Sunday, January 1, 2012

കൊച്ചി മെട്രോ: ഡിഎംആര്‍സിയെ ഒഴിവാക്കിയത് മുഖ്യമന്ത്രി പങ്കെടുത്ത യോഗം

കൊച്ചി മെട്രോ റെയില്‍ പദ്ധതിയില്‍നിന്ന് ഇ ശ്രീധരനെയും ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ (ഡിഎംആര്‍സി)യും ഒഴിവാക്കാനായി ആഗോള ടെന്‍ഡര്‍ എന്ന ആശയത്തിന് രൂപംനല്‍കിയത് മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തില്‍ . അയ്യായിരം കോടിയോളം ചെലവു വരുന്ന പദ്ധതിയിലെ വമ്പന്‍ "സാധ്യത"കളില്‍ കണ്ണുവച്ച് കഴിഞ്ഞമാസം ചേര്‍ന്ന കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡി (കെഎംആര്‍എല്‍)ന്റെ മൂന്നാമത് ബോര്‍ഡ് യോഗത്തിലായിരുന്നു തീരുമാനം. കെഎംആര്‍എല്‍ ചെയര്‍മാനായ മുഖ്യമന്ത്രിക്കുപുറമേ വൈസ് ചെയര്‍മാനായ വൈദ്യുതി മന്ത്രിയും പൊതുമരാമത്തുമന്ത്രിയും യോഗത്തില്‍ പങ്കെടുത്തു. ആഗോള ടെന്‍ഡര്‍ വിളിച്ചാല്‍ ഡിഎംആര്‍സി താല്‍പ്പര്യം കാണിക്കില്ലെന്നും അങ്ങനെവന്നാല്‍ അവരെ പദ്ധതിയുടെ കണ്‍സല്‍ട്ടന്റായിമാത്രം നിലനിര്‍ത്താമെന്നും യോഗം തീരുമാനിച്ചിരുന്നു. കണ്‍സല്‍ട്ടന്‍സിയും പദ്ധതിനിര്‍വഹണച്ചുമതലയും ഒരേ ഏജന്‍സിക്കു നല്‍കാന്‍ പാടില്ലെന്ന നിബന്ധനയും ഡിഎംആര്‍സിയെ കുടുക്കാനുള്ള വഴിയായി ബോര്‍ഡ് കണ്ടിരുന്നു. എന്നാല്‍ , ഈ നീക്കങ്ങള്‍ മുന്‍കൂട്ടിക്കണ്ട് കെഎംആര്‍എല്‍ ബോര്‍ഡിനെ വെട്ടിലാക്കി ഇ ശ്രീധരന്‍ പദ്ധതിയില്‍നിന്ന് നിരുപാധികം പിന്‍വാങ്ങി.

വന്‍നഗരങ്ങളിലാണ് മെട്രോ റെയില്‍പദ്ധതികള്‍ എന്നതിനാല്‍ റിയല്‍എസ്റ്റേറ്റ് താല്‍പ്പര്യംകൂടി മുന്നില്‍ക്കാണുന്ന സ്വകാര്യകമ്പനികളാണ് പലപ്പോഴും മുന്നോട്ടുവരിക. കൊച്ചിയില്‍ വന്‍തോതില്‍ സ്വകാര്യ ഭൂമി ഏറ്റെടുത്ത് പദ്ധതിക്കായി കൈമാറേണ്ടിവരുന്നില്ലെങ്കിലും ശതകോടികളുടെ പര്‍ച്ചേസിലൂടെ കമീഷനൊഴുകും. ഡിഎംആര്‍സി ആവശ്യപ്പെടുന്നതുപോലെ ടേണ്‍ കീ സമ്പ്രദായത്തില്‍ മെട്രോ പൂര്‍ത്തിയായാല്‍ പാലം നിര്‍മാണവും പര്‍ച്ചേസുകളുമെല്ലാം ഡിഎംആര്‍സിയുടെ ചുമതലയില്‍ മാത്രമായിരിക്കും. ടേണ്‍ കീ സമ്പ്രദായംമതി എന്നു പറയുന്നതുതന്നെ ബാഹ്യ ഇടപെടല്‍ ഒഴിവാക്കാനാണെന്ന് ഇ ശ്രീധരന്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ-ഓപറേഷന്‍ ഏജന്‍സി (ജൈക്ക)യില്‍നിന്ന് വായ്പ ഉറപ്പായ സാഹചര്യത്തിലാണ് ഡിഎംആര്‍സിയെ ഒഴിവാക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഒന്നര ശതമാനം പലിശയ്ക്ക് 2170 കോടി രൂപയാണ് വായ്പയെടുക്കുന്നത്. കേന്ദ്രാനുമതി ലഭിച്ചാലുടന്‍ വായ്പയ്ക്കുള്ള നടപടിക്രമങ്ങള്‍ തുടങ്ങാനും ധാരണയായി.

