Tuesday, January 10, 2012

യുഡിഎസ്എഫ്, ലീഗ് അക്രമം

എല്‍ബിഎസ് കോളേജില്‍ യുഡിഎസ്എഫ് അക്രമം

പൊവ്വല്‍ : എല്‍ബിഎസ് എന്‍ജിനിയറിങ് കോളേജില്‍ കെഎസ്യു, എംഎസ്എഫ് അക്രമം. മൂന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മൂന്നാം വര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായ സദ്ദാം (21), മൂന്നാം വര്‍ഷ സിവില്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥികളായ അസ്ബര്‍ (20), വിവേക് (21) എന്നിവരെ പരിക്കുകളോടെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫെബ്രുവരിയില്‍ കോളേജ് യൂണിയന്‍ നേതൃത്വത്തില്‍ നടക്കുന്ന റിഥം പരിപാടിയുടെ ഒരുക്കത്തിനിടെയാണ് എസ്എഫ്ഐ പ്രവര്‍ത്തകന്‍ സദ്ദാമിനെ യുഡിഎസ്എഫ് സംഘം ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ സദ്ദാമിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അസ്ബര്‍ , വിവേക് എന്നിവര്‍ക്ക് മര്‍ദനമേറ്റത്. കോളേജിന് സമീപത്ത് വാഹനം തടഞ്ഞ് നിര്‍ത്തി മൂന്നുപേരെയും വലിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു.

യുഡിഎസ്എഫ് ക്രിമിനലുകളായ ദിലീപ് (21), ഇത്തിഷാം (22), റിയാസ് (22), ഷഹബാസ് ( 21), തഫീഫ് (22) എന്നിവരുടെ നേതൃത്വത്തില്‍ ഇരുപതോളം പേര്‍ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. ഇരുമ്പ് ദണ്ഡ്, കല്ല്, സൈക്കില്‍ ചെയിന്‍ , സ്പാനര്‍ തുടങ്ങിയ മാരകായുധങ്ങള്‍ കൊണ്ടായിരുന്നു അക്രമം. പതിനഞ്ചോളം ബൈക്കുകളില്‍ പിന്തുടര്‍ന്നാണ് വാഹനം തടഞ്ഞുനിര്‍ത്തിയത്. സദ്ദാമിന് തലയ്ക്കും കാലിനും വിവേകിന് തലയ്ക്കും അസ്ബറിന് ശരീരമാസകലവും പരിക്കേറ്റു. അവശരായ ഇവരെ സഹപാഠികള്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോളേജിലെ സമാധാനാന്തരീക്ഷം തകര്‍ത്ത് റിഥം പരിപാടി അലങ്കോലമാക്കാനാണ് യുഡിഎസ്എഫ് ശ്രമിക്കുന്നത്. പുറത്തുനിന്ന് ഗുണ്ടകളെ ഉപയോഗിച്ച് എസ്എഫ്ഐ പ്രവര്‍ത്തകരെ മര്‍ദ്ദിക്കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ അറിയിച്ചു.

കൊളാവിപ്പാലത്ത് ലീഗ് അക്രമം: 4 ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്ക്

പയ്യോളി: കൊളാവിപ്പാലത്ത് ലീഗുകാര്‍ നടത്തിയ ആക്രമണത്തില്‍ നാല് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇവരെ വടകര ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകുന്നേരം അഞ്ചോടെ പ്രകടനമായെത്തിയ ലീഗുകാര്‍ റോഡരികില്‍ വോളിബോള്‍ കളിയിലേര്‍പ്പെട്ട ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കുനേരെയാണ് അക്രമം അഴിച്ചുവിട്ടത്. ചെത്ത് കിഴക്കെ താരേമ്മല്‍ അഭിലാഷ് (21) ശ്യാമില്‍ (20) അനൂപ് (19) ഷിനോജ് (22) എന്നിവരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ലീഗ് പഞ്ചായത്ത് സെക്രട്ടറി എസ് വി അബ്ദുള്ളയുടെ വീടിന്റെ ജനല്‍ചില്ല് തിങ്കളാഴ്ച പുലര്‍ച്ചെ സാമൂഹ്യവിരുദ്ധര്‍ പൊളിച്ചിരുന്നു. ഇതിന്റെ പ്രതിഷേധ പ്രകടനമാണ് കൊളാവിപ്പാലത്ത് നടത്തിയത്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയവരാണ് ആക്രമണം നടത്തിയത്. മഠത്തില്‍ അബ്ദുറഹിമാന്‍ , വി കെ അബ്ദുറഹ്മാന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രകടനം. അക്രമത്തില്‍ ഡിവൈഎഫ്ഐ ഇരിങ്ങല്‍ മേഖലാ കമ്മിറ്റി പ്രതിഷേധിച്ചു.

എസ്ഐയെ കൈയേറ്റം ചെയ്ത കോണ്‍ഗ്രസുകാര്‍ റിമാന്‍ഡില്‍

കണ്ണൂര്‍ : മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ ആളെ ട്രാഫിക് എസ്ഐയെ കൈയേറ്റം ചെയ്ത് മോചിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ മൂന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു. പാറക്കണ്ടി നരിയമ്പള്ളി വീട്ടില്‍ അജിത്ത് (44), കലയില്‍ സുധീപ് (55), ചീരമ്മല്‍ മണി (56) എന്നിവരെയാണ് ജുഡിഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ്കോടതി റിമാന്‍ഡ് ചെയ്തത്. ഞാറാഴ്ച വൈകിട്ട് നാലിന് പാറക്കണ്ടി ബീവറേജിനടുത്താണ് സംഭവം. ബൈക്കില്‍ മദ്യപിച്ചെത്തിയ മുത്തുവെന്നയാളെ ട്രാഫിക് എസ്ഐ മുഹമ്മദ് അഷ്റഫ് പിടികൂടി വാഹനത്തില്‍ കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് എസ്ഐയെ കൈയേറ്റം ചെയ്ത് മുത്തുവിനെ മോചിപ്പിച്ചത്. അജിത്ത് കോണ്‍ഗ്രസ് ഭാരവാഹിയാണ്. ഇവരുടെ പരസ്യമദ്യപാനത്തെക്കുറിച്ച് നാട്ടുകാര്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു.

deshabhimani 100112

1 comment:

  1. എല്‍ബിഎസ് എന്‍ജിനിയറിങ് കോളേജില്‍ കെഎസ്യു, എംഎസ്എഫ് അക്രമം. മൂന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

    ReplyDelete