Thursday, January 26, 2012

പുതിയ അണക്കെട്ട് അടക്കമുള്ള നിര്‍ദേശങ്ങള്‍ പരിഗണനയില്‍

മുല്ലപ്പെരിയാര്‍ പ്രശ്നത്തിന് പരിഹാരമായി പുതിയ അണക്കെട്ട് എന്നതടക്കം ഒന്നിലേറെ നിര്‍ദേശങ്ങള്‍ സുപ്രീംകോടതി മുമ്പാകെ സമര്‍പ്പിക്കാന്‍ ഉന്നതാധികാര സമിതി ആലോചിക്കുന്നു. സമിതി ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി ചേര്‍ന്ന യോഗത്തില്‍ അന്തിമറിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തേണ്ട സുപ്രധാന നിര്‍ദേശങ്ങള്‍ ചര്‍ച്ചചെയ്തു. റിപ്പോര്‍ട്ട് അന്തിമമായി അംഗീകരിക്കുന്നതിന് ഫെബ്രുവരി 15ന് വീണ്ടും യോഗം ചേരും. സുപ്രധാന നിര്‍ദേശങ്ങളില്‍ ഭിന്നതകളുണ്ടായില്ലെങ്കില്‍ ഫെബ്രുവരി പതിനഞ്ചോടെ റിപ്പോര്‍ട്ടിന് അന്തിമരൂപം നല്‍കാമെന്ന പ്രതീക്ഷയിലാണ് സമിതി അംഗങ്ങള്‍ . അങ്ങനെയെങ്കില്‍ ഫെബ്രുവരി മൂന്നാംവാരംതന്നെ റിപ്പോര്‍ട്ട് സുപ്രീംകോടതിക്ക് കൈമാറും.

പുതിയ അണക്കെട്ട് നിര്‍മാണമെന്ന നിര്‍ദേശത്തിനു പുറമെ നിലവിലുള്ള അണക്കെട്ട് കൂടുതല്‍ ബലപ്പെടുത്തുന്നതിന് നടപടികള്‍ , ജലനിരപ്പ് നിശ്ചിത അളവില്‍ നിലനിര്‍ത്തുകയും അണക്കെട്ടിന്റെ ഉറപ്പ് നിശ്ചിത ഇടവേളകളില്‍ ശാസ്ത്രീയമായി പരിശോധിച്ച് തീര്‍പ്പുകല്‍പ്പിക്കുകയും ചെയ്യുക തുടങ്ങിയ ഉപാധികളും സമിതി പരിഗണിക്കുന്നുണ്ട്. പുതിയ അണക്കെട്ട് നിര്‍ദേശം തമിഴ്നാടിന് സ്വീകാര്യമാകുന്നതിനായി പഴയ കരാര്‍ വ്യവസ്ഥകള്‍ അതേപടി നിലനിര്‍ത്തുകയെന്ന നിര്‍ദേശവും സമിതി പരിഗണിക്കുന്നുണ്ട്. പ്രശ്നപരിഹാര നിര്‍ദേശങ്ങളുടെ കാര്യത്തില്‍ ഇതുവരെ യോജിപ്പോടെയാണ് സമിതിയംഗങ്ങള്‍ നീങ്ങുന്നത്. ഫെബ്രുവരിയിലെ യോഗത്തില്‍ മാത്രമേ കാതലായ നിര്‍ദേശങ്ങളുടെ കാര്യത്തില്‍ അന്തിമരൂപമാകൂ. അന്തിമറിപ്പോര്‍ട്ട് ഏകകണ്ഠമാകുമോ എന്നത് കേരളത്തിന്റെ പ്രതിനിധി ജസ്റ്റിസ് കെ ടി തോമസിന്റെയും തമിഴ്നാടിന്റെ പ്രതിനിധി ജസ്റ്റിസ് എ ആര്‍ ലക്ഷ്മണന്റെയും നിലപാടുകളെ ആശ്രയിച്ചിരിക്കും. ഭിന്നസ്വരമില്ലാതെ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനാണ് സമിതി അധ്യക്ഷന്‍ ജസ്റ്റിസ് എ എസ് ആനന്ദിന്റെ ശ്രമം. റിപ്പോര്‍ട്ടില്‍നിന്ന് കോടതിക്ക് ഉചിതമെന്നു തോന്നുന്നത് തെരഞ്ഞെടുക്കട്ടെയെന്ന നിലപാടിലാണ് ജസ്റ്റിസ് ആനന്ദ്.

