്

ന്യുഡല്‍ഹി: ഗ്യാസ്, മണ്ണെണ്ണ, ഡീസല്‍ എന്നിവയുടെ വിലനിയന്ത്രണം പൂര്‍ണ്ണമായും എടുത്തു കളയണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം. റിസര്‍വ്വ് ബാങ്കിന്റെ മൂന്നാം പാദ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ ഡീസലിന്റെ വിലനിയന്ത്രണം പൂര്‍ണ്ണമായും മാറ്റണമെന്ന് പറഞ്ഞിരിക്കുന്നു. വ്യാപാര കമ്മിയും മൊത്തം ഡിമാന്‍ഡും നിയന്ത്രിച്ചു നിര്‍ത്തുന്നതിനാണത്രേ ഡീസല്‍ വില നിയന്ത്രണം എടുത്ത് മാറ്റേണ്ടത്. ഇല്ലെങ്കില്‍ 160 ശതകോടി ഡോളറിന്റെ വ്യാപാര കമ്മിയുണ്ടാകുമെന്നാണ് പറയുന്നത്.  ഭക്ഷ്യവില സബ്‌സിഡി ബില്ലില്‍ വര്‍ദ്ധനയുണ്ടാകുമെന്നതിനാലും ഡീസല്‍ വില നിയന്ത്രണം എടുത്തു മാറ്റാമെന്ന് ചൂണ്ടിക്കാട്ടുന്നു. നിലവില്‍ പെട്രോളിന്റെ വില നിയന്ത്രണം പൂര്‍ണ്ണമായും മാറ്റിയിട്ടുണ്ട്. ഡീസലിന്റെ വില നിയന്ത്രണം കൂടി എടുത്ത് മാറ്റുന്നതോടെ ഇന്ധന വില നിയന്ത്രണം പരിപൂര്‍ണ്ണായും ഇല്ലാതാകും. ഇതോടെ പെട്രോള്‍, ഡീസല്‍, ഗ്യാസ്, മണ്ണെണ്ണ എന്നിവയുടെ അപ്രതീക്ഷിത വിലവര്‍ദ്ധനവും അതുവഴിയുണ്ടാകുന്ന ഭക്ഷ്യവില, മറ്റ് വിലക്കയറ്റങ്ങള്‍ എന്നിവ സാധാരണ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന സ്ഥിതിയുണ്ടാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇന്ത്യയുടെ പ്രധാനവെല്ലുവിളി തൊഴിലില്ലായ്മയല്ല: ഐ എല്‍ ഒ

ജനീവ/ ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രധാനവെല്ലുവിളി തൊഴിലില്ലായ്മയല്ലെന്ന് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍. ഐ എല്‍ ഒ പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. മറ്റേതൊരു രാജ്യത്തെ അപേക്ഷിച്ചും ആഗോളമാന്ദ്യത്തെ ഇന്ത്യ തരണം ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തൊളില്‍ അവസരങ്ങളുടെ വര്‍ധനയെക്കാള്‍ തൊഴില്‍പരമായ ഉത്പാദനക്ഷമത ഇന്ത്യയില്‍ കൂടുതലാണ്.

എന്നാല്‍ രാജ്യത്തെ ആകെ തൊഴിലവസരങ്ങളില്‍ 0.1 ശതമാനത്തിന്റെ വളര്‍ച്ചമാത്രമാണ് അഞ്ചുവര്‍ഷത്തിലുള്ളില്‍ ഉണ്ടായത്. അതായത് 2004-05 മുതല്‍ 2009-10 വരെ. 2004-05 കാലയളവില്‍ 457.9 ദശലക്ഷം തൊഴിലവസരമാണ് ഇന്ത്യയിലുണ്ടായിരുന്നതെങ്കില്‍ 2009-10 ആയപ്പോഴേക്കും 458.4 ദശലക്ഷത്തിന്റെ വളര്‍ച്ചയേ രേഖപ്പെടുത്തിയിട്ടുള്ളൂ. തൊഴിലുത്പാദനക്ഷമതയില്‍ 34 ശതമാനത്തിന്റെ വളര്‍ച്ച ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. നിശ്ചിത സമയത്തിനുള്ളില്‍ തൊഴിലാളികള്‍ ഉത്പാദിപ്പിച്ച ചരക്കിന്റെ അളവാണ് തൊഴില്‍ ഉത്പാദന ക്ഷമത എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്.

അടുത്ത വര്‍ഷങ്ങളില്‍ തൊഴിലവസരങ്ങള്‍ കുറയാനുണ്ടായകാരണം തൊഴില്‍ സംരംഭങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തമില്ലാതായതാണെന്നും വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് 11.6 ശതമാനം തൊഴിലവസരങ്ങളാണ് ഇങ്ങനെ നഷ്ടമായത്.

2004-05 കാലഘട്ടത്തില്‍ 49.4 ശതമാനമായിരുന്ന സ്ത്രീ പ്രാതിനിധ്യം 2009-10 ആയപ്പോഴേക്കും 37.8 ശതമാനമായി കുറഞ്ഞുവെന്നും ഐ എല്‍ ഒയുടെ റിപ്പോര്‍ട്ടിലുണ്ട്.

