ജ്യോതിബസുനഗര്‍ :ടിപ്പുവിന്റെ സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മണ്ണ് ചുവപ്പിന്റെ കടലിരമ്പമായി. ഡിസംബറിന്റെ അവസാന സന്ധ്യയില്‍ സംഘചേതനയുടെ മഹാപ്രവാഹത്തില്‍ ബത്തേരി ചുവന്ന് തുടുത്തു. സംഘശക്തിയുടെ അണമുറിയാത്ത ഒഴുക്കില്‍ നഗരവീഥികള്‍ ഇളകിമറിഞ്ഞു. ഈ മണ്ണും ഇവിടുത്തെ മനുഷ്യരും ചെങ്കൊടിക്ക് കീഴില്‍ അടിപതറാതെ മുന്നോട്ട് കുതിക്കുമെന്ന് റാലി ഉദ്ഘോഷിച്ചു. ബ്യൂഗിളിന്റേയും ബാന്‍ഡ്വാദ്യത്തിന്റേയും നാദവീചികകള്‍ക്കൊപ്പം നഗരവീഥികളില്‍ ഉയര്‍ന്നത് ഇന്‍ക്വിലാബ് വിളികള്‍മാത്രം. മറ്റെല്ലാം നിശ്ചേതനമായി. ആവേശത്തിരയിലാറാടിച്ച മുദ്രാവാക്യം വിളികള്‍ ദിക്കുകളെ പ്രകമ്പനം കൊള്ളിച്ചു. കരുത്തും പോരാട്ടവീര്യവും ഇഴചേര്‍ന്ന പ്രകടനം സംഘടിതപ്രസ്ഥാനത്തിന്റെ ജില്ലയിലെ കരുത്ത് വിളിച്ചോതുന്നതായി. രക്തസാക്ഷികളുടെ ഓര്‍മകള്‍ വരുംനാളുകളിലെ പോരാട്ടങ്ങള്‍ക്ക് ഇന്ധനമാകുമെന്ന് റാലി ആവേശപൂര്‍വം ഓര്‍മിപ്പിച്ചു. ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള പടയൊരുക്കത്തിനുള്ള ആഹ്വാനമാണ് പുതുവര്‍ഷസന്ദേശമെന്ന് ജനപ്രവാഹം ഉറക്കെ പ്രഖ്യാപിച്ചു. കര്‍ഷകര്‍ , തൊഴിലാളികള്‍ , സ്ത്രീകള്‍ , കുഞ്ഞുങ്ങള്‍ , വിദ്യാര്‍ത്ഥികള്‍ ,ആദിവാസികള്‍ ,ജീവനക്കാര്‍ തുടങ്ങി ആഗോളവത്കരണത്തിന്റ കെടുതികള്‍ പേറുന്ന ജില്ലയുടെ സര്‍വജനവിഭാഗങ്ങളും റാലിയില്‍ അണിനിരന്നത് ബത്തേരിക്ക് പുതിയ അനുഭവമായി.
കര്‍ഷകന് കൊലക്കയര്‍ സമ്മാനിക്കുന്ന നയങ്ങളില്‍ നിന്ന് തങ്ങള്‍ക്ക് അഭയം നല്‍കാന്‍ ചെങ്കൊടിതണല്‍ മാത്രമെന്ന തിരിച്ചറിവാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബത്തേരിയിലേക്കൊഴുകിയ മഹാപ്രവാഹത്തിന് പ്രചോദനമായത്. ആദിവാസികള്‍ക്ക് നേരെ വെടിയുണ്ട ഉതിര്‍ത്ത് കര്‍ഷകനെ മരണത്തിലേക്ക് തള്ളിവിടുന്ന തൊഴിലാളിയുടെ കഞ്ഞിയില്‍ മണ്ണ് വാരിയിടുന്ന സര്‍കാറിനെതിരെ യുള്ള പോരാട്ട പ്രക്ഷോഭങ്ങള്‍ക്ക് വരുംനാളുകളില്‍ വയനാടന്‍ മണ്ണ് സാക്ഷ്യം വഹിക്കുമെന്ന മുന്നറിയിപ്പാണ് റാലിയിലുടനീളം മുഴങ്ങിയത്. കേന്ദ്രസര്‍കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെയുള്ള വയനാട്ടുകാരുടെ പ്രതിഷേധാഗ്നി റാലിയെ കത്തിജ്വലിപ്പിച്ചു.കടക്കെണിയില്‍പെട്ട് ജീവിതം ഹോമിക്കേണ്ടി വന്നവരുടെ വേദനകള്‍ക്ക് മേല്‍ പുതിയലോകത്തിന്റെയും കാലത്തിന്റേയും വരവറിയിച്ച് കര്‍ഷകര്‍ അണിനിരന്നു. ഇനിയും ഒരുമാറ്റം അനിവാര്യമാണെന്ന് റാലിയില്‍ അണിനിരന്നവര്‍ ഉറക്കെ പ്രഖ്യാപിച്ചു. പതറരുത് ധീരരെ ഉയര്‍ത്തുക ഈ ചെങ്കൊടി എന്ന ആഹ്വാനമാണ് റാലിക്ക് ജീവനായത്. സാമ്രാജ്യത്വശക്തികളും മാധ്യമപ്രതിലോമ ശക്തികളും എത്ര ശ്രമിച്ചാലും ഈ സംഘചേതനയെ തകര്‍ക്കാനാവില്ലെന്ന സന്ദേശവും.