റിപ്പോര്‍ട്ടിന്റെ പകുതിജോലികള്‍ കഴിഞ്ഞെന്നും അടുത്ത യോഗത്തില്‍ അന്തിമരൂപമാകുമെന്നാണ് പ്രതീക്ഷയെന്നും ജസ്റ്റിസ് കെ ടി തോമസ് പറഞ്ഞു. പഠനറിപ്പോര്‍ട്ടുകളും മറ്റും ഇനി സമിതി പരിഗണിക്കില്ല. റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് ആവശ്യമായ റിപ്പോര്‍ട്ടുകള്‍ സമിതിമുമ്പാകെയുണ്ട്. ഇനി ലഭിക്കാനുള്ള പഠനറിപ്പോര്‍ട്ടുകള്‍ നേരിട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുകയാകും ചെയ്യുക- ജസ്റ്റിസ് തോമസ് പറഞ്ഞു. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോട് മുല്ലപ്പെരിയാര്‍ പ്രദേശത്തെ ഭഭൂചലനസാധ്യതകള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇത് സമിതിമുമ്പാകെ എത്തിയിട്ടില്ല. ജിയോളജിക്കല്‍ സര്‍വേയുടെ റിപ്പോര്‍ട്ടിന് കാത്തുനില്‍ക്കാതെ അന്തിമറിപ്പോര്‍ട്ടിന് രൂപംനല്‍കാനാണ് ഉന്നതാധികാര സമിതി തീരുമാനിച്ചിരിക്കുന്നത്.

അണക്കെട്ടിന്റെ ബല പരിശോധന മുടങ്ങി

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിനു മുകളിലെ ബോര്‍ഹോളില്‍ ജലം നിറച്ച് നടത്തുന്ന ശാസ്ത്രീയ ബല പരിശോധന തടസ്സപ്പെട്ടു. ബോര്‍ഹോളിലേക്ക് ഇറക്കിയ ലോഗിങ് യന്ത്രം കുഴിയില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണിത്. ബുധനാഴ്ച പരിശോധനയ്ക്കിടെ അടിത്തട്ടില്‍ നിന്ന് 25 മീറ്റര്‍ മുകളില്‍ ഉപകരണം കുടുങ്ങി. കുഴിയിലെ കല്ലുകളില്‍ യന്ത്രം കുടുങ്ങിയെന്ന് കരുതുന്നു. ഉപകരണം വീണ്ടെടുക്കാനുള്ള ശ്രമം വിജയിച്ചില്ല.

സെന്‍ട്രല്‍ വാട്ടര്‍ പവര്‍ റിസര്‍ച്ച് സ്റ്റേഷനി(സിഡബ്ലുപിആര്‍എസ്)ലെ വിദഗ്ദരുടെ നേതൃത്വത്തില്‍ 780 അടി പോയിന്റില്‍ നിര്‍മിച്ച കുഴിയിലാണ് ജലം നിറച്ച് ഗാമാലോഗിങ്, ന്യൂട്രോണ്‍ ലോഗിങ് പരിശോധന നടത്തുന്നത്. ബുധനാഴ്ച രാവിലെ 6.30 മുതല്‍ നാലുമണിക്കൂര്‍ കുഴിയിലേക്ക് വെള്ളം പമ്പ് ചെയ്തെങ്കിലും വെള്ളം അണക്കെട്ടിനുള്ളിലൂടെ ഒഴുകിപ്പോയി. ചൊവ്വാഴ്ചയുംഇതായിരുന്നു അവസ്ഥ. കുഴിയുടെ 49 മീറ്റര്‍ താഴ്ചയില്‍ 22 മീറ്ററിലാണ് വെള്ളം നില്‍ക്കുന്നത്. വെള്ളം തങ്ങി നിന്നാലേ ലോഗിങ് പരിശോധന നടത്താന്‍ കഴിയൂ. ക്രോബ് എന്ന ഉപകരണത്തിലൂടെ ഗാമാ, ന്യൂട്രോണ്‍ രശ്മികള്‍ കടത്തിവിട്ടാണ് പരിശോധന. പരിശോധനാഫലം അണക്കെട്ടിന് മുകളില്‍ സ്ഥാപിച്ച കംപ്യൂട്ടറില്‍ കാണിക്കും. ബുധനാഴ്ച സുര്‍ക്കി കോര്‍ ശേഖരണത്തിനായി അണക്കെട്ടിന്റെ മുകളില്‍ 475 അടി പോയിന്റില്‍ സ്ഥാപിച്ച ഡ്രില്ലിങ് യന്ത്രം 163 അടി താഴേക്ക് തുരന്നു. 21 അടി താഴേക്ക് തുരന്നെങ്കിലും കരിങ്കല്‍ കഷണങ്ങളാണ് ലഭിച്ചത്.