മണിപ്പൂര്‍ തിരഞ്ഞെടുപ്പ്: ഇന്ത്യ മ്യാന്‍മറിന്റെ സഹായം തേടി

ന്യൂഡല്‍ഹി: മണിപ്പൂര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ തോതില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ സാധ്യതയുള്ള ഭീകര സംഘടനകളെ അടിച്ചമര്‍ത്താന്‍ ഇന്ത്യ മ്യാന്‍മറിന്റെ സഹായം തേടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഒരു പത്രക്കുറിപ്പിലാണ് സര്‍ക്കാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞയാഴ്ച മ്യാന്‍മറിന്റെ തലസ്ഥാനമായ നായ് പി തോവില്‍ നടന്ന പതിനേഴാമത് ദേശീയതല സമ്മേളനത്തില്‍ പങ്കെടുത്തപ്പോഴാണ് ഇന്ത്യ ഇക്കാര്യം ആവശ്യപ്പെട്ടത്.

അതിര്‍ത്തി ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചു നടക്കുന്ന സമ്മേളനമാണ് ഇത്. അതിര്‍ത്തി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഭീകര സംഘടനകളെക്കുറിച്ചാണ് സമ്മേളനം പ്രധാനമായും ചര്‍ച്ച ചെയ്തതെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര സെക്രട്ടറി ആര്‍ കെ സിംഗിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് ദേശീയ സമ്മേളനത്തില്‍ പങ്കെടുത്തത്. മ്യാന്‍മാറിലാണ് ഇത്തരം സംഘങ്ങള്‍ പരിശീലനം നടത്തുന്നതെന്നും മ്യാന്‍മാറിന്റെ കൂടി സഹായമുണ്ടെങ്കിലേ ഇവരെ അടിച്ചമര്‍ത്താന്‍ സാധിക്കൂവെന്നും സമ്മേളനത്തില്‍ ഇന്ത്യ അറിയിച്ചിരുന്നു.

ഇന്ത്യന്‍ ഭീകരപ്രവര്‍ത്തകര്‍ക്ക് മ്യാന്‍മര്‍ കേന്ദ്രീകരിച്ച് പരിശീലനം നടത്തുന്നതിനുള്ള യാതൊരു അവസരങ്ങളും ഇനി അനുവദിക്കില്ലെന്ന് മ്യാന്‍മാര്‍ ആഭ്യന്തര സഹമന്ത്രി ബ്രിഗേഡിയര്‍ ജനറല്‍ ക്യാ സാന്‍ മിയിന്റ് ഉറപ്പു നല്‍കിയിട്ടുണ്ട്. അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്ന ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ തമ്മില്‍ ആശയവിനിമയം നടത്താനും സമ്മേളനത്തില്‍ തീരുമാനമായിട്ടുണ്ട്. മണിപ്പൂരില്‍ തിരഞ്ഞെടുപ്പ് സമാധാനപരമായി നടക്കുന്നതിന് വേണ്ട എല്ലാ സഹായങ്ങളും ചെയ്യാമെന്നും അവര്‍ ഏറ്റിട്ടുണ്ട്.

ഇതിനിടെ ഇന്ത്യയുടെയും മ്യാന്‍മറിന്റെയും സുരക്ഷാ താല്‍പര്യങ്ങള്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നെന്നും അതിനാല്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ മികച്ച ഒരു ഉഭയകക്ഷി ബന്ധം ഉണ്ടാകേണ്ടത് ആവശ്യമാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി എസ് എം കൃഷ്ണ അറിയിച്ചു. ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ മ്യാന്‍മര്‍ വിദേശകാര്യ മന്ത്രി വുന്ന മൗംഗ് ല്വിനിന് സ്വാഗതം ആശംസിച്ച് സംസാരിക്കുകയായിരുന്നു കൃഷ്ണ.

janayugom 250112

1 comment:

  1. ഗ്യാസ്, മണ്ണെണ്ണ, ഡീസല്‍ എന്നിവയുടെ വിലനിയന്ത്രണം പൂര്‍ണ്ണമായും എടുത്തു കളയണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം. റിസര്‍വ്വ് ബാങ്കിന്റെ മൂന്നാം പാദ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ ഡീസലിന്റെ വിലനിയന്ത്രണം പൂര്‍ണ്ണമായും മാറ്റണമെന്ന് പറഞ്ഞിരിക്കുന്നു. വ്യാപാര കമ്മിയും മൊത്തം ഡിമാന്‍ഡും നിയന്ത്രിച്ചു നിര്‍ത്തുന്നതിനാണത്രേ ഡീസല്‍ വില നിയന്ത്രണം എടുത്ത് മാറ്റേണ്ടത്. ഇല്ലെങ്കില്‍ 160 ശതകോടി ഡോളറിന്റെ വ്യാപാര കമ്മിയുണ്ടാകുമെന്നാണ് പറയുന്നത്.

    ReplyDelete