സ്വന്തംമണ്ണില്‍നിന്നും ആട്ടിയോടിക്കപ്പെടുന്ന മണ്ണിന്റെ മക്കളുടെ വേദനകള്‍ , തലചായ്ക്കാനൊരിടം തേടുന്ന ആദിവാസികളുടെ വിലാപങ്ങള്‍ , സര്‍കാരിന്റെ തലതിരിഞ്ഞ നയങ്ങള്‍ കാരണം മരണത്തിന്റെ ഇരുളിലേക്ക് പോയ കര്‍ഷകരുടെ നിലവിളികള്‍ എല്ലാംഏറ്റെടുക്കാന്‍ ഈ ചെങ്കൊടി കൂടെയുണ്ടെന്ന് സമ്മേളനം ഉറക്കെ പ്രഖ്യാപിച്ചു. മൂന്ന് ദിവസം നീണ്ട സമ്മേളനം ഏറ്റെടുത്തതും തൊഴിലാളികളുടേയും കര്‍ഷകരുടേയും ജീവല്‍പ്രശ്നങ്ങളാണ്.അടിസ്ഥാന വര്‍ഗത്തിന്റെ മോചനമല്ലാതെ മാനവമുന്നേറ്റത്തിന് മറ്റൊരു പോംവഴിയും ഇല്ലെന്ന് സമ്മേളനം വിളിച്ചോതി.
ബത്തേരിയെ ചുവപ്പണിയിച്ച പ്രകടനത്തിന് സാക്ഷികളാകാനും റാലി കടന്ന് പോകുന്ന പാതക്കിരുവശവും പതിനായിരങ്ങള്‍ എത്തിയിരുന്നു. സെന്റ് മേരീസ് കോളേജ് ഗ്രൗണ്ട് കേന്ദ്രീകരിച്ചായിരുന്നു റാലി തുടങ്ങിയത്. റാലി തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ സെന്‍റ് മേരീസ് കോളേജ് ഗ്രൗണ്ട് നിറഞ്ഞു കവിഞ്ഞിരുന്നു. രണ്ട് വരികളായി ആയിരക്കണക്കിന് റെഡ്വാളണ്ടിയര്‍മാര്‍ അണിനിരന്ന മാര്‍ച്ച് പാസ്റ്റോടെയാണ്റാലിക്ക് തുടക്കമായത്. തുടര്‍ന്ന് ബാന്‍ഡ് വാദ്യം. ഇരുപതാം പാര്‍ടി കോണ്‍ഗ്രസിന്റെ പ്രതീകമായി 20 വനിതകള്‍ അവര്‍ക്ക് പിന്നില്‍ 20 കുട്ടികള്‍ , ചുറ്റികയും അരിവാളുമേന്തി കൈലിയും ബനിയനും ധരിച്ച കര്‍ഷകതൊഴിലാളികള്‍ , കര്‍ഷകര്‍ , തൊഴിലാളിജനവിഭാഗങ്ങള്‍ , ആദിവാസികള്‍ എന്നിവരും ഇവര്‍ക്ക് പിന്നിലായി സംസ്ഥാനനേതാക്കള്‍ക്കൊപ്പം ജില്ല കമ്മറ്റി അംഗങ്ങള്‍ , ജില്ലാ സമ്മേളനപ്രതിനിധികള്‍ എന്നിവരും അണിചേര്‍ന്നു.തുടര്‍ന്ന് മാനന്തവാടി, പനമരം,വൈത്തിരി, കല്‍പ്പറ്റ, പുല്‍പ്പള്ളി ,ബത്തേരി ഏരിയകളിലെ പ്രവര്‍ത്തകര്‍ യഥാക്രമം റാലിയില്‍ കണ്ണികളായി.