ബോര്‍ഹോളില്‍ നിറം ചേര്‍ത്ത രാസലായനി നിറച്ചുള്ള ട്രെയ്സര്‍ ടെസ്റ്റ് ബുധനാഴ്ചയും നടന്നില്ല. കളര്‍ വെള്ളം നിറച്ച കുഴികളില്‍ മുകളില്‍ നിന്ന് മര്‍ദ്ദം നല്‍കിയാണ് പരിശോധന. തുടര്‍ന്ന് ഗാലറിയിലൂടെ ഒഴുകുന്ന സ്വീപ്പേജ് ശേഖരിക്കും. വെള്ളം എത്താന്‍ എടുത്ത സമയം ഉള്‍പ്പെടെയുള്ള വിവരങ്ങളും ശേഖരിക്കും. സാമ്പിള്‍ പരിശോധന സിഡബ്ലുപിആര്‍എസിന്റെ പുണെയിലെ കേന്ദ്രത്തിലാണ് നടത്തുന്നത്. ബലപരിശോധനയ്ക്ക് 15 സെന്റീമീറ്റര്‍ നീളത്തിലെങ്കിലും സുര്‍ക്കി കോര്‍ ലഭിക്കണം. ഇതുവരെ ലഭിച്ചത് ചെറിയ കല്‍ക്കഷണങ്ങളാണ്.

deshabhimani 260112

1 comment:

  1. മുല്ലപ്പെരിയാര്‍ പ്രശ്നത്തിന് പരിഹാരമായി പുതിയ അണക്കെട്ട് എന്നതടക്കം&ാറമവെ; ഒന്നിലേറെ നിര്‍ദേശങ്ങള്‍ സുപ്രീംകോടതി മുമ്പാകെ സമര്‍പ്പിക്കാന്‍ ഉന്നതാധികാര സമിതി ആലോചിക്കുന്നു. സമിതി ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി ചേര്‍ന്ന യോഗത്തില്‍ അന്തിമറിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തേണ്ട സുപ്രധാന നിര്‍ദേശങ്ങള്‍ ചര്‍ച്ചചെയ്തു. റിപ്പോര്‍ട്ട് അന്തിമമായി അംഗീകരിക്കുന്നതിന് ഫെബ്രുവരി 15ന് വീണ്ടും യോഗം ചേരും. സുപ്രധാന നിര്‍ദേശങ്ങളില്‍ ഭിന്നതകളുണ്ടായില്ലെങ്കില്‍ ഫെബ്രുവരി പതിനഞ്ചോടെ റിപ്പോര്‍ട്ടിന് അന്തിമരൂപം നല്‍കാമെന്ന പ്രതീക്ഷയിലാണ് സമിതി അംഗങ്ങള്‍ . അങ്ങനെയെങ്കില്‍ ഫെബ്രുവരി മൂന്നാംവാരംതന്നെ റിപ്പോര്‍ട്ട് സുപ്രീംകോടതിക്ക് കൈമാറും.

    ReplyDelete