Tuesday, January 10, 2012

പ്രവാസിക്ഷേമനിധി ഓഹരിയില്‍ നിക്ഷേപിക്കരുത്: പി രാജീവ്

പ്രവാസിക്ഷേമനിധി ഓഹരിക്കമ്പോളത്തില്‍ നിക്ഷേപിക്കാനുള്ള കേന്ദ്രനീക്കം കടുത്ത വഞ്ചനയാണെന്ന് പി രാജീവ് എംപി പറഞ്ഞു. ക്ഷേമപദ്ധതികള്‍ ആവിഷ്കരിക്കാതെ പ്രവാസികളുടെ പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുന്നുവെന്ന പ്രതീതിയുണ്ടാക്കാന്‍ ശ്രമിക്കുകയാണ് സര്‍ക്കാരെന്നും രാജീവ് പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രവാസികളെ അവഗണിക്കുന്നതിനെതിരെ കേരള പ്രവാസിസംഘം സംഘടിപ്പിച്ച പാസ്പോര്‍ട്ട് ഓഫീസ് ധര്‍ണ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

നിലവിലുള്ള എമിഗ്രേഷന്‍നിയമത്തിലെ ന്യൂനത പരിഹരിക്കണം. വിദേശരാജ്യങ്ങളില്‍ തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ഇന്ത്യന്‍ എംബസിയെ മൂന്നാംകക്ഷിയാക്കിയാല്‍ നല്ലൊരളവോളം പരിഹാരം കാണാനാകും. എന്നാല്‍ , എംബസി കാര്യക്ഷമമല്ല. എയര്‍ ഇന്ത്യയും പ്രവാസികളെ ചൂഷണം ചെയ്യുകയാണ്. കേരളത്തിന്റെ ആകെ വരുമാനത്തില്‍ നാലിലൊന്ന് പ്രവാസികള്‍ അയക്കുന്ന പണമാണ്. രാജ്യം ഇവരുടെ അധ്വാനത്തിന് അംഗീകാരം നല്‍കണം. പ്രവാസികളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ബോര്‍ഡ് ഉണ്ടാക്കി. എന്നാല്‍ , ഇത് തകര്‍ക്കുന്ന സമീപനമാണ് യുഡിഎഫ് കൈക്കൊള്ളുന്നതെന്നും പി രാജീവ് പറഞ്ഞു. അറുപത് വയസ്സുകഴിഞ്ഞ മുഴുവന്‍ പ്രവാസികള്‍ക്കും പെന്‍ഷന്‍ നല്‍കുക, സമഗ്ര കുടിയേറ്റനിയമം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ. ധര്‍ണയ്ക്കുമുമ്പ് പാസ്പോര്‍ട്ട് ഓഫീസിനു മുന്നിലേക്ക് നൂറുകണക്കിന് പ്രവാസികള്‍ മാര്‍ച്ച് നടത്തി. തൃശൂര്‍ , എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍നിന്നുള്ളവര്‍ പങ്കെടുത്തു. പ്രവാസിസംഘം കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം എ സി ആനന്ദന്‍ അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എം പി പത്രോസ്, പ്രവാസിസംഘം എറണാകുളം ജില്ലാ സെക്രട്ടറി എം വി അഷ്റഫ്, കേന്ദ്രകമ്മിറ്റിയംഗങ്ങളായ കെ മൂസ, കെ എം പരീത്, എസ് സോമന്‍ , എം കെ ശശിധരന്‍ , അഡ്വ. ഇന്ദുമേനോന്‍ എന്നിവര്‍ സംസാരിച്ചു.

deshabhimani 100112

1 comment:

  1. പ്രവാസിക്ഷേമനിധി ഓഹരിക്കമ്പോളത്തില്‍ നിക്ഷേപിക്കാനുള്ള കേന്ദ്രനീക്കം കടുത്ത വഞ്ചനയാണെന്ന് പി രാജീവ് എംപി പറഞ്ഞു. ക്ഷേമപദ്ധതികള്‍ ആവിഷ്കരിക്കാതെ പ്രവാസികളുടെ പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുന്നുവെന്ന പ്രതീതിയുണ്ടാക്കാന്‍ ശ്രമിക്കുകയാണ് സര്‍ക്കാരെന്നും രാജീവ് പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രവാസികളെ അവഗണിക്കുന്നതിനെതിരെ കേരള പ്രവാസിസംഘം സംഘടിപ്പിച്ച പാസ്പോര്‍ട്ട് ഓഫീസ് ധര്‍ണ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

    ReplyDelete