വൈകീട്ട് അഞ്ച് മണിക്ക് തന്നെ പ്രകടനം ആരംഭിച്ചു.സെന്റ് മേരീസ് കോളേജില്‍ നിന്നാരംഭിച്ച പ്രകടനത്തിന്റെ മുന്‍നിര പ്രതിനിധിസമ്മേളനം നടക്കുന്ന ഹര്‍കിഷന്‍സിങ് സുര്‍ജിത്നഗറിന് മുന്നിലൂടെ കോട്ടക്കുന്ന്, ചുങ്കം,വഴി ബസ്സ്റ്റാന്‍ഡ് പരിസരംകടന്ന് സമ്മേളനത്തിന്റെ ഭാഗമായി തയ്യാറാക്കിയ രക്തസാക്ഷി മണ്ഡപം പിന്നിട്ട് പൊതുസമ്മേളനനഗരിയായ ജ്യേതിബസുനഗറില്‍ (സ്റ്റേഡിയം ഗ്രൗണ്ട്)പ്രവേശിച്ചു. തുടര്‍ന്ന് സമ്മേളനനഗരിയില്‍ നടന്ന വളണ്ടിയര്‍ പരേഡിന് സിപിഐഎം കേന്ദ്രകമ്മറ്റിഅംഗം പികെ ശ്രീമതി സല്യുട്ട് സ്വീകരിച്ചു.തുടര്‍ന്ന് നടന്ന പൊതുയോഗത്തോടെയാണ് മൂന്ന് നാള്‍ ബത്തേരിയെ ഊര്‍ജസ്വലമാക്കിയ സിപിഐഎം ജില്ല സമ്മേളനം സമാപിച്ചത്.
പോരാട്ടകാഹളമുയര്‍ത്തി പതിനായിരങ്ങള്‍
ബത്തേരി: ഒട്ടേറെ പടയോട്ടങ്ങള്‍ കണ്ട രാജവീഥി ഒരിക്കല്‍കൂടി പ്രകമ്പനംകൊണ്ടു. ദേശസ്നേഹത്തിലധിഷ്ഠിതമായ സാമ്രാജ്യത്വ വിരുദ്ധ സമരങ്ങളുടെ അലയൊലി വീണ്ടും ഉയര്‍ന്നു. വീരപഴശ്ശിയുടെ സന്ധിയില്ലാത്ത പോരാട്ടങ്ങളുടെ ഓര്‍മകളിരമ്പുന്ന ജനതതി ആ കടലിരമ്പത്തിന്റെ പ്രതിധ്വനിയറിഞ്ഞു. ജീവിക്കാനുള്ള സമരങ്ങള്‍ക്ക് അവധിയില്ലെന്ന് പ്രഖ്യാപിച്ച് പതിനായിരങ്ങള്‍ അച്ചടക്കത്തോടെ നടന്നുനീങ്ങിയപ്പോള്‍ ബത്തേരിക്ക് അത് പുതിയൊരനുഭവമായി. തങ്ങളുടെ ജീവിതസമരം ചെങ്കൊടിക്കീഴിലാണെന്ന് തിരിച്ചറിഞ്ഞ കര്‍ഷകരും ആദിവാസികളും മറ്റ് പിന്നോക്ക വിഭാഗങ്ങളും ഉള്‍ക്കൊള്ളുന്ന ജനത സംഘശക്തിയായി. കടക്കെണിയില്‍പ്പെട്ട് കര്‍ഷകര്‍ ജീവനൊടുക്കുന്ന ജില്ലയില്‍ അവരുടെ പ്രതീക്ഷകള്‍ക്ക് ജീവന്‍പകരുന്നത് സിപിഐ എം ആണ്. അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗമായ ആദിവാസികളുടെ മോചനസമരങ്ങള്‍ക്കും ഭൂസമരങ്ങള്‍ക്കും നേതൃത്വം നല്‍കിയ പ്രസ്ഥാനത്തെ കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിക്കുമെന്ന് ആദിവാസികള്‍ ഉള്‍പ്പെടെയുള്ള ജനവിഭാഗങ്ങള്‍ പ്രഖ്യാപിച്ചു. പൊതുസമ്മേളനം സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. ജില്ലാസെക്രട്ടറി സി കെ ശശീന്ദ്രന്‍ അധ്യക്ഷനായി. കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി സംസാരിച്ചു.