ആഗോള ടെന്‍ഡര്‍ വേണമെന്ന് ജൈക്ക റീജണല്‍ ഹെഡ് ഷിനിച്ചി യാം നിര്‍ദേശിച്ചതായാണ് കെഎംആര്‍എല്‍ എംഡി ടോം ജോസ് പറഞ്ഞത്. എന്നാല്‍ , ഡിഎംആര്‍സി ഏറ്റെടുത്തു നടത്തുന്ന ഡല്‍ഹിയിലെ ഗതാഗതപദ്ധതികള്‍ക്ക് ഇപ്പോള്‍ത്തന്നെ വായ്പ നല്‍കിവരുന്ന ജൈക്ക നല്‍കിയെന്നു പറയുന്ന നിര്‍ദേശത്തിന്റെ വിശ്വാസ്യത ചോദ്യംചെയ്യപ്പെടുന്നു. വമ്പന്‍ പദ്ധതികള്‍ക്ക് ആഗോള ടെന്‍ഡര്‍ വേണമെന്ന് കേന്ദ്ര നിര്‍ദേശമുള്ളതായാണ് മറ്റൊരു ന്യായം. എന്നാല്‍ , വമ്പന്‍ പദ്ധതിയുടെ നിര്‍വചനത്തെക്കുറിച്ച് കെഎംആര്‍എല്‍ മൗനംപാലിക്കുന്നു.
(എം എസ് അശോകന്‍)

കൊച്ചി മെട്രോ അട്ടിമറിക്കാന്‍ ഗൂഢശ്രമം: എം വിജയകുമാര്‍

കൊച്ചി മെട്രോ റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ ഡല്‍ഹിയും കൊച്ചിയും കേന്ദ്രീകരിച്ച് ഗൂഢശ്രമം നടക്കുന്നുവെന്ന് മുന്‍ പൊതുമരാമത്ത് മന്ത്രി എം വിജയകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചില ചരടുവലികളിലൂടെ പൊതുമേഖലാ സ്ഥാപനമായ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ (ഡിഎംആര്‍സി) പദ്ധതിയില്‍ നിന്ന് ഒഴിവാക്കി. ഡിഎംആര്‍സിക്ക് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും ഓഫീസ് തുറക്കുന്നതിനുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ 50 കോടി രൂപ അനുവദിച്ചിരുന്നു. ഇപ്പോള്‍ , ഡിഎംആര്‍സിയെ കണ്‍സള്‍ട്ടന്റായി മാത്രം നിലനിര്‍ത്താമെന്നു പറയുന്നത് ദുരൂഹമാണ്. ആഗോള ടെന്‍ഡര്‍ വഴി അഴിമതിക്ക് വഴിയൊരുക്കാനാണ് നീക്കം. ഡിഎംആര്‍സിയും ഇ ശ്രീധരനും യുഡിഎഫിന് അനഭിമതമായതിനു കാരണം വെളിപ്പെടുത്തണം. കൊച്ചി മെട്രോക്ക് പുതിയ കണ്‍സള്‍ട്ടന്റിനെ കണ്ടെത്താന്‍ ഒരു വര്‍ഷമെങ്കിലുമെടുക്കും. ചുരുക്കത്തില്‍ പദ്ധതി പൂര്‍ണസ്തംഭനത്തിലായി. ആഗോള ടെന്‍ഡറിലൂടെ നിര്‍മാണ ഏജന്‍സിയെ കണ്ടുപിടിക്കുമെന്ന പുതിയ വാദം തട്ടിപ്പാണ്. ഇ ശ്രീധരനെ ഒഴിവാക്കിയുള്ള കൊച്ചി മെട്രോ പദ്ധതി തട്ടിപ്പിനുവേണ്ടി മാത്രമാണ്. സ്വകാര്യ കമ്പനികള്‍ക്ക് വേണ്ടി കൊച്ചിയുടെ സ്വപ്ന പദ്ധതി പൂര്‍ണമായും അട്ടിമറിച്ചിരിക്കയാണെന്ന് വിജയകുമാര്‍ പറഞ്ഞു.

ഇ ശ്രീധരന്റെ സേവനം ഉറപ്പാക്കണം: ജ.കൃഷ്ണയ്യര്‍ , പി രാജീവ്

കൊച്ചി മെട്രോ റെയില്‍ പദ്ധതിക്ക് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്റെയും (ഡിഎംആര്‍സി) ഇ ശ്രീധരന്റെയും സേവനം ഉറപ്പുവരുത്തണമെന്ന് കൊച്ചി നഗരവികസന സമിതി ചെയര്‍മാന്‍ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരും ജനറല്‍ കണ്‍വീനര്‍ പി രാജീവ് എംപിയും സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ശ്രീധരനെ ഒഴിവാക്കിയതില്‍ ഇവര്‍ ശക്തമായി പ്രതിഷേധിച്ചു. ആഗോള ടെന്‍ഡര്‍ ബഡായിയാണ്. പദ്ധതി നടപ്പാക്കാന്‍ വിദഗ്ധനായ ഇ ശ്രീധരന്‍ ഉള്ളപ്പോള്‍ വേറെ ആരെ അന്വേഷിക്കാന്‍ ?- കൃഷ്ണയ്യര്‍ ചോദിച്ചു.

