Sunday, January 1, 2012

കോപ്പിയടി: സ്വാശ്രയ കോളേജിന്റെ രക്ഷക്കെത്തിയത് ലീഗ് ഉന്നതര്‍

എംബിബിഎസ് പരീക്ഷാകോപ്പിയടിക്ക് അംഗീകാരംനല്‍കി സ്വാശ്രയകോളേജിനെ സംരക്ഷിച്ചതിനുപിന്നില്‍ ഇടനിലക്കാരായത് മന്ത്രിബന്ധുവും ഉന്നത മുസ്ലിംലീഗ് നേതാവിന്റെ കുടുംബവും. കലിക്കറ്റ് സര്‍വകലാശാലയുടെ എംബിബിഎസ് പരീക്ഷയില്‍ കൂട്ട കോപ്പിയടി നടത്തിയ പാലക്കാട് കരുണ മെഡിക്കല്‍കോളേജിലെ 36 വിദ്യാര്‍ഥികളെ വിജയിപ്പിച്ചതിനു പിന്നിലാണ് ലീഗ് മന്ത്രിയുടെ ബന്ധു പ്രധാനഏജന്റായി നിലകൊണ്ടത്. ലീഗിലെ പ്രമുഖനേതാവിന് താല്‍പ്പര്യമുള്ള കോളേജിലാണ് ഈ തട്ടിപ്പ് നടന്നത്.

മൂല്യനിര്‍ണയത്തിനിടെ ക്രമക്കേട് കണ്ടെത്തി അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കല്‍കോളേജ് അധ്യാപകരടങ്ങിയ അന്വേഷകസംഘത്തെ സ്വാധീനിക്കാനടക്കം ശ്രമമുണ്ടായി. അതെല്ലാം പാളുന്ന ഘട്ടത്തിലാണ് യുഡിഎഫ് ഭരണംവന്നത്. തുടര്‍ന്ന്, നോമിനേറ്റഡ് സിന്‍ഡിക്കറ്റ് രൂപീകൃതമായതോടെ കോളേജിനെ രക്ഷിക്കാനിറങ്ങിയവര്‍ ലക്ഷ്യംകണ്ടു. മുസ്ലിംലീഗ്- കോണ്‍ഗ്രസ് നേതാക്കള്‍ ബന്ധപ്പെട്ടവരില്‍ നിന്ന് ലക്ഷങ്ങള്‍ "സംഘടിപ്പിച്ച"തായാണ് ആരോപണം. 25 ലക്ഷം രൂപ വീതം കൈമാറിയെന്നാണ് സര്‍വകലാശാല ക്യാമ്പസിലുയര്‍ന്ന ആക്ഷേപം. കൃത്യമായ ഒരു കണ്ടെത്തലുമില്ലാതെയാണ് കോപ്പിയടിക്കാരെ കുറ്റവിമുക്തരാക്കിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. തെറ്റോ ശരിയോ ആയ ഉത്തരങ്ങള്‍ വിവിധ ഉത്തരക്കടലാസുകളില്‍ ഒരേപോലെ വരുന്നത് കോപ്പിയടി കാരണമാകണമില്ലെന്നാണ് നോമിനേറ്റഡ് സിണ്ടിക്കേറ്റ് നിയോഗിച്ച യുഡിഎഫ് അന്വേഷകസമിതിയുടെ കണ്ടെത്തല്‍ . 36ല്‍ നാലുപേരുടെ ഉത്തരങ്ങളില്‍ ശരിയും തെറ്റും വ്യത്യസ്തമാണ്. ഇതാണ് കോപ്പിയടിയല്ലെന്ന് വിധിക്കാന്‍ കണ്ടെത്തിയ ന്യായീകരണം.