ബത്തേരി ഇതുവരെ കാണാത്ത ജനപ്രവാഹം
ജ്യോതിബസുനഗര്‍(ബത്തേരി): ബത്തേരി ഇതുവരെ കാണാത്ത ജനപ്രവാഹമാണ് സിപിഐം ജില്ലസമ്മേളനത്തിന്റെ് ഭാഗമായി നടന്ന റാലിയില്‍ അണിനരിന്നത്. ജില്ലയിലെ മുക്കിലും മൂലയിലുമുള്ള എല്ലാ ജനവിഭാഗങ്ങളും ഉച്ചയോടെ തന്നെ ബത്തേരിയിലേക്ക് ഒഴുകി എത്തിയിരുന്നു. കര്‍ഷകന്റെയും ആദിവാസികളുടേയും അവകാശപ്പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പാര്‍ടിയുടെ ജില്ലയിലെ വളര്‍ച്ച അതിരുകളില്ലാത്തതാണെന്ന് റാലി തെളിയിച്ചു.അര ലക്ഷം പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും അതിലുമേറെപേര്‍ റാലിയില്‍ അണിനിരന്നു. സ്ത്രീകളുടേയും ചെറുപ്പക്കാരുടേയും കുട്ടികളുടേയും സജീവ സാന്നിധ്യം പ്രത്യേകം ശ്രദ്ധേയമായി. റാലിയുടെ മുന്‍നിര പൊതുസമ്മേളനനഗരിയായ ജ്യോതിബസു നഗറില്‍ (സ്റ്റേഡിയം ഗ്രൗണ്ടില്‍) പ്രവേശിച്ചപ്പോഴും റാലിയുടെ മധ്യനിരപോലും സെന്റ് മേരീസ് കോളേജ് ഗ്രൗണ്ട് പിന്നിട്ടിരുന്നില്ല. പൊതുസമ്മേളനം ആരംഭിച്ച് ഏറെ നേരം കഴിഞ്ഞ ശേഷമാണ് അവസാന നിര ജ്യോതിബസുനഗറിലെത്തിയത്.
സര്‍കാരിന്റ ജനവിരുദ്ധതക്കെതിരെയുള്ള മുദ്രാവാക്യങ്ങളും ടാബ്ലോകളും റാലിയെ ശ്രദ്ധേയമാക്കി. റാലി ആകര്‍ഷകമാക്കാന്‍ മുമ്പെങ്ങുമില്ലാത്ത വിധം വിവിധ കമ്മറ്റികള്‍ തമ്മില്‍ മത്സരിച്ചു. ആദിവാസി കലാരൂപങ്ങള്‍ , അമ്മന്‍കുടം, നാദസ്വരം,പഞ്ചാരിമേളം, തുടങ്ങിയവക്കൊപ്പം അന്യസംസ്ഥാനങ്ങളില്‍ നിന്ന് പോലും കലാരൂപങ്ങള്‍ എത്തിച്ച് പ്രവര്‍ത്തകര്‍ റാലിക്ക് കൊഴുപ്പേകി. കൃഷ്ണഗിരി ലോക്കല്‍ കമ്മറ്റി കൊണ്ട് വന്ന അട്ടപ്പാടി ചാളയൂര്‍ ആദിവാസി കോളനിയിലെ തമിഴ് വദ്യോപകരണമായ മുരസ്, കടത്തനാടന്‍ കളരി, എന്നിവയും നൂല്‍പ്പുഴ ലോക്കല്‍ കമ്മറ്റി സംഘടിപ്പിച്ച ഗുണ്ടല്‍പേട്ടയിലെ നാദസ്വരമേളവും ബത്തേരി, ഇരുളം ലോക്കല്‍കമ്മറ്റികള്‍അവതരിപ്പിച്ച പ്ലോട്ടുകളും കാണികളെ ആകര്‍ഷിച്ചു. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ സൂചകമായ നിശ്ചല ദൃശ്യങ്ങളും റാലിയില്‍ ഇടം പിടിച്ചിരുന്നു.