കൊച്ചി മെട്രോയ്ക്ക് ഇതുവരെ അനുമതി നല്‍കാത്തത് കേന്ദ്രസര്‍ക്കാരിന്റെ കേരളത്തോടുള്ള അവഗണനയാണെന്ന് ഇരുവരും പറഞ്ഞു. ശ്രീധരന്‍ ഈ രംഗത്ത് ഇന്ത്യയില്‍ അവസാനവാക്കാണ്. ഡിഎംആര്‍സി കേന്ദ്രസര്‍ക്കാരിന്റെയും ഡല്‍ഹി സംസ്ഥാന സര്‍ക്കാരിന്റെയും ഉടമസ്ഥതയിലുള്ള സമ്പൂര്‍ണ പൊതുമേഖലാ സ്ഥാപനമാണ്. കൊച്ചി മെട്രോ മൂന്നുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാമെന്ന് ശ്രീധരന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത്രയൊക്കെയായിട്ടും എന്തിനാണ് ഡിഎംആര്‍സിയെയും ശ്രീധരനെയും ഒഴിവാക്കിയത്. ശ്രീധരനെ കത്തെഴുതി അപമാനിക്കുകയാണ് കൊച്ചി മെട്രോ എം ഡി ടോം ജോസ് ചെയ്തത്. ഡിഎംആര്‍സിയെ ഒഴിവാക്കുകയെന്നത് ടോം ജോസ് ഒറ്റയ്ക്കെടുത്ത തീരുമാനമാകാന്‍ തരമില്ല. അങ്ങനെയാണെങ്കില്‍ മുഖ്യമന്ത്രി അക്കാര്യം പറയണം. കൊച്ചി മെട്രോയില്‍ സ്വകാര്യമേഖലയെ ഉള്‍പ്പെടുത്തുന്നതിന് ശ്രീധരന്‍ എതിരാണ്. അതുകൊണ്ട് സ്വകാര്യമേഖലയെ കൊണ്ടുവരണമെങ്കില്‍ ശ്രീധരനെ ഒഴിവാക്കണം. അതാണ് ഇപ്പോള്‍ ചെയ്തത്.

കൊച്ചി മെട്രോയ്ക്ക് വേഗം അംഗീകാരം നല്‍കുമെന്ന് ഇതുസംബന്ധിച്ച് നിവേദനം നല്‍കാന്‍ 2010ല്‍ ഡല്‍ഹിയില്‍ ചെന്ന തങ്ങളോട് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഉറപ്പു പറഞ്ഞതാണെന്ന് കൃഷ്ണയ്യരും രാജീവും പറഞ്ഞു. അന്ന് 1966 കോടി രൂപ ചെലവ് പ്രതീക്ഷിച്ചിരുന്ന പദ്ധതിക്ക് 289 കോടി രൂപയാണ് കേന്ദ്രസഹായം ചോദിച്ചത്. തന്നില്ല. ഇതനുവദിക്കാത്ത കേന്ദ്രസര്‍ക്കാര്‍ റിലയന്‍സിന്റെ മുംബൈ മെട്രോയുടെ ആദ്യഘട്ടത്തിന് മാത്രം 471 കോടി രൂപ നല്‍കി. ഹൈദരാബാദ് സ്വകാര്യ പങ്കാളിത്ത പദ്ധതിക്ക് 1458 കോടി രൂപയും നല്‍കി. കൊച്ചി പദ്ധതി വൈകുംതോറും ദിവസം 30 ലക്ഷം രൂപയോളമാണ് അധികച്ചെലവ് വരുന്നത്- ഇരുവരും ചൂണ്ടിക്കാട്ടി.

deshabhimani 010112

1 comment:

  1. കൊച്ചി മെട്രോ റെയില്‍ പദ്ധതിയില്‍നിന്ന് ഇ ശ്രീധരനെയും ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ (ഡിഎംആര്‍സി)യും ഒഴിവാക്കാനായി ആഗോള ടെന്‍ഡര്‍ എന്ന ആശയത്തിന് രൂപംനല്‍കിയത് മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തില്‍ . അയ്യായിരം കോടിയോളം ചെലവു വരുന്ന പദ്ധതിയിലെ വമ്പന്‍ "സാധ്യത"കളില്‍ കണ്ണുവച്ച് കഴിഞ്ഞമാസം ചേര്‍ന്ന കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡി (കെഎംആര്‍എല്‍)ന്റെ മൂന്നാമത് ബോര്‍ഡ് യോഗത്തിലായിരുന്നു തീരുമാനം.

    ReplyDelete