അതേസമയം കോപ്പിയടി നടന്നതിന് എല്ലാതെളിവും മെഡിക്കല്‍കോളേജ് അധ്യാപകര്‍ ആദ്യം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. തങ്ങള്‍ പരീക്ഷാഹാളിലെത്തും മുമ്പ് ചോദ്യപേപ്പര്‍ വിതരണം ചെയ്തതായി പരീക്ഷാചുമതലയുള്ള ഉദ്യോഗസ്ഥര്‍ അന്വേഷണസമിതിക്ക് മൊഴി നല്‍കിയിരുന്നു. ചോദ്യക്കവര്‍ പൊട്ടിച്ച നിലയിലാണെന്നും പറഞ്ഞു. ചുമതലയിലുണ്ടായിരുന്ന കരുണയിലെ അധ്യാപകന്റെ സംശയകരമായ ഇടപെടലും ഇവര്‍ സൂചിപ്പിച്ചിട്ടുണ്ട്. പരീക്ഷയില്‍ പുറത്തുനിന്നുള്ള ഇടപെടലുണ്ടായിരുന്നെന്ന നിരീക്ഷണവുമുണ്ട്. ഉയര്‍ന്ന മാര്‍ക്ക് കിട്ടിയ വിദ്യാര്‍ഥികള്‍ക്ക് അനാട്ടമിയിലടക്കം പ്രാഥമിക അറിവുകള്‍ ഇല്ലെന്ന് തെളിഞ്ഞതും സമിതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന ശുപാര്‍ശയിലാണ് ആഗസ്ത് 20ന് കോഴിക്കോട് മെഡി. കോളേജ് അനാട്ടമി വിഭാഗം അഡീഷണല്‍ പ്രൊഫസര്‍ ഡോ. കെ എസ് കൃഷ്ണകുമാരി (ചെയര്‍മാന്‍), തൃശൂര്‍ മെഡി. കോളേജ് അനാട്ടമിവിഭാഗം മേധാവി ഡോ. വി കെ ഗിരിജാമണി, കോഴിക്കോട് മെഡി. കോളേജ് ഫിസിയോളജി വിഭാഗം മേധാവി ഡോ. ജീന്‍ മാളിയേക്കല്‍ എന്നിവര്‍ സര്‍വകലാശാലക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

എന്നാല്‍ , ഈ വസ്തുതകളും റിപ്പോര്‍ട്ടും പരിശോധിക്കാതെ ഏകപക്ഷീയ നടപടിയാണ് യുഡിഎഫ് സിന്‍ഡിക്കറ്റ് സ്വീകരിച്ചത്. തിടുക്കത്തില്‍ കോപ്പിയടിയില്ലെന്ന് റിപ്പോര്‍ട്ടുണ്ടാക്കി സിന്‍ഡിക്കറ്റ് അംഗീകരിച്ചതിനുപിന്നിലും രാഷ്ട്രീയ-കച്ചവട താല്‍പ്പര്യമാണെന്നാണ് ആരോപണം.
(പി വി ജീജോ)

deshabhimani 010112

1 comment:

  1. എംബിബിഎസ് പരീക്ഷാകോപ്പിയടിക്ക് അംഗീകാരംനല്‍കി സ്വാശ്രയകോളേജിനെ സംരക്ഷിച്ചതിനുപിന്നില്‍ ഇടനിലക്കാരായത് മന്ത്രിബന്ധുവും ഉന്നത മുസ്ലിംലീഗ് നേതാവിന്റെ കുടുംബവും. കലിക്കറ്റ് സര്‍വകലാശാലയുടെ എംബിബിഎസ് പരീക്ഷയില്‍ കൂട്ട കോപ്പിയടി നടത്തിയ പാലക്കാട് കരുണ മെഡിക്കല്‍കോളേജിലെ 36 വിദ്യാര്‍ഥികളെ വിജയിപ്പിച്ചതിനു പിന്നിലാണ് ലീഗ് മന്ത്രിയുടെ ബന്ധു പ്രധാനഏജന്റായി നിലകൊണ്ടത്. ലീഗിലെ പ്രമുഖനേതാവിന് താല്‍പ്പര്യമുള്ള കോളേജിലാണ് ഈ തട്ടിപ്പ് നടന്നത്.

    ReplyDelete