ആദിവാസി -സ്ത്രീ പങ്കാളിത്തം ശ്രദ്ധേയം
ജ്യോതിബസുനഗര്‍ : മുഖത്ത് കാലം വീഴ്ത്തിയ ചുളിവുകളുണ്ടെങ്കിലും ആര്‍മാട് കോളനിയിലെ ചണ്ണ ഇത്തവണയും സിപിഐഎം ജില്ല സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റാലിയില്‍ പങ്കെടുത്തു.മുന്‍ ജില്ല സമ്മേളനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച റാലികളിലും പങ്കെടുത്ത ചണ്ണക്ക് 70 പിന്നിട്ടെങ്കിലും ആവേശത്തിന് ഒരു കുറവുമില്ല. എകെഎസിന്റെയും സിപിഐഎമ്മിന്റെയും സമരപരിപാടികളില്‍ പങ്കെടുക്കാറുള്ള ചണ്ണ തന്റെ അഞ്ച് മക്കള്‍ക്കുമൊപ്പമാണ് റാലിയില്‍ പങ്കെടുത്തത്. മീനങ്ങാടി പന്തളം കോളനിയിലെ വെളിച്ചിയും പ്രായത്തിന്റെ അവശതകള്‍ മാറ്റിവെച്ച് റാലിയില്‍ പങ്കെടുത്തു. വൃദ്ധരും ചെറുപ്പക്കാരും അടങ്ങുന്ന ആദിവാസികളുടെ വന്‍ നിര റാലിയില്‍ ദൃശ്യമായിരുന്നു. മുമ്പെങ്ങുമില്ലാത്ത വിധം ആയിരക്കണക്കിന് വനിതകള്‍ റാലിയില്‍ പങ്കെടുത്തതും ശ്രദ്ധേയമായി.
മുല്ലപ്പെരിയാര്‍ : ഉമ്മന്‍ചാണ്ടിക്ക് ജനതാല്‍പ്പര്യമില്ല- കോടിയേരി
ബത്തേരി: ജനങ്ങളുടെ താല്‍പ്പര്യമല്ല, മന്ത്രിമാരുടെ താല്‍പ്പര്യം സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശ്രദ്ധിക്കുന്നതെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അതാണ് കണ്ടുകൊണ്ടിരിക്കുന്നത്. ബത്തേരിയില്‍ സിപിഐ എം വയനാട് ജില്ലാസമ്മേളനത്തിന്റെ സമാപനംകുറിച്ച് നടന്ന അത്യുജ്വല റാലിയും പൊതുസമ്മേളനവും ഉദ്ഘാടനംചെയ്യുകയായിരുന്നു കോടിയേരി.
മന്ത്രിമാര്‍ക്കെതിരെ കോടതിയിലുള്ള കേസുകള്‍ തീര്‍ക്കാന്‍ കാണിക്കുന്ന താല്‍പ്പര്യം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഉണ്ടായിരുന്നെങ്കില്‍ ജനങ്ങള്‍ക്ക് ഇത്രമാത്രം ആശങ്കപ്പെടേണ്ടിവരുമായിരുന്നില്ല. കുഞ്ഞാലിക്കുട്ടിയുടെ ഐസ്ക്രീം കേസായാലും മറ്റു മന്ത്രിമാര്‍ക്കെതിരെയുള്ളതായാലും ഇതാണ് സ്ഥിതി. കോണ്‍ഗ്രസിന് അഭിപ്രായമില്ല എന്നു കരുതി ദേശീയപാര്‍ടികള്‍ക്കൊന്നും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നയവും അഭിപ്രായവുമില്ല എന്ന് എ കെ ആന്റണി പറയരുത്. സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും സിപിഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദനും പറഞ്ഞതുപോലെയുള്ള അഭിപ്രായം സോണിയാഗാന്ധിക്ക് പറയാനാകുമോ. ദേശീയനേതൃത്വത്തെക്കൊണ്ട് നിലപാടെടുപ്പിക്കാന്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വത്തിനും മുഖ്യമന്ത്രിക്കും സാധിക്കുന്നില്ല. ജനസമ്പര്‍ക്ക പരിപാടിയിലൂടെ അരക്കോടി വിതരണംചെയ്യാന്‍ മുക്കാല്‍ കോടി ചെലവിടുകയാണ് മുഖ്യമന്ത്രി. ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ അധികാരം നല്‍കാന്‍ കഴിയുന്നവിധത്തില്‍ ചട്ടങ്ങളില്‍ മാറ്റം വരുത്തുകയാണ് വേണ്ടത്. അല്ലാതെ അവരെ നിര്‍ജീവമാക്കുന്നത് യോജിച്ച രീതിയല്ലെന്നും കോടിയേരി പറഞ്ഞു.
സി കെ ശശീന്ദ്രന്‍ വയനാട് ജില്ലാ സെക്രട്ടറി
ബത്തേരി: സിപിഐ എം വയനാട് ജില്ലാ സെക്രട്ടറിയായി സി കെ ശശീന്ദ്രനെ വീണ്ടും തെരഞ്ഞെടുത്തു. സംസ്ഥാന കമ്മിറ്റി അംഗമാണ്. 25 അംഗ ജില്ലകമ്മിറ്റിയുടെ ആദ്യയോഗമാണ് സെക്രട്ടറിയെ തെരഞ്ഞെടുത്തത്്. ജില്ലാകമ്മിറ്റി, സെക്രട്ടറി തെരഞ്ഞെടുപ്പുകള്‍ ഏകകണ്ഠമായിരുന്നു. സംസ്ഥാന സെക്രട്ടറിയറ്റംഗം വി വി ദക്ഷിണാമൂര്‍ത്തി അധ്യക്ഷനായി. സംസ്ഥാനസമ്മേളന പ്രതിനിധികളായി ഒമ്പതുപേരെയും തെരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റി അംഗങ്ങള്‍ : പി എ മുഹമ്മദ്, സി കെ ശശീന്ദ്രന്‍ , പി കുഞ്ഞിക്കണ്ണന്‍ , സി ഭാസ്കരന്‍ , കെ വി മോഹനന്‍ , എം വേലായുധന്‍ , പി എസ് ജനാര്‍ദനന്‍ , എം സെയ്ത്, പി ഗഗാറിന്‍ , വി ഉഷാകുമാരി, വി പി ശങ്കരന്‍നമ്പ്യാര്‍ , എം മധു, പി കൃഷ്ണപ്രസാദ്, കെ ശശാങ്കന്‍ , വി വി ബേബി, സി കെ സഹദേവന്‍ , കെ എന്‍ സുബ്രഹ്മണ്യന്‍ , ടി ബി സുരേഷ്, പി കെ സുരേഷ്, എ എന്‍ പ്രഭാകരന്‍ , സി യു ഏലമ്മ, പി ജെ ആന്റണി, കെ സി കുഞ്ഞിരാമന്‍ , പി വി സഹദേവന്‍ , എം ഡി സെബാസ്റ്റ്യന്‍ . നിലവിലുണ്ടായിരുന്ന കമ്മിറ്റിയില്‍നിന്ന് രണ്ടുപേര്‍ ഒഴിവായി. പുതുതായി എം ഡി സെബാസ്റ്റ്യനാണ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
deshabhimani 010112
ടിപ്പുവിന്റെ സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മണ്ണ് ചുവപ്പിന്റെ കടലിരമ്പമായി. ഡിസംബറിന്റെ അവസാന സന്ധ്യയില്‍ സംഘചേതനയുടെ മഹാപ്രവാഹത്തില്‍ ബത്തേരി ചുവന്ന് തുടുത്തു. സംഘശക്തിയുടെ അണമുറിയാത്ത ഒഴുക്കില്‍ നഗരവീഥികള്‍ ഇളകിമറിഞ്ഞു. ഈ മണ്ണും ഇവിടുത്തെ മനുഷ്യരും ചെങ്കൊടിക്ക് കീഴില്‍ അടിപതറാതെ മുന്നോട്ട് കുതിക്കുമെന്ന് റാലി ഉദ്ഘോഷിച്ചു. ബ്യൂഗിളിന്റേയും ബാന്‍ഡ്വാദ്യത്തിന്റേയും നാദവീചികകള്‍ക്കൊപ്പം നഗരവീഥികളില്‍ ഉയര്‍ന്നത് ഇന്‍ക്വിലാബ് വിളികള്‍മാത്രം. മറ്റെല്ലാം നിശ്ചേതനമായി. ആവേശത്തിരയിലാറാടിച്ച മുദ്രാവാക്യം വിളികള്‍ ദിക്കുകളെ പ്രകമ്പനം കൊള്ളിച്ചു. കരുത്തും പോരാട്ടവീര്യവും ഇഴചേര്‍ന്ന പ്രകടനം സംഘടിതപ്രസ്ഥാനത്തിന്റെ ജില്ലയിലെ കരുത്ത് വിളിച്ചോതുന്നതായി
ReplyDelete